ഒരു തേപ്പ് കല്ല്യാണം (കഥ)

"അടുത്ത മഴയ്ക്കു മുന്നേ നമുക്ക് അനുമോളുടെ കല്ല്യാണം നടത്തണം രാഘവേട്ടാ"... അവർ പറഞ്ഞതു കേട്ട് ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന അയാൾ തലചെരിച്ച് അവരെയൊന്നു നോക്കി.. 

അയാളുടെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. മകൾക്ക് പ്രായം ഇരുപത്തിയാറ് കഴിഞ്ഞിരിക്കുന്നു. നാട്ടുകാരൊക്കെ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി... മൂത്ത മകളെ കെട്ടിച്ചയച്ചതിന്റെ കടം തന്നെ ഇതു വരെ വീട്ടാനായിട്ടില്ല. ഒരു മകനില്ലാത്തതിന്റെ വിഷമം അയാൾക്ക് നന്നായിട്ട് ഉണ്ടായിരുന്നു. 

"എന്താ ചേട്ടാ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്? എത്രകാലമായി... വീടിന്റെ അവസ്ഥ കണ്ടില്ലേ? ഒരു നല്ല മഴപെയ്താ ഇടിഞ്ഞ് വീഴാവുന്നതേയുള്ളൂ... അതിനു മുമ്പ് അവളെങ്കിലും രക്ഷപെടട്ടെ..." അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് അയാൾക്കും തോന്നി...

"ഞാനിതൊന്നും ആലോചിക്കുന്നില്ല എന്നാണോ നീ വിചാരിക്കുന്നത്? നീ വിഷമിക്കാതിരിക്ക് എന്തെങ്കിലും ഒരു പോംവഴി കാണാതിരിക്കില്ല. ബ്രോക്കർ രാമേട്ടനോട് ഞാനൊന്ന് പറഞ്ഞു നോക്കട്ടെ... സ്ത്രീധനം വാങ്ങാതെ കെട്ടാനാരെങ്കിലും ഉണ്ടോന്ന് നോക്കാൻ പറയാം... അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ?" അയാൾ വിഷമത്തോടെയാണ് അത് പറഞ്ഞത്..

അവരുടെ സംസാരം അകത്തു നിന്ന് കേട്ടുകൊണ്ടിരുന്ന അവൾ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു... 

"ഞാനെത്ര തവണ പറഞ്ഞിട്ടുണ്ട് നിങ്ങളോട് എന്നെ ഓർത്ത് വിഷമിക്കണ്ടാന്ന്. നടക്കുമ്പോൾ നടക്കട്ടെ... ഇനി നടന്നില്ലാന്ന് വച്ച് ഞാൻ ചാവാനൊന്നും പോണില്ല. എനിക്കത്രയും കാലം നിങ്ങളുടെ ഒപ്പം കഴിയാലോ? തന്നെയുമല്ല അപ്പുറത്തെ ആൻസിയുടെ കാര്യം തന്നെ കണ്ടില്ലേ? "

ആൻസി എന്നു പറയുന്നത് അവരുടെ അയൽപക്കത്തെ ജോയിയുടെ മകളായിരുന്നു. കല്ല്യാണം കഴിഞ്ഞ് സ്വർണ്ണവും മറ്റും കൈക്കലാക്കി ആൻസിയുടെ ചെറുക്കൻ മുങ്ങി... എല്ലാവരേയും കളിയാക്കുന്ന സ്വഭാവക്കാരനായിരുന്നു ജോയ്... മറ്റുള്ളവരെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുന്നത് അയാൾക്കൊരു സന്തോഷമായിരുന്നു. ആർഭാടമായി ആയിരുന്നു അയാൾ മകളുടെ കല്ല്യാണം നടത്തിയത്.. പൊങ്ങച്ചക്കാരനായിരുന്ന അയാൾ രാഘവനോട് മകളുടെ ഭർത്താവാകാൻ വരുന്നവൻ എൻജിനീയറാണ് എന്ന് ഇടയി‌ടയ്ക്ക് പറയുമായിരുന്നു..  

"അത് അയാളുടെ അഹങ്കാരം കൊണ്ടല്ലേ മോളേ? അതു പോലെയാണോ നമ്മൾ?" അയാൾ ചോദിച്ചു..

"അതാ പറഞ്ഞത് അച്ഛാ എനിക്ക് യോഗമുള്ളപ്പോൾ നടക്കട്ടെ... അല്ലാതെ അതോർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല.."

അവൾ പറഞ്ഞതിന് അവർക്ക് മറുപടിയൊന്നുമില്ലായിരുന്നു... കാരണം അവൾ ഇന്നുവരെ ഒന്നിനും പരാതി പറഞ്ഞിട്ടുമില്ല ഇതുവരെ കുടുംബത്തിന് ഒരു ചീത്തപേരും കേൾപ്പിച്ചിട്ടുമില്ലായിരുന്നു.. അതുകൊണ്ടു തന്നെ അവർക്ക് അവളെക്കുറിച്ചോർത്ത് എന്നും അഭിമാനമായിരുന്നു... അവൾ കൂടി ജോലിക്ക് പോകുന്നതു കൊണ്ടാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത് എന്നും അവർക്ക് അറിയാമായിരുന്നു..

ദിവസങ്ങൾക്കു ശേഷം ബ്രോക്കർ അയാളെ കാണാനായി വന്നു...

"രാഘവേട്ടാ ഒരു കൂട്ടര് അനുവിനെ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിട്ടുണ്ട്... കാര്യങ്ങളൊക്കെ ഞാൻ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവർക്ക് അത് ഒരു പ്രശ്നമല്ല. ചെക്കന് തേപ്പ് പണിയാണ്. നല്ല സ്നേഹമുള്ള പയ്യനാ.. " 

ബ്രോക്കർ പറഞ്ഞതു കേട്ട് അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി...

"വന്ന് കണ്ടിട്ട് പോകട്ടെ... അവർക്ക് ഇഷ്ടപെടുമോന്ന് നോക്കട്ടെ ആദ്യം" അവർ പറഞ്ഞു...

"എന്നാലും അനുമോളോട് ഒന്ന് ചോദിക്കണ്ടേ? അവൾ ഡിഗ്രി വരെ പഠിച്ചതല്ലേ? ഈ തേപ്പ് പണി എന്നൊക്കെ പറഞ്ഞാ അവൾക്ക് ഇഷ്ടപെടുമോ എന്നറിയില്ല.." അയാൾ സംശയത്തോടെ പറഞ്ഞു..

"ഏയ് നിങ്ങള് വിചാരിക്കണ പോലെ ഒരു സാധാ തേപ്പ് പണി അല്ലാട്ടോ... മൂപ്പർക്ക് കുറച്ച് പണിക്കാരൊക്കെ ഉണ്ട്. കോൺട്രാക്ട് എടുത്ത് ചെയ്യുന്നവരാ... അവനും പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട് " ബ്രോക്കർ തിരുത്താനെന്നോണം പറഞ്ഞു...

"എന്തായാലും അവർ വരട്ടെ അല്ലേ? മോൾക്ക് ഇഷ്ടപെട്ടാലല്ലേ പിന്നെ നോക്കണ്ടൂ"... അയാൾ അവരുടെ മുഖത്തു നോക്കി പറഞ്ഞു...  

അവരും അത് ശരിവച്ചു... രണ്ടു ദിവസത്തിനു ശേഷം ബ്രോക്കർ അവരേയും കൂട്ടി അവിടേയ്ക്ക് വന്നു...

"വരൂ.. അകത്തേക്ക് കയറി ഇരിക്കൂ.. സൗകര്യങ്ങളൊക്കെ കുറവാട്ടോ.." മുറ്റത്ത് വന്ന അതിഥികളെ സ്വീകരിക്കാനായി അയാൾ മുന്നോട്ട് വന്നു..

ജനാലയഴിക്കിടയിലൂടെ അവളുടെ അമ്മ അവനെ ഒന്നു നോക്കിയിട്ട് അവളോടായ് പറഞ്ഞു...

"കുറച്ച് കഷണ്ടി ഉണ്ടെങ്കിലും അവന് ഒരു ചേലുണ്ട് കേട്ടോടി..." 

അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല... അവൾക്ക് അത്ര താൽപര്യമില്ലാത്ത വിഷയം ആയതിനാലാവാം അത്.

ചെറുക്കനും അമ്മാവനും കൂടിയായിരുന്നു പെണ്ണു കാണാൻ വന്നത്... അൽപസമയത്തെ കുശലാന്വേഷണങ്ങൾക്കു ശേഷം അമ്മാവൻ പറഞ്ഞു...

"എന്നാ കുട്ടിയെ വിളിക്കൂ.. എനിക്ക് ഇതു കഴിഞ്ഞ് ഒരിടം വരെ പോകാനുണ്ടേ" 

അതു കേട്ട് അവൻ അമ്മാവനെ മുഷിപ്പോടെ ഒന്നു നോക്കി... അതുകണ്ട് അയാളൊന്ന് പരുങ്ങി. അവന്റെ സ്വഭാവം അയാൾക്കറിയാമായിരുന്നു. എന്തുണ്ടേലും മുഖത്തു നോക്കി പറയുമെന്നും..

മകളെ വിളിക്കാനായി അയാൾ അവരോട് പറഞ്ഞു. ചായയുമായി അവൾ അവരുടെ മുന്നിലേക്ക് വന്നു നിന്നു. അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി... 

"ആഹാ... ഈ കുട്ടി ആയിരുന്നോ? സോനാ ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേളായിരുന്നില്ലേ?" അവൻ പരിചയഭാവത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു...

അതു കേട്ട് അവൾ തലയുയർത്തി അയാളെ സൂക്ഷിച്ചു നോക്കി...

"അതെ... അവൾ അവിടെ ഉണ്ടായിരുന്നു... ഐശ്വര്യയിൽ കിട്ടിയപ്പോ അങ്ങോട്ടേക്ക് മാറി.." അച്ഛനാണ് അതു പറഞ്ഞത്...

"അങ്ങനെ വരട്ടെ... ഞാൻ കണ്ടിട്ടുണ്ട് കുട്ടിയെ. എന്റെ പേര് വിനീത്... കുട്ടീടെ കൂട്ടുകാരിയില്ലേ അനുജ അവളെന്റെ കൂട്ടുകാരന്റെ പെങ്ങളാണ്. അങ്ങനെ അവന്റെ കൂടെ ഒന്നുരണ്ടു തവണ ഞാനവിടെ വന്നപ്പോ കണ്ടിട്ടുണ്ട്.. " 

അവൻ പറഞ്ഞതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവൾക്ക് ആളെ മനസ്സിലായിരുന്നു...

"എന്നാ ഞങ്ങളിറങ്ങട്ടെ... നിങ്ങളുടെ കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞ് അറിയാം... ബാക്കി കാര്യങ്ങളൊക്കെ ഞങ്ങളയാൾ വഴി അറിയിക്കാം" അതും പറഞ്ഞ് അമ്മാവൻ അവിടുന്ന് എഴുന്നേറ്റു..

"പിള്ളേർക്കെന്തെങ്കിലും സംസാരിക്കണമെന്നുണ്ടോ?" അവളുടെ അമ്മ അതു ചോദിച്ചപ്പോൾ അമ്മാവൻ ഇടയിൽ കയറി...

"ഓ... എന്ത് സംസാരിക്കാനാ.. അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. ഞങ്ങളിറങ്ങട്ടെ എന്നാ"

അവന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് സാധിക്കില്ലെന്ന് മനസ്സിലായതോടെ അവനും എണീക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു..

പോട്ടെ എന്ന ഭാവത്തിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി ആംഗ്യം കാട്ടി... അവൾ ചെറുപുഞ്ചിരിയോടെ തലകുലുക്കി...

അവൻ നടന്നു മറയുന്നതു വരെ അവൾ ജനലിഴകളിലൂടെ അവനെ തന്നെ നോക്കി നിന്നു...

"നിനക്ക് അവനെ ഇഷ്ടമായോ അനു? " പുറകിൽ നിന്ന് അമ്മയുടെ ചോദ്യം കേട്ട് ചമ്മലോടെ അവൾ തിരിഞ്ഞു നിന്നു...

"ഇഷ്ടമായി അമ്മേ... എനിക്കറിയാം വിനീതേട്ടനെ.. എന്റെ കൂട്ടുകാരിയുടെ അയൽപക്കമാണ്. നല്ല സ്വഭാവമാണ്. അവൾ കുറെ പറയാറുണ്ട്.. "

"പക്ഷേ അവന് മേസ്തിരി പണിയാണ്... നിനക്ക് അത് പ്രശ്നമൊന്നുമില്ലല്ലോ? അല്ല നിന്റെ കൂട്ടുകാരികളൊക്കെ നല്ല നിലയിലല്ലേ കഴിയുന്നത് അതു കൊണ്ട് ചോദിച്ചതാ.." അവർ ചോദിച്ചതിന് അവൾ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.

"ജോലിയിലെന്തിരിക്കുന്നു അമ്മേ... സ്നേഹിക്കാനും പരിഗണിക്കാനുമുള്ള മനസ്സ് ഉണ്ടായാൽ മതി... വിനീതേട്ടനതുണ്ട് എന്നു തന്നെയാണ് എന്റെ അറിവ്... പിന്നെ ആൻസിയുടെ കാര്യം തന്നെ ആലോചിച്ചാ പോരേ"

"ശരിയാ മോളേ... ഈശ്വരാ അവർക്ക് കൂടെ സമ്മതമായാൽ മതിയായിരുന്നു. ആ അമ്മാവനാണേൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാനും അനുവദിച്ചില്ല.. " അതെയെന്ന ഭാവത്തിൽ അവളും തലകുലുക്കി..

രണ്ടു ദിവസത്തിനുള്ളിൽ കല്ല്യാണത്തിന് സമ്മതമാണെന്നറിയിച്ചുള്ള ബ്രോക്കറുടെ വിളി വന്നതോടെയാണ് അവർക്ക് ആശ്വാസമായത്... പക്ഷേ കല്ല്യാണ ചിലവുകളെയോർത്ത് അയാൾക്ക് ഇരിക്കപൊറുതിയില്ലാതായി...

"എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.. ആകെ രണ്ടു മാസം മാത്രം.. അവളുടെ പേരിൽ വച്ചിരുന്ന കുറി വിളിച്ചാലും തികയുമെന്ന് തോന്നുന്നില്ല. നിങ്ങൾ വല്ല്യച്ഛനോട് ഒന്ന് ചോദിക്കൂന്നേ? " അവർ പറഞ്ഞതു കേട്ട് അയാൾ ഒരു നെടുവീർപ്പോടെ ചാരുകസേരയിലേക്ക് ചാരിയിരുന്നു...

അങ്ങനെ രണ്ടു മാസങ്ങൾ കടന്നുപോയി.. നാടുമുഴുവൻ ഓടി നടന്നായാലും കല്ല്യാണത്തിനുള്ള ഒരുക്കങ്ങൾ അയാൾ പൂർത്തിയാക്കിയിരുന്നു...

പക്ഷേ അപ്പോഴാണ് ആ ദുരന്തം അവർ പ്രതീക്ഷിക്കാതെ കടന്നു വന്നത്...

കല്ല്യാണത്തിനു തലേദിവസം നേരം തെറ്റി വന്ന ശക്തമായ കാറ്റും മഴയും മൂലം അവരുടെ വീടിന്റെ ചുമരിന്റെ ഒരു ഭാഗവും മേൽക്കൂരയും തകർന്നു വീണു.. 

