പ്രകൃതിപാഠങ്ങൾ

പഠിക്കുവാനുണ്ട് നാം

പ്രകൃതിയിൽ നിന്നേറെ

പഠിച്ചിടേണ്ട പാഠങ്ങൾ

പ്രകൃതിയിൽ കാണാം.

മൃഗങ്ങളിൽ നിന്നും,

പക്ഷികളിൽ നിന്നും,

ചെടികളിൽ നിന്നും,

പുൽകൊടികളിൽ നിന്നും,

എന്തിനൊരു ചെറുപുഴുവിൽ നിന്നും

പഠിക്കുവാനുണ്ടേറെ

നമുക്കു പലതും.

യുദ്ധത്തിലേഴു വട്ടം

മുട്ടുകുത്തിയ രാജാവെ-

ട്ടാമതൊരു യുദ്ധത്തിൽ

വിജയം വരിച്ച

കഥയ്ക്ക് പിന്നിലൊരു

പ്രകൃതിയിൽ വലനെയ്ത ചിലന്തിയുണ്ട്.

അറപ്പുതോന്നിച്ചൊരു പുഴു

തൂമയിൽ മുന്തിയ

ശലഭമായി പറന്നതിൻ പിന്നിൽ നാം പഠിച്ചിടേണ്ട

ഒരു ഗുണപാഠമുണ്ടു.

സൂര്യാസ്തമനത്തിന്റെ

വർണ്ണാഭമായ

അന്തരീക്ഷത്തിലുമുണ്ട്

നാം പഠിക്കുവാനേറെ.

സൂര്യതാപമേറ്റു ഉരുകിയപ്പോഴും

സൂര്യതേജസ്സിനോടുള്ള

പ്രണയത്തിലാ-ചൂട് മറന്നവൾ.

സൂര്യകാന്തി....

അവളിലുമുണ്ട് നാം പഠിച്ചിടാനേറെ.

കടലോളമാകാം ചിന്തകളൊപ്പം

കടുകോളമെങ്കിലും

വേണം കരുതൽ

എന്നാരോ മൊഴിഞ്ഞു.

ആ വരികളിലി-ല്ലയോ

നാം പഠിച്ചിടേണ്ട പാഠങ്ങൾ..?

ഉയരെപ്പറക്കുന്ന

കഴുകനിൻ കണ്ണുകൾ

താഴെ ചീഞ്ഞഴുകിയ

ജഢത്തിൻ മേലല്ലയോ..?

പരുന്തിൻ വീക്ഷണം

തന്നിലെന്ന-റിയാമായിരുന്നിട്ടും

ഭയന്നുവോ കോഴികൾ

കൂട്ടിനകത്തു നിന്നും

വെളിയെ വന്നിടുവാൻ..?

നിസ്സാരമെന്നു കരുതിടും

ഉറുമ്പിലും പടിക്കുവാനുണ്ട് നമുക്ക്

ചില പാഠങ്ങൾ.

മുന്നിലൊരു തടസ്സങ്ങളു-ണ്ടെങ്കിൽ തന്നെയും

പിറകോട്ടു പോയിടാതെ

മുന്നോട്ടിഴയുന്നൊരുറുമ്പിനെ നാം ഗുരുവായി കണ്ടിടേണം.

കല്ലെറിഞ്ഞു നാം

നോവിച്ചപ്പോഴും

മധുരമുള്ള ഫലങ്ങൾ

നൽകിയൊരാ മാവിൽ

നിന്നും പഠിക്കുവാനുണ്ട്

നമുക്കു പാഠങ്ങൾ.

നമുക്കു മുൻപിലൊരു

തുറന്ന പുസ്തകമായി

ലോകം മാറിടും.

കൂട്ടിനിത്തിരി വിനയവും,

ശ്രദ്ധയും,ബുദ്ധിയുമുണ്ടെങ്കിൽ മാത്രം...

എങ്കിൽ നാം ഏവരും

ആ പുസ്തകത്തിലോരോ

താളുകളായി

പുനർജ്ജനിച്ചിടും..