നരച്ച ചിത്രങ്ങൾ (കഥ)

ചൂടുപിടിച്ച് പഴുത്ത എന്റെ തലയിലേയ്ക്ക് വേവലാതികളെല്ലാം കുടഞ്ഞിട്ടു കൊണ്ട്, നരച്ച ഭിത്തികളും, പോറലുകൾ നിറഞ്ഞ തറയുമുള്ള, കുടുംബക്കോടതിയിലെ മഞ്ഞച്ച ബഞ്ചുകളിലൊന്നിൽ ഞാനിരുന്നു.

ർ ണിം…….. ർ ണിം….. ബെൽ മുഴങ്ങി. മണി പതിനൊന്ന്. കോടതി കൂടുന്ന സമയം.

ആകെ നിശബ്ദത. കറുത്ത കോട്ടണിഞ്ഞ മെലിഞ്ഞ ജഡ്ജി കടന്നു വന്നു വക്കീലന്മാർ ഇരിക്കുന്ന ഭാഗം നോക്കി തൊഴുതു. പിന്നെ അൽപം ഉയരത്തിലുളള തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.

"ഓപി 94/2015……“ ബഞ്ച് ക്ലർക്ക് ഉറക്കെ വിളിച്ചു.

അതെന്റെ നമ്പർ ആണ്. ഇരുന്നിടത്തു നിന്നും ഞാൻ എണീറ്റു, കോടതിയുടെ വലതു വശത്തേയ്ക്കു നീങ്ങി നിന്നു. കോടതി എന്റെ പേപ്പറുകൾ പരിശോധിച്ചു മാറ്റി വച്ചു. പിന്നെ ബഞ്ച് ക്ലാർക്ക് ഉറക്കെ പറഞ്ഞു, “വീണ്ടും വിളിക്കും”.

ഞാൻ ഇരുന്ന ഇരിപ്പിടം ആരോ കരസ്ഥമാക്കിയിരുന്നു. അല്ലങ്കിലും ജീവിതത്തിലും, എന്റെ ഇരിപ്പിടം പോയല്ലോ. ഞാൻ പിറകിലെ നിറം മങ്ങിയ കസേരകളിലൊന്നിൽ ഇരുന്നു. 

ചുറ്റും നിൽക്കുന്ന മനുഷ്യരിൽ പലർക്കും നിറമില്ലാത്ത ജീവിതങ്ങളാണെന്നു തോന്നി. 

ഓ പി എല്ലാം വിളിച്ചു തീർന്നതിനു ശേഷം വീണ്ടും എന്റെ നമ്പർ വിളിച്ചു. വിസ്തരിക്കാൻ റെഡി ആണെന്ന് വക്കീൽ അറിയിച്ചു. ബഞ്ച് ക്ലർക്കിന്റെ നിർദ്ദേശാനുസരണം ഞാൻ വിസ്താരക്കൂട്ടിലേയ്ക്ക് കയറി.

നേരെ കാണുന്ന ഭിത്തിയിൽ ഗാന്ധിജിയുടെ പടം ഉണ്ട്. ഇടതുവശത്തെ ചുമരിൽ അശോകസ്തംഭവും.

“കോടതി മുന്നാകെ സത്യം മാത്രമേ ബോധിപ്പിക്കു എന്ന് ഈശ്വരൻ സാക്ഷിയായി സത്യം ചെയ്യുന്നു.” ബഞ്ച് ക്ലാർക്ക് ചൊല്ലി തന്നത് ഞാൻ ഏറ്റു പറഞ്ഞു.

വിസ്താരക്കൂടിന്റെ ഇടത്തെ തൂണിനടുത്തായി എട്ടു വർഷം എനിക്കൊപ്പം താമസിച്ച് എന്നെ ഇല്ലാതാക്കിയ ആൾ നിൽപ്പുണ്ട്.

