"ഇതെങ്ങോട്ടാ ചേട്ടാ പോകുന്നത്?" ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്ക് അവൾക്കു പോകേണ്ട ദിശയിലേക്കല്ല എന്നു കണ്ടതും അവൾക്ക് ആധി കൂടി..
സ്റ്റേഷനിൽ അസമയത്ത് അവൾക്ക് ഇറങ്ങേണ്ടി വന്നപ്പോഴുണ്ടായ അനുഭവം മൂലം ആണ് ആ ഓട്ടോറിക്ഷ വിളിക്കാമെന്ന് വച്ചത്. അതും കൂട്ടത്തിൽ ഇത്തിരി പ്രായം ചെന്ന ആളെത്തന്നെ നോക്കി വിളിച്ചത് തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കുമെന്ന വിശ്വാസത്തിലാണ്.
പക്ഷേ ഇതിപ്പോൾ..
അച്ഛൻ അവളെ കൂട്ടാനായി സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞതാണ് പക്ഷേ അവളാണ് അതു വേണ്ട ഓട്ടോ പിടിച്ച് വന്നോളാം എന്നു പറഞ്ഞത്.. അച്ഛന് പനിയായതു കാരണം ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി ആണ് അവൾ അങ്ങനെ പറഞ്ഞതും...
പക്ഷേ ട്രെയിൻ ഇത്രയും വൈകുമെന്ന് അവൾ കരുതിയിരുന്നുമില്ല...
"ടോ തനിക്ക് ചെവി കേൾക്കത്തില്ലേ? എവിടേക്കാ ഈ പോകുന്നത് എന്ന്?"
അവളുടെ ചോദ്യത്തിന് അയാൾക്ക് മറുപടിയില്ലായിരുന്നു... ഒരു ഇടവഴിയിലൂടെ കയറ്റി അയാൾ ആ വാഹനം പായിച്ച് കൊണ്ടിരുന്നു.. ഇടയ്ക്ക് സൈഡ് മിററിലൂടെ അയാൾ തന്നെയും പുറകിലേക്കും നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഗട്ടറുകളിൽ ഉലഞ്ഞ് വണ്ടി ആടുന്നതൊന്നും വകവയ്ക്കാതെ അയാൾ ഓട്ടം തുടർന്നു..
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നത് അവളുടെ ഭയം കൂടുതലാക്കി. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ... അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് അച്ഛനെ വിളിക്കാനായി ശ്രമിച്ചു..
പക്ഷേ ആ വഴിയിൽ വേണ്ടത്ര റേഞ്ചില്ലാത്തത് കൊണ്ട് കോൾ കണക്ട് ആവുന്നുമില്ലായിരുന്നു..
"ശ്ശെ നാശം.." അവൾ ഫോൺ കയ്യിൽ വച്ച് അമർത്തി അമർഷം തീർത്തു...
അയാളുടെ മറുപടി കിട്ടാത്തത് അവളെ ദേഷ്യം പിടിപ്പിച്ചു...
"എവിടേക്കാണ് നിങ്ങൾ പോകുന്നത്.. മര്യാദയ്ക്ക് എന്നെ പോകേണ്ട സ്ഥലത്തെത്തിക്കുക... അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും..." സർവധൈര്യവും വീണ്ടെടുത്ത് അവൾ പറഞ്ഞൊപ്പിച്ചു...
പക്ഷേ അയാൾക്ക് ഭാവമാറ്റമൊന്നുമില്ലായിരുന്നു.. നേരെ നോക്കി അയാൾ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.. എന്തൊക്കെയോ ദൂരൂഹതകൾ അയാളുടെ ആ പെരുമാറ്റത്തിലുള്ളതായി അവൾക്ക് തോന്നി..
എന്തു ചെയ്യണമെന്നമെന്നറിയാതെ അവൾ കുഴങ്ങി.. ഭയം അവളെ കീഴ്പെടുത്താൻ തുടങ്ങിയിരുന്നു... ഫോൺ എടുത്ത് വീണ്ടും വീണ്ടും അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
ചുറ്റും റബ്ബർ മരങ്ങൾ നിറഞ്ഞുനിന്നിരുന്നു. ആരെങ്കിലും വഴിയിലുണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ ആരേയും അവൾക്കവിടെ കാണുവാൻ സാധിച്ചില്ല...
പെട്ടെന്നാണ് ശക്തമായ ഇടിവെട്ടോടെ മഴ പെയ്യാൻ തുടങ്ങിയത്.. അതോടെ ഓട്ടോറിക്ഷയുടെ അകത്തേക്ക് വെളളം തെറിക്കാൻ തുടങ്ങി.. സൈഡിലുള്ള ടാർപായ അവൾ തന്നെ വലിച്ചിട്ടു... എന്നിട്ടും അയാൾക്ക് ഒരു കുലുക്കവുമില്ലാതിരുന്നത് അവളെ അതിശയത്തിലാക്കി.. അയാൾ കുറച്ച് പരവശനായ പോലെ അപ്പോൾ അവൾക്ക് തോന്നി..
എവിടേക്കായിരിക്കാം അയാൾ തന്നെ കൊണ്ട് പോകുന്നത് എന്നോർത്ത് അവളുടെ പരിഭ്രമം കൂടി.. ഇരുൾ മൂടിയ ആ ഇടവഴിയിൽ നിന്നും ആ ഓട്ടോ ഒരു പൊതുവഴിയിലേക്ക് പ്രവേശിച്ചു... അത് കണ്ടതും അവൾക്ക് ധൈര്യമായി അവൾ ഒച്ചവയ്ക്കാൻ തുടങ്ങി...
പക്ഷേ ശക്തമായ മഴ ഉണ്ടായിരുന്നതു കൊണ്ട് ആരും തന്നെ അവളുടെ നിലവിളി ശ്രദ്ധിച്ചില്ല. കുറച്ചു ദൂരം മുന്നോട്ട് പോയതിനു ശേഷം അയാൾ ഓട്ടോ ഒരു കടയുടെ മുന്നിലായി നിർത്തി.
അവിടെ കുറച്ചു പേർകൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു... മഴയ്ക്കും അലിപം ശമനമായിരുന്നു... വണ്ടി നിർത്തിയതും അവൾ ചാടിയിറങ്ങി അവിടെ കൂടിനിന്നവരുടെ അടുത്തേക്ക് ഓടി ചെന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. എന്താണ് സംഭവിച്ചത് എന്ന് അവർ ചോദിച്ചപ്പോൾ അയാളെ ചൂണ്ടിക്കാണിച്ച് അവൾ കാര്യങ്ങൾ പറഞ്ഞു..
അതു കേട്ടതും അവർ അയാളുടെ അടുത്തേക്ക് ദേഷ്യത്തോടെ ചെന്നു. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അത് കേൾക്കാൻ നിൽക്കാതെ അവർ അയാളെ തല്ലാൻ തുടങ്ങി.
ആ സമയത്ത ആണ് അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അച്ഛനായിരുന്നു അത്. അവൾ പരവശത്തോടെ കോൾ അറ്റന്റ് ചെയ്തു..
"ഹലോ... മോളേ.. എവിടയാ നീ? എത്ര നേരമായി ഞാൻ വിളിക്കുന്നു? "
" അച്ഛാ അത്.. ഞാൻ..." ടെൻഷൻകാരണം അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
" എന്തു പറ്റി മോളേ നിനക്ക്? ടെൻഷനാക്കാതെ കാര്യം പറയ്?"
അവൾ നടന്നതൊക്കെ പറഞ്ഞു...
"മോളേ... നീ പേടിക്കാതിരിക്ക്... എവിടെയാ നീ ഇപ്പോൾ ഉള്ളത്?"
അവളോട് സ്ഥലം ചോദിച്ച് മനസ്സിലാക്കി അവിടെ തന്നെ നിൽക്കാൻ അയാളാവശ്യപെട്ടു... ഫോൺ കട്ട് ചെയ്ത് അവൾ അവരുടെ അടുത്തേക്ക് നടന്നു... അയാളെ അവർ കൈകൾ കൂട്ടികെട്ടി ഒരു മൂലയ്ക്ക് ആയി ഇരുത്തിയിരുന്നു..
അയാളുടെ മുഖത്തെല്ലാം ചോരപ്പാടുകൾ ഉണ്ടായിരുന്നു... അത് നന്നായെന്ന് അവൾക്കും തോന്നി.
"മോളെ.. പോലീസ് വരട്ടെ.. എന്നിട്ട് പോകാം... ഒരു പരാതി വേണം..." കൂട്ടത്തിലെ ഒരാൾ പറഞ്ഞു.
"എന്റെ അച്ഛൻ ഇപ്പോൾ വരും ചേട്ടാ... അത് കഴിഞ്ഞ് പോരെ പോലീസിനെ വിളിക്കാൻ"
"ശരി... പക്ഷേ ഇത്ര അടികിട്ടിയിട്ടും അയാളൊരക്ഷരം മിണ്ടുന്നില്ല മോളേ... ഊമയാണോന്ന് ഒരു സംശയം ഉണ്ട്"
അത് കേട്ടതും അവൾ അയാളെ എത്തി നോക്കി. അവശനായി ഇരിക്കുന്നുണ്ട് അയാൾ. നെറ്റി അടിയേറ്റ് പൊട്ടിയിട്ടുണ്ട്.. ഷർട്ടെല്ലാം കീറിപറഞ്ഞിരുന്നു...
അയാളുടെ മുഖത്ത് പ്രത്യേക ഭാവങ്ങളൊന്നും ഇല്ലായിരുന്നു...
അവൾക്ക് എന്തോ പന്തികേട് തോന്നി... ആ സമയത്താണ് ഒരു ജീപ്പ് അവിടെ സ്റ്റോപ് ചെയ്തത്...ആ ജീപ്പിലിരിക്കുന്നവർ അവളെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു...
അവരെ കണ്ടതും അവളൊന്ന് ഞെട്ടി... നേരത്തെ ട്രെയിനിൽ വച്ചാണ് അതിലൊരാളെ അവൾ കണ്ടത്.. വാഷ്റൂമിൽ പോയപ്പോൾ അറിയാതെയെന്നോണം അവളുടെ ദേഹത്തുരസിയ അയാളെ അവൾ അവിടെ വച്ച് തന്നെ ചീത്ത പറഞ്ഞിരുന്നു.. ആളുകളെല്ലാം കൂടി നാണക്കേടായപ്പോൾ അയാൾ അടുത്ത ബോഗിയിലേക്ക് തിടുക്കത്തിൽ പോയിരുന്നു...
പിന്നെ അയാളെ കണ്ടത് സ്റ്റേഷനിലിറങ്ങിയപ്പോഴാണ്.. അയാളവളുടെ പുറകെ കൂടിയിരുന്നു. ഓട്ടോയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്ന നേരം ആരോടോ ഫോണിൽ സംസാരിച്ച് കൊണ്ട് അയാൾ അവളെ തന്നെ നോക്കി നിക്കുന്നതായി അവൾക്ക് തോന്നിയിരുന്നു.
ആ വെപ്രാളത്തിലാണ് ഈ ഓട്ടോ പിടിച്ചത്.. പക്ഷേ ആ സമയത്ത് അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അയാളെ അവിടെ കാണാനില്ലായിരുന്നു.. സ്ഥലം പറഞ്ഞ് ഓട്ടോയിലിരുന്നതല്ലാതെ ഓട്ടോ ഡ്രൈവർ തിരിച്ചൊന്നും അവളോട് ചോദിച്ചില്ലെന്ന് അവളോർത്തു...
അൽപസമയത്തിന് ശേഷം ആ ജീപ് കടന്നു പോയതും അവളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു..
അവളയാളുടെ അടുത്തേക്ക് ചെന്നു...
"ചേട്ടാ... ചേട്ടനെന്തിനാണ് എന്നെ ഇതു വഴി കൊണ്ടു വന്നത്..?"
അപ്പോഴും അയാളൊന്നും മിണ്ടിയില്ല.. പകരം ദയനീയമായി അവളെയൊന്നു നോക്കി.. ആ നോട്ടം അവളുടെ മനസ്സിലാണ് കൊണ്ടത്.. ഒരു പക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കുമോ എന്നോർത്ത് അവളുടെ മനസ്സ് പിടഞ്ഞു..
ആ സമയത്താണ് അവളുടെ അച്ഛൻ ബൈക്കിൽ അവിടെ വന്നത്. വണ്ടി തിടുക്കത്തിൽ സ്റ്റാന്റിലിട്ട് അയാളവളുടെ അടുത്തേക്ക് വന്നു.
അയാളെ കണ്ടതും അവൾ അച്ഛാന്ന് വിളിച്ച് ഓടി വന്നു.
" എന്താണ് സംഭവിച്ചത്?"
"എനിക്കറിയില്ല അച്ഛാ... ഈ ചേട്ടനാണ് ഞാൻ പറഞ്ഞ ആൾ..." അയാളെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
അപ്പോഴാണ് അയാൾ തലയുയർത്തി ഓട്ടോക്കാരനെ നോക്കിയത്. ആളക്കണ്ടതും അയാളൊന്ന് ഞെട്ടി.
"അയ്യോ ഇത് വേണുവേട്ടനാണല്ലോ... എന്തായിത് വേണുവേട്ടാ.. എന്താ ഉണ്ടായത്?"
ഒന്ന് തലയുയർത്തി നോക്കിയതിനു ശേഷം ഒന്നും മിണ്ടാനാവാതെ അയാൾ കരയാൻ തുടങ്ങി...
"ആരാ വേണുവേട്ടനെ തല്ലിയത്... ? മോളേ ഞാൻ പറയാറില്ലേ മുൻപ് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് വരാറുള്ള വേണുവേട്ടനെപറ്റി... അദ്ദേഹമാണിത്.."
അവൾ ആശ്ചര്യത്തോടെ അയാളെ നോക്കി.
അതെ... അച്ഛൻ ഒരുപാട് പറയാറുണ്ടായിരുന്ന വേണുവേട്ടൻ ഇതായിരുന്നോ? സംസാരിക്കാൻ കഴിയാത്ത രാത്രിപോലും ഉറങ്ങാതെ ഓട്ടം ഓടി രണ്ട് പെൺമക്കളെ പഠിപ്പിക്കുന്ന ആൾ. അച്ഛന്റെ വാക്കുകളിലൂടെ അവൾക്ക് ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ഒരിക്കൽ കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം... പക്ഷേ കുറച്ച് നാളുകളായി അദ്ദഹത്തെ കാണാറില്ലായിരുന്നു എന്ന് അച്ഛൻ പറഞ്ഞ് കേട്ടിരുന്നു...
"ആരെങ്കിലും കുറച്ച് വെള്ളം കൊണ്ട് വരൂ... ആരാണ് ഈ പാവത്തിനെ ഇങ്ങനെ തല്ലി ചതച്ചത്? ഇദ്ദേഹമൊരു ഊമയാണ്.. മാത്രമല്ല പ്രായമായ ആളും.."
അത് കേട്ട് കൂട്ടത്തിലൊരാൾ പറഞ്ഞു..
"അത് ശരി... ഇപ്പോൾ ഞങ്ങൾക്കായോ കുറ്റം? തന്റെ മോളാണ് ഇയാൾ അവളെ തട്ടിക്കൊണ്ട് പോകുകയാണെന്ന് പറഞ്ഞത്"
അത് കേട്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ആകെ വിഷമത്തിലായി...
"അത് അച്ഛാ.. അദ്ദേഹം വഴിമാറി വേറൊരു ഇടവഴിയിലൂടെ വണ്ടി ഓടിച്ചപ്പോൾ ഞാൻ പേടിച്ച് പോയി"
"എന്താ മോളേ ഇത്.. അങ്ങനാണേൽ ചേട്ടനിവിടെ നിർത്തില്ലായിരുന്നല്ലോ? " അവൾക്കും അത് ശരിയാണെന്ന് തോന്നി.
"എന്താണ് സംഭവിച്ചത് ചേട്ടാ?"
വെള്ളത്തിന് വേണ്ടിയെന്നോണം അയാൾ ആംഗ്യം കാണിച്ചു...
"ആരെങ്കിലും കുറച്ച് വെള്ളം കൊണ്ട് വരൂ.."
കൊണ്ടു വന്ന കുപ്പിയിലെ വെള്ളം ഒറ്റവലിക്ക് കുടിച്ചു കൊണ്ട് അയാളെന്തൊക്കെയോ ആംഗ്യഭാഷയിൽ അവളുടെ അച്ഛനോട് പറയുന്നുണ്ടായിരുന്നു..
ഒന്നും മനസ്സിലാവാതെ അവൾ ആകാംക്ഷയോടെ അവരെ നോക്കി നിന്നു.. എല്ലാം മനസ്സിലാക്കി കഴിഞ്ഞതും ഒരു നെടുവീർപ്പോടെ അയാളവളുടെ മുഖത്തേക്ക് നോക്കി..
"മോളേ...നിനക്ക് തെറ്റുപറ്റിയതാ... സ്റ്റേഷനിൽ നിന്ന് ഗുണ്ടകളായ ഒരു സംഘം നിങ്ങളെ ഫോളോ ചെയ്തിരുന്നു... അവരെ വേണുവേട്ടൻ തിരിച്ചറിഞ്ഞതു കൊണ്ടാണ് അവരെ വെട്ടിച്ച് ആ വഴിക്ക് എടുത്ത് സുരക്ഷിതമായി ഈ കടക്ക് മുന്നിൽ എത്തിച്ചത്... ഇവിടെ നിന്ന് നേരെ പോകുന്ന വഴി വിജനമായ ഒരു നീണ്ട റോഡ് ആയതിനാൽ അപകടമാണെന്ന് കരുതി ഇവിടെ ആൾകൂട്ടം കണ്ടപ്പോൾ നിർത്തുകയായിരുന്നു..."
അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി...
അവിടെ കൂടിയിരുന്നവരും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു... കാര്യമറിയാതെ അയാളെ ഉപദ്രവിച്ചതിൽ അവർക്കും വിഷമമായി..
അവൾ അയാളുടെ കൈകൾ കൂട്ടിപിടിച്ച് അയാളോട് ക്ഷമചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാൾ അവളോട് എന്തൊക്കെയോ ആംഗ്യഭാഷയിൽ പറയുന്നുണ്ടായിരുന്നു. അവൾ അത് മനസ്സിലായില്ലെന്നോണം അച്ഛനെ നോക്കി...
"വേണുവേട്ടനും രണ്ട് പെൺകുട്ടികളാണ്... നിന്നേയും മകളുടെ സ്ഥാനത്ത് ആണ് കണ്ടത്. പെൺകുട്ടികൾ ഇത്ര വൈകുമ്പോൾ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നതു വരെ സ്റ്റേഷനിൽ കാത്ത് നിൽക്കണം... ഒരിക്കലും ഓട്ടോറിക്ഷകളെയോ മറ്റോ ആശ്രയിക്കരുത്... അത് അപകടം വിളിച്ച് വരുത്തും എന്നാണ് മോളേ ചേട്ടൻ പറഞ്ഞത്... "
അത് കേട്ടതും അവളയാളുടെ മുഖത്തേക്കി നോക്കി...
"ക്ഷമിക്കണം എന്നോട്.. അറിയാതെ പറ്റിയതാണ്... ഇനി ശ്രദ്ധിച്ചോളാം.. നല്ല മുറിവ് ഉണ്ട്.. വാ നമുക്ക് ഇപ്പോൾ ഹോസ്പിറ്റലിൽ പോകാം "
അയാളപ്പോൾ ചിന്തിച്ചിരുന്നത് അന്ന് തന്റെ മകൾക്ക് ഇതു പോലെ സംഭവിച്ചപ്പോൾ രക്ഷിക്കാനായി ഒരാളെങ്കിലും വന്നിരുന്നുവെങ്കിൽ എന്നായിരുന്നു...