Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും തൂവാനത്തുമ്പികൾ...

old-man Representative Image

വെള്ളത്തിനു പതിവില്ലാത്ത തണുപ്പു തോന്നി. മുട്ടറ്റം ഇറങ്ങി നിന്നശേഷം തിരിച്ചു കയറാനുള്ള മടികൊണ്ടു മാത്രം മുന്നോട്ടിറങ്ങി. കഴുത്തൊപ്പം വെള്ളത്തിൽ നിന്നപ്പോൾ പല്ലുകൾ കൂട്ടി മുട്ടുന്ന ശബ്ദം കാതുകളിൽ വീണു. ചുറ്റും നിറഞ്ഞു നിൽക്കുന്ന നിശ്ശബ്ദതയിൽ വെള്ളം ഇളകുന്ന ശബ്ദം.

ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ചു നാമം ചൊല്ലി നന്മ വരുത്തുവാനല്ല ഈ കുളി എന്നോർത്തപ്പോൾ ആ തണുപ്പിലും പുഞ്ചിരി വിരിഞ്ഞു. ഇന്ന്.... ഇന്നാണ് മനസ്സിനു മഴദിനം. കാത്തിരുന്നു കിട്ടുന്ന മഴ. ഓർമ്മയുടെ മണിച്ചെപ്പിൽ നിന്നും ഒരു തേൻ തുള്ളി ഹൃദയത്തിലേക്ക് ഇറ്റു വീണു. 

പതിനാറു വർഷത്തെ കാത്തിരിപ്പ്. അതാണിന്നു സഫലമാകാൻ പോകുന്നത്. ഹൃദയമിടിപ്പിന്റെ താളം വര്‍ദ്ധിക്കുന്നുണ്ടോ....

കണ്ണടച്ചു മുങ്ങി നിവർന്നപ്പോൾ കൺമഷിയെഴുതിയ കണ്ണുകൾ ഉള്ളിൽ തെളിഞ്ഞു. നെറ്റിയിലെ സിന്ദൂരപ്പൊട്ടിനേക്കാള്‍ ആ കണ്ണുകൾ തിളങ്ങി നിന്നു. പുഞ്ചിരി വറ്റാത്ത ചുണ്ടുകൾ എന്തോ പറഞ്ഞുവോ. വേഗം തുവര്‍ത്തിക്കയറി. ആദ്യം തോന്നിയ കുളിരൊക്കെ ഇപ്പോൾ ഹൃദയത്തിൽ മാത്രമായി ഘനീഭവിച്ചിരിക്കുന്നു. കോലായിലെത്തിയതും വസ്ത്രം മാറിയതും ഒക്കെ യാന്ത്രികമായിട്ടായിരുന്നു. തേൻ ചോരുന്ന ഒരു പുഞ്ചിരിയുടെ ഓർമ്മയിൽ‌ മയങ്ങിയ മനസ്സിനെ തിരിച്ചു പിടിയ്ക്കാനാവാതെ നിസ്സഹായനായി നില്‍ക്കുമ്പോൾ, ആ നിസ്സഹായതയുടെ മാധുര്യം സിരകളിൽ നിറഞ്ഞു. 

വീടുപൂട്ടി ഇറങ്ങുമ്പോൾ കൃഷ്ണന്റെ അമ്പലത്തിൽ ജ്ഞാനപ്പാന കേട്ടു തുടങ്ങി. സമയം അഞ്ചു കഴി‍ഞ്ഞു. ഒൻപതുമണിയ്ക്കേ എത്തുകയുള്ളൂ എന്നാ പറഞ്ഞിരിക്കുന്നത്. എൺപതു കിലോമീറ്റർ താണ്ടാൻ രണ്ടു മണിക്കൂർ ധാരാളം. എങ്കിലും പുറപ്പെടാം എന്നു തോന്നി. ഈയിടെയായി തനിയെ ഡ്രൈവ് ചെയ്തു ദൂരയാത്ര പോകാറില്ല. പക്ഷേ, ഇന്നു ഒറ്റയ്ക്കു മതി എന്നു തോന്നി. കാർ സ്റ്റാർട്ടു ചെയ്തപ്പോൾ ഇടതു വശത്തെ സീറ്റിലേക്ക് ഒരു മാത്ര നോക്കി. തിരികെയെത്തുമ്പോഴും ഒറ്റയ്ക്കാവുമോ.....

മനസ്സ് കാറ്റിനേക്കാൾ വേഗത്തിൽ അവിടെയെത്തിയിരുന്നു. കാത്തിരിപ്പിന്റെ നിമിഷങ്ങളുടെ അനുഭൂതി നുകരുന്ന മനസ്സിനെ ശല്യം ചെയ്യാതെ പതുക്കെ ആക്സിലേറ്ററിൽ കാലുകളമർത്തി. 

നീണ്ട പതിനാറ് വർഷങ്ങൾ. ഒരിക്കൽപോലും കാണാതെ അകലങ്ങളിലിരുന്ന് ഒന്നിച്ചു ജീവിച്ചു. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, ദുഃഖങ്ങൾ എല്ലാം പങ്കുവച്ചു. അടുത്തില്ലെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. പരസ്പരം ഇത്രത്തോളം മനസ്സിലാക്കിയ രണ്ടു പേർ വേറെ ഉണ്ടാകുമോ എന്ന് എത്രയോ തവണ അതിശയം കൂറിയിട്ടുണ്ട്.

തിരക്കുകൾക്കിടയിലും ഒരു പാടു സൗഹൃദങ്ങൾ ഹൃദയത്തിലേറ്റി ജീവിതം സമയമില്ലായ്മയുടെ ഇടയിലെ സമയം കണ്ടെത്തലാണെന്ന ചിന്താഗതിയോടെ ജീവിച്ച നാളുകളിലൊന്നിലാണ് അപ്രതീക്ഷിതമായി കണ്ടു മുട്ടിയത്. എണ്ണമറ്റ സൗഹൃദങ്ങളുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി... അത്രയേ അന്ന് തോന്നിയിരുന്നുള്ളൂ. പക്ഷേ പതിയെ ആ സൗഹൃദത്തിന്റെ അർത്ഥതലങ്ങൾ മാറി വന്നു. കൂട്ടുകാരിയായി വന്ന് കാമുകിയായി, അമ്മയായി, മകളായി, സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ്, ചടുലതയോടെ അവൾ ജീവിതപ്പാതയിൽ മുന്നിൽ നിന്നു ചിരിച്ചു. ഭ്രാന്തു പിടിപ്പിക്കുന്ന അഗ്നിതപമാർന്ന പ്രശ്നങ്ങൾക്കു മീതെ മഴയായി പെയ്തിറങ്ങി ....ദുഃഖത്തിന്റെ കൽകഷണങ്ങൾ ആ ചിരിയ്ക്കു മുന്നിൽ സൂര്യകിരണമേറ്റ പുലർമഞ്ഞു തുള്ളിയായി....

നാൾവഴികൾ പിന്നിടുമ്പോൾ ഒന്നു കാണുവാനുള്ള മോഹം ചപലതയായി നിറഞ്ഞു നിന്നു. ഒരിക്കലും നടക്കാതെ പൊയ്പ്പോകവേ, കാത്തിരിപ്പിന്റെ നീളം, നീണ്ട പതിനാറു വർഷങ്ങളാവും എന്ന് ഊഹിയ്ക്കാനായിരുന്നില്ല. 

പതിയെ പതിയെ അകലങ്ങളിലിരുന്ന് എല്ലാം പരസ്പരമറിയുന്ന ആർക്കും മനസ്സിലാക്കാൻ അരുതാത്ത ഒരു അപൂർവ്വബന്ധമായതു മാറി. ജന്മാന്തരങ്ങളായി അറിയുന്നവരായി ഇരുവരും. 

കഴിഞ്ഞ തിങ്കളാഴ്ച, പതിവു സംസാരത്തിനിടയിൽ പൊടുന്നനെ പ്രഖ്യാപിച്ചു, ഞാൻ വരുന്നു, കാണാൻ വരുമോ?

തൂവാനത്തുമ്പികൾ സിനിമ ഓർമ്മ വന്നു. ക്ലാരയെ കാണാൻ സ്റ്റേഷനിൽ വരുന്ന ജയകൃഷ്ണൻ, കണ്ടു ചിരിച്ചു യാത്ര തുടർന്ന ക്ലാര. അന്നവൾ ഇനിയൊരു തിരിച്ചുപോക്കില്ല എന്നു പറഞ്ഞ് ബാഗുമായാണ് ഇറങ്ങി വന്നിരുന്നതെങ്കിൽ ജയകൃഷ്ണൻ എന്തു തീരുമാനമെടുത്തേനെ....?

ആലോചനകളുടെയും യാഥാർത്ഥ്യത്തിന്റെയും കാത്തിരുപ്പിന്റെയും നിമിഷങ്ങൾക്കൊടുവിൽ ഒരു മഴ ഇരമ്പിയെത്തിയതു പോലെ വണ്ടി വന്നു. പൊടുന്നനെ സ്റ്റേഷനിൽ നിറഞ്ഞ ജനത്തിരക്കിലേക്ക് നോക്കി പകച്ചു നിന്നു. എഴുപതു വയസ്സിന്റെ അവശതയും നിസ്സഹായതും ആ ആൾത്തിരക്കിലേക്കു നോക്കി നിൽക്കുമ്പോൾ ആദ്യമായി അനുഭവിച്ചു... തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയും വട്ടപൊട്ടും ഉള്ള മുഖം തിരഞ്ഞ് തിരക്കിലേക്ക് കാൽ വച്ചു....

Malayalam Short StoriesMalayalam literature interviews,Malayalam Poems  

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.