ചെറുതുകളിലൊരു വലുതുണ്ട്

വലുതുകളൊക്കെയും ചെറുതുകൾചേർന്നാ

ചെറുതുകളെയൊക്കെ വലുതായിക്കാണാൻ

ചെറിയ നീ ഉള്ളിൽ വലുതായിരിക്കണം.

                    കാസരോഗിയെ കാണുമ്പോഴോർക്കണം 

                    ഓരോ ശ്വാസതാളവും എത്ര വലുതെന്ന്

                    നെൽമണിയോരോന്നും നെല്ലറ നിറയ്ക്കുമ്പോൾ 

                    ചെറുതെത്ര വലുതെന്നറിയണം നീ.

                    എന്നെന്നെ പഠിപ്പിച്ച ചെറുതുകളുടെ തമ്പുരാട്ടി!

നീണ്ട കാൽനടയാത്രകളിൽ

നെട്ടോട്ടമോടും പ്രാരാബ്ധ ദിനങ്ങളിൽ 

നസ്രത്തിലെ തച്ചനെ ഞാൻ കേട്ടതും 

കർണ്ണന്റെ കണ്ണീരറിഞ്ഞതും നീ പറഞ്ഞ്.

                    അക്ഷരങ്ങളെ ഞാൻ കൂട്ടിവായിച്ചപ്പോഴാ

                    അക്ഷരതെറ്റുള്ളയെന്റെ കഥകൾക്കു 

                    കാതോർത്തൊരു പുഞ്ചിരിയാലെന്നെ 

                    പിന്നെയും പിന്നെയും കഥകൾ പറയിച്ചതും 

                    എന്റെ കഥകളുടെ തമ്പുരാട്ടി!

കനമേറും ഭാരം വരുംനാളിലതിനെ 

പൊളിച്ചടുക്കി ചെറുതാക്കണം.

ആയുധമുള്ള വൈരിയെക്കണ്ടലാ 

ദിശമാറിയോടാനും നീ മടിക്കേണ്ട.

                    ഒരുവേള ഓർത്താൽ കരയുന്ന കാര്യം 

                    പലവേളയോർത്തു കരയണ്ട നീ.

                    ഒരുവേള ഓർത്താൽ ചിരിക്കുന്ന കാര്യം 

                    പലവേളയോർത്തു ചിരിക്കണം നീ.

                    എന്നും പറഞ്ഞു പ്രായോഗികതയുടെ തമ്പുരാട്ടി!

ഒത്തിരിയൊത്തിരി ആശകൾ, അരുതുകൾ

ഒത്തിരിയൊത്തിരി ചെറുതുകൾ, വലുതുകൾ

എന്നാലുണ്ടാകണം അതിനിടയിലൊരു തുലനം 

ആ സമനിലയാകണം ജീവിതം.

                ഇന്നുകഴിഞ്ഞേ നാളെയുള്ളെന്നും 

                അതുകൊണ്ടന്നത്തെ അപ്പത്തിന് പ്രാർഥിക്കണമെന്നും

                ഇന്നുകഴിഞ്ഞാലൊരു നാളെയുണ്ടെന്നും 

                നീതന്നെ പൊരുതണം നാളെയ്ക്കായെന്നും പറഞ്ഞപ്പോൾ 

                ‘തമ്മിൽ ചേരില്ലല്ലോ’ എന്നതിനെന്നെ ശാസിച്ചത് 

                വിശ്വാസത്തിന്റെ തമ്പുരാട്ടി!

ശ്വസിച്ചതിൽ പാതിയെനിക്കുതന്നു 

കഴിച്ചതിൽ പാതിയുമെനിക്കുതന്നു

നാൽപ്പതാം വയസ്സിൽ നിന്റെ 

മാതൃപാത്രത്തിലെന്നെ സൂക്ഷിച്ച്‌

ഈ സുന്ദര ഭൂവിലെനിക്കൊരു

ചെറിയ - വലിയ ജീവിതം 

തന്നതിനെന്നുമെന്നുമീ പുഞ്ചിരി!

നിറമിഴികളിൽ നന്ദിയൊളിപ്പിച്ച

നമുക്കിടയിലെ സ്വകാര്യ പുഞ്ചിരി!

                    എന്റെ അമ്മക്ക്-

                    എന്റെ ചെറുതുകളുടെ തമ്പുരാട്ടിക്ക്!