ഇരുട്ടിന്റെ മറപറ്റി ഗർഭിണികളെ തേടി വരുന്ന ഒടിയൻ!
നിഴലുകളെഴുതിയ നൊമ്പരങ്ങൾ (കഥ)
ഓലയിറമ്പിൽ നിന്നും നേർത്തുനേർത്തിറ്റു വീഴുന്ന മഴനൂലുകളെ വിരലിൽ കോർത്തെടുത്തു കൊണ്ട് ഞാനിരുന്നു. അടുത്ത മഴയുടെ വരവറിയിച്ചുകൊണ്ട് ഇരുളിന്റെ കരിമ്പടം പുതച്ചെത്തിയ കിഴക്കൻ കാറ്റ് കരിമ്പനയോലകളിൽ പെരുമ്പറ കൊട്ടി.
തറ മെഴുകുവാനുള്ള ചാണകത്തിലേക്ക് അരച്ചു ചേർക്കാനായി ബാറ്ററിക്കരി പൊടിച്ചെടുക്കുന്ന അച്ഛമ്മയുടെ വേവലാതി കലർന്ന നോട്ടം എന്റെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ പാളി വീഴുന്നത് ഞാനറിയുന്നുണ്ട്. കോരൻ മന്ത്രവാദി ജപിച്ചു കെട്ടിത്തന്ന ഒടുവിലത്തെ ചരടും വെറുതെയായല്ലോ എന്നോർത്താവും.
നേരം ഇരുട്ടിയിട്ടും ഇളയച്ഛൻ പണി മാറ്റിയെത്തിയില്ലല്ലോ എന്നു ഞാൻ ആശങ്കപ്പെട്ടു. ഈയിടെയായി ഇളയച്ഛനിതു പതിവായിരിക്കുന്നു.
അകത്ത് ചിമ്മിനി വിളക്കിന്റെ ചെറുവെളിച്ചത്തിൽ അമ്മ മയക്കത്തിലായിരിക്കും.
ഉള്ളിലെന്തോ കത്തിയമരും പോലൊരു തോന്നലിൽ ഞാൻ വയർ അമർത്തിപ്പിടിച്ച് മുന്നോട്ടാഞ്ഞിരുന്നപ്പോൾ അച്ഛമ്മ തിടുക്കത്തിലെഴുന്നേറ്റ് അകത്തേയ്ക്കു പോയി. നീണ്ടൊരു തിരി അകത്തിട്ടു കത്തിച്ച മൺകുടവുമായി തിരിച്ചു വന്നു. കുടലാരം വയ്ക്കാനാണ്. കുടം വയറിലേയ്ക്കമർത്തിപ്പിടിച്ചപ്പോൾ സുഖമുള്ളൊരു ചൂട് വയറിനെ ഇറുക്കിപ്പിടിച്ചു.
തെല്ലൊരാശ്വാസത്തിൽ തണുത്ത തിണ്ണയിൽ അമർന്നു കിടക്കുമ്പോഴാണ് ഇളയച്ഛൻ കയറി വന്നത്.
" നിനക്കിത്തിരി നേരത്തെ വന്നൂടേ, രമേശാ ..." അച്ഛമ്മ ചോദിച്ചു. "ഈ അന്തി നേരത്ത് എന്തെങ്കിലൊരാവശ്യത്തിന് പുറത്തിറങ്ങാൻ സുമയ്ക്ക് പറ്റ്വോ... ഈ കുട്ടിക്കാണേൽ എന്നും പനിയും കുളിരും വിറയലും '' പിന്നീട് സ്വരം പരമാവധി താഴ്ത്തിയാണു പറഞ്ഞതെങ്കിലും ഞാൻ വ്യക്തമായിത്തന്നെ കേട്ടു, "ഇന്നലെ രാത്രീലും ശാരദേടെ മുറ്റത്തൂടി ഒടിയനോടീത്രെ ...!"
മാറി നിന്ന പനിയും കുളിരും തിരിച്ചു വന്ന പോലെ എന്റെ ഉള്ളു കിടുകിടുത്തു.
കുറച്ചു ദിവസങ്ങളായി ഈ പരിസര പ്രദേശങ്ങളിൽ അവന്റെ സാമീപ്യമുണ്ട്... ഒടിയന്റെ! അമ്മയ്ക്കു കുളി തെറ്റിയെന്നറിഞ്ഞതിൽ പിന്നെയാണ് ഞാനിതു കേൾക്കാൻ തുടങ്ങിയത്. ഇരുട്ടിന്റെ മറപറ്റി ഗർഭിണികളെ തേടി വരുന്ന ഒടിയൻ. വലിയ കാളയുടെ രൂപത്തിൽ ഒടിമറഞ്ഞെത്തുന്നവൻ... കുളമ്പുകൾ ഉച്ചത്തിൽ തറയിലടിച്ച് ഇടവഴികൾ താണ്ടിയെത്തുന്ന അവന്റെ പാതയിൽ തടസ്സമാകുന്നവർക്ക് അവൻ കാലൻ...
ഓലച്ചുമരിന്റെ പഴുതിലൂടെ പല രാത്രികളിൽ ശാരദേട്ടത്തി അവനെ കണ്ടിട്ടുണ്ടത്രെ. എണ്ണ മിനുപ്പാർന്ന ദേഹവുമായി, നിറനിലാവെളിച്ചത്തിൽ കുളമ്പടിച്ചു കടന്നു പോകുന്ന, വാലില്ലാത്ത, വെളുത്ത കാളക്കൂറ്റൻ... സുമയെ സൂക്ഷിക്കണേയെന്ന് ശാരദേടത്തി ഇടയ്ക്കിടെ ഓർമിപ്പിക്കും. വലിയ വയറും വിളർത്ത മുഖവുമായിരിക്കുന്ന അമ്മയെ കാണുമ്പോൾ വിഷമം തോന്നും.
എന്റെ ഓരോ സ്വപ്നങ്ങളിലേയ്ക്കും എന്തിനാണ് ഒടിയൻ കടന്നു വരുന്നതെന്നോർക്കുമ്പോൾ ആധിപുരണ്ടൊരു തേങ്ങൽ തൊണ്ടയിൽ കൂടുകെട്ടി. എത്ര തവണ മന്ത്രവാദിയെക്കണ്ടു ചരടു കെട്ടി. എത്രയിടത്ത് ഉഴിഞ്ഞുവാങ്ങി... എന്നിട്ടും.
"ഈ പെണ്ണിന് കിടക്കാനായില്ലേ..." അച്ഛമ്മ പറയുന്നതിനു ചെവി കൊടുക്കാതെ, എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ഇളയച്ഛൻ കയ്യിലിരുന്ന കടലാസ്സിൽ പൊതിഞ്ഞ മിഠായി എനിക്കു നേരെ നീട്ടി.
അൽപം പരുക്കനാണെങ്കിലും ഇളയച്ഛനെ എനിക്കിഷ്ടമാണ്. എല്ലാ ദിവസവും എനിക്കായി കരുതുന്ന ഈ മിഠായിയിൽ നിന്നും ഞാൻ നുണഞ്ഞെടുക്കുന്നത് പിന്നിട്ട വഴിയിലെപ്പോഴോ നഷ്ടപ്പെട്ടുപോയ അച്ഛന്റെ വാത്സല്യമാണ്.
മരം മുറിക്കുന്നതിനിടെ വലിയ കൊമ്പൊരെണ്ണം ദേഹത്തേയ്ക്കു വീണ് അച്ഛൻ മരിക്കുമ്പോൾ എനിക്ക് നാലു വയസ്സാകുന്നതേ ഉണ്ടായിരുന്നുള്ളൂ. പണി മാറ്റി വരുമ്പോഴത്തെ വിയർപ്പു ഗന്ധം... എടുത്തുയർത്തി ചിരിപ്പിച്ച് ഉമ്മ വയ്ക്കുമ്പോൾ നെറ്റിയിൽ പതിയുന്ന നനവ് ... അതാണെനിക്കച്ഛൻ..!
അച്ഛന്റെ മരണശേഷം സ്വന്തം വീട്ടിലേയ്ക്കു പോയ അമ്മയെ ഒരു വർഷത്തിനു ശേഷം തിരിച്ചു കൊണ്ടുവന്ന് ഇളയച്ഛനു കൈ പിടിച്ചു കൊടുത്തത് അച്ഛമ്മയാണ്.
വീണ്ടും ഇളയച്ഛന്റെ നീരസം കലർന്ന നോട്ടം എന്റെ നേർക്കു നീളുന്നതു കണ്ടപ്പോൾ എഴുന്നേറ്റ് അകത്തേയ്ക്കു നടന്നു. ഓരോ ദിവസവും ഭീതിയോടെയാണ് ഉറങ്ങാനൊരുങ്ങുന്നത്. ഇടനാഴിയിൽ തഴപ്പായ വിരിച്ച് കിടന്നു. ഉറങ്ങരുതെന്നാഗ്രഹിക്കുമ്പോഴും കണ്ണുകൾ അടഞ്ഞടഞ്ഞു പോവുകയാണ്. പതിയെപ്പതിയെ നിദ്രയുടെ നിലയില്ലാത്താഴങ്ങളിലേയ്ക്ക് വീണു പോവുന്നതറിഞ്ഞു. ചുറ്റും നിറയുന്ന കൂരിരുട്ട്.. ശേഷം ഇരുളിനെ അരിച്ചു നീക്കി മെല്ലെ പടരുന്ന അമ്പിളി വെട്ടം.
ചുറ്റും പതുങ്ങുന്ന നിഴലുകളെ ഭയന്ന് ഓടിക്കിതച്ചു ഞാൻ ചെന്നെത്തുന്ന ഇടവഴികൾ.. ഓരോ ഇലയനക്കങ്ങൾ കൊണ്ടും നിലാവു വരച്ചെടുക്കുന്ന ഭീകരരൂപങ്ങൾ.. ഇടവഴിയറ്റത്ത്, ഉയർന്ന പാറക്കല്ലിൽ തിളങ്ങുന്ന ചന്ദ്രബിംബത്തെ മറച്ചു നിൽക്കുന്ന വാലില്ലാക്കാള...! അവന്റെ തീക്കട്ട പോലെ തിളങ്ങുന്ന കണ്ണുകൾ. കുടിലതയാർന്ന ചലനങ്ങൾ...
വീണു കിടക്കുന്ന കരിയിലകളിലേയ്ക്ക് കുഴഞ്ഞുവീണ് ചതഞ്ഞമരുമ്പോൾ ദേഹത്തിഴയുന്ന അവന്റെ വഴുവഴുത്ത നാവ്. ശരീരത്തിലെ ഓരോ അണുവിനെയും ചവിട്ടിമെതിച്ച് കടന്നു പോകുന്ന കുളമ്പടികൾ ...
ദേഹം നുറുങ്ങുന്ന വേദനയോടെ സ്വബോധത്തിലേയ്ക്കുണർന്നത്, എന്നത്തേയും പോലെ സൂര്യൻ ജനലഴികളിലൂടെ കടന്നു വന്ന് കണ്ണിനെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോഴാണ്.
അമ്മയും അച്ഛമ്മയും അടുക്കളയിലുണ്ട്. ഇളയച്ഛൻ പണിക്കു പോകാനിറങ്ങുകയാണ്. വാടിക്കുഴഞ്ഞ് അടുക്കളയിലെത്തിയ എന്റെ നെറ്റിയിൽ അച്ഛമ്മ കൈ വെച്ചു നോക്കി. പനി വിട്ടില്ലല്ലോയെന്ന് ആവലാതിപ്പെട്ട് ചുക്കും മലന്തുളസി വേരുമിട്ടു തിളപ്പിച്ച ചക്കരക്കാപ്പി എനിക്കു നേരെ നീട്ടി.
"നീയാ രാമൻ വൈദ്യരെ കണ്ട് ഈ കുട്ടിക്ക് വല്ല അരിഷ്ടോ കഷായോ വാങ്ങണം." അച്ഛമ്മ ഇളയച്ഛനോട് വിളിച്ചു പറഞ്ഞു. മുറ്റം കടന്ന്, തലേന്നു പെയ്ത മഴയിൽ കുതിർന്നു കിടക്കുന്ന കരിയിലകളെ അമർത്തിച്ചവിട്ടി ഇടവഴിയിറങ്ങിക്കൊണ്ടിരുന്ന ഇളയച്ഛൻ അതു കേട്ടതായി തോന്നിയില്ല.
ഇടവഴിയിൽ മണ്ണിനോടു പതിഞ്ഞൊട്ടിക്കിടക്കുന്ന ഇലകളിൽ കാളക്കുളമ്പിന്റെ അടയാളം കണ്ടേക്കാമെന്ന തോന്നലിൽ എനിക്കു വീണ്ടും തല ചുറ്റി. നെറ്റിയിൽ അരച്ചിട്ട ചന്ദനവും അതിനു മേൽ നനച്ചിട്ട തുണിയുമായി ഇരുൾ വിങ്ങുന്ന മാനത്തേയ്ക്കു നോക്കി ഞാൻ തിണ്ണയിൽ കിടന്നു. അണപൊട്ടിയൊഴുകാൻ കൊതിച്ചു കൊണ്ട് ഒരു നൊമ്പരം മനസ്സിനെ നീറ്റുന്നുണ്ടായിരുന്നു.
അന്നു പകൽ മുഴുവൻ മാനം മിഴിനീർ വാർത്തുകൊണ്ടേയിരുന്നു. ആർത്തലച്ചും നിലവിളിച്ചും ചിലപ്പോഴെല്ലാം വിങ്ങിപ്പൊട്ടിയും, പതം പറഞ്ഞും മറ്റുചില നേരങ്ങളിൽ അടക്കിപ്പിടിച്ചും മഴ തന്റെ സങ്കടങ്ങൾ എന്റെ മനസ്സിനൊപ്പം കരഞ്ഞു തീർക്കുകയാണെന്നു തോന്നി.
വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഇടവഴികളിലേക്കൂർന്നു വീണ അന്തിച്ചുവപ്പ് കൂരിരുട്ടിനു വഴി മാറിയിട്ടും, പിന്നീടവിടേയ്ക്ക് നിലാവെത്തി നോക്കിയിട്ടും ഇളയച്ഛൻ വീടണയുകയുണ്ടായില്ല.
മഴ മാറി നിന്നുവെങ്കിലും രാത്രി ഭീതിദമായിരുന്നു. കാവുകളിലെ ഭീമൻ വൃക്ഷങ്ങളിലിരുന്ന് കാലൻ കോഴികൾ നീട്ടിക്കൂവി.. ദൂരെ പാടത്തു നിന്ന് കുറുക്കൻമാർ ഓരിയിട്ടു. വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് ഞാൻ കാതുകൾ പൊത്തി കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു.
പിറ്റേന്ന്, തെളിഞ്ഞൊരു പ്രഭാതത്തിലേക്ക് ഉന്മേഷത്തോടെ ഞാൻ കൺമിഴിക്കുമ്പോൾ താഴെ ഇടവഴിയറ്റത്ത് കമിഴ്ന്നു വീണു കിടന്നിരുന്ന ഇളയച്ഛന്റെ ശരീരത്തിലേക്ക് കരിയുറുമ്പുകൾ വരിവെച്ചു തുടങ്ങിയിരുന്നു.
എന്റെ സ്വപ്നങ്ങളിലെ ഇരുൾ വീണ ഇടവഴികളിൽ നിന്ന് കാളക്കുളമ്പടിയൊച്ചകൾ എന്നന്നേയ്ക്കുമായി ഇറങ്ങിപ്പോയതും അതിനു ശേഷമായിരുന്നു.