“നിങ്ങളും എന്റെ കക്ഷിയും ഇപ്പൊഴും ഭാര്യയും ഭർത്താവും അല്ലേ?” എതിർ ഭാഗം വക്കീൽ എന്നോട് ചോദിച്ചു.

"നിയമപരമായി അതെ" മറുപടി പറഞ്ഞിട്ട് ഞാൻ ഗാന്ധിജിയുടെ ചിത്രത്തിലേയ്ക്ക് നോക്കി. ഗാന്ധിജി എന്നെ നോക്കി പുഞ്ചിരിച്ചു.

"നിങ്ങൾ വിവാഹ ബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?"

"തീർച്ചയായും ആഗ്രഹിക്കുന്നു."

“എന്നിട്ട് നിങ്ങളുടെ സത്യവാങ്മൂലത്തിൽ ഡിവോഴ്സ് വേണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടിട്ടില്ലല്ലോ? നിങ്ങളുടെ സ്വർണ്ണവും പണവും തിരികെ വേണമെന്ന് മാത്രമാണല്ലോ ആവശ്യം’ “

"ജോയ്ന്റ് പെറ്റീഷൻ സൈൻ ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് അയാൾ ആണ് എനിക്ക് നോട്ടിസ് അയച്ചത്. അയാൾ കൈക്കലാക്കിയ എന്റെ സ്വത്ത് തിരികെ തരാമെങ്കിൽ സൈൻ ചെയ്തു കൊടുക്കാൻ തയാറാണ് എന്നു ഞാൻ റിപ്ലൈ ചെയ്തിരുന്നു. അതിൻ പ്രകാരം, എന്റെ സ്വത്തുക്കൾ തിരികെ കിട്ടാനും, അയാൾ ചെയ്ത ക്രൂരതകൾ ബോധ്യപ്പെടുത്താനുമായാണ് ഈ കേസ് ഫയൽ ചെയ്തത്."

"നിങ്ങൾ പറഞ്ഞല്ലോ, ഭർത്താവ് നിങ്ങളെ ഉപദ്രവിക്കുമായിരുന്നുവെന്നും, നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടു എന്നും, എന്നിട്ട് നിങ്ങൾ എവിടെയും പരാതിപ്പെട്ടില്ല?"

"ഇവിടെ കോടതിയിൽ പരാതിപ്പെട്ടിട്ടുണ്ട്."

“നിങ്ങൾക്ക് വിവാഹത്തിനു മുന്നേ ജോലി ഉണ്ടായിരുന്നോ ?”

"ഇല്ല "

“അപ്പോൾ വിവാഹ സമ്മാനമായി നിങ്ങൾ അണിഞ്ഞിരുന്നുവെന്ന് പറയുന്ന സ്വർണ്ണവും, പണവും ആരു വാങ്ങി നൽകിയതാണ്?”

“എന്റെ അച്ഛൻ “

“ഓകെ. അപ്പോൾ അത് നിങ്ങൾ സമ്പാദിച്ചതല്ല. അല്ലേ?”

“ഞാൻ സമ്പാദിച്ചതല്ല.….”

"അപ്പോൾ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല അത് ആവശ്യപ്പെടാൻ?"

''ഉണ്ട്. എന്റെ അച്ഛൻ എനിക്കു തന്നത് എനിക്കർഹതയുള്ളതാണ്."

"അതെങ്ങനെ ശരിയാവും നിങ്ങൾ സമ്പാദിച്ചതല്ലല്ലോ?"

"പക്ഷേ, എന്റച്ഛൻ എനിക്കു തന്നത് എന്റേതാണ്."

"നിങ്ങൾ സമ്പാദിക്കാത്തത് എങ്ങനെ നിങ്ങളുടേതാവും?"

