Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹപൂർവം

wedding-44

ഇന്ന് ഉച്ചയ്ക്ക് ഇറങ്ങുമോ?.

അവന്റെ ആ ചോദ്യത്തിന് വേണ്ടി മൊബൈൽ ഫോണിനോട് കാതുകൾ അടുപ്പിച്ച ദിവസങ്ങൾ പലതുണ്ടായിരുന്നു പരസ്പരം പരിചയമായ ഈ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ.

ഇന്ന് ആ ധൈര്യം ഉണ്ടാകും. അത് തനിക്കറിയാമായിരുന്നു. അതിനാൽ രാവിലെ മുതൽ പ്രതീക്ഷിച്ചിരുന്ന ആ കോൾ പതിനൊന്നു മണിയോടെ തന്റെ ഓഫീസിന്റെ പടി കടിന്നെത്തിയ ആ സന്തോഷം കോൾ എടുക്കുന്നതിന് മുന്നേ തന്നെ മുഖത്തേക്ക് ഉരുണ്ടു കൂടിയിരുന്നു.

മുന്നിൽ മറ്റൊരാളുടെ ഭാവനവായ്പാ അപേക്ഷയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ടിനായി കാത്തിരുന്ന ആ വെള്ളക്കടലാസ് ലീവ് ലെറ്റെറിന് വഴിമാറി. ഇടയ്ക്ക് വെച്ച് ജോലി മുടക്കി പോകുന്ന പതിവില്ലാത്തതിനാലും, മാസാവസാനം ആയതിനാൽ പൊതുവെ പണം ഇടാനും എടുക്കാനും വരുന്നവരുടെ തിരക്ക് കുറവായതിനാലും മുകളിൽ നിന്നുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.

ബാങ്കിന് വെളിയിലെ ഈ കാത്തിരിപ്പിന്റെ മുഷിപ്പ് ചെറുതായി അലട്ടുന്നുണ്ട്. സമയം പാലിക്കുക എന്ന പണ്ടു മുതലേ ഉള്ള ശീലം ഉപേക്ഷിക്കാൻ തയാറാവാത്തതിനാൽ തൽക്കാലം ഈ അലോസരപ്പെടുത്തുന്ന മഴ കുടക്കീഴിൽ നിന്ന് സഹിക്കുക തന്നെ. തനിക്ക് ജോലി കിട്ടാനുള്ള കാത്തിരിപ്പായിരുന്നു വീട്ടിൽ പറയുവാൻ ഇതുവരെ ഉണ്ടായിരുന്ന തടസ്സം. തനിക്ക് കിട്ടിയപ്പോഴും അവന് ഉണ്ടായിരുന്ന ജോലിയിലെ തൃപ്‌തിയില്ലായ്‌മ കാര്യങ്ങൾ പിന്നെയും നീട്ടി. ഇപ്പോൾ രണ്ടാളും പറയാൻ കൊള്ളാവുന്ന ജോലിക്കും, ജീവിക്കാൻ കൊള്ളാവുന്ന വരുമാനത്തിനും ഉടമകളായിരിക്കുന്നു. 

ഞായറാഴ്ച പെണ്ണ് കാണാനായി അമ്മയേയും കൂട്ടി വീട്ടിലേക്ക് വന്നോട്ടെ എന്ന് അച്ഛനെ ഫോണിൽ വിളിച്ചു ചോദിക്കുമ്പോൾ താനും അമ്മയും അച്ഛന്റെ അടുക്കൽത്തന്നെ ഉണ്ടായിരുന്നു. കാര്യങ്ങൾ വിശദമായിട്ട് ഫോണിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ കൂടെ ഉള്ളവർക്കും മനസിലാകും എന്ന ധാരണയിലായിരിക്കണം അച്ഛൻ പ്രത്യേകിച്ചൊന്നും അതിനെക്കുറിച്ച് പറഞ്ഞില്ല. എങ്കിലും ഉറപ്പാണ്. അച്ഛനെതിർപ്പൊന്നുമില്ല. ഇനി ചടങ്ങിന് ആ പെണ്ണുകാണലും, പിന്നെ നേരം നോക്കി വിവാഹവും. ഞങ്ങളൊരുമിക്കുവാൻ ഇനി ആർക്കും തടയാനാകാത്ത അത്തരം ചില നിസ്സാര കടമ്പകൾ മാത്രം.

കാറിന്റെ നീട്ടിയുള്ള ഹോൺ കേട്ടാണ് റോഡിന്റെ എതിർവശത്തേക്ക് നോക്കിയത്. പതിവിലും സന്തോഷത്തിൽ ഗ്ലാസിൽ കൂടി കൈ വീശി കാണിക്കുന്നുണ്ട്. അശ്ലീകരം പിടിച്ച മഴയെ ചവിട്ടിയരച്ച് കൊണ്ട് റോഡ് മുറിച്ച് കാറിലേക്ക്. ഉമ്പായിയുടെ മധുരിക്കുന്ന പ്രണയ ഗാനങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന കാർ ആ മരണമില്ലാത്ത സംഗീതജ്ഞനെ ഓർമ്മിപ്പിച്ചു. മഴ അതിന്റെ കനം കുറച്ച് ഉമ്പായി ഗസലിൽ ഇഴുകി ചേരാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. 

ഇഷ്ടക്കാരൻ കൂട്ടുള്ളപ്പോൾ കയ്‌പ്പക്കയും മധുരിക്കുമെന്ന് പറയുന്നതു പോലെ അൽപം മുൻപ് തന്നെ വെറുപ്പിച്ച അതേ മഴ ഇപ്പോൾ തന്നോട് കൂട്ടുകൂടാൻ വരുന്നത് പോലൊരു തോന്നൽ. പതിവിലും ഉച്ചത്തിലെ സംസാരം, മധുരം ചാലിച്ച വാക്കുകൾ, എന്തൊക്കെയോ പറയാൻ വെമ്പുന്ന ഹൃദയം, വേഗത കൂടിയ കാർ, ഇടയ്ക്കൊക്കെ ഒരു ചെറിയ പരുങ്ങൽ, എന്തോ ഒരു സർപ്രൈസ് തരാൻ പോകുന്നതിന്റെ മുന്നൊരുക്കങ്ങൾ, സ്വന്തമായി എന്ന തോന്നൽ പോലെയുള്ള പെരുമാറ്റങ്ങൾ. അങ്ങനെ മഴയെ കൂട്ട് പിടിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു യാത്ര.

യാത്രയുടെ അവസാനം കാർ ഒരു ഗേറ്റ് കടന്ന് അകത്തേക്ക്. ഹേ ഇത് എന്നെ കൊണ്ട് വരേണ്ട വീടല്ലേ. നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവന്റെ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ പല തവണ കണ്ടിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ അവൻ പറഞ്ഞതു വെച്ച് ഈ വീടിന്റെ മുക്കും മൂലയും എനിക്ക് പിടിത്തമുണ്ട്. നേരിട്ടുള്ള കാഴ്ചയിലും സംഗതി വ്യത്യസ്ഥമല്ല. കഥയിൽ പൊടിപ്പും തൊങ്ങലുമൊന്നും ചേർത്തിട്ടില്ലെന്നു സാരം.

”ഹേ,  കല്യാണത്തിന് മുൻപ് വധു വരന്റെ ഗൃഹത്തിൽ പോകരുതെന്നല്ലേ”?. 

പരിഹാസം നിറഞ്ഞമാതിരി കളിയാക്കി ചിരിച്ചു കൊണ്ടൊരു മറുചോദ്യം. ഏതു ലോകത്താണ് ഈ ജീവിക്കുന്നത്. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലാം. താൻ എന്റെ ഹൃദയത്തിൽ കയറിയില്ലേ. അതു പോലെ.

പുരോഗമനം അത്രയ്ക്കങ്ങ് തലയ്ക്ക് പിടിച്ചിട്ടില്ലെങ്കിലും വേറെ നിവൃത്തി ഇല്ലാത്തതിനാൽ ഇറങ്ങി. പൂമുഖവും, അകത്തളവും അടുക്കളയും , കിടപ്പുമുറികളും എല്ലാം പറഞ്ഞതിലും ഗംഭീരം. പക്ഷേ കഥകളിൽ പറഞ്ഞ കഥാപാത്രങ്ങളെ ആരെയും അവിടെങ്ങും കണ്ടില്ല.

"അടുത്ത ബന്ധത്തിലെ ഒരു കല്യാണത്തിന് പോയിരിക്കുകയാണ് എല്ലാവരും. രാത്രിയിലേ വരൂ". അപ്പോൾ നമ്മൾ രണ്ടാളും മാത്രം ഇപ്പോൾ ഇവിടെ.         

മഴ വെളിയിൽ വീണ്ടും തകർപ്പു തുടങ്ങിയിരിക്കുന്നു. ബസ് സ്റ്റോപ്പിൽ തന്നെ അലട്ടിയിരുന്ന മഴ അല്ല ഇപ്പോൾ. അതിന്റെ ഭംഗി കുറച്ചു കൂടി കൂടിയിട്ടുണ്ട്. ഒരുപക്ഷേ, താൻ കുറച്ചു നാളുകൾക്ക് ശേഷം തന്റെ പ്രിയതമനോടൊപ്പം ഒരുമിച്ച് ജീവിക്കണ്ടേ കിടപ്പ് മുറിയ്ക്കകത്തു നിന്ന് ജനാല വഴി നോക്കുന്നതു കൊണ്ടായിരിക്കും. ജാലകത്തിൽ കൂടി വിരുന്നു വരുന്ന മഴശീലുകൾക്ക് പ്രണയത്തിന്റെ കവിതകളെഴുതിക്കാനുള്ള കഴിവുണ്ടാകുമല്ലോ.

തോളിലേക്ക് വന്ന അവന്റെ കൈകളെ പുറത്തെ മഴയും കാറിലെ എ.സി യും നന്നായി തണുപ്പിച്ചിരിക്കുന്നു. പക്ഷേ മുട്ടോളം പോന്ന തന്റെ പനങ്കുല പോലത്തെ മുടിയെ അവൻ തന്നെ എടുത്ത് മുൻപിലേക്കിട്ടപ്പോൾ കഴുത്തിൽ പതിഞ്ഞ അവന്റെ നിശ്വാസത്തിന്റെ ചൂടിനെ തണുപ്പിക്കുവാൻ മഴയ്ക്കായിട്ടില്ല. തോളിൽ പിടിച്ച അവന്റെ കയ്യിലെ വിറയൽ എന്റെ ശരീരത്തിലേക്ക് പകർന്നതാണോ എന്നറിയില്ല ഇപ്പോൾ ആ വിറയൽ എനിക്കുമുണ്ട്.

യാന്ത്രികമായി അവന്റെ ചലനത്തിന് ചുവടുവെച്ച് പിന്നോക്കം വന്ന് കട്ടിലിന്റെ പടിയിൽ തട്ടി നിന്നപ്പോൾ പെട്ടെന്നൊരു കൊള്ളിയാൻ ജനാലയിൽ തട്ടി പോയതു പോലൊരു തോന്നൽ. 

ഒപ്പം കട്ടിലിലേക്കിരുന്ന എന്റെ നാണത്താൽ കുനിഞ്ഞ മുഖം ഉയർത്തുവാനുള്ള അവന്റെ ശ്രമം വിഫലമായതും ചേർത്ത് പിടിച്ച് ഇത്രയും നാൾ അവൻ തനിയെ കിടന്നുറങ്ങിയ കട്ടിലിലേക്ക് ഒന്നിന് മുകളിൽ ഒന്നായി വീണതും ഒരുമിച്ചായിരുന്നു. അടഞ്ഞ കണ്ണുകൾ തുറക്കുവാൻ വേണ്ടിയുള്ള അവന്റെ കാത്തിരിപ്പ് മനസിലാക്കിയാണ് ചെറുപുഞ്ചിരിയോടെ സാവധാനം കണ്ണുകൾ തുറന്നത്. ജനിച്ച് വീണ കുട്ടി ലോകം കാണുന്ന കൗതുകത്തോടെ തന്റെ കണ്ണുകളിലേക്ക് നോക്കി തൻറെ ശരീരത്ത് ഭാരമിറക്കി കിടക്കുന്ന അവൻ.

അധരങ്ങളിലേയ്ക്കടുത്ത അവന്റെ ചുണ്ടുകളെ പെട്ടെന്ന് തടഞ്ഞുകൊണ്ട് ബെല്ലടിക്കുന്ന എന്റെ മൊബൈൽ. അസ്വസ്ഥത പ്രകടിപ്പിച്ചുള്ള അവന്റെ നോട്ടത്തെ അലോസരപ്പെടുത്തിയുള്ള എന്റെ അപേക്ഷ അവൻ ചെവിക്കൊണ്ടു. സാവധാനം ഉയർന്ന് മുറിയുടെ മൂലയ്ക്കായുള്ള പഴയ മേശയുടെ മുകളിൽ ഇരിക്കുന്ന എന്റെ ബാഗ് തുറന്ന അവൻ പ്രതീക്ഷിക്കാത്തതെന്തോ കാണ്ടമാതിരി പരിഭ്രമത്തോടെ ആണ് തിരിഞ്ഞ് എന്നെ നോക്കിയത്. ഭാവവ്യത്യാസമില്ലാത്ത എന്റെ കണ്മുന്നിലേക്ക് ബാഗിൽ നിന്നും നിർത്താതെ ബെല്ലടിച്ച് കൊണ്ടിരിക്കുന്ന മൊബൈലിനോടൊപ്പം ഒരു മടക്ക് പിച്ചാത്തി കൂടി അവൻ എടുത്തു.

നാൽപ്പത് വർഷത്തെ ഡൽഹി ജീവിതത്തിനു ശേഷം തിരികെ വന്ന് നാട്ടിൽ കൂടിയ അച്ഛന്റെ മൂത്ത സഹോദരി തനിക്ക് തന്നതാണ്. രാജസ്ഥാനിൽ നിന്നോ മറ്റോ അവർ ടൂർ പോയപ്പോൾ വാങ്ങിയ പ്രത്യേകം ഡിസൈൻ ചെയ്ത കത്തിയാണത്രേ. ഒന്നോ രണ്ടോ പേരെ ഒക്കെ കൊല്ലാൻ അത് ധാരാളമാണെന്നും പറഞ്ഞു. ഡൽഹിയിൽ നിർഭയ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്ന ആ സമയത്താണ് എനിക്ക് ഇതു തന്നത്. തന്നിട്ട് പറഞ്ഞു എപ്പോഴും കൂടെ കരുതണം. ദേഹരക്ഷക്കായിട്ട് ഉപയോഗിക്കണം എന്നൊക്കെ. 

ഇന്നിനിയിപ്പോൾ ഇതു കൊണ്ട് എന്താണ് ഭാവം എന്നായി അവന്റെ കുഴക്കുന്ന ചോദ്യം. ഒരു അക്രമിയുടെ കയ്യിൽ നിന്നും ശരീരം സംരക്ഷിക്കേണ്ടി വന്നാൽ എന്ത് വന്നാലും അവനെ കൊല്ലാൻ തന്നെയാണ് തീരുമാനം. പാതി മുറിഞ്ഞ ശരീരവുമായി ഒരു പുതുപ്പെണ്ണാകാൻ മനസുകൊണ്ട് ആഗഹിക്കുന്നില്ല. 

  

സംശയം അവസാനിക്കാത്ത അവന്റെ നോട്ടത്തിന് മറുപടിയായി ഒന്നു മാത്രം പറഞ്ഞു. പാതിമുറിഞ്ഞ ശരീരവുമായി നിലവിളക്കുമേന്തി ഈ വീട്ടിലേക്കും ഒരു കാലെടുത്ത് വെയ്പ്പ് ഉണ്ടാകില്ല. അപ്പോൾ ഇന്നത്തെ രാത്രി ഈ രാജസ്ഥാനി സ്വയം ഇല്ലാതാകാൻ ഉപകരിച്ചേക്കും. 

നിർത്താതെ അടിക്കുന്ന മൊബൈൽ അപ്പോഴും ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. സ്വയം കനം കുറച്ച് ഒതുങ്ങി തന്ന മഴയെ കീറി മുറിച്ച് കൊണ്ടുള്ള മടക്കയാത്രയിൽ ഉമ്പായി സംഗീതത്തിന് ഒരു പടി മുകളിലായി നാദസ്വരത്തോടൊപ്പം കൊട്ടും കുരവയും ഉയർന്ന് കേട്ടുകൊണ്ടിരുന്നു.