ഒരു ആണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാൽ പ്രണയമെന്ന് ഉറപ്പിക്കുന്നവരോട്...
പരിപ്രേക്ഷ്യം (കഥ)
കുന്നുകൂടിയിരിക്കുന്ന ചപ്പുചവറു വാരി വരുന്ന ലോറിയുടെ ദുർഗന്ധം സഹിക്ക വയ്യാതെ ഓടി വന്നു വാതിലും ജനാലയും അടയ്ക്കും നേരം എന്റെ കണ്ണിൽ ദൂരെ പാർക്കിൽ ഇരിക്കുന്ന ആ രണ്ടുപേർ കുടുങ്ങി. ഞാൻ താമസിക്കുന്ന എട്ടു നില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ഞാൻ നോക്കുന്നത് അവർ കാണാൻ വഴിയില്ല എന്ന വിചാരത്തോടെ ചവറു ലോറി പോയപ്പോൾ ജനാലയും തുറന്ന് ഞാൻ അവരെ തന്നെ നോക്കി നിന്നു.
വെള്ള ടോപ്പ്, ചുവന്ന ബോട്ടം, പിന്നെ ചുവപ്പ് ദുപ്പട്ട. ചെക്കൻ ഒരു പഴുപ്പ് നിറമുള്ള പാന്റും ഒരു ബ്രൗൺ ഷർട്ടും. ടിവിയിൽ കളിക്കുന്ന തമിഴ് ചിത്രത്തിൽ നിന്ന് പാട്ടു കേട്ടുതുടങ്ങി "കാതൽ സടുഗുടു ഗുടു... " പക്ഷേ, എന്റെ കണ്ണുകൾ ടിവിയിൽ നിന്നും പുറത്തു പാർക്കിൽ ബെഞ്ചിൽ വന്നിരിക്കുന്ന ആ രണ്ടുപേരുടെ മേൽ ആയിരുന്നു.
എന്റെ മനസ്സ് തന്നോട് തന്നെ സംസാരിച്ചു തുടങ്ങി... എന്താല്ലേ? അമ്മയും അച്ഛനും പഠിക്കാൻ അയക്കുന്നു കുട്ടികളിങ്ങനെ പ്രേമം പ്രണയം എന്നൊക്കെ പറഞ്ഞ് പാർക്കിലും തീയേറ്ററിലും കറങ്ങി നടക്കുന്നു... പാവം മാതാപിതാക്കൾ. ഇവർ അവരെ പറ്റിക്കുകയല്ലേ? കഷ്ടം. ഒന്നും അറിയാത്ത വയസ്സിൽ ഇങ്ങനെ നടന്നു ജീവിതം തുലക്കും. തന്നത്താൻ പറ്റിക്കപെടും, എനിക്കെന്തോ ഒരു അസ്വസ്ഥത തോന്നി.
എത്ര ശ്രമിച്ചിട്ടും എനിക്ക് സിനിമയിൽ ശ്രദ്ധിക്കാൻ പറ്റാതെ ഞാൻ വീണ്ടും വീണ്ടും അവരെ നോക്കി. കുറേ കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്തു.
എന്നാ പിന്നെ അവരെ പോയി ഒന്ന് ഉപദേശിച്ചാലോ? അല്ലെങ്കിൽ വേണ്ട സെക്യൂരിറ്റിയെ വിളിച്ച് അവരെ ഓടിക്കാൻ പറയാം. അതാ നല്ലത്. അവർ ആരോ... എന്റെ കണ്മുന്നിൽ നിന്നു മറഞ്ഞാൽ പിന്നെ ഞാൻ അവരെ മറക്കുമല്ലോ. ഞാൻ കരുതി.
സെക്യൂരിറ്റിയെ വിളിക്കാൻ ഫോണിന്റെ അടുക്കലേക്ക് നടക്കുമ്പോഴേക്ക്
ട്രിങ്... ഫോൺ ശബ്‌ദിച്ചു. ഇങ്ങോട്ട് ആരാ വിളിക്കുന്നത്?
ഞാൻ ഫോണെടുത്തു "ഓ ഭാഗ്യം..." എന്റെ ഒരുപാട് കാലത്തെ കൂട്ടുകാരി. കോളജിൽ നിന്നുമുള്ള കൂട്ട്. ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങൾ അപൂർവം.
ആദ്യം വേറെ ചിലതൊക്കെ സംസാരിച്ചെങ്കിലും വിഷയം വലന്റൈൻസ് ഡേയിൽ വന്നു നിന്നു. അവൾ ഇവിടത്തെ ഒരു ക്ലബ്ബിൽ മെമ്പർ ആണ്... വാലന്റൈൻസ് ഡേയും പറ്റിക്കപ്പെട്ട പെൺകുട്ടികളും അതിന് അവർക്ക് ക്ലബ്ബിൽ നിന്നും കൊടുക്കപ്പെട്ട കൗൺസിലിങ്ങും എല്ലാം സംസാരിക്കവെ എനിക്ക് എന്റെ സുഹൃത്ത് ഭാഗ്യത്തെ ഓർത്ത് അഭിമാനം തോന്നി. പണ്ട് ആരോടും മിണ്ടാതിരുന്ന അവൾ ഇന്ന് ഒരുപാട് പൊതുപ്രവർത്തനങ്ങൾ ചെയ്യുന്നു.
അപ്പോഴാണ് ഞാനോർത്തത് ഇന്ന് ഫെബ്രുവരി 14. എന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞെങ്കിലും മനസ്സിൽ നിന്നും മറയാതെ പാർക്കിൽ ഇരിക്കുന്ന, ആ രണ്ടുപേരെ കുറിച്ച് ഭാഗ്യത്തിനോട് പറഞ്ഞു.
വഴിയേ.. ഞങ്ങൾ സംസാരം മുറുകിയതറിയാതെ അവളുടെ കുടുംബത്തിൽ പ്രേമിച്ച് ഒളിച്ചോടിയവരും എന്റെ അറിവിലുള്ളവരും അവർക്കും അവരുടെ കുടുംബത്തിനും അവരുടെ പ്രേമവിവാഹത്തിലൂടെ നഷ്ടപ്പെട്ട പലതും ഞങ്ങൾ സംസാരവിഷയമാക്കി. വികാരഭരിതരായിരുന്ന ഞങ്ങൾക്ക് സമയം പോയതറിഞ്ഞില്ല.
ഡിങ്... ഡോങ്... അവളുടെ കുട്ടികൾ സ്കൂളിൽ നിന്നു വന്നതിന്റെ അടയാളമായി അവളുടെ വീട്ടിലെ ഡോർ ബെൽ ഫോണിലൂടെ കേട്ട ഞാൻ അവളോട് പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഒന്നര മണിക്കൂർ സംസാരിച്ചു തൊണ്ടവെള്ളം വറ്റിയ അവസ്ഥയിൽ എനിക്കു ഒരു മസാല ചായ കുടിക്കാൻ തോന്നി. ഞാൻ അടുക്കളയിലേക്ക് ചെന്നു.
ഒരു ഏലക്ക, ഒരു കരയാമ്പൂ, ഒരു കഷ്ണം ഇഞ്ചി എന്നിവ ചതച്ച് അര ഗ്ലാസ് വെള്ളത്തിലിട്ട് അടുപ്പിൽ വെച്ച് ഞാൻ വീണ്ടും ജനാലയിലൂടെ നോക്കി... ബെഞ്ചിൽ ഒരനക്കവുമില്ലാതെ കുട്ടികൾ അവിടെ തന്നെയുണ്ട്. അവളുടെ ബാഗിൽ നിന്ന് അവൻ എന്തോ എടുക്കുന്നു. അതാ രണ്ടാളും കൂടെ അത് പങ്കുവെച്ച് കഴിക്കുന്നു. ചോക്ലേറ്റ് അല്ലെങ്കിൽ ബിസ്ക്കറ്റ് ആയിരിക്കണം. ഇവിടുന്ന് അത്ര കാണുന്നില്ലല്ലോ... ഞാൻ എന്നോട് തന്നെ പറഞ്ഞു.
അടുക്കളയിലേക്ക് വീണ്ടും ചെന്ന് തിളയ്ക്കുന്ന വെള്ളത്തിൽ അര ഗ്ലാസ് പാലും ചായപ്പൊടിയും ചേർത്ത് ഒരു തിള വന്നതും വാങ്ങിവെച്ചു. ഒരു മിനുറ്റിനുശേഷം അരിച്ചു കപ്പിൽ ആക്കി. വീടു മുഴുവനും മസാല ചായയുടെ മണം... പിന്നെയും സോഫയിൽ ഇരുന്നു ജനാലയിലൂടെ അവരെ നോക്കി ചായ നുണഞ്ഞു...
സെക്യൂരിറ്റിയെ ഇനി വിളിച്ച് അവരെ ഓടിക്കുന്നതിലും ഭേദം ഞാൻ പോയി ഉപദേശിക്കുന്നതായിരിക്കും. എനിക്കെന്റെ പുതിയ തീരുമാനത്തിൽ അഭിമാനം തോന്നി. "ഭാഗ്യം എന്തെല്ലാം ചെയ്യുന്നു... ഞാൻ ഇതെങ്കിലും ചെയ്യണ്ടേ?" വികാരഭരിതയായിരുന്ന ഞാൻ എന്നോട് തന്നെ ചോദിക്കുകയായിരുന്നു.
എഴുന്നേറ്റു ചായ കോപ്പ കഴുകി. നടക്കാനുള്ള ഷൂ ഇട്ടു വീടും പൂട്ടി ലിഫ്റ്റിൽ കയറി. പതിവിലും നേരത്തേയാണ് ഞാൻ ഇന്ന്. ഞാൻ പതുക്കെ റോഡ് മുറിച്ചു കടന്നു. പാർക്കിൽ ആ ബെഞ്ചിൽ അപ്പോൾ ആ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വൃത്താകൃതിയിലുള്ള പാർക്കിൽ അധികം ആരും നടക്കാൻ ഇനിയും എത്തിയിട്ടില്ല. പെൺകുട്ടി ഇരിക്കുന്ന ബെഞ്ച് നോക്കി നടക്കവേ ഞാൻ പതുക്കെ എന്റെ വീട്ടിലേക്ക് നോക്കി. ഇല്ല അവർക്ക് എന്നെ അത്ര വ്യക്തമായി ഇവിടെ നിന്ന് കാണാനാവില്ല. അവർ എന്നെ കണ്ടിരിക്കില്ല.
സമാധാനപൂർവം ഞാൻ ഒരു വട്ടം നടന്നു. പിന്നെ പതുക്കെ ആ പെൺകുട്ടി ഇരിക്കുന്ന ബെഞ്ചിൽ പോയി ഇരുന്നു.
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവളോട് പരിചയഭാവത്തിൽ "എന്താ ചൂട് അല്ലെ?" എന്ന് ആർക്കും ഒരു അലോസരവും വരാത്ത പതിവ് വാക്യം പറഞ്ഞു.
"മോൾ ഇവിടെയാണോ താമസിക്കുന്നത്? ഇതുവരെയും കണ്ടിട്ടില്ല? " സൂത്രത്തിൽ അവളെ വളക്കാമെന്ന ഉദ്ദേശത്തിൽ ഞാൻ ആ ചോദ്യം അവളോടു ചോദിച്ചു. എന്റെ കുശലതയോട് ഞാൻ സ്വയം അഭിമാനം കൊണ്ടു.
"അല്ല ഇത്തിരി ദൂരെയാണ് ചേച്ചി." അവൾ മറുപടി നൽകി. അവളുടെ മുഖത്ത് ഒരു അസ്വസ്ഥത ഞാൻ വായിച്ചെടുത്തു.
അതല്ലെങ്കിലും അങ്ങനെയല്ലേ ഇതുമാതിരി വീട്ടിൽ പറയാതെ ഒളിച്ചു ചെയ്യുന്ന കാര്യങ്ങൾ ആരോടും പറയാൻ ആർക്കും ഭയമല്ലേ? ഞാൻ മനസ്സിൽ പറഞ്ഞു.
പലതും ചോദിച്ചിട്ടും ഞാൻ കരുതിയതൊന്നും അവൾ പറഞ്ഞില്ല. ഇനിയിപ്പോ എന്തു പറഞ്ഞു ഇവളെ ഉപദേശിക്കും?
പ്രേമം, പ്രണയം എന്നൊന്നും അവൾ പറയാതെ എങ്ങനെ കേറി ഉപദേശിക്കാൻ?
ഞാൻ എന്റെ ബുദ്ധിയിൽ തെളിയുന്ന ഓരോന്നായി ആലോചിച്ചു നോക്കി... ഇല്ല രക്ഷയില്ല. അവൾ ഇതുവരെയും ആ രണ്ടു വാക്കുകൾ പറഞ്ഞിട്ടില്ല.
എന്റെ മനസ്സിൽ ഞാൻ കണക്കു കൂട്ടിയ വഴികളൊന്നും ഇവിടെ വില പോകില്ല എന്ന് എനിക്ക് ബോധ്യമായി. ഞാൻ കുറച്ചു നേരം വെറുതെ ഇരുന്നു.
അതാ ആ പെണ്ണ് ഫോണിൽ നോക്കി തലയും താഴ്ത്തി ഇരിക്കുന്നു. ഇനിയിപ്പോ ചോദ്യം അവളെ തോണ്ടിയാൽ മാത്രമേ ചോദിക്കാൻ പറ്റൂ. എന്താ ഇപ്പോഴത്തെ പിള്ളേരുടെയൊരു അടവ്? ദേഷ്യത്തോടെ ഞാൻ മനസ്സിൽ പിറുപിറുത്തു.
അതാ വരുന്നു... ആ പയ്യൻ. വരട്ടെ... ഇപ്പോൾ ഇവൾ എഴുന്നേൽക്കും...
അതാ ഞാൻ കരുതിയ പോലെ അവൾ മുഖമുയർത്തി. അവനെ നോക്കി ചിരിച്ചു. അവൻ അവളുടെ ബാഗ് വാങ്ങി, അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
ഞാൻ അവനെ നോക്കി. അവർ രണ്ടാളും എന്നെ തീരെ ശ്രദ്ധിച്ചില്ല. അവർ നടന്നകന്നു.
ചെറിയ പ്രായത്തിൽ പ്രണയിച്ചു ജീവിതം തുലയ്ക്കാതിരിക്കൂ എന്ന് അവരെ ഉപദേശിക്കാൻ വന്ന എന്റെ പ്ലാൻ ചീറ്റിപ്പോയി.
സങ്കടവും നിരുത്സാഹവും കലർന്ന മനസ്സോടെ ഞാനും പാർക്കിൽ നിന്നു പുറത്തേക്ക് വരാനിരിക്കെ ആ പെൺകുട്ടി ഓക്കാനിക്കുന്നത് ഞാൻ കണ്ടു. ദാ അവൻ അവളുടെ മുതുകിൽ ഉഴിയുന്നു.
ഇതാണ് തക്ക അവസരം ഇവരെ പിടിക്കാം, ഉപദേശിക്കാം. ഞാൻ കരുതി.
ഞാൻ അവരുടെ അടുത്തു ചെന്നു നിന്നു. "എന്റെ വീട് ഇവിടെ അടുത്താണ് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ കുട്ടിക്ക്? " ഞാൻ അവരോട് ചോദിച്ചു.
അവൾ എന്നെ കണ്ടഭാവം നടിച്ചില്ല. ആ പയ്യൻ എന്നെ നോക്കി നിവർന്നു നിന്നു. "ഇല്ല ചേച്ചി ഞങ്ങൾ ഇവിടെ ഹോസ്പിറ്റലിൽ വന്നതാണ്. അമ്മ ഫ്രാക്ചർ ആയി ഓപ്പറേഷൻ ചെയ്ത് ഇവിടുത്തെ ആശുപത്രിയിൽ ആണ്. ഇവൾ എന്റെ സഹോദരിയാണ്. ഇവൾക്കു നല്ല സുഖമില്ല. ഇപ്പോൾ മൂന്നു മാസം ഗർഭിണിയാണ്. ആശുപത്രിയിൽ അച്ഛനും അമ്മൂമ്മയുമുണ്ട്. വരാന്തയിൽ ഇരുന്നപ്പോൾ ഇവൾക്ക് ആശുപത്രി മണം പറ്റുന്നില്ല. അവിടെ ഇരിക്കാൻ പറ്റാതെ ഇവിടെ വന്നതാണ്. ഇപ്പോൾ പോയാൽ വീട്ടിലേക്ക് ബസ് ഉണ്ട്. ആശുപത്രിയിൽ വിസിറ്റിങ് ടൈം ഇപ്പോഴുണ്ട്. അമ്മയെ ഒന്നുകൂടി കണ്ടിട്ട് പോയാൽ ആ ബസ് പിടിക്കാം."
അവൻ അതു പറഞ്ഞു നിർത്തവേ അവർ രണ്ടാളും സഹോദരങ്ങൾ ആണെന്ന് അവരുടെ മുഖസാമ്യം എന്റെ ബുദ്ധിയിൽ തെളിഞ്ഞു.
ഒന്നു തലപൊക്കി അവരെ വീണ്ടും നോക്കുമ്പോഴേക്കും അവൻ അവളെയും കൂട്ടി നടന്നകന്നിരുന്നു.