വീടിന്റെ അവസ്ഥ അറിയാവുന്നതു കൊണ്ടും പിറ്റെ ദിവസം  കല്ല്യാണദിവസമായതു കൊണ്ടും മഴ തുടങ്ങിയപ്പോഴേ അവരെല്ലാം അടുത്ത ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതുകൊണ്ടു മാത്രമാണ് അവർക്ക് ആപത്തൊന്നും വരാഞ്ഞത്...

വിവാഹദിവസം രാവിലെ മഴ തോർന്നത് ആശ്വാസമായെങ്കിലും വീടിന്റെ ആ അവസ്ഥ കണ്ട് അയാൾക്ക് അതീവ സങ്കടം ആയി... 

തകർന്നു കിടന്ന ചുമരുകൾ നോക്കി അയാൾ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടേയിരുന്നു...

"എന്താ രാഘവേട്ടാ ഇത്?... ഈ സമയത്ത് നിങ്ങളിങ്ങനെ ആയലോ? അനുമോളുടെ കല്ല്യാണം ആണ് ഇന്ന് അതു മറക്കണ്ട... അത് നടക്കണം.. വേഗം ഒരുങ്ങാൻ നോക്ക് മുഹൂർത്തത്തിന് സമയമാവാറായി.." ഉറ്റ സുഹൃത്ത് അശോകന്റെ വാക്കുകളായിരുന്നു അത്..

"ഞാനെന്തു ചെയ്യും ഇനി അശോകാ... അവിടന്നും ഇവിടന്നും കടം വാങ്ങിയും നുള്ളിപറുക്കിയുമാണ് കല്ല്യാണത്തിനുള്ള വക കണ്ടെത്തിയത്. ഒരു പൈസപോലും ഇനി ആരും കടം തരില്ല... ഇത് നന്നാക്കിയെടുക്കാൻ പോലും പൈസയില്ല എന്റെ കയ്യിൽ .. " അയാൾ കരയാൻ തുടങ്ങിയിരുന്നു..

"ശ്ശെ എന്താ ഇത്.. നിങ്ങളിങ്ങനെ ആയാലോ? എന്തെങ്കിലും ഒരു വഴി നമുക്ക് കണ്ടെത്താം വേഗം പോയി ഒരുങ്ങാൻ നോക്ക് ബാക്കി പിന്നീടല്ലെ.."

സുഹൃത്തിന്റെ ആശ്വസിപ്പിക്കൽ അയാൾക്ക് അപ്പോളൊരു അനുഗ്രഹമായിരുന്നു. അങ്ങനെ താലികെട്ടും സദ്യയും ഭംഗിയായി തന്നെ നടന്നു... 

വധുവിനെ വരന്റെ കൂടെ ഇറക്കി വിടേണ്ട സമയം ആയപ്പോഴാണ് അവർ ആ ഒരു സംഭവം ഭർത്താവിനെ അറിയിച്ചത്...

"അല്ലാ രാഘവേട്ടാ ഇന്ന് വൈകീട്ട് അവരെ നമ്മുടെ വീട്ടിലേക്കല്ലേ കൊണ്ടു വരേണ്ടത്.. അതാണല്ലോ ചടങ്ങ്.. ഇനി ഇപ്പോ എന്ത് ചെയ്യും?"

അതു കേട്ടപ്പോഴാണ് അയാൾക്കും ആ ചിന്ത വന്നത്... അയാളാകെ വിയർത്തു.. അവനോട് കാര്യങ്ങൾ പറയാനായി അഭിമാനം അയാളുടെ അനുവദിക്കുന്നുമില്ലായിരുന്നു...

"ഞാനെങ്ങനെയാ ഇന്ന് ഈ കാര്യം അവനോട് പറയുക... അതിന്റെ കോട്ടം എന്റെ മോൾക്കല്ലേ ?"