വക്കീലിതെന്ത് അസംബന്ധമാണ് ചോദിക്കുന്നതെന്നോർത്തു അമ്പരന്ന് ഞാൻ ഗാന്ധിജിയെ നോക്കി. ഗാന്ധിജി മുഖത്തെ വട്ടകണ്ണട അമർത്തിവച്ചു. പിന്നെ ചിത്രത്തിൽ നിന്നിറങ്ങി നടന്നു വന്നു വിസ്താരക്കൂട്ടിലെത്തി എന്റെ കൈ പിടിച്ചു പറഞ്ഞു. "നമ്മുടേതെന്ന് തികച്ചും ബോദ്ധ്യമുള്ളതൊന്നും വിട്ടുകൊടുക്കാൻ പാടില്ല."

“എന്റെ അച്ഛൻ എനിക്കു തന്നത് എന്റേതാണ്.” ഞാൻ തലയുയർത്തി ഉറക്കെ പറഞ്ഞു.

“ഹെയ് ! അതെങ്ങനെ നിങ്ങളുടെ സ്വത്താവും?”

“എന്റെ അച്ഛൻ എനിക്കായ് തന്നതെല്ലാം എന്റേതാണ്.”

എന്നെ നോക്കി ഗാന്ധിജി പുഞ്ചിരിച്ചു, മെല്ലെ പറഞ്ഞു.

“മിടുക്കി.”

അപ്പോൾ കോടതി ഇടപെട്ടു വക്കീലിനോടു പറഞ്ഞു, 

“ഒരച്ഛൻ തന്റെ മകൾക്കായി നൽകിയതെല്ലാം തീർച്ചയായും മകളുടേതാണ്. മറ്റെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കൂ.“ വക്കീൽ അതു പ്രതീക്ഷിച്ചിരുന്നില്ലായിരിക്കാം. അയാളുടെ കുറി വരയ്ക്കപ്പെട്ടിരുന്ന നെറ്റി ചുളുങ്ങി.

ഇടയ്ക്കസഹനീയമായ ചോദ്യങ്ങളും ,ഊള ചിരികളും, എതിർ ഭാഗം വക്കീലിന്റെ ഭാഗത്തു നിന്നുമുതിർന്നപ്പോൾ, ഞാൻ വിനീതമായി പറഞ്ഞു,

" പ്ലീസ് ബിഹേവ് യുവർ സെൽഫ് " 

" ബിഹേവ് ചെയ്യാൻ നിങ്ങളെന്നെ പഠിപ്പിക്കണ്ട "

അങ്ങനത്തെ പാഴ്ശ്രമങ്ങൾ നടത്താൻ ഞാനുദ്ദേശിക്കണില്ല എന്നു പറയൻ ഞാനാഗ്രഹിച്ചെങ്കിലും ഗാന്ധിജി എന്നെ തടഞ്ഞു പറഞ്ഞു “കോപം അടക്കുന്നവനാണ് ശക്തിമാൻ’’

പിന്നത്തെ ചോദ്യങ്ങൾ ഭർത്താവിന്റെ ബിസിനസിനെ കുറിച്ചായിരുന്നു. അയാൾക്ക് വരുമാനമില്ലന്നു തെളിയിക്കാൻ അയാളുടെ വക്കീൽ ആവതു ശ്രമിക്കുകയാണ്. അയാൾ പാപ്പരാണെന്നു തെളിഞ്ഞാൽ പിന്നൊന്നും തിരിച്ചുതരണ്ടല്ലോ.

ബിസിനസ്സ് നഷ്ടത്തിലാണെന്നും അയാൾ കഷ്ടത്തിലാണെന്നും വക്കീൽ വാദിച്ചു.

അയാളുടെ സ്ഥലകച്ചവടത്തെ പറ്റി ഞാൻ പറഞ്ഞപ്പോൾ അങ്ങനൊന്നു അയാൾ ഇന്നേ വരെ നടത്തിയിട്ടില്ലന്നു പറഞ്ഞു. വക്കീൽ വീണ്ടുമെന്നെ ആക്ഷേപിച്ചു സംസാരിച്ചു. ഞാനയാളോട്  ബിഹേവ് യുവർ സെൽഫ് എന്ന് റഫ് ആയി പറഞ്ഞു.

"ചുമ്മാതല്ല ഇപ്പൊ ഇവിടിങ്ങനെ നിൽക്കേണ്ടി വന്നത്."

എന്റെ മനസ്സ് പൊടിഞ്ഞു, നിണമണിഞ്ഞു. എത്രമാത്രം സ്വപ്നങ്ങളണിഞ്ഞാണ് ഞാൻ വിവാഹിതയായത്! മനോഹരമായ ചില്ലുപാത്രം പൊട്ടി തകരുന്നത്രയും വേഗത്തിൽ എന്റെ സ്വപ്നങ്ങൾ ചിതറിപ്പോയി. ആ വേദന അടക്കിപിടിച്ച് ഈ കൂട്ടിലിങ്ങനെ നിൽക്കുമ്പോൾ ഇനിയൊരു പെൺകുട്ടിയും ഇവിടെ കേറല്ലേ എന്നു പ്രാർത്ഥിക്കുന്നു.

ആ വക്കീൽ ഒരിക്കലും ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കില്ല തീർച്ച! 

സ്വന്തം കക്ഷിക്കു വേണ്ടി ആത്മാർഥത കാണിക്കുന്നത് തെറ്റല്ലെങ്കിലും, ഒരു സ്ത്രീയുടെയോ പുരുഷന്റെയോ മുഖത്ത് നോക്കി അവരിപ്പോൾ അനുഭവിക്കുന്ന ദുർഘടാവസ്ഥയെ പരിഹസിക്കുന്നയാൾ മനുഷ്യനേയല്ല. പണത്തിനു വേണ്ടി എന്തും ചെയ്യുന്നവൻ തന്നെ.

എന്തായാലും എന്റെ എതിർ കക്ഷിക്കു പറ്റിയ വക്കീൽ തന്നെ.

തകർന്നു നിന്ന എന്റെ കൈ പിടിച്ച് ഗാന്ധിജി പറഞ്ഞു. “ആദ്യം നിന്നെയവർ അവഗണിക്കും, പിന്നെപരിഹസിക്കുകയും, പുച്ഛിക്കുകയും ആക്രമിക്കുകയും ചെയ്യും, അതിനു ശേഷമായിരിക്കും നിന്റെ വിജയം”

ഞാൻ ശക്തിയായ് ശ്വാസം എടുത്ത് പുറത്തേക്ക് വിട്ടു. പിന്നെ ആ വക്കീലിനു മറുപടി കൊടുത്തു.

“എന്റെ അവസ്ഥ ഞാൻ സഹിച്ചോളാം. മൈൻഡ് യുവർ ഓൺ ബിസിനസ്സ് ഒൺലി .”

“കോടതി കേട്ടോണ്ടിരിക്കുകയാണ് നിങ്ങളുടെ അഹങ്കാരം. എന്തായാലും കോടതിയോട് ഇമ്മാതിരി വർത്താനം പറയാത്തത് ഭാഗ്യം.”

വീണ്ടും ഊള ചിരിയോടെ ആ വക്കീൽ പറഞ്ഞു. എന്നെ തന്നിഷ്ടക്കാരിയായി അവതരിപ്പിക്കാനുള്ള അയാളുടെ അടവ്.

പക്ഷേ, കോടതി പ്രതികരിച്ചില്ല. എനിക്ക് വേദന തോന്നി. കോടതിയുടെയും മറ്റ് വക്കീലന്മാരുടെയും, കക്ഷികളുടെയും മുന്നിൽ വച്ചാണ് ആ വക്കീൽ എന്നെ അപമാനിച്ചത്. കോടതി അത് വിലക്കേണ്ടതായിരുന്നു.

