പ്രണയാനന്തരം (കഥ)

ആകാശം തൊടാനൊരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അയാൾ താഴേക്ക് നോക്കി. പുഴുക്കളെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ, മനുഷ്യർ ചെറുപൊട്ടുകൾ പോലെ എങ്ങോട്ടോ ചിന്നി ചിതറുന്നു. സേഫ്റ്റി ബെൽറ്റിൽ മുറുകെ പിടിക്കവേ അയാളുടെ ചിന്തകൾക്ക് ചിറക് മുളച്ചു. തന്റെ നാട്ടിലെ കുഞ്ഞുവീടിന്റെ ചില്ലുജനാലക്കപ്പുറം മൂന്ന് വയസ്സുള്ള മകൾ സുഖമായുറങ്ങുന്നു. മുറിക്കുള്ളിലെ ഭിത്തിയിൽ ചേർന്നിരിക്കുന്ന എയർ കണ്ടീഷണറിൽ നിന്നും തണുത്ത കാറ്റ് അന്തരീക്ഷത്തിലേക്ക് പടരുന്നുണ്ട്. അടുക്കളചൂടിൽ പാതിവാടിയ പൂവുപോലെ മകളോട് ചേർന്നുറങ്ങുന്ന ഭാര്യയുടെ അരികിലായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ റാങ്ക് ഫയൽ തുറന്നു കിടക്കുന്നു. ആ കാഴ്ച മനസ്സിൽ കണ്ട് അയാൾ ചിരിച്ചു. അറബി നാട്ടിലെ ജോലിയവസാനിപ്പിച്ച് അവളോട് ചേരാൻ ഒരു സർക്കാർ ജോലിക്കു വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തിലാണവൾ. അവളുടെ സ്നേഹത്തെക്കുറിച്ച് ഓർത്തപ്പോൾ ഞരമ്പിൽ ചൂടേറ്റ് തിളച്ച ചോര മെല്ലെ തണുക്കാൻ തുടങ്ങി.

അടുക്കളത്തിരക്കിൽ നിന്ന് കോച്ചിങ് ക്ലാസിലെ മറവിയും ഓർമയും തമ്മിലുള്ള മത്സരത്തിലേക്ക് ഇറങ്ങുമ്പോൾ മകൾ ഉറക്കമുണർന്നിരുന്നില്ല.അമ്മായിയമ്മയോട് എല്ലാ ഞായറാഴ്ചയും പറയാറുള്ളതുപോലെ യാത്ര പറഞ്ഞിറങ്ങി പതിവുപോലെ കേട്ടതൊന്നും കേൾക്കാത്ത ഭാവത്തിൽ അവർ തന്നെ നോക്കി. പാതിയെത്തിയ യാത്രയെ വഴിതിരിച്ചുവിട്ടു കൊണ്ട് ഒരു ഫോൺ കോൾ എത്തി. പിന്നീട് ഏകാന്ത തീരത്ത് തനിച്ചിരിക്കുന്ന അയാളെക്കുറിച്ചായി അവളുടെ ചിന്ത. ചില ഞായറാഴ്ചകൾ  ഇങ്ങനെയാണ് അധ്യാപകർക്ക് പകരം കാറ്റാടി മരങ്ങളും തിരകളും സംസാരിച്ചു തുടങ്ങും. ഒപ്പം യൗവനത്തിന്റെ തുടക്കത്തിൽ കൈവഴുതി പോയ പ്രണയം കിനിയുന്ന ഓർമകളെ മടക്കിത്തരാൻ നിയോഗിക്കപ്പെട്ടവനായി അവനുമുണ്ടാകും. പ്രണയം ഒരു കെടാവിളക്കാണ്, ജീവിതമെന്ന തിരിയൂതാൻ ദൈവമെത്തും വരെ മനുഷ്യൻ പ്രണയിച്ചു കൊണ്ടിരിക്കും ചിലപ്പോൾ മൂകമായി പ്രണയം പെയ്തു കൊണ്ടേ ഇരിക്കും. അവൾ മുന്നിലെത്തിയപ്പോൾ തിരയെണ്ണി മടുത്തവന്റെ മുഖത്തെ നീരസം കടൽക്കാറ്റ് തൂത്തെടുത്തുകൊണ്ട് ദൂരേക്ക് പോയി. കാറ്റാടി മരങ്ങൾക്കിടയിലെ തണലിലിരുന്ന് അയാൾ അവളോട് വൈകിയെത്തിയതിൽ പരിഭവിച്ചു. ക്ഷമാപണത്തിന് ശേഷം ചൊരിമണലിൽ അവർ പ്രണയമിഥുനങ്ങളായി രൂപാന്തരം പ്രാപിച്ചു. പുതിയ പരീക്ഷക്ക് ഒന്നിച്ചു പോകേണ്ട വഴികളിലെ ഹോട്ടൽ മുറികളെക്കുറിച്ച് അയാൾ ഫോണിൽ പരതിക്കൊണ്ടിരുന്നു. കഴിഞ്ഞു പോയ പരീക്ഷകളിൽ ചിലത് ലോഡ്ജ് മുറിയുടെ തണുപ്പ് കവർന്നെടുക്കുകയായിരുന്നു. സിരകളിൽ പടർന്ന പ്രണയം കണ്ണിനു മുന്നിൽ കാട്ടുപൂക്കൾ കൊണ്ട് മറകെട്ടിയിരിക്കുന്നു. പ്രണയമെന്ന രണ്ടാൾക്കൂടാരത്തിനുളളിൽ അവളുടെ മനോവിചാരങ്ങൾ ഉടക്കി നിന്നു. സദാചാരബോധം ഉള്ളിലിരുന്ന് നിലവിളിച്ചത് പ്രണയമെന്ന മധുരവികാരം അറിയാതെ പോയി.

അടുക്കള ജോലിക്കിടയിൽ ശരീരം കുഴയുകയും കാഴ്ചകൾ തലകീഴായി മറിയുകയും ചെയ്തു. ദുസൂചനകൾ ഹൃദയ താളത്തെ ചടുലമാക്കി. അപകടം പതിയിരുന്ന വഴികളെ ചികഞ്ഞെടുത്ത് അക്കങ്ങൾ കൊണ്ട് കൂട്ടിക്കിഴിച്ചു. ഉറക്കമില്ലാതെ നീണ്ടു പോയ രാത്രിയാമങ്ങൾ വേഗത്തിലവസാനിച്ചു. പുലർകാലം സമ്മാനിച്ച രണ്ട് ചുവന്ന വരകൾക്കിടയിൽ സർവതും നഷ്ടപ്പെട്ടവളെപ്പോലെ അവളിരുന്നു. ചുവന്ന വരകൾ തമ്മിലടുക്കുകയും അതിനുള്ളിൽ പെട്ട് അവൾ പിടയുകയും ചെയ്തു. ഉള്ളിൽ നിന്ന് ചിന്തകളെല്ലാം തിരികെ വരാത്ത തിരകൾ പോലെ ഉൾവലിഞ്ഞു പോയിരുന്നു. അവളുടെ ചിന്തകൾക്ക് ഗർഭപാത്രത്തിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല.

കോളജിലെ ഒഫീസ് മുറിയിൽ അയാൾ തിരക്കിട്ട ജോലിയിലായിരുന്നു. അതിനിടയിൽ ശബ്ദിച്ച ഫോണിൽ അവളുടെ ചിത്രം തെളിഞ്ഞു വന്നു. ഫോൺ എടുത്ത് പതിവ് കുശലങ്ങൾക്കായി അയാൾ കസേരയിലേക്ക് ചാഞ്ഞു. ഇടിമിന്നലായ് മറുതലക്കൽ നിന്ന് പകർന്ന വാക്കുകൾക്ക് മറുപടി പറയാൻ അയാൾക്ക് കഴിഞ്ഞില്ല. അവളുടെ ഉദരത്തിൽ നിന്ന് മുള പൊട്ടിയ ചിന്തകൾ ഭ്രാന്തൻ നായ്ക്കളെപ്പോലെ അയാൾക്ക് ചുറ്റും നിന്ന് ഓരിയിടാൻ തുടങ്ങുന്നു. ഭാര്യ, രണ്ട് പെൺമക്കൾ. ചിരിച്ചു കൊണ്ട് ഓടിയടുത്ത പെൺകുട്ടികൾക്ക് നടുവിലേക്ക് ഒരു കുഞ്ഞു രൂപം പ്രത്യക്ഷപ്പെടുകയും മക്കൾ അപ്രത്യക്ഷമാവുകയും ചെയ്തു. 

രാത്രിയിൽ തനിക്കായി കാത്തിരുന്നവൾക്ക് മുന്നിലേക്ക് അയാൾ വിളറിവെളുത്ത മുഖവുമായി കടന്നു ചെന്നു. ജീവിതം തനിക്കായ് സമർപ്പിച്ചവൾ സ്നേഹം ചാലിച്ച് പാകം ചെയ്ത വിഭവങ്ങൾ തീൻമേശയിൽ മൂടി തുറക്കപ്പെടാതെ രാത്രിക്ക് കൂട്ടിരുന്നു. പുലരും മുൻപ് അപ്രത്യക്ഷനായ അയാൾ ബാറിലെ ഇരുണ്ട മുറിയിൽ ഒളിക്കുകയാണ്. ജീവന്റെ തുടിപ്പിനെ ഇല്ലാതാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അവർ കടൽത്തീരത്തെ കാറ്റാടി മരങ്ങൾക്കിടയിലേക്ക് മടങ്ങിപ്പോയി. പ്രണയഗീതം പാടിയ ചൊരിമണലിലേക്ക് മിഴനീർ കൊഴിഞ്ഞു കൊണ്ടിരുന്നു. ബാഗിൽ നിന്നെടുത്ത മഞ്ഞചരട്‌ അവൾ അയാൾക്ക് നേരെ നീട്ടി. ചലനമറ്റ അയാളുടെ ചിന്തകളിലേക്ക് രണ്ട് പെൺകുട്ടികൾ അഛാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിയടുത്തു. പക്ഷേ തന്നെ സ്വീകരിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അവൾ തീർത്തു പറഞ്ഞു. ഭീഷണിയിൽ കുതിർന്ന യാചനക്കു മുന്നിൽ അയാൾ അവളുടെ കഴുത്തിൽ മഞ്ഞചരട് കെട്ടി. കേരള എക്സ്പ്രസിൽ ഡൽഹിയിലേക്ക് പോകാമെന്ന തീരുമാനത്തിൽ അവർ ഇരുദിക്കിലേക്ക് പിരിഞ്ഞു.

ഇരുൾ പരന്ന വഴിയിലൂടെ അവർ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. ദൂരെയായി കടലോരത്ത് കാറ്റിൽ ചലിക്കുന്ന കാറ്റാടി മരങ്ങൾ കാണാം, യാത്ര പറയാനെന്നപോലെ അവർ തീരത്തേക്ക് നടന്നു. തീവണ്ടിയെത്താൻ ഇനിയും മണിക്കൂറുകൾ ബാക്കിയാണ്. അവർ കടലിന് അഭിമുഖമായി ഇരുന്നു. നൊമ്പരങ്ങൾ ഊറിയെത്തിയ നനവുതുടച്ച് അവൾ നീണ്ട മൗനം തുടർന്നു. ഇടക്ക് മേഘങ്ങളുമായി ഒളിച്ചു കളിക്കുന്ന പാതി മുറിഞ്ഞചന്ദ്രിക ആകാശത്ത് നിന്ന് അവരെ കൗതുകത്തോടെ നോക്കുന്നുണ്ട്. ഭൂതകാലത്തിലെ കെട്ടുപാടുകൾ മുറിച്ചെറിഞ്ഞെത്തിയ രണ്ടു മനുഷ്യർ, രാജ്യതലസ്ഥാനത്ത് സ്വപ്നങ്ങളുടെ വിത്തുപാകി മുളപ്പിക്കാനുളള മൂലധനം ബാഗിൽ ഭദ്രമാണ്. ഇടയ്ക്ക് കയ്യിൽ കരുതിയ മദ്യക്കുപ്പിയിൽ നിന്ന് അയാൾ മദ്യം നുകരുന്നുണ്ട്.

ഒരു ഉന്മാദത്തിലെന്ന പോലെ അയാൾ തിരമാലക്ക് നേരെ നടന്നു. കാലിൽ തഴുകിയ തിര അയാളെ വീണ്ടും മുന്നോട്ട് ക്ഷണിച്ചുകൊണ്ടിരുന്നു. അരയൊപ്പം വെളളത്തിൽ അയാൾ ആടിയുലഞ്ഞു. അവൾ അയാൾക്കൊപ്പം ഓടിയെത്തി സ്നേഹപൂർവം അയാളെ കരയിലേക്ക് വിളിച്ചു. ഇരുവരും ആ ജലത്തിൽ നിന്നു. അവളിൽ കടലിരമ്പമായി ഭയം ഉയർന്നു വന്നു. പക്ഷേ അയാളിലെ പ്രണയം അവളെ നെഞ്ചോട് ചേർത്തു നിർത്തി. ആ ചൂടിൽ ഭയം അന്തരീക്ഷത്തിൽ അലിഞ്ഞ് ഇല്ലാതായി. പകരം പ്രണയം നിലാവിൽ നിറഞ്ഞൊഴുകി. അയാളുടെ കണ്ണുകളിൽ ഉന്മാദഭാവം ചുവപ്പ് പടർത്തി. ഭ്രാന്തമായി അയാൾ ചിരിച്ചു. സർവ ശക്തിയുമെടുത്ത് അവളെ നെഞ്ചോട് ചേർത്തു പിടിച്ച് അയാൾ കടലിന്റെ ആഴങ്ങളിലേക്ക് നീങ്ങി. പ്രണവായുവിനായി അവൾ അയാളുടെ കൈകളിൽ പിടഞ്ഞു. ഇരയെ കിട്ടിയ ആഹ്ലാദത്തിൽ തിരശക്തിയായികൊണ്ടിരുന്നു. അവളുടെ ചലനം നിലക്കുവോളം അയാൾ കാത്തിരുന്നു. തിരമാലകൾ അവളെ ആഴക്കടലിലേക്ക് കൊണ്ടു പോയി. കരയിലവശേഷിച്ച മദ്യം നുകർന്ന് ഇരുളിന്റെ മറപറ്റി അയാൾ നടന്നു. തന്റെ പെൺമക്കൾ ചിരിച്ചു കൊണ്ട് അയാൾക്കു നേരെ ഓടിയടുക്കുന്നു. ഇടയിൽ മറയായ് പ്രത്യക്ഷപ്പെടാനൊരുങ്ങിയ കുഞ്ഞുരൂപം ഉപ്പുജലത്തിൽ അലിഞ്ഞ് ഇല്ലാതെയായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT