പ്രവാസി (കഥ)

ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളുമാണ് ഒരു മനുഷ്യൻ. ജലാലിക്കയുടെ മരണവാര്‍ത്തയോടെയാണ് യൂനുസ് റൂമിൽ നിന്ന് അതിരാവിലെ എണീറ്റത്. നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാളെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയതാണ് അയാൾ. 

ബന്ധുക്കളെ വിവരമറിയിക്കാനുള്ള ശ്രമത്തിനിടെ ജലാലിക്കയുടെ ബാഗിൽ നിന്നും യൂനുസിന് ഒരു ഡയറി കിട്ടി. നിറയെ എഴുത്തുകളുള്ളൊരു ഡയറി. ജലാലിക്കയുടെ കഥ പറയുന്ന ഒരു ഡയറി. യൂനുസ് പതുക്കെ അത് തുറന്നുനോക്കി. ആദ്യ പേജുകൾ മറിച്ചു. 

ഉപ്പാന്റെ മരണശേഷം കടവും വീട്ടിലെ ബാധ്യതകളും കുന്നുകൂടിയപ്പോൾ ഇരുപത്തി രണ്ടാം വയസ്സിൽ നാടുവിട്ടതാണ് അയാൾ. ദുബായിൽ വന്ന ശേഷമാണ് മൂന്ന് പെങ്ങളെയും കെട്ടിച്ചയച്ചത്. ചോർന്നൊലിക്കുന്ന മേൽകൂരകൾ മാറ്റിയത്. ഉമ്മയുടെ കാതുകളിൽ അരിമണി പൊന്നിട്ടത്.

വർഷങ്ങൾ കഴിയും തോറും ബാധ്യതകളുടെ എണ്ണം കൂടിയിരുന്നു. ആദ്യ രണ്ടു പെങ്ങളുടെ നിക്കാഹിന്റെ കടം തീർത്തു വന്നപ്പോഴാണ് വീടുപണി തുടങ്ങിയത്. ഓല തിരികിവെച്ച ഓടിട്ട മേൽക്കൂരകൾ മാറ്റണം. മഴത്തുള്ളികൾ ഇറ്റിറ്റു വീണ അടുക്കള നന്നാക്കണം. 

ചുട്ടുപൊള്ളുന്ന ചൂടിൽ സൈക്കിൾ ചവിട്ടി ഭക്ഷണം വിതരണം ചെയ്തു കിട്ടുന്ന ഒരോ നാണയങ്ങളും അയാൾ ചേർത്തുവെച്ചു. അവസാന പെങ്ങളുടെ നിക്കാഹ് കഴിയുമ്പോഴേക്കും ജലാലിക്ക സ്വന്തം പ്രായം മറന്നുപോയിരുന്നു. വളരെ വൈകിയാണ് അയാളുടെ വിവാഹം കഴിഞ്ഞത്. 

യൂനുസ് പതിയെ പേജുകൾ ഒന്നൊന്നായി മറിച്ചു. ഫിദ മോളുടെ ചിത്രം അവിടെയുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിൽ അവർക്ക് പടച്ചോൻ നൽകിയ സമ്മാനം.

യൂനുസ് പിന്നെയും പേജുകൾ മറിച്ചു നോക്കി. 

" ഇന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?" 

' ഉമ്മ, ഉപ്പ, ഒരു പെങ്ങൾ ' 

" കടം വല്ലതുമുണ്ടോ.?" 

' ഉപ്പ വീടെടുത്തപ്പോൾ ബാക്കിയാക്കിയ കുറച്ചു കടമുണ്ട്. അതൊരു വർഷം കൊണ്ട് തീർക്കണം. പിന്നെ മഹറ് വാങ്ങാനുള്ള വകയും കൂടിയാക്കി അടുത്ത വര്‍ഷം തന്നെ നാടുപിടിക്കണം.' 

നാല് വര്‍ഷം മുമ്പ് യൂനുസിന്റെ മറുപടി കേട്ട് ചിരിച്ച ജലാലിക്കയുടെ പുഞ്ചിരി ആ പേജിലുണ്ട്. വരണ്ടു വറ്റിയ നാവിൽ നിന്ന് ഒരൽപം ഉമിനീര് തൊട്ട് പ്രയാസത്തോടെ യൂനുസ് അടുത്ത പേജിലേക്ക് പോയി.

മോനെ അവസാനമായി ഒരു നോക്ക് കാണാനാവതെ ജന്നാത്തിലേക്ക് യാത്രയായ ഉമ്മയുടെ വേദന അവിടെയുണ്ട്. യൂനുസ് അടുത്ത പേജിലേക്ക് പോയി.

ഫിദ മോളെ പഠിപ്പിച്ചു ഡോക്ടറാക്കണം. അർഭാടമായി ഓളെ നിക്കാഹ് കഴിപ്പിക്കണം. യൂനുസ് പിന്നെയും പേജുകൾ കുറേ മുന്നോട്ട് പോയി.

വീട് പണി കഴിഞ്ഞതും ബാങ്കിലെ കടങ്ങൾ തീർന്നതും ഫിദ മോളെ മെഡിക്കൽ കോളജിൽ ചേർത്തതും ഓളെ നിക്കാഹിനായി സമ്പാദിച്ചുവെച്ചതുമെല്ലാം ആ പേജിലുണ്ട്. 

പേജുകളുടെ അവസാനത്തോടെ ജലാലിക്കയുടെ എല്ലാ ബാധ്യതകളും തീർന്നിരിക്കുന്നു. 

ഇനി ഭാര്യയോട് മനസ്സ് തുറന്നു സംസാരിക്കണം. കാണാത്ത വഴികളിലൂടെ അവളോടൊപ്പം നടക്കണം. ദേഷ്യത്താൽ മുറിവേറ്റിയ ഹൃദയത്തിൽ സ്നേഹ ചുമ്പനങ്ങൾ നൽകണം. മങ്ങിയ കണ്ണുകളോടെ യൂനുസ് ഡയറി അടച്ചു വെച്ചു. 

നാൽപത് വർഷത്തെ അയാളുടെ സ്വപ്നം ഇവിടെ അവസാനിച്ചിരിക്കുന്നു.

ഇന്നാലില്ലാഹ വ ഇന്നാ ഇലൈഹി റാജിഊൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT