അവസാന നിമിഷം വരെ ഒരുമിച്ച്– ഇതാണ് പ്രണയം

couples
SHARE

നിത്യപ്രണയം (കഥ)

ഒരു മണി ആകുന്നു. എനിക്കഭിമുഖമായി ചരിഞ്ഞു കിടന്നുറങ്ങുന്ന അവളെ നോക്കി ഞാന്‍ കിടന്നു. എത്ര ശാന്തമായാണ് അവള്‍ ഉറങ്ങുന്നത്. എന്തോ അവളിങ്ങനെ കിടന്നുറങ്ങുന്നത് കാണാന്‍ ഇപ്പോഴും എന്തൊരു ഭംഗി ആണെന്നോ... മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും അതെ ഭംഗി... കാലവും പ്രായവും തോറ്റു പോയിരിക്കുന്നു. ഇപ്പോഴും അന്നു കാണുന്ന പോലെ തന്നെ. കുട്ടികള്‍ പറയും അച്ഛനും അമ്മയും ഇപ്പോഴും പ്രേമിച്ചു നടക്കുകയാണെന്ന്. അതു സത്യമാണ്. ഞങ്ങള്‍ക്കിപ്പോഴും പ്രണയിച്ചു കൊതി തീര്‍ന്നിട്ടില്ല.

മറ്റു പലരേയും പോലെ പ്രേമിച്ചു കല്യാണം കഴിച്ചവരല്ല ഞങ്ങള്‍. വിവാഹം കഴിച്ചതിനു ശേഷം പ്രണയിച്ചു തുടങ്ങിയവരാണ്. മുപ്പത്തിയേഴു വര്‍ഷം മുന്‍പേ, പരസ്പരം കാണുക പോലും ചെയ്യാതെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. അന്നു മുതല്‍ തുടങ്ങിയ യാത്രയാണ്... പൂ വിരിച്ച വഴികളിലൂടെയും കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയും ഞങ്ങള്‍ യാത്ര ചെയ്തു. ഒരുമിച്ച് ... 

എല്ലാവര്‍ക്കും ഉള്ള പോലെ ഒരു സാധാരണ ജീവിതം. പക്ഷേ, ഞങ്ങള്‍ അതു ജീവിച്ചത് അസാധാരണമായിട്ടാണ്. ഞങ്ങളുടെ ഇടയിലും പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ചില ദിവസങ്ങള്‍ക്കപ്പുറം അതു തുടരാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല.. പലരും ചോദിക്കാറുണ്ട് നിങ്ങള്‍ക്കെങ്ങനെ അവസാനമില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നു എന്ന്.. അതിനു ഞങ്ങള്‍ക്കുള്ള മറുപടി ഞങ്ങള്‍ ഒന്നും ഒളിക്കാറില്ല... എല്ലാം പങ്കു വെയ്ക്കുന്നു... ഞാനാണ്‌ വലുതെന്ന ഭാവം ഇല്ല... പിന്നെ എത്ര വലിയ പ്രശ്നം ആണെങ്കിലും അതിനെ എത്ര ലളിതമായി കാണാമോ അത്രയും ലളിതമായി കണ്ട് ചിരിച്ചു കൊണ്ട് നേരിടുക. അത്രമാത്രം. ജീവിതത്തെ ഒരുപാട് ഗൗരവമായി കാണുമ്പോള്‍ ആണ് ജീവിതം വിരസമാകുന്നത്. പ്രശ്നങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ട് പക്ഷേ അത് ഓരോരുത്തരും എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഓരോ വിഷയത്തിലും രണ്ടു പേര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാൽ രണ്ടു പേരും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തുന്നതാണ് നല്ലത്. ഞങ്ങളുടെ ജീവിതം പഠിപ്പിച്ചതാണ് ഇതൊക്കെ.

ഞങ്ങള്‍ രണ്ടുപേരും മാത്രമായി താമസം തുടങ്ങിയിട്ട് കുറച്ചു വര്‍ഷമായി.. മകളുടെ വിവാഹ ശേഷം ഞങ്ങള്‍ തനിയെ ആണ്. മകനും മകളും അവരുടെ കുടുംബവും വിദേശത്താണ്. ഞങ്ങളും അവിടെ ആയിരുന്നു... പത്തു വര്‍ഷമേ ആയിട്ടുള്ളൂ നാട്ടില്‍ വന്ന് ഈ വീട്ടില്‍ താമസം തുടങ്ങിയിട്ട്. അതുവരെ വിരുന്നുകാരെ പോലെ വന്നു പോകുമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം ജീവന്‍ വയ്ക്കുന്ന ഒരു വീടായിരുന്നു ഇത്.

ഞങ്ങളുടെ സ്വപ്നമായിരുന്നു ഈ വീട്. ഞങ്ങളുടെ പത്തു പന്ത്രണ്ടു വര്‍ഷത്തെ സ്വപ്നവും അഞ്ചാറു വര്‍ഷത്തെ പ്രയത്നവുമാണ് ഈ വീട്. സ്വയം പ്ലാനുകള്‍ മാറ്റി മാറ്റി വരച്ചു എല്ലാവർക്കും ഇഷ്ടപെട്ട രീതിയില്‍ ഒരു വീട് പണിയുവാന്‍ ഞങ്ങള്‍ക്കായി. ഈ വീടിന്‍റെ ഓരോ ഭാഗവും ഞങ്ങളുടെ സ്വപ്നത്തിന്‍റെ ഓരോ കഷണങ്ങള്‍ ആണ്. ഈ ജനാലയുടെ തിരശ്ശീല നോക്കൂ വെള്ളയില്‍ നീല പൂക്കള്‍ ഉള്ളതു തന്നെ വേണമെന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. ഓരോ ഭാഗത്തെയും കുറിച്ചുള്ള സങ്കൽപങ്ങള്‍ എഴുതിവെച്ച് എല്ലാവരും കൂടി തീരുമാനിച്ചു പണിതെടുത്ത വീട്.

ഓരോരുത്തരും പ്രവാസിയാവുന്നത് തങ്ങളുടെ സ്വപ്‌നങ്ങള്‍ സക്ഷാത്കരിക്കുവാന്‍ വേണ്ടിയാണ്. പക്ഷേ, ആയുസ്സ് മുഴുവന്‍ വേണ്ടി വരും ചില സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍. അത് പോലെ തന്നെയായിരുന്നു ഞങ്ങളുടെ ഈ വീടും. ജീവിതത്തിന്‍റെ അവസാന കാലത്താണ് ഞങ്ങള്‍ക്ക് ഈ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ സാധിച്ചത്. എന്നാൽ പലരെയും പോലെ സ്വപ്നം സാക്ഷാത്കരിച്ചപ്പോഴേക്കും ആരോഗ്യം കൈവിട്ടു പോയി, കുറച്ചു വർഷം മുന്‍പാണ് എനിക്ക് ഹൃദയത്തിന്‍റെ ശസ്ത്രക്രിയ ചെയ്തത് അതിനു ശേഷം മരുന്നും വ്യായാമവും ഒക്കെയായി അങ്ങനെ കഴിഞ്ഞു പോകുന്നു. ഭാര്യക്ക്‌ കലശലായ മുട്ട് വേദനയാണ്‌ അതിനാല്‍ പടികള്‍ ഒന്നും കയറാന്‍ കഴിയില്ല.

അവളിപ്പോഴും ഉറങ്ങുകയാണ്. ഫാനിന്‍റെ കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറുന്നുണ്ട്. ചില നരച്ച മുടിയിഴകള്‍ അവളുടെ മുഖത്തു വീണു കിടക്കുന്നു. അത് അവളുടെ സൗന്ദര്യം കൂട്ടിയോ എന്നു തോന്നും. അതിനു മുപ്പത്തിയേഴ് വര്‍ഷമായിട്ടും ഒരു മാറ്റവും ഇല്ല.

ഞാന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു. എന്തോ ഇന്ന് ഉറക്കം വരുന്നില്ല. മനസ്സു നിറയെ ഓർമകളാണ്. മുറിയില്‍ നിന്നു പുറത്തു കടന്നു,  ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു വീടിനൊരു നടുമുറ്റം വേണമെന്നത്. വീട്ടിനകത്തിരുന്നു മഴയും വെയിലും മഞ്ഞും ആസ്വദിക്കാന്‍. രാത്രിയില്‍ ഇറങ്ങി നിന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നതു നോക്കിയിരിക്കാന്‍... മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രികയെ കണ്ണു നട്ടിരിക്കാന്‍.. ഓരോ അവധിയിലും ഞങ്ങള്‍ ഇവിടെയിരുന്നാണ് വീണ്ടും വീണ്ടും സ്വപ്‌നങ്ങള്‍ കണ്ടത്. ഇവിടെ ഈ കോലായില്‍ പുണര്‍ന്നു കിടന്നാണ് ഞങ്ങളുടെ വിചാരങ്ങളും വികാരങ്ങളും പങ്കുവച്ചത്.. ഞങ്ങള്‍ ഇടയ്ക്കു ചോദിക്കും നമ്മളില്‍ ആരാണ് ആദ്യം മരിക്കുക. രണ്ടാളും പറയും ഞാനായിരിക്കും... പിന്നെ പറയും നമുക്ക് ഒരുമിച്ചു മരിച്ചാല്‍ മതിയെന്ന്. ഇങ്ങനെ ഒരുമിച്ചു കെട്ടിപുണര്‍ന്നുറങ്ങുമ്പോള്‍ മരണം ഒരു മാര്‍ജ്ജാരനെ പോലെ വന്നു രണ്ടു പേരെയും അങ്ങു കൊണ്ടു പോകുകയാണെങ്കില്‍ എത്ര നന്നായിരുന്നു ...

ചെറുതായി മഴ ചാറുന്നുണ്ടെന്നു തോന്നുന്നു. ഇങ്ങനെ മഴയുള്ളപ്പോഴാണ് ഞങ്ങള്‍ മട്ടുപ്പാവില്‍ ഇരിക്കാറ്. പതുക്കെ കോവണി കയറട്ടെ... മട്ടുപ്പാവില്‍ ഇരുന്നു കാഴ്ചകള്‍ കാണാനാണ് അവിടെ ഒരു ആട്ടുകട്ടില്‍ തൂക്കിയത്‌. അവള്‍ക്കു മുട്ടുവേദന ആയതില്‍ പിന്നെ അങ്ങോട്ട്‌ കയറാനൊന്നും വയ്യ. കോവണി കയറുമ്പോള്‍ കിതപ്പുണ്ട്.. വയസ്സായതിന്‍റെ ലക്ഷണം. കയറി ചെന്ന് മട്ടുപ്പാവിലേക്കുള്ള വാതില്‍ തുറക്കുമ്പോ കണ്ടു ആട്ടുകട്ടില്‍ കാറ്റില്‍ ആടുന്നു.. ആരോ അതില്‍ ഇരുന്ന് ആടുന്ന പോലെ ... നെഞ്ചില്‍ എന്തോ ഒരു വിഷമം പോലെ.. ചെറിയ വേദന ഉണ്ടോ. അവളെ എങ്ങനെയാ ഒന്ന് വിളിക്കാ. കാഴ്ച മങ്ങുന്നുണ്ടല്ലോ ..ഞാന്‍ വീഴുകയാണോ ..

പിറ്റേന്ന് പുലര്‍ച്ച....

തലേദിവസത്തെ മഴയുടെയും കാറ്റിന്‍റെയും ബാക്കിപത്രമായി മുറ്റത്ത് നിറയെ പ്ലാവിന്‍റെയും മാവിന്‍റെയും ഇലകള്‍ വീണു കിടക്കുന്നു. അടുക്കള വാതില്‍ വന്നു തുറക്കാന്‍ നോക്കിയ പണിക്കാരി അറിഞ്ഞു വാതില്‍ ഇതു വരെ തുറന്നിട്ടില്ലെന്നു... കുറെ വിളിച്ചു ആരും വാതില്‍ തുറന്നില്ല..മട്ടുപ്പാവിലെ ആട്ടു കട്ടില്‍ അപ്പോള്‍ താളത്തില്‍ ആടുന്നുണ്ടായിരുന്നു ......

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA