ഓടിക്കൊണ്ടിരുന്ന ട്രെയിൻ ഉള്പ്പെടെ കടലെടുത്തു, അന്ന് ധനുഷ്കോടിയിൽ സംഭവിച്ചത്
കഥ മാത്രം കടലെടുത്തില്ല- ധനുഷ്‌കോടി യാത്ര ധനുഷ്‌കോടിയിലേക്കായതു കാലേ നിശ്‌ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്‌ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്‌ചകൊണ്ട് ധനുഷ്‌കോടി
കഥ മാത്രം കടലെടുത്തില്ല- ധനുഷ്‌കോടി യാത്ര ധനുഷ്‌കോടിയിലേക്കായതു കാലേ നിശ്‌ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്‌ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്‌ചകൊണ്ട് ധനുഷ്‌കോടി
കഥ മാത്രം കടലെടുത്തില്ല- ധനുഷ്‌കോടി യാത്ര ധനുഷ്‌കോടിയിലേക്കായതു കാലേ നിശ്‌ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്‌ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്‌ചകൊണ്ട് ധനുഷ്‌കോടി
കഥ മാത്രം കടലെടുത്തില്ല- ധനുഷ്‌കോടി
യാത്ര ധനുഷ്‌കോടിയിലേക്കായതു കാലേ നിശ്‌ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്‌ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്‌ചകൊണ്ട് ധനുഷ്‌കോടി മായ്‌ച്ചുകളഞ്ഞു. വർഷങ്ങൾക്കു മുമ്പ് ഒരു പെൺകടലെടുത്തു മായ്‌ച്ചുകളഞ്ഞ ആ കര പോലെ... കടലിനു വാക്കുകൊടുത്തു: എഴുതുന്നതു ധനുഷ്‌കോടിയെക്കുറിച്ചു മാത്രമാകും.
എന്തുകൊണ്ട് ധനുഷ്‌കോടി ?
1964 ഡിസംബർ 27ന് മലയാള മനോരമ പ്രസിദ്ധീകരിച്ച പ്രധാന വാർത്ത ഇതായിരുന്നു:
ധനുഷ്കോടിയിൽ മാത്രം അഞ്ഞൂറു പേർ മരിച്ചു
രാമേശ്വരം ദ്വീപിലെ ഹൃദയഭേദകമായ നാശനഷ്‌ടങ്ങൾ - രക്ഷാപ്രവർത്തനമാരംഭിച്ചു
മദ്രാസ്: ഡിസം. 26– രാമേശ്വരം ദ്വീപിനെയും ധനുഷ്‌കോടിയെയും മദ്രാസ് തീരത്തുനിന്ന് ഒറ്റപ്പെടുത്തിയ ഉഗ്രമായ കൊടുങ്കാറ്റിന്റെയും അതിഭീമമായ കടൽവെള്ളക്കയറ്റത്തിന്റെയും ഫലമായി ധനുഷ്‌കോടിയിൽ മാത്രം 500 ൽ അധികം പേർ മരിച്ചു. യാത്രക്കാരെ കയറ്റിയ ഒരു തീവണ്ടി മുഴുവൻ ധനുഷ്‌കോടിക്കടുത്തു വച്ച് ഒഴുകിപ്പോയതിനാൽ അതിലുണ്ടായിരുന്ന 115 പേരും മരിച്ചതായി കരുതപ്പെടുന്നു.
രാമേശ്വരം– ധനുഷ്‌കോടി ഭാഗത്തുനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നവയാണ്. മദ്രാസ് മുഖ്യമന്ത്രി ഭക്‌തവത്സലവും ശ്രീ കാമരാജും ഇന്നലെ വിമാനത്തിൽ രംഗനിരീക്ഷണം നടത്തി. മദ്രാസ് മന്ത്രിമാരായ കക്കനും രാമയ്യയും ബോട്ടുമാർഗം രാമേശ്വരത്തെത്തി ദുരിതാശ്വാസ നടപടികൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്.
അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ നൽകുന്ന കരളലിയിപ്പിക്കുന്ന സംഭവവിവരണങ്ങളിൽനിന്നു ജീവനാശവും സ്വത്തുനാശവും കണക്കാക്കപ്പെട്ടതിലുമെത്രയോ അധികമാണെന്നു കരുതേണ്ടിയിരിക്കുന്നു. വെള്ളമൊഴിയാൻ തുടങ്ങിയതോടെ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും കെട്ടിടങ്ങളുടെ നഷ്‌ടാവശിഷ്‌ടങ്ങളുടെയും ദൃശ്യങ്ങൾ രാമേശ്വരം, ധനുഷ്‌കോടി ഭാഗങ്ങളെ വിശാലമായ ഒരു ശ്‌മശാനത്തിനു തുല്യമാക്കിയതായി കാണപ്പെട്ടു.
ഡിസംബർ 23 നുണ്ടായ അതിഭയങ്കരമായ കൊടുങ്കാറ്റിലും തുടർന്നുണ്ടായ കടൽവെള്ളക്കയറ്റത്തിലും പെട്ട് പാമ്പനും ധനുഷ്‌കോടിക്കുമിടയിൽ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിൻ നിശ്ശേഷം അപ്രത്യക്ഷമായതോടെയാണ് മരിച്ചവരുടെ എണ്ണം പെട്ടെന്നു കൂടിയത്. ആ തീവണ്ടിയിലുണ്ടായിരുന്ന 115 പേരും മരിച്ചതായി സംശയിക്കപ്പെടുന്നുവെന്ന് റെയിൽവേ പ്രസ്‌നോട്ടിൽ പറയുന്നു. കടൽവെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ സംഖ്യ അനേകശതം വരുമെന്നാണ് മണ്ഡപത്തുനിന്നുള്ള ഒരു പിടിഐ റിപ്പോർട്ടിൽ കാണുന്നത്.
നാവികബോട്ടുകൾ രക്ഷാപ്രവർത്തനങ്ങളിൽ നിരതമായിട്ടുണ്ട്. ധനുഷ്‌കോടി തുരുത്തിൽ ഒറ്റപ്പെട്ടു കിടന്ന മൂവായിരം പേരിൽ 250 പേരെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശാരദ രക്ഷപ്പെടുത്തി. ഇതിൽ 36 സ്‌ത്രീകളും 40 കുട്ടികളും ഉൾപ്പെടും. ഐഎൻഎസ് മഗ്ലാറും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ധനുഷ്‌കോടിയിലെത്തിക്കഴിഞ്ഞു. രണ്ടു ഹെലികോപ്‌റ്ററുകൾ ഔഷധങ്ങളുമായി ഇന്നു ധനുഷ്‌കോടിയിലെത്തി...
നാൽപത്തിയഞ്ചു വർഷത്തിനു ശേഷവും അതേ ആകാശം ധനുഷ്‌കോടിയിൽ ആ ആടിമാസരാവിലെ, ഇന്ത്യൻ നേവിയുടെ ഫോർവേഡ് ഒബ്‌സർവേഷൻ പോസ്‌റ്റിൽ ചുമതലക്കാരനായ നേവൽ ഓഫിസർ അജയ്‌മായി സംസാരിച്ചിരിക്കുമ്പോൾ ആകാശത്ത് മറ്റൊരു ഹെലികോപ്‌റ്ററിന്റെ ഇരമ്പം കേട്ടു. കടലതിർത്തി കാത്തുസൂക്ഷിക്കാൻ രാവും പകലും പട്രോളിങ് നടക്കുന്ന ഇവിടെ ആകാശക്കണ്ണുകളുമായി പട്രോളിങ് ഹെലികോപ്‌റ്റർ കടന്നുപോവുകയായിരുന്നു. കോപ്‌റ്ററിൽ നിന്ന് കൈകൾ വീശി, അജയിനു നേരെ. മിനറൽ വെള്ളവും ക്യാമറാ ഫിലിമുകളും കൂടുതലായി വിൽക്കുന്ന, മീൻമണമുള്ള ആ ചെറു അങ്ങാടിവരെ മാത്രമേ രാമേശ്വരത്തുനിന്നുള്ള ബസുകൾ എത്തുകയുള്ളു. രാമേശ്വരത്തുനിന്ന് എട്ടു കിലോമീറ്ററുണ്ട് ഇവിടേക്ക്. ഇനി കടൽസംഗമത്തിന്റെ മുനമ്പിലേക്ക് (കോടി) ഒൻപതു കിലോമീറ്റർ. ആ ബസ് സ്‌റ്റാൻഡിൽ സ്‌മരണയുടെ സങ്കടൽ ഇരമ്പുന്ന ഒരു സ്‌മാരകമുണ്ട്. അതിൽ ഇങ്ങനെ വായിക്കാം: ധനുഷ്‌കോടി ടൗണിൽ 1964 ഡിസംബർ 22 അർധരാത്രി മുതൽ 25വരെ വീശിയ കൊടുങ്കാറ്റിലും അലറിയിരമ്പിവന്ന കടലിലും ജീവൻ നഷ്‌ടപ്പെട്ടവരുടെ ഓർമയ്‌ക്ക്...
ഈ സാധാരണ അറിയിപ്പ്‌ബോർഡിലെ നിർവികാര അക്ഷരങ്ങൾ ഇനിയുള്ള യാത്രയിൽ ഞങ്ങളുടെ നെഞ്ചിനെ കാഴ്‌ചകൊണ്ടു മുറിവേൽപ്പിക്കുമെന്നറിയാതെ സ്വസ്‌ഥരായി ഞങ്ങൾ കടൽ കണ്ടു. എന്തൊരു ശാന്തമായ ബീച്ചെന്നും തമിഴ്‌നാട് സർക്കാർ ഇവിടെ ബീച്ച് ടൂറിസം പ്രമോട്ട് ചെയ്യാത്തതെന്ത് എന്നും ഞങ്ങൾ ഈർഷ്യയോടെ ആത്മഗതം നടത്തുമ്പോൾ എട്ടു കിലോമീറ്ററിനപ്പുറത്ത് ആ പ്രേതനഗരം പറയുന്നുണ്ടാവണം: ഇവിടെ വന്നു കണ്ടശേഷം ബാക്കി പറയ്..
രാമേശ്വരത്തെ, തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോർപറേഷന്റെ ‘ഹോട്ടൽ തമിഴ്‌നാടി’ൽനിന്ന് (വിശാലമായ മുറികൾ, ഏക്കർകണക്കിനു വളപ്പ്, ചെട്ടിനാടു രുചിയുടെ പൊങ്കലും കിച്ചഡിയും സമൃദ്ധമാക്കിയ പ്രാതൽ, ഉറങ്ങുമ്പോൾ കണ്ടതിൽനിന്നു മറ്റൊന്നായി മാറി ചെവിയിലിരമ്പി ഉണർത്തിയ കടൽ ഏതു മുറിക്കും മുന്നിൽ...) ധനുഷ്‌കോടിയിലേക്കു കൊണ്ടുപോവുന്ന ജീപ്പിന്റെ ഡ്രൈവർ കണ്ണൻ ഞങ്ങളെ അങ്ങനെ കടൽ കാണാനും പടമെടുക്കാനും വരാൻപോവുന്ന കാഴ്‌ചയെക്കുറിച്ച് ആലോചിച്ചിരിക്കാനും വിട്ട് ആ അങ്ങാടിയിൽ മറ്റെന്തിനോ പത്തുമിനിറ്റ് ചെലവഴിച്ചു. ടയറുകളെ താഴ്‌ത്തിക്കളയുന്ന കടൽമണലിന്റെ മരുഭൂമിയിലൂടെ ഇനിയങ്ങോട്ട് കണ്ണന്റെ മഹീന്ദ്ര ജീപ്പ് ഫോർവീലറായി ഓടും.
– പോലാമാ സാർ?
കണ്ണൻ ജീപ്പെടുത്തു. ചെവിയിൽ മൊബൈൽ ഫോണിന്റെ പാട്ടുകേൾക്കാൻ ഇയർഫോൺ തിരുകി. കണ്ണന്റെ കാതിലേക്ക് ഞങ്ങൾക്കു കൂടി കേൾക്കാവുന്ന ഒച്ചയിൽ ഇളയരാജ ഏതോ സങ്കടപ്പാട്ടു പാടാൻ തുടങ്ങി. മണലിൽ തെളിഞ്ഞ ടയർച്ചാലുകളിലൂടെ ജീപ്പ് നീങ്ങിത്തുടങ്ങി. അതുവരെ പ്രതീക്ഷിക്കാതിരുന്നൊരു അനന്തതയിലേക്കും ഞങ്ങളും ഈ ജീപ്പും മാത്രം ശേഷിച്ചൊരു ഏകാന്തതയിലേക്കുമായി വാതിൽ തുറക്കുകയാണ്. കണ്ണുകൾക്കു മുന്നിൽ അറ്റമില്ലാത്ത മണൽപരപ്പും അപ്പുറത്ത് അറ്റമില്ലാത്തൊരു കടലും മാത്രം. (എന്തിനേറെ, ഇതു മാത്രം പോരെ...!) ഇടയ്‌ക്കു കണ്ണന്റെ വേഗം കുറഞ്ഞു. ചെവിയിൽനിന്ന് ഇളയരാജയെ കുടഞ്ഞുകളഞ്ഞു.
അപ്പുറത്തേക്കു കൈചൂണ്ടുന്നു, കണ്ണൻ. പഴയ റെയിൽവേ ട്രാക്കിന്റെ അവശിഷ്‌ടങ്ങൾ. ഈ വഴി തീവണ്ടി ഓടിയിരുന്നു, കൃത്യമായി പറഞ്ഞാൽ 1964 ഡിസംബർ 23 പുലർച്ചെ 3.55 വരെ. പാമ്പനും ധനുഷ്കോടിക്കുമിടയിലോടുന്ന 653–ാം നമ്പർ പാസഞ്ചർ തീവണ്ടി ഈ ട്രാക്കിലൂടെയുള്ള ഓട്ടം തീർത്തിരുന്നില്ല. അതിനു മുമ്പേ...
കടലും കാറ്റും മഴയും ആ തീവണ്ടിയും
1964 ഡിസംബർ 22
മധുര ജില്ലയിലും രാമനാഥപുരം ജില്ലയിലും (രാമേശ്വരവും ധനുഷ്‌കോടിയും ഉൾപ്പെടുന്ന ജില്ല) അന്നു നിറുത്താതെ മഴ പെയ്‌തു. കൊടുങ്കാറ്റടിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും മദ്രാസിലെ കാലാവസ്‌ഥ പ്രവചനകേന്ദ്രം രാമേശ്വരത്തെ കടലോരക്കാർക്കു വേണ്ടി നൽകിയ പ്രത്യേക മുന്നറിയിപ്പ് അത് ആവശ്യമുള്ളവരുടെ ചെവിയിൽ എത്തിക്കാണില്ല. രാമേശ്വരം സ്‌റ്റേഷനു മുമ്പുള്ള പാമ്പനിൽനിന്ന് 22നു രാത്രി 11.55നു പുറപ്പെട്ട തീവണ്ടിയിലുമത് എത്തിയില്ല. ആ കരിവണ്ടി പതിവുപോലെ കൂകിയാർത്ത് പതിനെട്ടു കിലോമീറ്റർ ദൂരെയുള്ള ധനുഷ്‌കോടിയിലേക്കു പുറപ്പെട്ടു; കൃത്യം നാലു മണിക്കൂറിനുശേഷം തീവണ്ടിയെയും തീവണ്ടിയിലുള്ള മിക്കവരെയും കടലെടുക്കുമെന്നറിയാതെ... കടലെടുത്താൽ പിന്നെ തിരിച്ചുകൊടുക്കില്ലെന്നുമറിയാതെ...
ഒറ്റ നീളൻ ഖണ്ഡികയിൽ ഒരു തീവണ്ടിയുടെ ആത്മകഥ
ഇന്തോ–സിലോൺ എക്‌സ്‌പ്രസ് എന്നായിരുന്നു പേര്. മദ്രാസ് എഗ്മൂർ മുതൽ ധനുഷ്‌കോടി വരെയുള്ള 675 കിലോമീറ്റർ 19 മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് അതോടിത്തീർത്തു. രാമേശ്വരം–മദ്രാസ്–രാമേശ്വരം എക്‌സ്‌പ്രസ് ‘ബോട്ട് മെയിൽ’ എന്നും അറിയപ്പെട്ടു. 1920ൽ ആരംഭിച്ച ഈ തീവണ്ടി ദക്ഷിണ റെയിൽവേയുടെ ഏറ്റവും പഴക്കം ചെന്ന സർവീസുകളിലൊന്നായിരുന്നു. സിലോണിലേക്കു (ശ്രീലങ്ക)മാത്രമല്ല, സിലോൺ വഴി ഓസ്‌ട്രേലിയയിലേക്കും ബ്രിട്ടനിലേക്കുമൊക്കെ പോവാനും തെക്കേ ഇന്ത്യക്കാർ ഈ തീവണ്ടിയെയാണ് ആശ്രയിച്ചത്. ചെട്ടിനാട് രാജാവിനെപ്പോലെ പ്രശസ്‌തരായ സ്‌ഥിരം യാത്രക്കാരുമുണ്ടായിരുന്നു. രാമേശ്വരത്തിനു മുമ്പിലുള്ള മണ്ഡപം സ്‌റ്റേഷനിലെത്തുമ്പോഴാണ് ശ്രീലങ്കയിലേക്കു പോവുന്ന യാത്രക്കാർക്കുള്ള മെഡിക്കൽ പരിശോധനയും യാത്രാരേഖകളുടെ പരിശോധനയും. ക്ഷേത്രനഗരമായ രാമേശ്വരം സ്‌റ്റേഷനിൽ റെയിൽപാളം അവസാനിക്കുകയാണ്. പക്ഷേ സിലോൺ യാത്രക്കാരെയുംകൊണ്ട് രാമേശ്വരത്തിനു മുമ്പെ ട്രെയിൻ ധനുഷ്‌കോടിക്കു വഴിതിരിയും.
അന്ന് കേരളത്തിൽനിന്ന് സിലോണിലേക്കുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിച്ചത് ഈ തീവണ്ടിയെ. അക്കാലത്ത് കോട്ടയം സ്‌റ്റേഷനിൽനിന്നോ പാലക്കാട് സ്‌റ്റേഷനിൽനിന്നോ ജാഫ്‌നയിലേക്കോ കൊളംബോയിലേക്കോ നേരിട്ട് ടിക്കറ്റ് കിട്ടുമായിരുന്നു! സിലോണിലേക്ക് യാത്രക്കാർ എത്തുന്നതെങ്ങനെയെന്നോ? ധനുഷ്‌കോടിവരെ തീവണ്ടിയെത്തുന്നതും കാത്ത് ഒരു കപ്പൽ (ആവിയും പുകയും കൊണ്ടോടുന്ന സ്‌റ്റീമർ) കാത്തുകിടക്കുമായിരുന്നു. കൊളംബിലെ തേയിലത്തോട്ടങ്ങളിലും ലങ്കൻ റെയിൽവേയിലും ജാഫ്‌നയിലെയും അനു
രാധപുരത്തെയും കോളജുകളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന മലയാളി യാത്രക്കാർ യഥേഷ്‌ടം. ധനുഷ്‌കോടിയിൽനിന്ന് ലങ്കയിലെ തലൈമന്നാർ വരെയാണ് സ്‌റ്റീമർ യാത്ര. അവിടെനിന്ന് ജാഫ്‌നയിലേക്കും കൊളംബോയിലേക്കും തുടർച്ചത്തീവണ്ടി കിട്ടുമായിരുന്നു. സ്‌റ്റീമറിൽ മുകൾത്തട്ട് ഫസ്‌റ്റ് ക്ലാസ് ആണ്. പത്തു രൂപ ടിക്കറ്റ്. താഴെ സെക്കൻഡ് ക്ലാസ്. ആറു രൂപ ടിക്കറ്റ്. 1964 ഡിസംബർ 22 വരെ ആത്മകഥ നീളുന്നു. പിന്നെയങ്ങോട്ടു കഥയിൽ പാളമില്ലല്ലോ; ആളും!
ഈ തീവണ്ടി തന്നെയായിരുന്നോ കടലെടുത്ത പാമ്പനിൽനിന്ന് 653–ാം നമ്പർ പാസഞ്ചർ തീവണ്ടിയായി ഓടിയിരുന്നതെന്നു വ്യക്‌തമല്ല. വ്യക്‌തമായി അറിയാവുന്നത് അതിൽ 110 ധനുഷ്‌കോടി ടിക്കറ്റ് നൽകിയിരുന്നു എന്നാണ്. അതിൽ ധനുഷ്‌കോടി കാണാനെത്തിയ നൂറോളം വിദ്യാർഥികളും ഉൾപ്പെടുന്നു. അതിലുമെത്രയോ ടിക്കറ്റില്ലാ യാത്രക്കാർ ഉണ്ടായിരുന്നു; അഞ്ച് റെയിൽവേ ജീവനക്കാരും. കടലെടുത്തവരെ തിരിച്ചുകൊടുക്കാത്തതുകൊണ്ട് അതിലെ ടിക്കറ്റില്ലായാത്രക്കാരുടെ എണ്ണം ഇതുവരെ കണക്കാക്കാനായിട്ടില്ല.
എന്തായാലും അന്നു ധനുഷ്‌കോടിയെത്തുന്നതിനു മുമ്പേ സിഗ്നൽ കിട്ടാത്തതുകൊണ്ടും പാളംമൂടിയ വെള്ളംകണ്ടും കുറച്ചുനേരം തീവണ്ടി നിറുത്തിയിട്ടു. ഡ്രൈവർ മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി പരിശോധിക്കുകയും കൂടുതൽ വെള്ളം കയറുന്നതിനു മുമ്പ് ധനുഷ്‌കോടി സ്‌റ്റേഷനിൽ എത്താമെന്നു കരുതി വണ്ടിയെ മുന്നോട്ടോടിക്കുകയും ചെയ്‌തു. അധികം വൈകിയില്ല. 20 മീറ്റർ ഉയരത്തിൽ ഉയർന്ന രാക്ഷസത്തിരമാലകളും ചുഴലിക്കാറ്റും ചേർന്ന് ആ തീവണ്ടിയെ അങ്ങനെതന്നെ പൊക്കി കടലിലേക്കു കൊണ്ടുപോയി...
‘ഞാൻ ആ തീവണ്ടിയിൽ ഉണ്ടായിരുന്നു’
ധനുഷ്‌കോടി ട്രെയിനപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ (പേ വാർഡിൽ 32–ാം നമ്പർ മുറിയിൽ) കഴിഞ്ഞിരുന്ന പന്തളം എൻഎസ്‌എസ് കോളജ് പ്രിൻസിപ്പൽ ജി. ബാലകൃഷ്‌ണപിള്ള 1965 ജനുവരി നാലിന്, ‘മനോരമ’യുടെ പന്തളം ലേഖകനോട് ഇങ്ങനെ പറഞ്ഞു: ആ ഭീകരനിമിഷത്തെപ്പറ്റി ഞെട്ടലോടുകൂടിയല്ലാതെ എനിക്ക് സ്‌മരിക്കാൻ കഴിയുന്നില്ല. കട്ടി കൂടിയ എന്തോ ഒന്ന് എന്റെ നെഞ്ചിൽ ഊക്കോടെ വന്നു വീണു. അത്രമാത്രം എനിക്ക് ഓർമയുണ്ട്. ഞാൻ യാത്ര ചെയ്‌തിരുന്ന കംപാർട്ട്‌മെന്റിൽ ആകെ എട്ടു പേരാണ് യാത്ര ചെയ്‌തിരുന്നത്. അവരിൽ നാലുപേർ മൃത്യുവക്‌ത്രത്തിൽ പതിക്കുകയാണു ചെയ്‌തത്. ദുർവിധിയുടെ ക്രൂരഹസ്‌തം ഞാനുൾപ്പെടെയുള്ള നാലുപേരെ കടന്നുപിടിച്ചെങ്കിലും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു... സംഭവവിവരണം നൽകിക്കൊണ്ടിരുന്നപ്പോൾ പ്രിൻസിപ്പൽ കണ്ണുനീർ തൂകുകയും ഇടയ്‌ക്കിടയ്‌ക്കു ഗദ്‌ഗദകണ്‌ഠനാകുകയും ചെയ്യുന്നതു ലേഖകനു കാണാമായിരുന്നു. അതേ ദിവസം മനോരമ പ്രസിദ്ധീകരിച്ചു :
സംഭവിച്ചത് ഇതാണ്...
തിരുവല്ലാ: ജനു 4 – ധനുഷ്‌കോടിയിലെ ട്രെയിനപകടത്തിൽ തന്റെ സ്വന്തം ആളുകൾ മരിച്ചതു സംബന്ധിച്ചു കൂടുതൽ വിവരങ്ങളറിയുന്നതിന് അവിടെ പോയ ശേഷം തിരിച്ചെത്തിയ തിരുവല്ലാ ഉഡുപ്പി ഹോട്ടൽ പ്രൊപ്രൈറ്റർ ശ്രീ നാരായണൻപോറ്റി നൽകിയ ചില വിവരങ്ങൾ താഴെ ചേർക്കുന്നു:
ഏതാണ്ട് പത്തരമണിയോടുകൂടി ട്രെയിൻ ധനുഷ്‌കോടി റെയിൽവേ സ്‌റ്റേഷന്റെ ഔട്ടറിൽ (ഏതാണ്ടു നാലു ഫർലോങ് മാത്രം സ്‌റ്റേഷനുമായി അകലത്തിൽ) എത്തിയപ്പോൾ സിഗ്നൽ ലഭിക്കായ്‌കയാൽ ട്രെയിൻ നിറുത്തേണ്ടതായി വന്നു. പത്തു പതിനഞ്ചു മിനിറ്റ് സമയം ട്രെയിൻ വിസിലടിച്ചുകൊണ്ട് അവിടെ നിന്നു. എന്നിട്ടും സിഗ്നൽ കിട്ടിയില്ലെന്നു മാത്രമല്ല, യാതൊരു വിവരവും ലഭിച്ചുമില്ല. ഈ സമയം അതിശക്‌തമായ കൊടുങ്കാറ്റു മൂലം തിരമാലകൾ അടിച്ചുകയറ്റിയ വെള്ളം റെയിൽവേ റോഡ് മൂടിക്കിടന്നിരുന്നു. ഡ്രൈവർ ട്രെയിനിൽനിന്ന് ഇറങ്ങി സ്വൽപം നടന്നപ്പോൾ റെയിൽവേ ലൈനിൽ മുട്ടിനുതാഴെവരെ വെള്ളമുണ്ടായിരുന്നു. പല സ്‌ഥാനങ്ങളിലും മണലും അടിച്ചു കയറിക്കിടന്നിരുന്നു. ട്രെയിൻ അവിടെ താമസിപ്പിക്കുന്നത് അപകടകരമാണെന്നു തോന്നുകയാൽ സാവധാനം റെയിൽവേ സ്‌റ്റേഷനിൽ ചെന്നെത്താമെന്ന പ്രതീക്ഷയിൽ ഡ്രൈവർ ട്രെയിൻ വിട്ടു.സ്വൽപ്പം മുന്നോട്ടു ചെന്നപ്പോൾ ട്രെയിൻ മുഴുവനായി അപ്പാടെ ചുഴലിക്കാറ്റു പൊക്കി കടലിലേക്ക് എറിയുകയാണുണ്ടായത്.
മൃതനഗരത്തിലേക്കു സ്വാഗതം
കണ്ണൻ ഇനിയങ്ങോട്ട് മൊബൈലിലെ പാട്ടു വേണ്ടെന്നുവച്ചു. അന്തരീക്ഷത്തിന്റെ കനംകുറയ്‌ക്കാനാവണം ധനുഷ്‌കോടിയിൽ വച്ചു ചിത്രീകരിച്ച കന്നത്തിൽ മുത്തമിട്ടാൽ, നന്ദ, വാരണം ആയിരം തുടങ്ങിയ സിനിമകളെക്കുറിച്ചു പറഞ്ഞു. ‘വാരണം ആയിര’ത്തിലെ ലാസ്‌റ്റ് സീൻ ഓർമയുണ്ടോ, സാർ. സൂര്യ നിൽക്കുന്നിടത്ത് എന്റെ ഈ ജീപ്പുമുണ്ട്...
– ഉങ്ക മമ്മൂട്ടിയും ഇങ്കെ വന്തിരിക്ക്. ‘ബിഗ് ബി’ പടത്ത്‌ക്കാകെ...
പറഞ്ഞിരിക്കുമ്പോൾ കണ്ണന്റെ ഭാവം മാറി. അരികിൽ പാഴടിഞ്ഞ ഒരു സിഗ്നൽ പോസ്‌റ്റ് കാണിച്ചുതന്നിട്ടു പറഞ്ഞു: ആ പോസ്‌റ്റിനടുത്തുവച്ചാ ട്രെയിനിനെ കടൽ കൊണ്ടുപോയത്... മണൽവഴിയിൽ ഇടയ്ക്കിടെ ജീപ്പ് പുതഞ്ഞു. ഇടയ്‌ക്ക് വഴിയിൽ കിടന്ന കല്ല് കണ്ണൻ ഇറങ്ങിയെടുത്തു മാറ്റി പയനം തുടർന്നു. ഇതിനിടെ പഴയൊരു മുറിഞ്ഞുപറിഞ്ഞ ടാർ റോഡ് കണ്ടു. അത് പഴയ ഹാർബറിലേക്കുള്ള റോഡായിരുന്നു. പഴയ റോഡിന്റെ പ്രേതം.
ജീപ്പിന്റെ വേഗം കുറയ്‌ക്കുകയായി കണ്ണൻ. ഇനിയങ്ങോട്ട് ആ പഴയ തുറമുഖ ടൗണിന്റെ കടൽശേഷിപ്പുകളാണ്. ആ ഹാർബറിനു ചുറ്റുമായിരുന്നു ധനുഷ്‌കോടി ടൗൺ വളർന്നത്. റെയിൽവേ സ്‌റ്റേഷനും റെയിൽവേ ക്വാർട്ടേഴ്‌സും ആശുപത്രിയും വിദ്യാലയവും പള്ളിയും അമ്പലവും തെരുവുകളും ഒട്ടേറെ വീടുകളും വീടുകളിൽ നിറയെ താമസക്കാരും കുട്ടികളുടെ കളിവട്ടങ്ങളും ആൾത്തിരക്കുമൊക്കെ
യുണ്ടായിരുന്ന ഒരു നഗരം. രാമേശ്വരത്തെക്കാൾ വലിയ ടൗൺ. (കുറച്ചു
നേരത്തിനു ശേഷം ആ കഥ പറയുമ്പോൾ ‘നീച്ചൽ’ കാളി ഞങ്ങളോട് ഇതും പറയും: കോടതി ഒഴിച്ചെല്ലാം ഉണ്ടായിരുന്നു ധനുഷ്‌കോടിയിൽ!)
എല്ലാം ആ ഇരുപത്തിമൂന്നാം തീയതിക്കു മുമ്പ്. അതിനുശേഷം ഒന്നും പഴയതുപോലെയായില്ല. കടലെടുത്തശേഷം കാര്യമായൊന്നും ശേഷിച്ചതുമില്ല. അതുകൊണ്ടൊക്കെയാണ് സർക്കാർ ധനുഷ്‌കോടിയെ മൃതനഗരമായി പ്രഖ്യാപിച്ചത്. വെള്ളവും വെളിച്ചവും ഇവിടെ വേണ്ട. വികസനപ്രവർത്തനങ്ങൾ ഒന്നും വേണ്ട. വൈകിട്ട് ആറു മണിക്കുശേഷം സന്ദർശകരാരും അവിടെ പോവാനും പാടില്ല. മുൾച്ചെടികൾക്കിടയിൽ കണ്ണൻ ജീപ്പ് നിറുത്തി. ജീപ്പുകൾ സ്‌ഥിരമായി നിറുത്തിയാവണം ആ സ്‌ഥലത്തിനു ടയറുകൾക്കു നൽകാൻ കഴിയുന്നതരം വൃത്തി കൈവന്നിട്ടുണ്ട്. കൈ ചൂണ്ടിക്കാണിച്ചു കണ്ണൻ പറഞ്ഞു: അങ്ങോട്ടു പോകാം.
– എന്താണവിടെ?
– നിങ്ങൾ കാണാൻ വന്നത്...
ആൺകടലും പെൺകടലും
ആ പഴയ ടൗൺ മരിച്ച് അസ്‌ഥിപഞ്‌ജരമായി കിടക്കുന്നതു കാണിക്കാനായിരുന്നു കണ്ണൻ ഞങ്ങളെ കൊണ്ടുപോയത്. കേട്ട കഥയെല്ലാം നേരെന്നു പറയാൻ കാലം കരുതിവച്ചതു കാണിക്കാൻ.
റെയിൽവേ സ്‌റ്റേഷൻ, റെയിൽവേ ക്വാർട്ടേഴ്‌സ്, ക്വാർട്ടേഴ്‌സുകളിലേക്കുള്ള വാട്ടർ ടാങ്ക്, പള്ളി, അമ്പലം, പോസ്‌റ്റ് ഓഫിസ്, ആശുപത്രി... എല്ലാം അവിടെ ഉണ്ടായിരുന്നു. ഇങ്ങനെയെഴുതുന്നതു ശരിയായിരിക്കില്ല. അതെല്ലാം അവിടെ ഉണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നു എന്നുതന്നെ എഴുതണം. കടൽ ശേഷിപ്പിച്ച തെളിവുകൾ. യക്ഷിക്കഥകളിൽ കരിമ്പനച്ചുവട്ടിൽ വീണുകിടക്കുന്ന എല്ലും മുടിയും പോലെ. മരിച്ചുപോയതിന്റെ അടയാളങ്ങൾ. ഒരിക്കൽ ജീവനുണ്ടായിരുന്നതിന്റെ അടയാളങ്ങൾ.
(ഇവിടം ചെവിയിൽ പറയുന്നുണ്ട്: കടൽക്കാറ്റടിക്കുന്നതിന്റെ മൂളക്കത്തിൽ, വന്യമായ ഏകാന്തതയിൽ ആശ്വസിക്കുക, നിങ്ങൾ ഒറ്റയ്ക്കല്ലല്ലോ...! )
മൃതനഗരത്തിലെത്തുന്ന സഞ്ചാരികൾക്കായി ശംഖ് തുടങ്ങി കടൽഭംഗിയുള്ള സാധനങ്ങളും മിനറൽ ജലവും സിഗരറ്റും കല്ലുവച്ച കഥകളും വിൽപനയ്‌ക്കു വച്ച നാലോ അഞ്ചോ കടകൾ മാത്രമാണ് ഇന്ന് ധനുഷ്‌കോടിയുടെ പുതിയകാല മുഖം.
