ഒറ്റകാലന്റെ പ്രണയം (കഥ)

അവൻ ചോദിച്ചു.

ഞാനൂടെ കളിച്ചോട്ടെ?

നീയോ...? ഈ ഒറ്റക്കാലും വെച്ചോ?

അത് കുഴപ്പമില്ല... ഞാൻ കളിക്കും...

ഞങ്ങൾക്ക് കുഴപ്പമുണ്ടെങ്കിലോ?

പ്ലീസ്... എന്നെകൂടെ?

നീ ഒന്നു പോയേ വെറുതെ സമയം കളയാതെ...

പ്ലീസ്... എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഫുട്‌ബോൾ കളിക്കാൻ...

ഇഷ്ടം മാത്രം പോരല്ലോ മോനെ... ഇത് കാലുകൊണ്ട് കളിക്കുന്ന കളിയാണ്... നിനക്ക് അത് ഇല്ലല്ലോ...

എനിക്ക് ഒരു കാലുണ്ടല്ലോ...

മോനെ ഞങ്ങളുടെ കളി ഊഴപ്പാതെ നീ അവിടെ പോയിരുന്നു കളി കാണൂ... ചെല്ലൂ...

പ്ലീസ്... ഞാനുംകൂടെ കളിച്ചോട്ടെ?

നീ പറയുന്നേ കേൾക്ക്‌. ഇവിടെ രണ്ട് കാലുണ്ടായിട്ട് ശരിക്കു കളിക്കാൻ പറ്റുന്നില്ല... അപ്പോഴാ നീ ഈ ഒറ്റകാലും വെച്ച്... വേണേൽ അവിടെ പോയിരുന്നു കളി കാണു....

അവൻ പിന്നെ ഒന്നും പറയാൻ പോയില്ല. സങ്കടത്തോടെ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നിന്നു കളി കാണാൻ തുടങ്ങി. പന്ത്  അതിവേഗം ഗ്രൗണ്ടിലൂടെ ഉരുണ്ടു നടക്കുന്നത് അവൻ കൊതിയോടെ നോക്കി നിന്നു..

പെട്ടെന്നാണ് ആ പന്ത് ഉരുണ്ട് അവന്റെ അരികിലേക്ക് വന്നത്... ആ നിമിഷം അവന് എന്തോ ആ പന്തിനോട് ഒരു ആഗ്രഹവും കൊതിയുമൊക്കെ തോന്നി... ഒരു കാമുകിയെ പോലെ ആ പന്ത് അവന്റെ ഒറ്റകാലിൽ ചുംബിച്ചു. ആദ്യ ടച്ച് മനോഹരം... എന്നിട്ട് ഒരടി പുറകോട്ടു മാറി അതിലും മനോഹരമായ ഒരു കിക്ക്‌... റൊണാൾ‍‍ഡിഞ്ഞോയുടെ കരിയിലകിക്ക്‌ പോലെ അന്തരീക്ഷത്തിൽ ഒരു മഴവിൽ തീർത്തു പന്ത് വലയിലേക്ക്... എല്ലാവരും ഒരു നിമിഷം കണ്ണുമിഴിച്ചു നിന്നു പോയി...

അവൻ അവർക്ക് എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞു നടന്നു... പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി വന്നു..

ഡാ.... അവിടെ നിന്നെ...!

അവൻ തീരിഞ്ഞു നോക്കി നിന്നു. ഒരുവൻ അവന്റെ തോളിൽ കൈവച്ച് ചോദിച്ചു.

നീ എങ്ങനെയാ ഈ ഒറ്റകാലും വെച്ച്... ഇതൊക്കെ...?

അവൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഈ ഒറ്റകാലന്റെ ജീവനാ ചേട്ടാ ഈ പന്ത്... പിന്നെ ഈ ഫുട്‌ബോൾ കളിക്കാൻ രണ്ടു കാലൊന്നും വേണമെന്നില്ല... ഈ പന്തിനോട് ഒരു പ്രണയമുണ്ടായാൽ മതി..."