വെളിച്ചമായീടണം ഞാൻ (കവിത)

ഇരുളിടങ്ങളിൽ

വഴിയറിയാതെന്നോണം

നടന്നുനീങ്ങുമ്പോൾ

വെളിച്ചമാകുന്ന

നിലാവാകണം ഞാൻ.

രാത്രിയിലറിയാതെ നിദ്രയിലേക്ക്

വഴുതിവീഴുമ്പോൾ

കൂട്ടിനായെത്തുന്ന

സ്വപ്നങ്ങളായീടണം ഞാൻ.

ചിന്തയിലാശയം

തിങ്ങിനിൽക്കുന്ന നേരം

എഴുതാനിരിക്കുമ്പോൾ

മഷിതീർന്ന പേനയ്ക്ക്

പകരമായെത്തുന്ന പെൻസിലായീടണം ഞാൻ.

വേദനകൾകൊണ്ടെൻ സുഹൃത്തിൻ ഹൃദയം

വിങ്ങിപ്പൊട്ടുമ്പോൾ

ചെറുപുഞ്ചിരിയാൽ

ചാരത്തണയുന്നൊരു സഖിയായീടണം ഞാൻ.

മഴത്തുള്ളിയായ് പെയ്തു

ഭൂമിയെന്ന കാമുകിയെ

ആർദ്രമായ് ചുംബിക്കും

നീലാംബരമാകീടണം ഞാൻ.

പാദയിലെല്ലാം കാണുന്ന

മുള്ളിന്നുമപ്പുറം

പൂന്തോട്ടമുണ്ടെന്നു

പടിപ്പിച്ചോരമ്മയാകീടണം ഞാൻ.

ജീവിതത്തിലേ-വർക്കുമൊരു

വെളിച്ചമായീടണം ഞാൻ.