ഇത് അവളുടെ കഥ

bathing
SHARE

കനി (കഥ)

മീനും വാങ്ങി മൂപ്പത്തിയാർ ചന്ത വിട്ടിട്ടും പലരുടെയും വായ ഇപ്പോഴും തുറന്നു തന്നെയിരുന്നു. ഒറ്റമുണ്ടും ചുവന്ന ബ്ലൗസും ഇടുപ്പിൽ തിരുകിയ മേൽമുണ്ടുമായി നടന്നു നീങ്ങുന്ന അവളെ വഴിയിൽ നിന്നു മറയുന്നതു വരെ എല്ലാരും നോക്കി നിന്നു.

36–38 വയസ് കാണും എന്നിട്ടും ഓളെ വെല്ലാൻ ഈ നാട്ടിൽ വേറെ പെണ്ണുണ്ടോ!

പുകച്ചുഴികൾ ബീഡിയിൽ നിന്നും ഉള്ളിലാക്കി കൊണ്ട് അവൾ പോയ വഴിയിലേക്കു നോക്കി  ബീരാൻ പറഞ്ഞ വാക്കുകൾ അടുത്തിരുന്ന പപ്പടക്കാരി മേരിപ്പെണ്ണിന് ഇഷ്ടമായില്ല.

ഉവ്വേ..?... ഒളിസേവ നടത്തുന്നവർക്ക് അല്ലെങ്കിലും നാട്ടിൽ പാണന്മാർ കൂടുതലാ....

അവളുടെ വാക്കുകൾ പെൺകൂട്ടത്തിനു വല്ലാതെ ബോധിച്ചു. പക്ഷേ ആ സംസാരം ബീരാൻകുട്ടിക്കും മറ്റു പുരുഷ ജനങ്ങൾക്കും അത്ര പിടിച്ചില്ല. പലരും അവളുടെ മുഖത്തു നോക്കി തന്നെ കയർത്തു. 

അല്ലെങ്കിലും കാണാൻ ചന്തമുള്ള പെണ്ണുങ്ങളെ ചിലർക്കു പിടിക്കില്ല.

ബീരാന്റെ തുറന്നടിച്ചുള്ള മറുപടി സ്ത്രീജനങ്ങളെ ഒന്നാകെ മുഷിപ്പിച്ചുവെങ്കിലും പുരുഷജനങ്ങളിൽ അത് സന്തോഷം കൊണ്ടുള്ള വല്ലാത്തൊരു ചിരിപടർത്തി.

നാട്ടിൽ പലതായിരുന്നു മൂപ്പത്തിയാരുടെ കഥ. തെക്കൻ നാട്ടിലെ ഏതോ ഗ്രാമത്തിൽനിന്ന് ഇരുപതു വർഷങ്ങൾക്കുമുമ്പ് വന്നതെന്ന് മാത്രമേ എല്ലാവർക്കും അറിയൂ. ആദ്യകാലങ്ങളിൽ എണ്ണക്കറുപ്പിൽ ചാലിച്ച ഈ സുന്ദരി എവിടുന്നു വന്നു എന്നതായിരുന്നു എല്ലാ ചായക്കടയിലെയും സംസാരവിഷയം. കാലങ്ങൾ കഴിഞ്ഞതോടെ ആ ചോദ്യം എല്ലാവരും പതിയെ മറന്നു തുടങ്ങി. പക്ഷേ ആരും മൂപ്പത്തിയാരെ മറക്കാൻ തയാറായില്ല.

അവർ ഒന്നാകെ വീണ്ടും അവളുടെ ശരീരത്തെ വർണിച്ചുകൊണ്ടിരുന്നു. നാട്ടിലെ വീര പുരുഷൻമാരുടെ പല ബഡായി കഥകളിലും  മൂപ്പത്തിയാർ തന്നെയായിരുന്നു നായിക. തന്റെ പൗരുഷത്തിൽ മയങ്ങി മൂപ്പത്തിയാർ കിടക്ക വിരിച്ച കഥ പലരും പാടി. 

പറയുന്നത് കള്ളമാണ് എന്നറിഞ്ഞിട്ടും കേൾക്കുന്നവർ പലരും ഹരം കൊണ്ട് കേട്ടിരുന്നു. അതേ സമയം അയൽകൂട്ടത്തിലെ മഹിളകളും പരദൂഷണങ്ങളിലും പരിഭവങ്ങളിലും മൂപ്പത്തിയാരെ നിറച്ചു.

നമുക്കില്ലാത്ത എന്താ ഓക്ക് ഉള്ളത് ?

നല്ല നടപ്പിന്റെ ഗുണംകൊണ്ടാ മുളക്കും മുമ്പേ നാട് വിടേണ്ടി വന്നേ... കിടപ്പറയിൽ ഭർത്താവിന്റെ സ്നേഹം കുറഞ്ഞെന്ന് തോന്നിയാൽപ്പോലും പഴികൾ പാവം മൂപ്പത്തിയാർക്ക് അവർ മാറ്റി വെച്ചു. 

പല നുണക്കഥകളും കാറ്റിന്റെ തേരിൽ എത്തിയിട്ടും മൂപ്പത്തിയാർ അതൊന്നും വക വെച്ചതേയില്ല. അല്ലെങ്കിലും അന്നന്ന് അന്നം തേടുന്ന അവൾക്ക്, ആഹാരം തന്നെ ദൈവം. മീനും വാങ്ങി വരമ്പിലൂടെ വരുന്ന മൂപ്പത്തിയാരെ കണ്ട എമ്പ്രാൻ ആദ്യമായി അടിയാളപ്പെണ്ണിനുവേണ്ടി വഴിമാറിക്കൊടുക്കുന്ന കാഴ്ച കണ്ട വയൽക്കിളികൾക്കും എമ്പ്രാന്തിരിയുടെ കൂടെ നടന്ന ഏറാൻ മൂളികൾക്കും മുഖത്ത് അത്ഭുതം വിടർന്നു.

അത് ഒരുപക്ഷേ നാട്ടിൽ ആരും അറിയാതെപോയ, ഒരു കഥയുടെ ബാക്കിയാകണം. ഒരിക്കൽ അവളുടെ ഇടുപ്പിന്റെ അളവ് എടുക്കാൻ പോയ എമ്പ്രാന്തിരിയുടെ തലയിൽ അവളുടെ ചിരവയുടെ തലപ്പിന്റെ അളവ് പതിഞ്ഞത് അയാൾ മറന്നിരിക്കാൻ വഴിയില്ല. അവൾ ധിറുതിയിൽ ഓലമേഞ്ഞ തന്റെ സ്വർഗ്ഗത്തിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറി, മീനുകളെ ചട്ടിയിൽ ആക്കികൊണ്ട് ഒരു കത്തിയുമായി വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. ചെളിനിറഞ്ഞ വീടിന്റെ പിന്നാമ്പുറത്തു കുത്തിയിരുന്നു മീനിനെ കത്തി കൊണ്ട് വരഞ്ഞു ശരിപ്പെടുത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും കാത്തൂന്റെ ഒരു വിളി. 

ടീ കനി..... 

പെട്ടെന്നുള്ള കാത്തൂന്റെ വിളികേട്ട് ഞെട്ടി കൈയിൽ ഇരുന്ന കത്തി വരെ അവളിൽ നിന്നു തെറിച്ചു പോയി. എന്താ പെണ്ണേ, നാശം പേടിച്ചു പോയല്ലോ. കൈയിൽ നിന്നു തെറിച്ചു പോയ കത്തി എത്തി എടുത്തു കൊണ്ട് മൂപ്പത്തിയാർ ദേഷ്യപ്പെട്ടു.

പെണ്ണേ കനി... നീ അറിഞ്ഞോ നമ്മുടെ വലിയ തബ്രാൻ മരിച്ചു !

അതു കേട്ട് വല്ലാത്ത ഒരു ഞെട്ടൽ അവളിൽ നിറഞ്ഞു. സത്യമാണോ?

അതേ പെണ്ണേ...

കുറച്ചു നേരം അവിടെ മൗനം പടർന്നു. ടീ... കനി, ഇന്ന് അത് അങ്ങു നടത്തിയാലോ... മൗനത്തിന്റെ ഇടയിൽ വിടർന്ന കാത്തുവിന്റെ വാക്കുകൾ അവൾക്ക് മനസ്സിലായില്ല. 

പെണ്ണേ നിന്റെ ആഗ്രഹം ! അത് ഇന്നു നടത്താം നമ്മക്ക്.

ഇന്നോ? മനസ്സു കൊണ്ട് അവളും ആ സ്വപ്നത്തെ ഒരുപാട് സ്നേഹിച്ചിരുന്നുവെങ്കിലും അപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം നിറഞ്ഞു.

ആരെങ്കിലും അറിഞ്ഞാലോ പെണ്ണേ?

ഇല്ല മുത്തേ, നീ പോയിട്ട് വാ. അവിടെ എല്ലാരും മരണവീട്ടിൽ ആയിരിക്കും. ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല 

കാത്തുവിന്റെ വാക്കുകൾ അവൾക്കും സത്യമായി തോന്നി. അതേ ഇനി ചിലപ്പോൾ ഇങ്ങനെ ഒരു അവസരം കിട്ടിയെന്നുവരില്ല. എന്തും വരട്ടെ എന്നു മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മീൻ മുറിച്ച കത്തി കാത്തുവിനെ ഏൽപിച്ച് അവൾ വീടിന്റെ അകത്തേക്കു പോയി. തേച്ചു മിനുക്കിയ ഒരു ഒറ്റമുണ്ടും പച്ച നിറമുള്ള ബ്ലൗസും കുറച്ചു തള്ളിയും കൈയിൽ കരുതി തിരിച്ചിറങ്ങിയ മൂപ്പത്തിയാർ തന്റെ പ്രിയ തോഴിയെ നോക്കി പുഞ്ചിരി തൂകി.

എന്നിട്ട് താൻ കാലങ്ങളായി കണ്ട സ്വപ്നത്തിലേക്ക് നടന്നു നീങ്ങി. അപ്പോൾ അവളുടെ ഉള്ളിൽ നിറഞ്ഞത് ഒരു രൂപം മാത്രമാരുന്നു. 

ന്റെ കാത്തു.... നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്ന തനിക്ക് ഒരു താങ്ങായി, കൂട്ടായി എന്തിനും കൂടെ നിന്നവൾ. ആരോ ചാർത്തിയ മൂപ്പത്തിയാർ എന്ന പേരിൽ കനി എന്ന രണ്ടക്ഷരം ചേർത്തു തന്നവൾ. 

ഒരിക്കൽ, എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്നവൾ ചോദിച്ചപ്പോൾ വലിയ തമ്പ്രാന്റെ വീട്ടിലെ ആമ്പൽ കുളത്തിൽ ഒന്നു കുളിക്കണം എന്നു മറുപടി പറഞ്ഞു. അതുകേട്ട് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എത്രവട്ടം ആരും കാണാതെ അവിടുത്തെ മീനുകൾക്ക് ചോറിട്ടുകൊടുത്തിട്ടുണ്ട്. അന്നുതൊട്ടുള്ള കൊതിയാണ്. ഇന്നിപ്പോ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിക്കാൻ പോകുന്നത്. അതും അവൾ കാരണം...

ഓർമകളെ കൂട്ടു പിടിച്ചു നടക്കുമ്പോൾ ആമ്പൽ കുളത്തിൽ എത്തിയത് അവൾ അറിഞ്ഞില്ല. മെല്ലെ പടവുകൾ ഓരോന്നായി അവൾ ഇറങ്ങി. കാലിൽ നനവു പടരുന്നത് അവൾ അറിഞ്ഞു. ഇതുവരെ ഇല്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു തണുപ്പ് അവളിൽ അരിച്ചുകയറി. അവൾ കാലുകൾകൊണ്ട് കുളത്തിലെ വെള്ളത്തിൽ ഓളങ്ങൾ സൃഷ്ടിച്ചു. 

വെള്ളത്തിന്റെ ഇടയിൽ ഊളിയിട്ടു പാഞ്ഞുകൊണ്ടിരുന്ന മീനുകൾ അവളെ ഒന്നു നോക്കി.

തമ്പുരാട്ടി .....

അല്ലടാ യക്ഷി.....

മൂപ്പത്തിയാരുടെ പേരിൽ പരസ്പരം കലഹിക്കുന്ന ആ ആൺമീനുകളെ കണ്ട പെൺമീനുകൾ പരിഭവിച്ചുകൊണ്ട് കുളത്തിന്റെ അടിത്തട്ടിൽ പോയി ഒളിച്ചു. 

ഇനി സമയം നഷ്ടപ്പെടുത്തിയാൽ തന്റെ ഏറ്റവും വലിയ ഈ സ്വപ്നം നടക്കില്ല എന്നു തിരിച്ചറിഞ്ഞ മൂപ്പത്തിയാർ ഒറ്റമുണ്ട് നെഞ്ചിന്റെ മുകളിൽ തെരുക്കികൊണ്ടു കുളത്തിലേക്ക് ഇറങ്ങി. കുളിമുറിയുടെ നാല് ചുവരുകൾക്കിടയിൽ നിന്ന് ആദ്യമായാണ് മഴയുടെ അല്ലാതെ ഒരു തണുപ്പ്‌ ശരീരത്തിൽ പടരുന്നത്. അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവളിലും സന്തോഷമായിരുന്നു അവളുടെ നഗ്നമേനി അസ്വദിക്കാൻ നിന്ന മീനുകളിൽ. അവരിൽ പലരും അവളുടെ വട്ടംകൂടി. ഒരു കുഞ്ഞുമീൻ അവളുടെ ഒറ്റമുണ്ടിന്റെ ഉള്ളില്‍ ഒളിച്ചു.

കുളിക്കടവിന്റെ വക്കത്തായി കുറ്റിക്കാട്ടിൽ നിന്നും ഒരു അനക്കം അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. അവിടെ നിന്നും പുകച്ചുരുളുകൾ ഉയരുന്നു. 

എന്താണത് ? അവളുടെ ഉള്ളൊന്നു പിടഞ്ഞു. ചിലപ്പോൾ തോന്നൽ ആകാം. എന്തായാലും ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. അവൾ കൂടുതൽ ഒന്നും ആലോചിക്കാതെ ഒറ്റമുണ്ട് നെഞ്ചിൽ ചേർത്തു കുത്തി കടവിൽ കയറി. കുളപ്പടവിൽ വച്ചിരുന്ന തന്റെ തേച്ച കുപ്പായങ്ങൾ വല്ലവിധേനയും ദേഹത്തേക്ക് ചേർത്തു. എന്നിട്ട് വേഗം സ്ഥലം വിട്ടു. 

അപ്പോഴും അവിടെ നിന്നും പുകചുരുളുകൾ ഉയരുന്നുണ്ട്. അവളുടെ നഗ്നതയിൽ മതിമറന്ന ആൺ മീനുകളെ അടിത്തട്ടിൽ ഒളിച്ച  പെൺസമൂഹം കളിയാക്കി. അവളുടെ ഒറ്റമുണ്ടിന്റെ അടിയിൽ ഒളിച്ച കുഞ്ഞുമീൻ നിശ്ശബ്ദനായി അവന്റെ അമ്മയുടെ അടുത്തേക്ക് നീന്തി പറന്നു. 

എന്നിട്ടു പറഞ്ഞു...

അമ്മേ.... അവൾ ... അവളല്ല ...

അത്ഭുതത്താൽ ഉയർന്ന അവന്റെ ശബ്ദത്തെ, കാര്യം തിരിച്ചറിഞ്ഞ അവൾ തടഞ്ഞു. മോനെ അവൾ ജീവിക്കട്ടെ ... ആരും അറിയാതെ എല്ലാവരെയും മോഹിപ്പിച്ച് ഒരു അർദ്ധനാരീശ്വരനായി.

അന്നത്തെ ദിവസം മാറ്റങ്ങളൊന്നും സംഭവിക്കാതെ പതിവുപോലെ സൂര്യൻ മുങ്ങുകയും ചന്ദ്രൻ തിളങ്ങുകയും ചെയ്തു. ജീവിതത്തിൽ ഇനി ഒരിക്കലും നടക്കാൻ വഴിയില്ലാത്ത ഇന്നു സംഭവിച്ച ഓർമകളെ കൂട്ടുപിടിച്ചുകൊണ്ട് അവളും ഉറങ്ങി ....

അന്നും രാത്രിയുടെ രണ്ടാം യാമത്തിൽ തങ്ങളെ മാറോട്ചേർത്ത് കെട്ടിപുണരാതെ തിരിഞ്ഞുകിടക്കുന്ന  പ്രിയതമൻമാരെ നോക്കവേ, ആ ഭാര്യമാർ അപ്പോളും ഒന്നുമറിയാതെ സ്വപ്നത്തിന്റെ മരുപ്പച്ചയിൽ ഉറങ്ങിയ മൂപ്പത്തിയാരെ വീണ്ടും വീണ്ടും ശപിച്ചു .... 

അടുത്ത ദിനത്തിന്റെ വെള്ള കീറലിൽ അവളുടെ വരവും കാത്ത് പലരും ഒളിഞ്ഞും തെളിഞ്ഞും നിൽപ്പുണ്ടായിരുന്നു ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA