വളരെനാള്‍ പ്രണയബദ്ധരായിരുന്ന അനിലും സുനിയും വേര്‍പിരിയാന്‍ തീരുമാനിച്ചു. സുനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ. ചെറുക്കന്‍ അങ്ങ് അമേരിക്കയിലാ. ഐടി പ്രൊഫഷണല്‍ ആണ്. നല്ല ശമ്പളം. നല്ല ജീവിത സാഹചര്യങ്ങള്‍. സുനി വന്ന് അനിലിനോടു ചോദിച്ചു
“നിന്‍റെ അഭിപ്രായം എന്താ?”
അനിൽ ഒന്നു മൗനം പാലിച്ചു. പിന്നീട് അത് ഭേദിച്ചു.
“നിനക്ക് തോന്നുന്നുണ്ടോ ഇതു നല്ലൊരു ഓഫര്‍ ആണെന്ന്, എങ്കില്‍ ചിന്തിക്കേണ്ട. നിന്‍റെ നല്ലതിന് വേണ്ടി എന്നും ഞാന്‍ കൂടെ ഉണ്ട്.”
“യു ആര്‍ സോ സ്വീറ്റ്” എന്നും പറഞ്ഞ് അനിലിന്‍റെ കവിളത്ത് അവൾ അമര്‍ത്തി ചുംബിച്ചു.
“നീ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ട്... അത് നല്ലൊരു ഓര്‍മയാണ്.”
“ഉം ....” അനില്‍ ഒന്ന് ചോദ്യ രൂപത്തില്‍ മൂളി.
“നീ പറയാറില്ലേ... ഭാര്യാഭര്‍തൃബന്ധം ഒരു എംപ്ലോയീ–എംപ്ലോയര്‍ റിലേഷന്‍ പോലെയാണെന്ന്. നല്ലൊരു ഓഫര്‍ കിട്ടിയാല്‍.....”
“മതി മതി.... എനിക്ക് തന്നെ ഇട്ടു തന്നു ല്ലേ .....” അനില്‍ ഇടയ്ക്കു കയറി പറഞ്ഞു.
“നിനക്കു ഫീല്‍ ചെയ്തോ?....” ആകാംഷാഭരിതയായി സുനി ചോദ്യമിട്ടു.
“എന്തിന്? നിനക്ക് നല്ലൊരു ജീവിതം കിട്ടുന്നതല്ലേ?, അതു ഞാനായിട്ട് തടയില്ല”. അനില്‍ മുഖം തിരിച്ചു പറഞ്ഞു
“നിനക്ക് സങ്കടമുണ്ട്, അല്ലെ.... എനിക്കും ഉണ്ട്. നമ്മളൊരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍ എപ്പോഴും എന്‍റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആയിരിക്കും.” സുനി വെറുതെ സങ്കടപെട്ടു.
“അതിന്‍റെ ആവശ്യമില്ല. പുതിയ ജീവിതം പുതിയ രീതികള്‍, അതുമായി പൊരുത്തപ്പെട്ടു പോകുമ്പോള്‍ പഴയത് ഓര്‍ക്കാതിരിക്കുന്നതാണ് ഭംഗി” അനില്‍ പ്രാക്ടിക്കല്‍ ആയി സംസാരിച്ചു.
“അല്ല ഇനി നീ എന്തു ചെയ്യും?” സുനി അനിയെകുറിച്ചു വേവലാതിപ്പെട്ടു.
“നീ എന്തു വിചാരിച്ചു, ഞാന്‍ ദേവദാസ് ആകുമെന്നോ?, ഏയ് ഇല്ല, നല്ല ഒരാളെ കിട്ടുമ്പോള്‍ ഞാനും കല്യാണത്തെ കുറിച്ച് ചിന്തിക്കും...” അനി പറഞ്ഞു.
“അപ്പൊ അത്രേ ഉള്ളൂ, ല്ലേ.....” സുനി അറിയാതെ അവളുടെ കുശുമ്പ് പുറത്തു വന്നു.
“അത് ശരി, നിനക്ക് അങ്ങനെ ആകാം... എനിക്ക് പാടില്ല ല്ലേ, അതെവിടുത്തെ ന്യായം?” അനിക്ക് ദേഷ്യം വന്നു.
സുനി പരിസരബോധത്തിലേക്ക് വന്നു.
“ഓ ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല” സുനിയിലെ ന്യൂ ജെന്‍ കാമുകി സട കുടഞ്ഞെഴുന്നേറ്റു.
“എന്നാല്‍ കൊള്ളാം...” അനി ചിരിച്ചു കൊണ്ടു പറഞ്ഞു.
ചിരിച്ചു കൊണ്ട് രണ്ടാളും കൈ കൊടുത്തു പിരിയുമ്പോള്‍ സുനി ചോദിച്ചു.
“നീ ഇനി ഇതിന്‍റെ പേരില്‍ എന്നെ ഉപദ്രവിക്കില്ലല്ലോ... ല്ലേ”
“ഒരിക്കലുമില്ല, നിനക്ക് എന്നെ പരിപൂര്‍ണ്ണമായി വിശ്വസിക്കാം, കാരണം സ്നേഹം എന്നാല്‍ വിശ്വാസം എന്നു കൂടി അർഥമുണ്ട്”.
ആലിംഗനം ചെയ്തു പിരിയുമ്പോള്‍, അവരുടെ കണ്ണില്‍ വിട്ടു കൊടുത്തതിന്‍റെ ചാരിതാര്‍ത്ഥ്യം.
ആന്‍റി ക്ലൈമാക്സ് :
അനി ബൈക്കെടുത്തു നീങ്ങി. സുനി അവളുടെ കാറിലും. രണ്ടാള്‍ രണ്ടു വഴി.
കുറച്ചു ദൂരം പോയപ്പോള്‍ ഒരു പെണ്‍കുട്ടി അനിയുടെ ബൈക്കിനു കൈ കാണിച്ചു. അനി ബൈക്ക് നിര്‍ത്തി.
ആകാംക്ഷയോടെ അവള്‍ ചോദിച്ചു
“എന്തായി, അവള്‍ ഒഴിവായോ?”
“ഓ പിന്നെ... എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല... അവള്‍ക്കു വേറൊരു കല്യാണ ആലോചന വന്നു.”
അവളെ ബൈക്കില്‍ കയറ്റി യാത്ര തുടരുമ്പോള്‍ അനി ചോദിച്ചു.
“അല്ല...., നീയും അവളെ പോലെ ചെയ്യുമോ?”
“എന്നാലെന്താ, അപ്പൊ എന്നെ പോലെ വേറൊരു പെണ്ണിനെ നിനക്ക് കിട്ടും”
അവളും അത് പോലെ ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ അനി പ്രാര്‍ത്ഥിച്ചുവോ ആവോ...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.