കുഞ്ചൻനമ്പ്യാരുടെ കവിതയിൽ അച്ചടി പിശക്; പ്രതിഷേധം

മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തില്‍ ഗുരുതരമായ അച്ചടി പിശക്. കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ തേടി എന്ന വാക്കിനു പകരം കടന്നുകൂടിയ വാക്കാണ് പ്രശ്നമായത്. കുഞ്ചന്‍നമ്പ്യാരുടെ പദ്യം മനപാഠമാക്കാന്‍ കുട്ടികളോട് അധ്യാപകര്‍ പറഞ്ഞിരുന്നു. വീട്ടില്‍ എത്തിയ കുട്ടി കവിത ചൊല്ലി പഠിക്കുമ്പോഴാണ് പാഠപുസ്തകത്തിൽ കടന്നുവരാൻ സാധ്യതയില്ലാത്ത വാക്ക് ഉച്ചത്തില്‍ ചൊല്ലുന്നത് വീട്ടുകാര്‍ കേട്ടത്. ഉടനെ, പാഠപുസ്തകം പരിശോധിച്ചപ്പോഴും ഇതേവാക്കുതന്നെ.

കുഞ്ചന്‍മ്പ്യാരുടെ യഥാര്‍ഥ വരികള്‍ പരിശോധിച്ചപ്പോള്‍ പിശകാണെന്ന് ബോധ്യപ്പെട്ടു. എലിയും പൂച്ചയും എന്നതാണ് കവിതയുടെ പേര്. തേടിയെന്നു മാറ്റി രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ പിശക്. മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികളെ ഈ വാക്ക് പഠിപ്പിക്കേണ്ടി വന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഈ വാക്കു മാത്രമല്ല. പിന്നെയും അക്ഷരങ്ങള്‍ പലയിടത്തും തെറ്റായി എഴുതിയിട്ടുണ്ട്. ഒന്നെങ്കില്‍ പാഠപുസ്തകങ്ങള്‍ തിരിച്ചുവിളിച്ച് തെറ്റു തിരുത്തണം. ഇല്ലെങ്കില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കാനും രക്ഷിതാക്കള്‍ ആലോചിക്കുന്നുണ്ട്.