കണ്ടാൽ സങ്കടം തോന്നിക്കുന്ന പെട്ടിക്കടയുടെ ദാരിദ്ര്യത്തിലിരുന്ന് ഗാന്ധിമതി ആത്മകഥ കരഞ്ഞു:
– ആ പഴയ പള്ളി കണ്ടോ? പുയലിലും (കാറ്റ്) കടൽ കയറി വന്ന വെള്ളത്തിലും ഇങ്ങനെയായതാണ്. പെരിയ പെരിയ കെട്ടിടങ്കൾ. എല്ലാം പോയി. ഈ കാണുന്ന ഇന്തിയ പെരുങ്കടലിനും അപ്പുറത്തുള്ള വംഗാള വെരിഗുഡക്കും (ബംഗാൾ ഉൾക്കടൽ) ഇടയ്‌ക്കാണ് ഈ നാട്. ഇന്തിയ പെരുങ്കടൽ വാശിക്കാരൻ. എപ്പോഴും ക്ഷോഭം. അതുകൊണ്ട് ഞങ്ങളതിനെ ആൺകടലെന്നു വിളിക്കും. അപ്പുറത്ത് പാവം ഉൾക്കടൽ. അമൈയ്‌തിക്കടൽ. അതു പെൺകടൽ.
– അന്നു പുയലിൽ കരയിൽ കയറിവന്നത് ഏതു കടൽ?
ഗാന്ധിമതി ഒരു നിമിഷം നിശ്ശബ്‌ദയായി. സ്വന്തം പെൺമയെ ഒറ്റിക്കൊടുക്കേണ്ടിവരുന്ന കയ്‌പോടെ പറഞ്ഞു:
– അന്ത പെൺകടൽ.. !
അന്നു ധനുഷ്‌കോടിയെ പ്രളയമെടുക്കുമ്പോൾ ഗാന്ധിമതിക്ക് അഞ്ചു വയസ്സ്. അച്‌ഛനും അമ്മയും രക്ഷപ്പെട്ടുവെന്നറിയാം. അമ്മയുടെ ഒക്കത്തു താനുണ്ടായിരുന്നുവെന്നും അറിയാം. ഇന്നു മൂന്നു മക്കൾ. ഇപ്പോൾ ഈ തീരത്തുള്ള വളരെക്കുറച്ചു കുടുംബങ്ങളിലെ എല്ലാ ആണുങ്ങളും ചെയ്യുന്ന അതേ തൊഴിൽ തന്നെയായിരുന്നു ഭർത്താവിന്റേതും: മീൻപിടിത്തം. ആറു മാസം മുമ്പു മരിച്ചു.
തിരയൊഴിഞ്ഞ ആറു മാസം ഇപ്പുറത്തെ കടലിലും വർഷത്തിന്റെ മറുപാതി അപ്പുറത്തെ കടലിലുമായാണു മത്സ്യബന്ധനം. ദക്ഷിണേന്ത്യൻ തീരത്ത് ഏറ്റവുമധികം മീൻ കിട്ടുന്ന പ്രദേശങ്ങളിലൊന്നാണു ധനുഷ്‌കോടി. എന്നിട്ടും മുക്കുവർ ഇവിടെ കുറവായത് എന്തുകൊണ്ടെന്നു ചോദിച്ച് ഞങ്ങൾ ആ പാവത്തെ വിഷമിപ്പിച്ചില്ല.
ഭർത്താവു മരിച്ചിട്ടും ഈ തീരം വിടാൻ തോന്നുന്നില്ല. മൂന്നു കുട്ടികളും കടലിൽ പോകുന്നുണ്ട്. ഞാൻ ഈ കടയെയും ഇവിടെ വരുന്നവരെയുമൊക്കെ വിശ്വസിച്ച് ഈ വെയിലും കൊണ്ട്... ഗാന്ധിമതി പെട്ടെന്നു കണ്ണീരണിഞ്ഞു:
– നേത്ത് പത്ത് കാസ് കെടക്കെലെ. തലൈ ശുറ്റുത്. ഇന്ത കടയിലിരുന്ത് കെടക്ക്‌റ പണം രാമേശ്വരത്തു പോയ് ഊസി പോടറുതുക്ക് മട്ടും തികയും...
ആ കടയിൽനിന്നും തകർന്ന പള്ളിയിലേക്കു കയറി. അൾത്താര. തമിഴ്‌രീതിയിലുള്ള ഞായറാഴ്‌ചപ്രാർഥനകൾ ഓർമിച്ചു. കുന്തിരിക്കത്തിന്റെ മണത്തെയും മെഴുകുതിരികളുടെ നിരയെയും ഓർമിച്ചു. രണ്ടു ദിവസത്തിനിപ്പുറം തീർന്നുപോയ പഴയൊരു ക്രിസ്‌മസ് ആഘോഷത്തെയും...
മുനിരാജിന്റെ പ്രേതങ്ങൾ
അവനു പതിനൊന്നു വയസ്സാവുന്നതേയുള്ളൂ. സ്‌കൂളിൽ പോവുന്നില്ല. പകരം കടലിൽ പോവുന്നു. എങ്കിലും ഒരു വരുംകാല ഗൈഡിന്റെ വാക്‌ചാതുര്യത്തോടെയും സൂക്ഷ്‌മതയോടെയും മുനിരാജ് ഞങ്ങളെ അവശിഷ്‌ടങ്ങളിലൂടെ കൊണ്ടുപോയി.
‘കോയിലിനു പിന്നാടി’യുള്ള സ്‌തൂപത്തിലേക്കു നയിച്ച് അവൻ മാറിനിന്നു. 1935 മേയ് ആറിനു സ്‌ഥാപിച്ചതാണത്. ധനുഷ്‌കോടി പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ജനാബ് കോൻമീബാ സാഹിബ് ബഹാദൂർ, രാജ്‌ഞിയുടെ കിരീടധാരണത്തിന്റെ രജതജൂബിലിക്കു സ്‌ഥാപിച്ച സ്‌തൂപം. കടൽവെള്ളത്തെ തോൽപ്പിച്ച അഹങ്കാരവുമായി ആ പഴയ സ്‌തൂപം ഞങ്ങൾക്കു മുന്നിൽ നീണ്ടുനിവർന്നു നിന്നു.
മുനിരാജ് പറഞ്ഞുകൊണ്ടിരുന്നു: ഇത് പോസ്‌റ്റ് ഓഫിസ്, അത് സ്‌കൂൾ, പോർട്ട് ട്രസ്‌റ്റ് ഓഫിസ് (ഇങ്ങനെയല്ല അവനത് ഉച്ചരിച്ചത്. വീണ്ടും ചോദിച്ചപ്പോൾ നാണത്തോടെ പറഞ്ഞു: എനിക്കിങ്ങനെയെ പറയാൻ കഴിയുള്ളൂ...)
മണലിൽ പൊന്തിനിൽക്കുന്ന, എല്ലുകൊണ്ടുണ്ടാക്കിയതുപോലെ അറപ്പു തോന്നിച്ച ആ ഒറ്റ മരം കാണിച്ച് അവൻ പറഞ്ഞു:
– അതു താൻ സാമിമരം.
എന്നിട്ടു വിശദീകരണം. ശക്‌തികോയിലിനു മുകളിലുള്ള മരമാണ് സാമിമരം.
– അതിനു കോവിലെവിടെ.
– കീഴെ..
അവൻ താഴേക്കു വിരൽകൊണ്ടു കാണിച്ചു. താഴെ ഭൂമിക്കടിയിൽ മണ്ണിന്റെ എത്രയോ അടരുകൾക്കു താഴെ ആ കോവിലുണ്ട്. സാമിമരത്തിന്റെ കൃത്യം താഴെ.
അപ്പുറത്ത് ഇതുപോലെ മണ്ണിനടിയിലായ കനിമാരിയമ്മൻ കോവിലിലെ വിഗ്രഹം കണ്ടെടുത്ത് പുതിയ അമ്പലമുണ്ടാക്കി പ്രതിഷ്‌ഠിച്ചിട്ടുണ്ട്.
മുനിരാജിന് ഈ കഥകളൊക്കെ പറഞ്ഞുകൊടുത്തത് താത്ത (അപ്പൂപ്പൻ) മുനിസാമിയാണ്. മുനിസാമി ‘ഇരന്തുപോയിട്ട്’ വർഷങ്ങൾ പലതായി. തനിക്കുശേഷവും ഈ അവശേഷിപ്പുകളുടെയൊക്കെ കഥ നിലനിൽക്കാൻ കൊച്ചുമകന് അതൊക്കെ പഠിപ്പിച്ചുകൊടുത്ത ശേഷമാവും മുത്തച്‌ഛൻ പോയത്. ഞങ്ങൾ കുറെ നേരം കടൽ ശേഷിപ്പിച്ചതിലൂടെ നടന്നു. ഇതാ പഴയൊരു ക്ഷേത്രം. താഴികക്കുടം ഇടിഞ്ഞുപൊളിഞ്ഞ്. പല കെട്ടിടങ്ങൾക്കും ബ്രിട്ടിഷ്‌ശൈലിയിലുള്ള നിർമാണമാണ്. ഈ കെട്ടിടങ്ങളൊക്കെ ബ്രിട്ടിഷ് സർക്കാരിൽനിന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യാ സർക്കാർ ഏറ്റെടുത്തു. പിന്നീട് ഇന്ത്യാ സർക്കാരിൽനിന്ന് ബംഗാൾ ഉൾക്കടലും! കടപ്പുറത്തുകൂടി മുനിരാജിനൊപ്പം നടക്കുകയാണു ഞങ്ങൾ. ‘ശ്രീലങ്കൻ അഗതികൾ’ കടൽ കടന്നെത്തിയ ഒരു ചെറു ബോട്ട് കാണിച്ചുതന്നു അവൻ. നിയമപ്രകാരമല്ലാതെ, പതിനെട്ടു കിലോമീറ്ററിന്റെ കടൽദൂരം പിന്നിട്ട് ഇന്ത്യയിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള വാതിൽ ധനുഷ്‌കോടി തീരമായതുകൊണ്ട് എത്രയോ പേർ ഈ വഴി ഉപയോഗിച്ചു. രാജീവ് ഗാന്ധിയുടെ വധത്തിനു മുമ്പുവരെ എൽടിടിഇക്കാരുംശ്രീലങ്കയിൽനിന്ന് ധനുഷ്‌കോടിവരെ സ്‌ഥിരമായി ബോട്ടിലെത്തുമായിരുന്നു. അവർക്കു നിരോധനം ഏർപ്പെടുത്തിയശേഷം ശ്രീലങ്കയിൽനിന്നുള്ള അഭയാർഥികളുടെ വരവായി. പ്രഭാകരന്റെ വധത്തിനുശേഷം ആ വരവും നിന്നു. മുനിരാജ് കടൽത്തീരത്തിന്റെ അങ്ങേയറ്റത്തേക്കു നോക്കാൻ പറഞ്ഞു:
– എന്താണവിടെ?
– അങ്കെ ആവി (പ്രേതം) ഇര്‌ക്കും.
– ആരുടെ ആവി?
– ഒരു തപ്പുപൊണ്ടാട്ടിയുടെ...
കള്ളഭാര്യ ചീത്തകാര്യങ്ങൾ ചെയ്‌ത് ചത്ത് പ്രേതമായതിന്റെ പാപക്കഥ പറയാൻ പതിനൊന്നുകാരന്റെ നാവു വഴങ്ങിയില്ല.. ബാക്കി പ്രേതങ്ങളുടെ കഥ പറഞ്ഞത് മുനിരാജിന്റെ അമ്മ അമ്മാളാണ്.
– എന്നെ തൂത്തുക്കുടിയിൽനിന്ന് ഇവിടെ കല്യാണം കഴിച്ചുകൊണ്ടുവന്നതാണ്. മുനിരാജിന്റെ അച്‌ഛൻ മീനവനാണ് (മുക്കുവൻ). ഞാനിവിടെ വന്ന് അധികം കഴിയുന്നതിനുമുമ്പെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. ഇവിടെ ജീവിക്കാൻ കൊള്ളാവുന്ന സ്‌ഥലമല്ല. ഇവിടെകൂടുതലള്ളതു ജീവനുള്ള ആളുകളുമല്ല. സന്ധ്യ കഴിഞ്ഞാൽ ഏതു കല്ലിലും അവരുണ്ടാവും. ബീഡിത്തുമ്പ് എരിയുന്നതുകണ്ടു നമ്മളങ്ങോട്ടു പോയാൽ അവിടെയാരുമുണ്ടാവില്ല. ഞാനും കണ്ടിട്ടുണ്ട്, പല തവണ അത്തരം ‘ഉരുവങ്ങളെ’. ഇപ്പോഴതു ശീലമായി. അന്നു കടലെടുത്തവരുടേതു മാത്രമല്ല. ഈ കടലിൽനിന്ന് അനാഥശവങ്ങൾ സ്‌ഥിരമായി കരയ്ക്കടിയും. ചിലതു ചാടിച്ചത്തത്. ചിലതു കൊന്നുകെട്ടിത്താഴ്‌ത്തിയത്. എങ്ങനെയുള്ളതായാലും അടിഞ്ഞാൽ മറവു ചെയ്യുന്നത് ഇവിടെ ആദ്യം കാണുന്ന സ്‌ഥലത്തുതന്നെ. ഈ മണ്ണിൽ പലയിടത്തും അങ്ങനെ കുഴിച്ചിട്ടിട്ടുണ്ട്. രാത്രിയായാൽ അവരൊക്കെ അടങ്ങിയിരിക്കുമോ? ചില നേരത്തു വീട്ടിൽ വന്നു മുട്ടും. മുനിരാജിന്റെ താത്തയുടെ ശബ്‌ദത്തിൽ പുറത്തുനിന്നു കേൾക്കാം: മുനിരാജ് ഇറങ്ങിവാ.. ഇതു ഞാനാ... ഇവൻ പുറത്തിറങ്ങാനായി എഴുന്നേൽക്കുമ്പോൾ ഞാൻ അവനെ ചേർത്തുപിടിച്ചു കിടക്കും.... അതു പറയുമ്പോഴും അമ്മാൾ അവനെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.
– അടുത്ത മാസം ഇവൻ പോവും, തിരുപ്പൂരിലേക്ക്. അവിടെ ഒരു സ്‌കൂളിൽ ചേർത്തു പഠിപ്പിക്കാമെന്ന് ഒരു ‘നല്ലവർ’ ഏറ്റിട്ടുണ്ട്.
ഞങ്ങൾ ആ പ്രേതഭൂമികയിൽനിന്നു മുനമ്പിലേക്ക് യാത്ര തിരിക്കുമ്പോൾ മുനിരാജും കൂടെ വന്നു. ഞാനും കൂടെ വന്ന് അതൊക്കെ കാണിച്ചുതരാം. അപ്പോൾ അമ്മാൾ വിലക്കി.
– വേണ്ട. ഇനി അവർക്ക് ഒറ്റയ്ക്കു കാണാവുന്നതേയുള്ളൂ...
രാമേശ്വരത്തെ പിതൃക്കൾ
ശാന്തസുന്ദരമായ ബംഗാൾ ഉൾക്കടലും ഇളകിമറിയുന്ന ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന, ‘കോടി’ (മുനമ്പ്) യിലേക്ക് കണ്ണൻ ജീപ്പോടിക്കുമ്പോൾ ഞാൻ ‘നീച്ചൽ’ കാളിയുടെ കഥനം ഓർമിച്ചു. കാളിയുടെ കഥ കേട്ട സമയവും സ്‌ഥലവും മറ്റൊന്നാണെങ്കിലും ആ കഥ ഓർമിക്കേണ്ടത് ഇവിടെയാണല്ലോ...
കാളി കഥ പറഞ്ഞത് രാമേശ്വരത്തെ ഒരു ചായക്കടയുടെ ബഞ്ചിലിരുന്നായിരുന്നു. അന്നേരം രാമേശ്വരം തിരക്കിൽ ഇളകിമറിയുകയായിരുന്നു. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ പ്രാതവെയിലിൽ തിളങ്ങുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിൽ രാമനാഥസ്‌തോത്ര ഘോഷയാത്രകളുണ്ടായിരുന്നു. പിതൃക്കൾക്കു മോക്ഷമാർഗം നൽകിയ ഈറൻനിർവൃതിയുമായി സ്‌നാനഘട്ടങ്ങളിൽനിന്നു തിരിച്ചുനടക്കുന്ന ജീവിച്ചിരിക്കുന്നവരുടെ സംഘങ്ങളുണ്ടായിരുന്നു. രാമായണത്തിലെ യുദ്ധകാണ്ഡത്തിലുള്ള ഐതിഹ്യങ്ങളും പന്ത്രണ്ടാം നൂറ്റാണ്ടുവരെ നീളുന്ന ചരിത്രവും ആ ക്ഷേത്രനഗരത്തെ ഭൂമിയിൽനിന്നുയർത്തിയിരുന്നു. തൂണുകളുള്ളതിൽ ലോകത്തിൽ ഏറ്റവും വലിയ ഇടനാഴിയെന്ന ഖ്യാതിയുമായി ക്ഷേത്രത്തിനകത്തെ തെക്കേ ഇടനാഴി (പ്രാകാരം) പൗരാണികമായൊരു നിശ്ശബ്‌ദതയിൽ ലയിച്ചു കിടക്കുന്നുണ്ടായിരുന്നു... അതിനു കുറച്ചുമുമ്പായിരുന്നു ഞങ്ങൾ രാമേശ്വരത്തെ ഏറ്റവും ഉയർന്ന പ്രദേശമായ ഗന്ധമാദനപർവതത്തിലെത്തുന്നത്. ശ്രീരാമന്റെ തൃപ്പാദം പതിഞ്ഞ കല്ലാണ് ഇവിടേക്കു ഭക്‌തരെ വിളിച്ചുകൊണ്ടുവരുന്നത്. അതിനാൽ ‘രാമപാദം’ എന്നും ഈ സ്‌ഥലത്തിനു പേര്. സീതയെ കാണാതെ ഹൃദയം തകർന്ന് അലയുന്ന ശ്രീരാമനോട് ഈ മലമുകളിൽവച്ചാണ് ഹനുമാൻ ‘കണ്ടേൻ സീതയെ..’ എന്നു പറയുന്നത്: അക്കാണും കടലിനപ്പുറത്ത് രാവണന്റെ ബന്ധനത്തിൽ സീതയുണ്ട്.
അന്നേരം രാമന്റെ കണ്ണുകൾ ഒരു ഉയരക്കാഴ്‌ചയ്‌ക്കു മാത്രം നൽകാവുന്ന വിധത്തിൽ കടലിന്റെ വിസ്‌തൃതിയിലേക്കു നീങ്ങിയിരിക്കണം. അതിനെയെങ്ങനെ ഭേദിക്കാമെന്ന ചിന്തയിലേക്കും നയിച്ചിരിക്കണം. അവിടെവച്ച് രാമൻ ആ തീരുമാനമെടുക്കുന്നു. ഈ കടൽ കടന്ന് ഞാനെന്റെ സീതയെ തിരികെക്കൊണ്ടുവരും. പിന്നെ ആ കടലിനെ തോൽപ്പിച്ച കഥയാണ്. (ധനുഷ്‌കോടിയിലാണ് രാമസേതു. സീതയ്‌ക്കുവേണ്ടി കടൽ കടന്ന ശ്രീരാമൻ മുതൽ ജീവിതത്തിനുവേണ്ടി കടൽ താണ്ടിയ നമ്മുടെ സി. വി. ശ്രീരാമൻവരെ യാത്ര തുടങ്ങിയത് ധനുഷ്‌കോടിയുടെ മുനമ്പിൽനിന്നായിരുന്നു. കടൽ കടക്കുന്നവരുടെയൊക്കെ പേരായിരിക്കുമോ ശ്രീരാമൻ?)
എന്തായാലും ഗന്ധമാദനപർവതത്തിൽ ഇപ്പോഴും പരന്നുകിടക്കുന്ന ആ ഏകാന്തതയിൽനിന്ന് ശ്രീരാമന്റെ മനസ്സിലെ കടൽ നമുക്കു സങ്കൽപിക്കാനാവും. വിരഹം. തിരിച്ചെടുക്കാനുള്ള ആഗ്രഹം. ഒടുവിൽ വീണ്ടെടുപ്പ്. വിജയിച്ച്, വീണ്ടും കടൽ തിരിച്ചുകടന്ന ശ്രീരാമൻ രാവണനെ കൊന്ന ബ്രഹ്‌മഹത്യാദോഷം തീർക്കാൻ ഈ രാമേശ്വരത്ത് ആദ്യം ശ്രാദ്ധം നടത്തുന്നു. പിന്നെ സീതാസമേതം, മഹേശ്വരപ്രീതിക്കായി പരമശിവനെ പ്രതിഷ്‌ഠിക്കുകയായി. ഭാരതത്തിലെ പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണു രാമേശ്വരം ക്ഷേത്രത്തിലുള്ളത്. രാമന്റെ ഈശ്വരൻ ഉള്ളയിടമായി മാറുന്നു ഇവിടം. രാമേശ്വരം. രാമന്റെ നാഥന്റെ പുരം എന്ന് ജില്ലയ്‌ക്കും പേരു വീഴുന്നു. രാമേശ്വരം ക്ഷേത്രവഴിപാടിനു മുമ്പും പിമ്പും ധനുഷ്‌കോടിയിലുള്ള സേതുതീർഥത്തിൽ നീരാടണമെന്നാണ് ആചാരം. ധനുഷ്‌കോടിയിൽ (സേതു) മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം പൂർണമായി ലഭിക്കൂ എന്നും വിശ്വാസമുണ്ട്.
ഇന്ന് ധനുഷ്‌കോടിയുടെ വിജനതയിലും അരക്ഷിതാവസ്‌ഥയിലും ആചാരവിശ്വാസങ്ങളുടെ പാലനവും ബുദ്ധിമുട്ടിപ്പിക്കുന്നതായി.
കടലെടുത്തത് ധനുഷ്‌കോടിയുടെ ഭൗതികതയെ മാത്രമായിരുന്നില്ല...
ധനുഷ്‌കോടിയുടെ കാഥികൻ
യുദ്ധത്തിനു പോയി വീരം പടവെട്ടി ശത്രുക്കളെയെല്ലാം കൊന്നു വിജയശ്രീലാളിതരായി തിരിച്ചെത്തി ശിഷ്‌ടകാലം ഭാര്യയും മക്കളുമോടൊത്തു സസുഖം ജീവിതം കഴിക്കാമെന്നു കരുതുന്നവരെല്ലാം യുദ്ധത്തിൽ ചത്തൊടുങ്ങുന്നു. ഞാൻ ചത്തു തൊലഞ്ഞാലെന്തു മാങ്ങാത്തൊലിയെന്നു വിചാരിച്ചു യുദ്ധത്തിനു പോവുന്നവരെല്ലാം തിരിച്ചുവരുന്നു...
(‘സ്‌റ്റോം വാണിങ്’ എന്ന യുദ്ധനോവലിന്റെ മുൻകുറിപ്പ്)
‘നീച്ചൽ’ കാളി പ്രശസ്‌തനാണ്. ധനുഷ്‌കോടിയുടെ കടലെടുത്ത കഥ പറയാനുള്ള നിയോഗമാണല്ലോ കാളിക്ക്. മുനമ്പ് മുതൽ ലങ്കൻ തീരത്തെ തലൈമന്നാർ വരെ നീന്തി എത്രയോ തവണ കടലിനെ തോൽപ്പിച്ചിട്ടുണ്ട് കാളി. ഒരിക്കൽ മിഹിർ സെന്നിനൊപ്പവും നീന്തിയിട്ടുണ്ട്. നീന്തി നീന്തി ആ പേരിലും ചെന്നു തൊട്ടു: നീച്ചൽ കാളി! ധനുഷ്‌കോടിയെക്കുറിച്ചറിയാനെത്തുന്നവർ കാളിയെ കാണാതെ പോകില്ല. കടലെടുത്ത കഥ പറയുന്ന ആരും ഒടുവിൽ പറയും: കൂടുതൽ വിവരങ്ങൾക്കു നീച്ചൽ കാളിയെ സമീപിക്കുക.
എന്താണു നീച്ചൽ കാളിയുടെ പ്രസക്‌തി? ധനുഷ്‌കോടിയെ കടലെടുത്ത ആ രാത്രിയിൽനിന്നു മരിക്കാതെ രക്ഷപ്പെട്ട ഏറ്റവും പ്രായമുള്ളയാൾ എന്നതു മാത്രമല്ല, പിറ്റേന്നു രാവിലെ പൊലീസ് സ്‌റ്റേഷനിൽ പോയി ദുരന്തത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്‌തയാളും മറ്റാരുമായിരുന്നില്ലല്ലോ... കാളി മീനവനാണ്. എൺപത്തിയഞ്ചു വയസ്സ്. ഇപ്പോൾ കടലിൽ പോവാറില്ല. ഒരു കാലത്ത് ധനുഷ്‌കോടിയിലെ ഏറ്റവും പേരുള്ള മുക്കുവനായിരുന്നു. പിന്നീടാണ് ധനുഷ്‌കോടിയിലെ ഏറ്റവും പേരുള്ള കാഥികനായത്. ഇപ്പോൾ കടലിലേക്കല്ല, ഒരേ കഥയിലേക്ക് നിത്യവും കാളി തോണിയിറക്കുന്നു. അന്ന് നാൽപ്പതു വയസ്സ്. ധനുഷ്‌കോടിയുടെ ജീവനുള്ള കാലം കണ്ടതാണു കാളി. മരണവും മരണാനന്തരജീവിതവും കണ്ടിട്ടുണ്ട്. ധനുഷ്‌കോടിയുടെ മൂന്നു കാലങ്ങളുടെ കടലാണ് കാളിയുടെ നാവിലിരമ്പുന്നത്:
അന്നു രാവിലെ തുടങ്ങിയതാണു മഴ. കടലിൽപോക്കും മഴ മുടക്കിയിരുന്നു. രാത്രി കുടിലിൽ, നിറഗർഭിണിയായ ഭാര്യയ്‌ക്കും മകനുമൊപ്പം വേവലാതിയോടെ ഇടയ്ക്കിടെ ഉറക്കം ഞെട്ടി കിടക്കുമ്പോഴായിരുന്നു കടൽ കയറിവന്നത്. സൂനാമി പോലെ ഉയരത്തിലുള്ള തിരയായിരുന്നില്ല. ചുരുണ്ടുവന്ന് ആളെ അലനാവിലാക്കി തിരിച്ചുകൊണ്ടുപോവുന്ന കടൽ. കടലിരമ്പം ചെവിക്കടുത്തു കേട്ടപ്പോഴേക്കും ചാടിയെഴുന്നേറ്റു. പരമശിവനേ... ഇവരെയെങ്ങനെ കാപ്പാത്തും. എനിക്കു നീന്തലറിയാം. ഏതു കടൽത്തിരയെയും തോൽപ്പിക്കാനുമറിയാം. ഇവർക്കോ... പുറത്തേക്കോടി സുരക്ഷിതസ്‌ഥാനം കണ്ടെത്തി കുടുംബത്തെ അവിടെയെത്തിക്കണം. പക്ഷേ മണ്ണിലും കാറ്റിലും മഴയിലും കടൽ സംഹാരനൃത്തമാടുകയാണ്. കാലുറയ്‌ക്കുന്നില്ലല്ലോ. ‘പുയൽ’ ഭ്രാന്തമായി ചീറിയടുക്കുന്നു.
അപ്പുറത്ത് ഒരു പോസ്‌റ്റ് കണ്ടു. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ഫോൺകമ്പി കൊണ്ടുവരുന്ന പോസ്‌റ്റ്. അതു ചരിഞ്ഞുനിൽക്കുന്നു. കമ്പികൾ പൊട്ടിക്കിടക്കുകയാണ്. കമ്പികൾ വാരിയെടുത്ത്, പോസ്‌റ്റിനോടു ചേർന്നുനിന്നു ദേഹത്തോടു ചേർത്തുകെട്ടി. പ്രളയം കൊണ്ടുപോകാതെ സ്വയംസുരക്ഷിതനാക്കി. രാത്രി തീരുംവരെ ആ നിലയിൽ നിന്നു. രാവിലെ ഏഴു മണിക്കു കടലിറങ്ങിത്തുടങ്ങി. അതിനിടയ്‌ക്കു കൊണ്ടുപോകാനുള്ളതെല്ലാം കൊണ്ടുപോയ്‌ക്കഴിഞ്ഞിരുന്നു; ധനുഷ്‌കോടിയെ മുഴുവൻ. വെളിച്ചം വീണപ്പോൾ മരിച്ച ധനുഷ്‌കോടിയെയായിരുന്നു കണ്ടത്. എവിടെ ഇന്നലെകണ്ട റെയിൽവേ സ്‌റ്റേഷൻ? എന്റെ മനൈവി പ്രസവിക്കാനിരിക്കുന്ന ആശുപത്രി? എന്റെ മകൻ പഠിക്കുന്ന സ്‌കൂൾ? ചുറ്റും ആർത്തനാദങ്ങൾ. ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ.. നേരെ വീട്ടിലേക്കോടിയപ്പോൾ വീടില്ല അവിടെ. തിരഞ്ഞപ്പോൾ ഭാര്യയും മകനും സുരക്ഷിതരെന്നു മനസ്സിലായി. കടലെടുക്കുകയാണെങ്കിൽ എടുക്കട്ടെ എന്നു കരുതി, ഉയരമുള്ള ഒരിടത്ത് മറ്റു പലരോടൊപ്പം കയറിനിന്നു രാവു വെളുപ്പിക്കുകയായിരുന്നു അവർ. അതുപോലെ റെയിൽവേസ്‌റ്റേഷനിലുണ്ടായിരുന്ന ഒരു തീവണ്ടിബോഗിയിൽ കയറിപ്പറ്റിയവരും കടലെടുക്കാതെ രക്ഷപ്പെട്ടു. വീട്ടിലുള്ള ‘പൊരുളെല്ലാം’ പൊതിഞ്ഞുകെട്ടി എത്രയുംവേഗം ധനുഷ്‌കോടിയിൽനിന്ന് പോകാമെന്നു കരുതിയവരെല്ലാം മരിച്ചുപോയി! കാളി നേരെ പൊലീസ് സ്‌റ്റേഷനിലെത്തി. അവിടെ വെള്ളത്തിൽ നിന്നു രക്ഷപ്പെടാൻ മേശയ്‌ക്കു മുകളിൽ മേശ വച്ച് കയറിനിൽക്കുകയായിരുന്നു പൊലീസുകാർ. അവരോട് ഇന്ത്യ കണ്ട ഏറ്റവും വലിയ കടൽദുരന്തത്തിന്റെ ആദ്യത്തെ എഫ്‌ഐആർ കരച്ചിലോടെ കാളി പറഞ്ഞുകൊടുത്തു:
– നമ്മുടെ ധനുഷ്‌കോടി ഇപ്പോ ഇല്ലൈ, അയ്യാ... കടലെടുത്താച്ച്...
സർക്കാർ മുൻകയ്യെടുത്ത് ധനുഷ്‌കോടി പ്രളയത്തിൽ രക്ഷപ്പെട്ടവരെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപം ക്യാംപിലെത്തിച്ചു. അവിടെ വച്ചാണ് എന്റെ രണ്ടാമതു പിള്ളൈ പിറക്കുന്നത്. നമ്പുരാജൻ.
– അതു നാൻതാൻ..
അതിനകം ഞങ്ങൾക്കു ചുറ്റും രൂപപ്പെട്ട ആൾക്കൂട്ടത്തിന്റെ വൃത്തത്തിനിടയിൽ നിന്ന് ഒരു മുഖം പറഞ്ഞു. പിരിയുംമുമ്പ് നീച്ചൽ കാളിയോടു ചോദിച്ചു
– എത്ര വർഷമായി ഇതേ കഥ പറയുന്നു?
– നാൽപ്പത്തിയഞ്ചു വർഷം!
കാളി ഗൗരവത്തോടെ പറഞ്ഞു. പിന്നെ മൂന്നാമത്തെ ചായയെത്തിയ ഗ്ലാസിൽ ഓളങ്ങളുണ്ടാക്കി ഏതോ കടലോർമയിൽ നിശ്ശബ്‌ദനായി.
കര തീരുന്നു; കഥയും
കണ്ണന്റെ ഇളയരാജ പാട്ടുനിറുത്തിയിരിക്കണം. ഇയർഫോൺ എടുത്തുമാറ്റി.
വഴിയിലെപ്പോഴോ അടുത്ത കടൽ, അതേ അമെയ്‌തിക്കടൽ യാത്രയിൽ കൂട്ടുചേർന്നു. രണ്ടു കണ്ണുകൾക്കും രണ്ടും കാതുകൾക്കുമരികെയുള്ള ഇരു കടലുകൾക്കിടയിലൂടെ മണൽവഴിയിൽ യാത്ര ചെയ്യുമ്പോൾ തോന്നുന്നത് നിലംതൊടാത്ത ഉന്മാദമാണ്.
ഒടുവിൽ ഇരു കടലും അർധ വൃത്താകൃതിയിൽ സംഗമിക്കുന്ന ചെറു മുനമ്പിനരികിൽ കണ്ണൻ ജീപ്പ് നിറുത്തി. ഇതാണു മുനമ്പ്. ഇനിയങ്ങോട്ട് ഇന്ത്യയില്ല. പതിനെട്ടു കിലോമീറ്ററിനപ്പുറത്ത് ശ്രീലങ്ക. ഇവിടെനിന്നാൽ രാമസേതുവിന്റെ സ്‌ഥാനം കാണാം. വിവാദങ്ങളുടെ കടൽത്തിരയിൽ പെട്ടുലയുന്ന രാമസേതു. കണ്ണൻ ഈ നിമിഷത്തിന്റെ വില അറിയിക്കാനാവണം നിശ്ശബ്‌ദനായി മാറിനിന്നു.
ഞങ്ങളോരോരുത്തരും അതുവരെയില്ലാത്ത രീതിയിൽ ഏകാന്തരായി ഓരോന്നോർത്തോ ഒന്നുമോർക്കാതെയോ...
ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ നമ്മെ അപാരമായി ഏകാന്തരാക്കുന്നതെന്ത്?
കണ്ണൻ അടുത്തുവന്നു പറഞ്ഞു: ഈ കോടിയിലെ വെള്ളത്തിലിറങ്ങി എന്തു പ്രാർഥിച്ചാലും നടക്കും...
മരണം ജീവിക്കുന്ന ആ തുറമുഖത്തിന്റെ അവശേഷിപ്പുകൾ വീണ്ടും ഓർമയിലെത്തി.
വേണമെങ്കിൽ പ്രാർഥിക്കാം: തിരിച്ചുവരാൻ തോന്നാതിരിക്കട്ടെ...
(കെ. ഹരികൃഷ്ണൻ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച വഴികളെ എന്നെ കൊണ്ടുപോവതെങ്ങ് എന്ന പുസ്തകത്തിൽ നിന്ന്.)
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Vazhikale enne kondupovathengu book by K Harikrishnan