ഷാനുക്കന്റെ മിസ്സ് (കഥ)

ക്ലാസ്സിലേക്ക് ഒരുങ്ങി ഇറങ്ങുമ്പോഴേ പെങ്ങൾ ഒന്നാക്കി ചിരിക്കുന്നുണ്ടായിരുന്നു, എന്താടി ഹിമാറെ എന്ന് ഓളോട് കണ്ണുരുട്ടി ചോദിച്ചപ്പോഴേക്കും "ഹേയ് ഒന്നുമില്ല, നാത്തൂനേ കാണുവാണെങ്കിൽ ഇങ്ങക്ക് രണ്ടടി അധികം തരാൻ പറഞ്ഞൂന്ന് പറഞ്ഞേക്ക്" എന്നു പറഞ്ഞ് ഓള് അകത്തേക്ക് ഓടി. ഉമ്മാ ഇങ്ങള് ഈ കുരിപ്പിനെ എവിടെങ്കിലും കൊണ്ടുപോയി കളഞ്ഞേക്കെന്നു പറഞ്ഞ് മുഖത്തു വന്ന ചമ്മലും ഒളിപ്പിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു കോളജിലേക്ക് പോകും മുന്നേ ഷിബിലിയെ ഒന്നു വിളിച്ചു. ഒരൊറ്റ ബെല്ലിൽ തന്നെ ഫോൺ എടുത്തു, ടീച്ചർ കാത്തിരിക്കുവായിരുന്നോ ഈ പാവം വിദ്യാർഥിയുടെ കോള് എന്നു ചോദിച്ചു തീരും മുമ്പേ അവളുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു...

ദേ പിന്നെ, ബസ് വരുന്നുണ്ട്. പറഞ്ഞത് ഓർമയുണ്ടല്ലോ. കോളജിൽ എത്തിയാൽ നല്ല കുട്ടിയായിരിക്കണേ പ്ലീസ് എന്നു പറഞ്ഞ് അവൾ ഫോൺ കട്ടാക്കിയപ്പോൾ ചിരിച്ചു കൊണ്ട് ഞാൻ കോളജിലേക്ക് തിരിച്ചു ...

ഡിഗ്രി കഴിഞ്ഞ് ഒന്നുരണ്ടു വർഷം വെറുതെ വീട്ടിൽ ഇരിക്കുന്നത് കണ്ടിട്ടാ വാപ്പയുടെ സുഹൃത്തിന്റെ കമ്പനിയിലേക്ക് ജോലി വാപ്പ ശരിയാക്കി തന്നത്. മൂന്നു വർഷം നാട്ടിൽ വരാതെ ദുബായ് ലൈഫ് അടിച്ചു പൊളിക്കുന്നതിനിടയിലാണ് സ്വദേശി വൽക്കരണത്തിലൂടെ കമ്പനിക്ക് പൂട്ട് വീഴുന്നത്. നാട്ടിലെത്തി തേരാപാര നടക്കുന്നത് കണ്ടിട്ടാകണം വലിയ മോശമല്ലാത്ത മാർക്കുള്ളതു കൊണ്ട് പിജിക്ക് ജോയിൻ ചെയ്യാൻ പ്രിൻസിപ്പൽ പറഞ്ഞത് ...

ആദ്യം തട്ടി കളഞ്ഞെങ്കിലും വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ ചെന്ന് അഡ്മിഷൻ എടുത്തു. ആദ്യത്തെ ദിവസത്തെ ക്ലാസ്സ് ഷിബിലി ടീച്ചറിന്റെയും. കണ്ടാൽ ഒരു ഇരുപത്തിമൂന്ന് വയസ്സ്, ഉണ്ടക്കണ്ണിനും ചിരിക്കും ഒരു പ്രത്യേക മൊഞ്ചായിരുന്നുവെങ്കിലും ആള് മുടിഞ്ഞ ജാടയാണ്, വാ തുറന്നാൽ ഇംഗ്ലിഷ് അല്ലാതെ വേറെ ഒന്നും വരില്ല, പക്ഷേ എനിക്ക് ദേഷ്യം തോന്നാനുണ്ടായ കാരണം ഇതൊന്നുമല്ലായിരുന്നു..

അന്ന് ക്ലാസ്സിൽ ഓരോരുത്തരെയായി പരിചയപ്പെട്ട് എന്റെ അടുത്ത് എത്തിയപ്പോൾ, എന്നെ മൈൻഡ് ആക്കാതെ അടുത്തുള്ള വരിയിലേക്ക് പോയപ്പോൾ എല്ലാവരുടെയും നോട്ടം എന്നിലേക്കായി. അന്നുവരെ അവരോട് ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് ആ അവഗണന എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

പിന്നീട് ഞാൻ പറ്റാവുന്നതിന്റെ മാക്സിമം അവരുടെ ക്ലാസ്സുകൾ മിസ്സ് ചെയ്യാതായി. എന്നെക്കൊണ്ട് പറ്റുന്നതു പോലെ അവരുടെ ക്ലാസുകൾ കുളമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കലാപരിപാടികൾ കൂടുതലാകുമ്പോൾ കണ്ണുരുട്ടി എന്നെ നോക്കുന്നതു കണ്ടിട്ട് മീശയൊന്ന് പിരിച്ചു കാണിക്കും. പെട്ടെന്നു തന്നെ അവരുടെ നോട്ടം മറ്റുള്ളവരിലേയ്ക്കാകും ...

അന്ന് ക്ലാസ് എടുക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നപ്പോഴാണ് അവരുടെ സാരിയുടെ ബാക്ക് കീറിയിരിക്കുന്നത് കണ്ടത്. കിട്ടിയ അവസരം മുതലാക്കി മിസ്സിന്റെ സാരി കീറിയിട്ടുണ്ടല്ലോ എന്ന് കുറച്ചു ശബ്ദമെടുത്തു ഞാൻ പറഞ്ഞത് പെട്ടെന്ന് ക്ലാസ്സിൽ ഒരു ചിരി പടർത്തി. തിരിഞ്ഞു നിന്ന് പെട്ടെന്ന് കൈ കൊണ്ട് അവർ മറച്ചു വെച്ചിട്ട് ഞങ്ങളെ നോക്കിയപ്പോൾ നിറഞ്ഞു കലങ്ങിയ അവരുടെ കണ്ണുകൾ ക്ലാസിനെ പെട്ടെന്ന് നിശ്ശബ്ദതയിലാക്കി, ക്ലാസ്സിലെ ഒരു പെൺകുട്ടിയോടൊപ്പം സ്റ്റാഫ് റൂമിലേക്ക് നടക്കും മുമ്പ് നിറഞ്ഞ അവരുടെ കണ്ണുകളുടെ നോട്ടം ഒരിക്കൽക്കൂടി എന്റെ മേൽ പതിഞ്ഞപ്പോഴാണ് ചെയ്തത് ഒരു വലിയ തെറ്റായിപോയെന്ന് മനസ്സിലായത് ...

ക്ലാസ്സ്‌ കഴിഞ്ഞ് ഒരു മാപ്പ് പറയാമെന്ന് കരുതി സ്റ്റഫ് റൂമിലേക്ക്‌ ചെന്നപ്പോഴേക്കും ഒരാഴ്ച ലീവ് എടുത്തു അവർ നേരത്തെ വീട്ടിലേക്ക് പോയി എന്നറിഞ്ഞു. എങ്ങനെയെങ്കിലും ഒന്നു കാണണമെന്ന് കരുതിയാണ് വേറെയൊരു അധ്യാപകൻ വഴി അഡ്രസ്സ് തപ്പി പിടിച്ച് അവരുടെ വീട്ടിൽ എത്തിയത്. 

പഴയതാണെങ്കിലും, ചെറുതാണെങ്കിലും ആ വീടും വൃത്തിയും എന്തോ പെട്ടെന്ന് മനസ്സിൽ തറച്ചു. പ്രായമായ ഉപ്പാക്ക് സുലൈമാനിയുമായി ഉമ്മറത്തേക്ക് ഇറങ്ങി വന്ന അവർ എന്നെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പെട്ടെന്നു തന്നെ ചെറുതായി ഒന്നു ചിരിച്ചു. കയറിയിരിക്കൻ പറഞ്ഞിട്ട് അകത്തേയ്ക്ക് പോയി ..

ചെറുപ്പത്തിലെ ഉമ്മ മരണപ്പെട്ടതാണെന്നും, മോളോടുള്ള ഇഷ്ടം കൊണ്ട് വേറെ ഒരു കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും., പഠിക്കാൻ മിടുക്കിയായതു കൊണ്ട് പഠിച്ച് ഒരു ജോലി വാങ്ങി എന്നെ നോക്കണമെന്നതാ അവളുടെ ആഗ്രഹം എന്നൊക്കെ മോളെക്കുറിച്ചു വാ തോരാതെ ആ ഉപ്പ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് കടുപ്പം കുറഞ്ഞ ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായി ഷിബിലി ഞങ്ങളുടെ അടുക്കലേക്ക് വന്നത്...

തല കുനിച്ചിരുന്ന എന്റെ നേർക്ക് കട്ടൻ ചായ നീട്ടിയിട്ട് എന്തേ ഷാനു വന്നതെന്ന ചോദ്യത്തിന്, ആ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് തല താഴ്ത്തി ഒരു സോറി പറഞ്ഞു. സാരമില്ല ചെയ്തത് തെറ്റാണെന്നുള്ള തിരിച്ചറിവ് അതാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നു പറഞ്ഞിട്ട് തിരിഞ്ഞപ്പോഴേക്കും "ഉപ്പാടെ ഈ പൊന്നുമോളെ ഞാൻ കെട്ടിക്കോട്ടേ" എന്ന് ഉപ്പയോടുള്ള എന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി ...

ചെയ്ത കുറ്റത്തിന്റെ സഹതാപമല്ല, ഉപ്പയെ പൊന്നു പോലെ നോക്കുന്ന ഈ മോളെ ഒത്തിരി ഇഷ്ടമായിട്ട് തന്നെയാണെന്ന് പറഞ്ഞപ്പോൾ അവർ രണ്ടും കണ്ണുകൾ കൊണ്ട് പരസ്പരം നോക്കുന്നുണ്ടായിരുന്നു... ഇപ്പോൾ ഒന്നും പറയണ്ട, നാളെ വീട്ടുകാരോടൊപ്പം ഞാൻ വരും. അപ്പോൾ പറഞ്ഞാൽ മതീന്നുള്ള എന്റെ വാക്കുകൾക്ക് എന്തോ തടസ്സം പറയാൻ അവൾ മുതിർന്നപ്പോഴേക്കും ഞാൻ അവിടെ നിന്നും ഇറങ്ങിയിരുന്നു...

വീട്ടുകാരോടൊപ്പം അവിടെ ചെന്ന് അവളെ കണ്ടു. ഓളെ കണ്ടപ്പോൾ തന്നെ ഉമ്മാന്റെ മുഖത്ത് നിറഞ്ഞ ഒരു ചിരി കണ്ടു. അവളോടൊന്നും ചോദിക്കാതെ കയ്യിൽ കിടന്ന വള ഊരി അവളുടെ കയ്യിൽ ഇട്ടു കൊടുത്തു ഉമ്മച്ചി. ഓൻ ഉടനെ ഉപ്പാന്റെ അടുത്തേക്ക് പോകും , പോയി വന്നയുടനെ മോളെ ഞങ്ങള് കൊണ്ട് പോകുമെന്ന് ഉപ്പയോട് പറഞ്ഞപ്പോ സന്തോഷം കൊണ്ട് ആ കണ്ണും നിറയുന്നത് എനിക്ക് കാണാമായിരുന്നു ...

യാത്ര പറഞ്ഞിറങ്ങും മുമ്പ്, ഷാനുനോട് ഒന്ന് സംസാരിക്കണമെന്ന് അവൾ പറയുന്നതു കേട്ട്, സ്റ്റുഡന്റ് ആകുമ്പോൾ പേര് വിളിക്കാല്ലേന്ന പെങ്ങളുടെ കമന്റ് കേട്ട് അവിടെ മൊത്തം ചിരി പടർന്നിരുന്നു.  

എനിക്ക് വാപ്പയെ നോക്കണം എന്ന അവളുടെ ആവശ്യം കേട്ട് ചിരിച്ചു കൊണ്ട് തലയാട്ടിയിട്ട് ആ കണ്ണുകളിൽ നോക്കി ഷിബിലി മിസ്സ് ഇനിയൊന്ന് പറഞ്ഞെ അന്നെന്താണ് എന്നെ മാത്രം പരിചയപ്പെടാതെ പോയതെന്ന എന്റെ ചോദ്യത്തിന് കൊമ്പൻമീശക്കാരെ എനിക്ക് പേടിയാണെന്നുള്ള അവളുടെ മറുപടി കേട്ട് ഞാൻ പൊട്ടി ചിരിച്ചു പോയി ...

ബൈക്ക് കോളജിന്റെ മുന്നിൽ നിർത്തി, അവളെയും കാത്തു നിന്നപ്പോൾ തന്നെ ബസ് ഇറങ്ങി നടന്നു വരുന്നുണ്ടായിരുന്നു എന്റെ ഉണ്ടക്കണ്ണി, കണ്ണു കൊണ്ട് പോ പോ എന്ന് പലതവണ ആംഗ്യം കാണിച്ചിട്ടും മൈൻഡ് ആക്കാതെ മീശ പിരിച്ചു നിന്ന എന്റെ അടുത്തെത്തി മീശ താഴോട്ടാക്കി, ഒരു കള്ള ചിരിയും നൽകി അവൾ കോളജിലേക്ക് കയറിയപ്പോഴേക്കും അകത്തു നിന്നും ഷാനുക്കന്റെ മിസ്സ് വന്നെന്നുള്ള കൂട്ടുകാരുടെ കമന്റുകൾ എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു...