തീയാകുന്ന പ്രണയം (കഥ)

“എടാ ബെന്നിയെ നീ എത്തിയിട്ട് എവിടെയാ..." എന്ന് ചിറ്റപ്പന്റെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോഴേ പെണ്ണിന്റെ മുഖം വീർത്ത് കെട്ടിയിരുന്നു. കൂടിപ്പോയാൽ രണ്ടെണ്ണം അതിനപ്പുറത്തേക്ക് എന്തായാലും പോകില്ലെന്ന് അവളുടെ കൈയിൽ പിടിച്ചു സത്യം ചെയ്തപ്പോഴേക്കും ചിറ്റപ്പൻ വീടിനകത്തു കയറിയിരുന്നു.

എന്തോന്നാടാ രാവിലെ എത്തിയിട്ട് ഇതു വരെ രഹസ്യം പറച്ചിൽ കഴിഞ്ഞില്ലെന്ന് ഹാളിലിരുന്ന് ചിറ്റപ്പൻ ചോദിച്ചതു കേട്ടു കൊണ്ടാണ് റൂമിന്റെ വാതിൽ തുറന്ന് ഞാൻ പുറത്തേക്ക് വന്നത്, “എന്നാടാ അവിടെ നിനക്ക് കഴിക്കാനൊന്നുമില്ലേ ക്ഷീണിച്ച് ഒരു പരുവമായല്ലോ”  എന്ന ചിറ്റപ്പന്റെ കുറ്റപ്പെടുത്തലിന്, ഇനിയിപ്പോൾ മോനും അപ്പനും കൂടി കാര്യമായിട്ട് കഴിക്കാൻ പോകുവല്ലെ എന്നുള്ള അവളുടെ മുന വെച്ച സംസാരം കേട്ട് ചിറ്റപ്പൻ ചെറുതായി ഒന്ന് ചിരിച്ചിട്ട് പരുങ്ങുന്നതു കണ്ടിട്ടാ, എയർപ്പോർട്ടിൽ നിന്ന് ചിറ്റപ്പന് വാങ്ങിയ കുപ്പിയുമെടുത്തു നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചത്...

അപ്പന്റെ സ്വന്തം അനിയനാണ് പുള്ളി, പ്രായം അൻപത്തിയഞ്ചു കഴിഞ്ഞെങ്കിലും കമ്പനി നാട്ടിലെ യൂത്തന്മാരുമായിട്ടാണ്, ഞാൻ ലീവിന് വന്നാൽ തീരുന്നതു വരെയും എന്റെ ബുള്ളറ്റിന്റെ പുറകിലുണ്ടാകും, ചിറ്റപ്പനാണ് മോനാണ് എന്ന വേർതിരിവില്ലാതെ ഒരു നല്ല അസ്സൽ വെള്ളമടി ചങ്ക്, പ്രായം ഇത്രയുമായിട്ടും പുള്ളിക്കാരൻ വിവാഹം കഴിച്ചിട്ടില്ലെന്നൊരു കുറവ് ഒഴിച്ചാൽ ലൈഫ് അടിപൊളി, എത്ര വെള്ളമടിച്ചാലും മാസത്തിൽ ഒരിക്കൽ തട്ടാമലയിലെ ആശ്രയക്യമ്പിൽ മൂന്ന് ദിവസം ധ്യാനത്തിനും, സഹായത്തിനുമായി പോകുന്നതു മാത്രം മുടക്കാറില്ല പുള്ളി ....

ചെറുപ്പത്തിലേ അപ്പൻ മരണപ്പെട്ടതാ, പിന്നെ നോക്കിയതും വളർത്തിയതുമെല്ലാം എന്റെ അപ്പനാണ്, അതുകൊണ്ടു തന്നെ ചിറ്റപ്പന് എന്റെ  അപ്പൻ അച്ഛന്റെ സ്ഥാനത്താണ്, അപ്പനും അമ്മയും മരണപ്പെട്ടതോടെ ഒറ്റക്ക് നീ തറവാട്ടിൽ കഴിയേണ്ട എന്ന എന്റെ അപ്പന്റെ വാക്ക് ചിറ്റപ്പൻ തള്ളിയത് എന്തിനാണെന്ന് അറിയില്ലെങ്കിലും ഇന്ന് ഒരുമിച്ചിരുന്ന് വെള്ളമടിക്കാൻ അതു കാരണം ഒരു സ്ഥലം ഞങ്ങൾക്ക് കിട്ടി...

കുറച്ചായിട്ട് ചിറ്റപ്പൻ ഒഴിഞ്ഞു മാറുന്നു, ഇനിയെങ്കിലും പറഞ്ഞെ, "ചിറ്റപ്പൻ എന്താണ് കല്യാണം" എന്നു പറയുമ്പോഴേ ഒഴിഞ്ഞു മാറുന്നതെന്ന് രണ്ടെണ്ണം അകത്താക്കിയിട്ട് ചോദിച്ചപ്പോഴും പുള്ളീടെ മുഖത്ത് ഒരു ചെറു ചിരിയല്ലാതെ വലിയ ഭാവവ്യത്യാസം ഒന്നുമില്ല, എന്റെ നിർബന്ധം കൂടിയപ്പോഴാ "ചിറ്റപ്പന്റെ കല്യാണമൊക്കെ എന്നേ കഴിഞ്ഞെടാ മോനേ" പറഞ്ഞത് വെള്ളപ്പുറത്താണെന്നു കരുതിയെങ്കിലും ചിറ്റപ്പൻ ആ കഥ പറഞ്ഞു തുടങ്ങിയിരുന്നു ...

നമ്മുടെ കൂട്ട് തന്നെ പേരുകേട്ട തറവാടായിരുന്നു ബോബിച്ചായന്റെയും, അപ്പനും ബോബിച്ചായനും ചേർന്ന് വസ്തു കച്ചവടം തുടങ്ങും മുമ്പേ ബോബിച്ചായന്റെ മോൾ ആനിയുമായി ചിറ്റപ്പൻ നല്ല സ്നേഹത്തിലായിരുന്നു, ഞായറാഴ്ചകളിൽ അവളെ കാണാൻ വേണ്ടി മാത്രം പള്ളിയിൽ എത്തി തുടങ്ങിയ എന്നെ അത്ഭുതത്തോടെയാ ബാക്കിയുള്ളവർ നോക്കി നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലാകുമായിരുന്നു, സാദാ സമയവും വെള്ളമടിയും കറക്കവുമായി നടക്കുന്നവൻ പെട്ടെന്നു പള്ളിയിൽ കയറിയാൽ ഉണ്ടാകുന്ന ഒരിത്.

അവൾ അങ്ങനെ വലുതായി ഒന്നും സംസാരിച്ചിരുന്നില്ല, മരണം വരെ ചാച്ചന്റെ പെണ്ണാകും എന്നൊരു വാക്കിലാണ്, ആരും കാണാതെ പള്ളി മേടയിൽ വെച്ച് അവളുടെ കഴുത്തിൽ ഒരു താലി കെട്ടിയത്, എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അവൾ അവളുടെ വീട്ടിലേക്കും ഞാൻ നമ്മുടെ വീട്ടിലേക്കും തിരിച്ചത് അപ്പന്മാരുടെ സമ്മതത്തോടെ ഒന്നാകാം എന്നു തീരുമാനിച്ച് ഉറപ്പിച്ചു തന്നെയായിരുന്നു ....

എന്നിട്ട് ബാക്കി പറയെന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ചിറ്റപ്പൻ നല്ല ഫോമിലെത്തിയിരുന്നു, വസ്തുക്കച്ചവടത്തിൽ വന്ന പരാജയം അതുവരെ ഒരു കുടുംബമായിരുന്ന ഇരു വീട്ടുകാരെയും തമ്മിൽ അകറ്റി, അങ്ങനെ അവളെ കാണാൻ പറ്റാതായി, പതിയെ അവൾ എല്ലാം മറന്നു തുടങ്ങിയെന്ന് എനിക്കു മനസിലായത് എന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോഴായിരുന്നു. "നിനക്ക് കാണണോ അവളെ" എന്നു പറഞ്ഞ് പേഴ്സിൽ നിന്ന് അവളുടെ ഫോട്ടോയെടുത്തു തന്നിട്ട് ചിറ്റപ്പൻ തറയിലേക്ക് കിടന്നപ്പോഴും എന്റെ നോട്ടം നിഷ്കളങ്കനായ എന്റെ ചിറ്റപ്പനെ തേച്ച റോസിയുടെ ഫോട്ടോയിലേക്കായിരുന്നു ....

നേരത്തെ പറഞ്ഞതനസരിച്ചു പിറ്റേന്നു രാവിലെ ചിറ്റപ്പനൊപ്പം ധ്യാനത്തിനു പുറപ്പെട്ട, ധ്യാന കേന്ദ്രത്തിൽ എത്തും വരെയും എങ്ങനെയെങ്കിലും ഇത്തവണ തിരിച്ചു സൗദിക്ക് പോകും മുമ്പ് ചിറ്റപ്പനൊരു കൂട്ട് ആക്കികൊടുക്കണം എന്നായിരുന്നു മനസ്സ് മുഴുവൻ, വണ്ടി പാർക്ക് ചെയ്ത് അച്ഛന്റെ റൂമിലേക്ക് ഇടവഴിയിലൂടെ നടക്കുമ്പോൾ എതിരെ വന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയിരുന്നു, ചിറ്റപ്പനെ തേച്ചു എന്ന് ഞാൻ വിശ്വസിച്ച റോസി, ചെറുതായി അങ്ങുമിങ്ങും മൂടി നരച്ചതും, മുഖത്തുള്ള വലിയ ഗ്ലാസ്സുള്ള കണ്ണാടിയും ഒഴിവാക്കിയാൽ ഫോട്ടോയിൽ കണ്ട മുഖവുമായി വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല...

ഞങ്ങളെ കണ്ട് ചെറുതായി ചിരിച്ചുകൊണ്ട് മുന്നിലൂടെ പാസ് ചെയ്തു പോയപ്പോഴേക്കും "അപ്പോൾ ഇതാണല്ലേ ഇങ്ങടെ മാസത്തിലുള്ള ധ്യാനത്തിന്റെ രഹസ്യമെന്ന് ഞാൻ ചിറ്റപ്പനോട് ചെവിയിൽ പറഞ്ഞപ്പോഴേക്കും എന്നെയൊന്ന് രൂക്ഷമായി നോക്കി, അച്ചനിൽ നിന്നും റൂമിന്റെ താക്കോലും വാങ്ങി തിരിച്ചു നടന്നിരുന്നു ചിറ്റപ്പൻ ...

റൂമിലെത്തി, കിടക്കാൻ കയറിയ ചിറ്റപ്പന്റെ കാൽ മസ്സാജ് ചെയ്ത് കൊടുത്ത് ബാക്കി കഥ പറയാൻ ഞാൻ നിർബന്ധിച്ചതു കൊണ്ടാണ് ചിറ്റപ്പൻ പറഞ്ഞു തുടങ്ങിയത്, പെണ്ണ് ചോദിക്കാൻ ചെന്ന തന്നെ അവളുടെ അപ്പൻ ആട്ടിയിറക്കി, കണ്ണു നിറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ കണ്ണെത്തും ദൂരം വരെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു അവൾ, അത് കണ്ടിട്ട് തന്നെയാണ് അന്നു രാത്രി ആരും അറിയാതെ വീണ്ടും അവളെ കാണാൻ അവിടെ എത്തിയത്, അപ്പന് ഇഷ്ടമില്ലാത്തത് അവൾ ചെയ്യില്ലെന്ന് പറഞ്ഞതിന്റെ കൂടെ കൈയിൽ തൊട്ട് ഈ ജന്മം ഞാൻ ഇച്ചായന്റെ ഭാര്യയായി തന്നെ മരിക്കുമെന്ന് അവൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായത്, എന്നെങ്കിലും അപ്പൻ സമ്മതിക്കുമെന്ന പ്രതീക്ഷയിൽ വരുന്ന ഓരോ ആലോചനയും ഓരോ കാരണങ്ങൾ കണ്ടെത്തി മുടക്കിയപ്പോഴായിരുന്നു, ബിസിനസിലെ പരാജയവും മോളുടെ വാശിയും ഒരു അറ്റാക്കിന്റെ രൂപത്തിൽ അവളുടെ അപ്പന്റെ ജീവനെടുത്തപ്പോൾ അവളായി തിരുമാനിച്ചതാണ് ഇങ്ങനെ ഒരു ലൈഫ്, എനിക്കു വേണ്ടി സ്വന്തം ജീവിതം വേണ്ടെന്ന് വെച്ചവളെ മറന്ന് എങ്ങനെയാ ചിറ്റപ്പൻ ഒരു കല്യാണം കഴിച്ചു കുടുബമായി ജീവിക്കുന്നതെന്ന് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ചിറ്റപ്പനും റോസിയാന്റിയും എന്റെ മനസ്സിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയിരുന്നു ...

അതുകൊണ്ട് തന്നെയാണ് ഇവരെ എങ്ങനെയെങ്കിലും ഒന്നിപ്പിക്കണമെന്ന് ആഗ്രഹവുമായി അച്ചനോട് എല്ലാ കാര്യങ്ങളും സംസാരിച്ചത്, ഒരുപാട് തവണ കർത്താവിന്റെ മണവാട്ടിയാൻ ക്ഷണിച്ചപ്പോഴൊക്കെ എനിക്ക് അതിന് അർഹതയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത് പാപ്പന്റെ മണവാട്ടിയായതു കൊണ്ട് ആയിരുന്നല്ലേന്ന് അച്ചൻ ചോദിച്ചപ്പോൾ റോസിയാന്റി ഒന്നും മിണ്ടാത്തെ തല കുനിച്ചു നിന്നു. 

ദൈവത്തിന് ഇഷ്ടപ്പെട്ട ജോഡികളാകും നിങ്ങൾ, അതു കൊണ്ടാകണം മുപ്പത് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങളുടെ മനസ്സിൽ അണയാതെ ആ ദിവ്യ പ്രണയം കത്തി നിൽക്കുന്നത്, ഇനിയും താമസിക്കരുത് നിങ്ങൾ ഒന്നാകേണ്ടവരാണ് എന്നു പറഞ്ഞു തീരും മുമ്പേ നിറകണ്ണോടെ സമ്മതമല്ലെന്ന രീതിയിൽ റോസിയാന്റി തലയാട്ടി. അവളുടെ കണ്ണ് നിറച്ചു കൊണ്ട് എനിക്കൊന്നും വേണ്ട അച്ചാ എന്ന ചിറ്റപ്പന്റെ വാക്ക് കേട്ടിട്ടാകണം, അച്ചൻ റോസിയാന്റിയെയും കൊണ്ട് സെമിത്തേരിയിലേക്ക് നടന്നത് ..

കുടുംബ കല്ലറക്കു മുന്നിൽ റോസിയാന്റിയുമായി എത്തി, അപ്പച്ചന്റെ കല്ലറക്ക് മുന്നിൽ നിർത്തിയിട്ട് "നിങ്ങൾ എന്ത്‌ ഭാഗ്യം ചെയ്ത പപ്പയായിട്ടാണ് ഇങ്ങനെയൊരു മകളെ കിട്ടിയതെന്ന് എനിക്ക് അറിയില്ല, പക്ഷേ എനിക്ക് ഒന്നറിയാം ഇന്ന് മകളുടെ മുഖത്തെ വിഷമം മാറാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാവും, വളരെ വൈകിയെന്ന് അറിയാം എങ്കിലും ഇനിയുള്ള കുറച്ചു കാലം ഞാൻ ഇവളെ പപ്പനെ ഏൽപ്പിക്കുവാ എന്നു പറഞ്ഞ് റോസിയുടെ കൈപിടിച്ചു ചിറ്റപ്പനെ ഏൽപ്പിച്ചപ്പോൾ അതുവരെ തെളിഞ്ഞു നിന്ന അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമായി, ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു...

അവരുടെ പ്രണയത്തിൽ മാലാഖമാർ പോലും സന്തോഷിക്കുന്നുണ്ടെന്ന് അച്ഛൻ എന്നെ ചേർത്തു നിർത്തി പറഞ്ഞപ്പോൾ, പ്രണയത്തിന്റെ പേരിൽ പച്ചക്ക് തീ കൊളുത്തുന്ന ഇന്നത്തെ തലമുറക്ക് സത്യത്തിൽ പ്രണയമെന്ന വാക്ക് പറയാൻ പോലും അർഹതയുണ്ടോന്ന് പോലും എനിക്ക് സംശയമായിരുന്നു...