"എന്നു പറഞ്ഞിരുന്നാ എങ്ങനാ ചേട്ടാ... എന്തായാലും അവനറിയും. ഇപ്പോഴേ പറഞ്ഞാൽ ചടങ്ങുകൾ മാറ്റിവച്ച് തൽക്കാലം മോന്റെ വീട്ടിലേക്ക് കൊണ്ടു പോകാമല്ലോ"

അവർ പറഞ്ഞത് ശരിയാണെന്നറിയാമെങ്കിലും അതിലെന്തോ ഒരു ലക്ഷണക്കേടുള്ളതു പോലെ അയാൾക്കു തോന്നി.. തന്നെയുമല്ല ഇനി ഇത് ശരായാക്കാനുള്ള പണം കണ്ടെത്താനെത്ര സമയം എടുക്കുമെന്നുമറിയില്ല.

അയാൾ ആകെ ചിന്തയിലാണ്ടിരിക്കുന്ന സമയത്താണ് അനുവും വിനീതും അവിടേയ്ക്ക് വന്നത്. വിഷമിച്ചിരിക്കുന്ന അവരെ നോക്കി അവൻ പറഞ്ഞു..

"വിഷമിക്കണ്ട അച്ഛാ.. അനു എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു.. നമുക്ക് വഴിയുണ്ടാക്കാം.. ചടങ്ങുകൾ തെറ്റിക്കണ്ട.."  അവൻ പറഞ്ഞതു കേട്ട് അയാൾക്ക് ആശ്വാസമായി..

"മോന് ഞങ്ങളോട് വിരോധമൊന്നുമില്ലല്ലോ? "

"എന്തിന്? ഞാൻ അനുവിനെ അല്ലെ കെട്ടിയത്... വീടിനെ അല്ലല്ലോ? എല്ലാം നമുക്ക് ശരിയാക്കാമെന്ന്... മഴ തോർന്ന് നിക്കല്ലേ... അത് ഭാഗ്യമായി. എന്റെ കൂടെ പണിയുന്ന കുറച്ചാളുകളെ ഞാനിപ്പോൾ തന്നെ അങ്ങോട്ട് പറഞ്ഞയക്കാം അവര് പണി തുടങ്ങട്ടെ. വൈകിട്ട് ചായ സൽക്കാരം കഴിഞ്ഞ് നമ്മളെത്തുമ്പോഴേക്കും പണി ഏകദേശം കഴിഞ്ഞിട്ടുണ്ടാവും. അച്ഛൻ വിഷമിക്കാതിരിക്ക്" 

അയാൾക്ക് പൂർണ്ണമായും അവൻ പറഞ്ഞത് അങ്ങട് പിടി കിട്ടിയില്ലെങ്കിലും മരുമകൻ പറഞ്ഞതിന് മറുപടിയായി അയാൾ തലകുലുക്കി..

അവളും അമ്മയും മുഖത്തോടു മുഖം നോക്കിയതല്ലാതെ അവർക്കും ഒന്നും മനസ്സിലായില്ലായിരുന്നു. അങ്ങനെ സൽക്കാരമെല്ലാം കഴിഞ്ഞ് അഞ്ചു മണിയോടെ ചെക്കനും പെണ്ണും മടങ്ങിയെത്തി... അപ്പോഴേക്കും ഇടിഞ്ഞു വീണ ചുമരിന്റെ പണി ഏകദേശം കഴിഞ്ഞിരുന്നു.. 

കാറിൽ നിന്നിറങ്ങിയതും അവൻ അവരോടായ് പറഞ്ഞു..

"അച്ഛാ ഒരു ലുങ്കിയും തോർത്തും കിട്ടുമോ" 

അവൻ ചോദിച്ചത് മനസ്സിലാവാതെ അയാൾ ഭാര്യയുടെ മുഖത്ത് നോക്കി..

"പെട്ടെന്ന് ഒന്നു കൊണ്ടു വരാമോ ആരെങ്കിലും?" അവൻ വീണ്ടും പറഞ്ഞു.. അത് കേട്ട് അവർ വീടിനുള്ളിലേക്ക് കയറി അലമാരയിൽ നിന്ന് ലുങ്കിയും തോർത്തുമെടുത്തു..

അവൻ ഉടുത്തിരുന്ന മുണ്ടും ഷർട്ടും അഴിച്ച് ലുങ്കിയെടുത്ത് മുറുക്കി കുത്തി തോർത്തുമെടുത്ത് പണിക്കാരുടെ ഇടയിലേക്ക് ഇറങ്ങി..

അതു കണ്ട് അവളോടൊപ്പം അവരും അമ്പരന്നു...  കല്ല്യാണചെക്കന്റെ ഒരവസ്ഥ കണ്ട് നാട്ടുകാരും മൂക്കത്ത് വിരൽ വച്ചു..

"അനു.. ഒരു കട്ടൻ കിട്ടോ നിന്റെ കൈകൊണ്ട്...?" ഇടക്ക് പണിക്കിടയിൽ അവളെ നോക്കി അവൻ പറഞ്ഞു.

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ  നിറഞ്ഞിരുന്നു. അവൾ ചായയെടുക്കാനായി അടുക്കളയിലേക്ക് പോയി.. അവരും പിന്നാലെ പോയി... അയാൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

അങ്ങനെ രാത്രി പതിനൊന്നു മണിയോടെ മേൽക്കൂരയുടെ പണിയും കഴിഞ്ഞിരുന്നു.. വിയർപ്പ് തുടച്ച് സഹപണിക്കാരേയും പറഞ്ഞു വിട്ട് അവൻ വീട്ടിനകത്തേക്ക് കയറി... വാതിക്കൽ നിന്ന അവളെ നോക്കി അവൻ പറഞ്ഞു..

"കുറച്ച് ചൂടുവെള്ളം കിട്ടോ അനൂ.. പണികഴിഞ്ഞു വന്നാ ചൂടുവെള്ളത്തിൽ ഒന്നു കുളിക്കണം... അത് പതിവാണേ" അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

അതുകേട്ട് അയാൾ അവന്റെ അടുത്തേക്ക് ചെന്നു..

"ഒരുപാട് സന്തോഷായി മോനേ... എന്റെ മോൾ കാത്തിരുന്നത് വെറുതെ ആയില്ല.. എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയുന്നില്ല" അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

"എന്താ അച്ഛാ ഇത്.. ഇന്നു മുതൽ ഞാനും ഈ വീട്ടിലെ ഒരംഗമല്ലേ? വീടിന് ഇങ്ങനെ ഒരവസ്ഥ വന്നാ അത് ശരിയാക്കിയെടുക്കണ്ടേ? ഇനി നിങ്ങൾക്ക് ഞാനുണ്ട്.. വിഷമിക്കരുത്.."

അയാൾക്ക് സന്തോഷമായി.. ഒരു മകനില്ലാത്തതിന്റെ വിഷമം അതോടെ തീർന്നപോലെ അയാൾക്ക് തോന്നി... 

"ആഹാ.. രാഘവേട്ടാ മരുമോനാള് കൊള്ളാലോ.. മോളേം കെട്ടി വീടും കെട്ടി.. നല്ല തേപ്പ് ആണല്ലോ തേച്ചത്" അയൽപക്കത്തെ ജോയ് കളിയാക്കാനായ് പറഞ്ഞു...

അതു കേട്ട് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...

"അതേ ജോയേ... അവൻ തേച്ചത് ഈ വീടിന്റെ ചുമരാ അല്ലാതെ നിന്റെ മരുമകനെ പോലെ കുടുംബത്തെ ഒന്നായി തേച്ചില്ലല്ലോ?"

അതു കേട്ടതും ചമ്മലോടെ അയാൾ അകത്തേയ്ക്ക് കയറിപ്പോയി... 

അവനും അത് കേട്ട് ചിരിവന്നു... അപ്പോഴേക്കും അവന് കുളിക്കാനുള്ള ചൂടുവെള്ളമായ് അവൾ വന്നിരുന്നു...