അപ്പോഴേയ്ക്കും, മുന്നിലിരുന്ന എന്റെ വക്കീൽ എഴുന്നേറ്റു നിന്നു കോടതിയെ വണങ്ങിയതിനു ശേഷം തിരിഞ്ഞ് എതിർ വക്കീലിനോട് പറഞ്ഞു,

" താങ്കൾ മോശമായല്ലേ അവരോട് സംസാരിച്ചത്? അവർക്കും ഇമോഷനും, ആറ്റിറ്റ്യൂഡും ഉണ്ട്. അതുകൊണ്ടാണവർ പ്രതികരിച്ചത്."

എനിക്കപ്പോൾ എന്തുകൊണ്ടോ ആശ്വാസം തോന്നി. വ്യക്തിപരമായ യാതൊന്നും എന്റെ വക്കീലിനെ കുറിച്ച് എനിക്കറിയില്ലങ്കിലും, അദ്ദേഹം ഒരു പെൺകുഞ്ഞിന്റഎ അച്ഛനായിരിക്കുമെന്ന് ആ നിമിഷത്തിൽ എനിക്കു തോന്നി.

പിന്നീടദ്ദേഹം കോടതിയോടു പറഞ്ഞു,

“അവരെ സംബന്ധിച്ചിടത്തോളം അവരെ ഉപദ്രവിച്ച ഭർത്താവിന്റെ റപ്രസന്റേറ്റിവ് ആണ് ആ വക്കീൽ. അവർക്ക് വക്കീലിനോടല്ല ദേഷ്യം."

എനിക്ക് എതിർഭാഗം വക്കീലിനോട് ദേഷ്യമുണ്ടെന്നും, എന്റെ ആത്മാഭിമാനം വൃണപ്പെടുത്തന്നായാളെ ഞാനംഗീകരിക്കില്ല എന്നും പറയാൻ ഞാനാഗ്രഹിച്ചു.

പക്ഷേ അപ്പോഴേയ്ക്കും കോടതി ഇടപെട്ടു..

“കുടുംബക്കോടതിയിൽ ഇമോഷണലായ പല രംഗങ്ങളും കാണേണ്ടി വരും. കണ്ടു കൊണ്ടിരിക്കാനേ കഴിയൂ.” അതു തൃപ്തികരമായ മറുപടി ആയി എനിക്കു തോന്നിയില്ല.

എന്റെ ഹൃദയം സങ്കടത്താൽ നീറുകയായിരുന്നു. ജീവിതകാലം മുഴുവൻ ഒരു കൂട്ട് പ്രതീക്ഷിച്ചാണ് താലി അണിഞ്ഞത്. എന്നിട്ട് ഒരു പ്രതിസന്ധി വന്നപ്പോൾ താലിയും പറിച്ചെടുത്ത് അയാൾ പോയി. അയാളുടെയും കൂടിയായ കുഞ്ഞിനെ പോലും ഒന്നു തിരിഞ്ഞു നോക്കുന്നില്ല. സ്വന്തം സുഖം മാത്രം തിരയുന്ന ആ വൃത്തികെട്ടവനാണിപ്പൊ നിഷ്കളങ്കത നടിച്ച് തൂണിനു പിറകിൽ നിൽക്കുന്നത്.

മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു, വിശ്വാസം നേടിയെടുക്കാനുള്ള അയാളുടെ കഴിവിനോട് എനിക്ക് അറപ്പാണ്.

എങ്കിലും എന്റെ ചങ്ക് പൊടിഞ്ഞു. അയാളെന്തിനാണ് എന്നെയും കുഞ്ഞിനെയും വലിച്ചെറിഞ്ഞത്? അയാൾക്ക് സ്നേഹിക്കായിരുന്നില്ലേ ഞങ്ങളെ? അയാളുടെ ബലിഷ്ഠമായ കൈകളാൽ ഹൃദയത്തോട് ചേർത്തു പിടിക്കായിരുന്നില്ലെ എന്നെ? കുഞ്ഞിനെയെങ്കിലും അയാൾക്കു സ്നേഹിക്കായിരുന്നില്ലേ?

അയാളെയോർത്ത് ഒരിക്കലും കണ്ണീർ തുള്ളികൾ പാഴാക്കില്ലന്ന് പ്രതിജ്ഞയെടുത്തതാണ് ഞാൻ. ആ പ്രതിജ്ഞ തെറ്റും മുന്നേ ഗാന്ധിജി എന്നെ ചേർത്തു പിടിച്ചു കണ്ണിലേയ്ക്കു നോക്കി പറഞ്ഞു

“ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയുന്നില്ലെന്നു തീരുമാനിക്കുന്നതാണു ശക്തി.”

അതെ. ഇവനു മുന്നിൽ ഞാൻ അടിയറവു പറയില്ല. ഏറ്റവും വലിയ നീചപ്രവൃത്തിയായ, സ്വന്തം ഭാര്യയെയും, കുഞ്ഞിനെയും ഉപേക്ഷിക്കുന്ന മറ്റു ചെകുത്താന്മാർക്കും ഇതൊരു പാഠമായിരിക്കണം. ഇനി ഇതുപോലുള്ളവർ ഉണ്ടാവരുത്‌.

പിന്നെയും എതിർ ഭാഗം വക്കീൽ അനാവശ്യ ആക്ഷേപങ്ങളും ഊളചിരികളും പുറപ്പടുവിച്ചുകൊണ്ട് അന്തരീക്ഷം മലിനമാക്കിക്കൊണ്ടിരുന്നുവെങ്കിലും ഗാന്ധിജി എന്നെ പതറാൻ അനുവദിച്ചില്ല.

അവസാനം വക്കീൽ കൈയിലെ ചോദ്യങ്ങളുടെ സ്റ്റോക്ക് തീർന്നിട്ടാവും വിസ്താരം അവസാനിപ്പിച്ചു.

ഞാനും ഗാന്ധിജിയും വിസ്താരക്കൂട്ടിൽ നിന്നിറങ്ങി. പിരിയുന്നതിനു മുന്നേ ഗാന്ധിജി എന്നെ ഓർമിപ്പിച്ചു. “ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നതു വിജയവും, ശ്രമം നിർത്തുന്നതു പരാജയവുമാണ്. “

ശേഷം, ഗാന്ധിജി ഫോട്ടോയിലേയ്ക്കും, ഞാൻ കോടതി എന്റെ മൊഴി എഴുതിയെടുത്ത കടലാസിൽ ഒപ്പുവയ്ക്കാനായും പോയി.

വായിച്ചു കേൾക്കാതെങ്ങനാ വായിച്ചു കേട്ടു എന്ന് ഒപ്പുവയ്ക്കുക എന്ന ചോദ്യത്തിന്, ഇങ്ങനാണ് കീഴ്​വഴക്കം, അല്ലാതെ ആരും വായിച്ചു കേൾക്കാറില്ല എന്ന് ക്ലാർക്ക് പറഞ്ഞു. അതു ശരിയായി തോന്നിയില്ലങ്കിലും ഞാൻ പ്രതിഷേധിച്ചില്ല.

ഞാൻ പുറത്തേയ്ക്ക് നടക്കുമ്പോൾ സരിത ഓടി എത്തി. അവളും ഒരു ചെകുത്താനെതിരെ പോരാടുന്നവളാണ്.

എന്റെ കൈ പിടിച്ചു കൊണ്ടവൾ പറഞ്ഞു, " മിടുക്കി, ഒട്ടും പതറിയില്ല.എൻ്റൊപ്പവും വിസ്താരക്കൂട്ടിൽ ഗാന്ധിജി ഉണ്ടായിരുന്നു."

ഞാനും അവളും പരസ്പരം പുഞ്ചിരിച്ചു. നരച്ചചിത്രങ്ങളുടെ ചിരി. ഞങ്ങൾ ഗാന്ധിജിയെ നോക്കി. ഗാന്ധിജി പുഞ്ചിരി തൂകി കൊണ്ട് അശോകസ്തംഭം ചൂണ്ടിക്കാട്ടി.

സത്യമേവ ജയതെ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT