ഭാര്യയെ സംശയമുണ്ടോ? വായിക്കണം ഈ കഥ
ആരഷി... (കഥ)
ആദിദേവും ആരഷിയും ഞങ്ങൾ അയൽക്കാരുടെ രാത്രികൾ ഉറക്കമില്ലാതാക്കിയിട്ട് കുറച്ചു ദിവസങ്ങളായി. ആദിദേവ് എന്നും രാത്രിയാകുമ്പോൾ കുടിച്ചിട്ടു വരിക, ഭാര്യയായ ആരഷിയെ തല്ലുക, സർവ്വത്ര ബഹളം. ഏകദേശം ഒരു മാസമേയായുള്ളു, ആദിദേവിന്റെ കല്യാണം കഴിഞ്ഞ് ആരഷിയെ ഇവിടേക്ക് കൊണ്ടുവന്നിട്ട്.
ആദിദേവ് ഞങ്ങളുടെ അയൽക്കാരനായിട്ട് അഞ്ചു വർഷമായി, കറുത്തു തടിച്ച ഒരു കുള്ളൻ ബംഗാളി, ചെറുപ്പത്തിൽ തന്നെ കേരളത്തിലേക്ക് വന്നതു കൊണ്ട് മലയാളം ശരിക്കറിയാം. നല്ലൊരു മേസ്തിരിയാണ്. ഞങ്ങൾക്കെല്ലാം വളരെ ഉപകാരി. സാധാരണ കേരളത്തിലെത്തുന്ന ബംഗാളികളിൽ നിന്ന് വ്യത്യസ്തൻ. എന്ത് സഹായം ചെയ്യാനും എപ്പോഴും റെഡി. വിവാഹം ഉറപ്പിച്ചതിൽ പിന്നെ ആദിദേവ് എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു അതുപോലെതന്നെ ഞങ്ങളും. എന്തെല്ലാം ഒരുക്കങ്ങളായിരുന്നു! പാത്തുമ്മാന്റെ വക ഡബിൾ കോട്ട്, ആദിദേവിന്റെ വാടകവീടീന്റെ ഉടമസ്ഥന്റെ വക വീടിനുള്ളിൽ തന്നെ ശൗചാലയം, നാണിയമ്മയുടെ വക അടുക്കള സാമഗ്രികൾ, എന്റെ വകയായി ഭാര്യയുടെ മരണശേഷം മകൾ പലയാവർത്തി ചോദിച്ചിട്ടും നല്കാതെ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്ന രണ്ടു പവന്റെ താലിമാല, മാല മാത്രം. അങ്ങനെ പലതും.
കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം കഴിഞ്ഞാണ് ആദിദേവ് ആരഷിയെയും കൂട്ടി വന്നത്. ആരഷിയെന്ന പേര് അന്വർഥമാക്കുമാറ് ഉദയസൂര്യന്റെ ആദ്യകിരണങ്ങൾ പോലെ പ്രഭയാർന്ന മുഖത്തോടുകൂടിയ ആദിദേവിന്റെ ഭാര്യ എല്ലാവരുടെയും കാലു തൊട്ടു വന്നിച്ചപ്പോൾ നാണിയമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. എനിക്ക് ബംഗാളി ഭാഷ അറിയാമായിരുന്നതു കൊണ്ട് ആരഷി എന്നോടു മാത്രമേ സംസാരിച്ചിരുന്നുള്ളൂ..
ആദിദേവിന്റെ വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പണിക്കു പോകാതെ വീട്ടിലിരുന്ന് കുടിയും ബഹളവുമാണ്. അതിനിടയിൽ അവന്റെ എന്നോടുള്ള പെരുമാറ്റത്തിലുള്ള മാറ്റം ഞാൻ തിരിച്ചറിഞ്ഞു. വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു എനിക്ക് പരിചയമുള്ള ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്ത് അവനെ എത്തിക്കാൻ. നാണിയമ്മേയയും കൂടെ വിട്ടിരുന്നു. നാണിയമ്മയേയും ആരഷിയേയും പുറത്തു നിറുത്തി ഡോക്ടർ ആദിദേവിനോട് കാര്യങ്ങൾ ആരാഞ്ഞു.
ഡോക്ടർ, ആരഷി എന്റെ കളി കൂട്ടുകാരിയായിരുന്നു. ചെറുപ്പത്തിലെ മറ്റു കുട്ടികൾ എന്നെ ബാമന* എന്ന് കളിയാക്കി വിളിക്കുമ്പോൾ ആശ്വസിപ്പിച്ചിരുന്നത് ആരഷിയായിരുന്നു. പത്താം വയസിൽ നാടു വിടാനുണ്ടായ കാരണവും ആരഷിയോടുള്ള തീവ്രമായ ഇഷ്ടമായിരുന്നു. ആരഷിയെപ്പോലെ ഒരു കുട്ടിയുടെ കൂടെ ഒരു സൗന്ദര്യവുമില്ലാത്ത കുള്ളനായ ഞാൻ നടക്കുന്നതു കണ്ടതിൽ അസൂയ പൂണ്ട ചില സഹപാഠികൾ ചേർന്ന് എന്നെ കള്ളനാക്കുവാൻ അതിലൊരുത്തന്റെ മാല എന്റെ ബാഗിൽ വയ്ക്കുകയും പിടിക്കപ്പെട്ടപ്പോൾ സ്കൂളിൽ നിന്നും പുറത്താക്കുകയും, ഈ അപമാനം സഹിക്കാനാവാതെ നാടുവിട്ട കാര്യവും, കേരളത്തിലെത്തി പല പല പണികളും ചെയ്യുകയും അവസാനം കൽപ്പണി പഠിച്ചതും നല്ലൊരു പണിക്കാരനായതും എല്ലാം ചുരുക്കത്തിൽ ആദിദേവ് പറഞ്ഞു. ഇവിടെയെത്തി പത്തു വർഷം കഴിഞ്ഞാണ് തിരിച്ച് നാട്ടിലേക്ക് പോകുന്നത്. അതും ആരഷിയെ കാണാൻ വേണ്ടി മാത്രം, കല്യാണം കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നത്. അവിടെ ചെന്നപ്പോഴാണറിയുന്നത് ആരഷി മറ്റു വിവാഹങ്ങൾക്ക് സമ്മതിക്കാതെ തനിക്കു വേണ്ടി കാത്തിരിക്കുകയാണെന്ന്. ആരഷിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ആരഷി ഈ കുള്ളനു വേണ്ടി, അതും എവിടെയാണെന്നു പോലുമറിയാത്തവനു വേണ്ടി ഇത്രയും നാൾ കാത്തിരിക്കുക? ആദി മറന്നുപോയോ? പോകാൻ നേരത്ത് കാളിമാതയുടെ മുമ്പിൽ വച്ച് എന്നോട് പറഞ്ഞത്, നിനക്കു വേണ്ടി കാത്തിരിക്കണമെന്ന്. ഇതാ ഞാൻ വാക്കു പാലിച്ചിരിക്കുന്നു. വിവാഹത്തിന് ആരഷിയുടെ വീട്ടുകാരുടെ സമ്മതം കിട്ടാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു...
എല്ലാം കേട്ടതിനു ശേഷം ഡോക്ടർ ചോദിച്ചു. ഇപ്പോൾ എന്താ പ്രശ്നം? ഇപ്പോൾ ഞങ്ങൾ വഴിയിൽ കൂടി നടക്കുമ്പോൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതു പോലെ തോന്നുന്നു. അതു പോലെ മേനോൻ സാറിനോട് ആരഷി സംസാരിക്കുമ്പോൾ അവളുടെ കണ്ണിലെ വല്ലാത്ത തിളക്കം എന്നെ അലോസരപ്പെടുത്തുന്നു. കൂട്ടുകാർ പറയുന്ന, സുന്ദരിയായ ഭാര്യമാരുള്ളവരുള്ളവരുടെ പല കഥകളും എന്റെ ഉറക്കം കെടുത്തുന്നു. ഞാൻ എന്തു ചെയ്യും ഡോക്ടർ..
നിന്നെ ഇത്രയും നാൾ കാത്തിരുന്ന ഭാര്യയെ സംശയിക്കുന്നതെന്തിന്? നിന്റെ കുറവുകൾ അവൾക്കറിയില്ലേ, അവളുടെ സ്നേഹം പവിത്രമായതു കൊണ്ടല്ലേ അവൾ നിനക്കു വേണ്ടി കാത്തിരുന്ന്. പിന്നെ മേനോൻ സാർ, സാറിനെയൊരിക്കലും സംശയിക്കരുത്, സാറിന്റെ ഭാര്യയും സാറും തമ്മിലുണ്ടായിരുന്ന ബന്ധം ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ഭാര്യ മരിച്ചതിനു ശേഷം ഏകദേശം രണ്ടു വർഷത്തോളം സാർ എന്റെ ചികിത്സയിലായിരുന്നു. സാറിന് ആരഷിയോടുള്ള സ്നേഹം ഒരു മകളോടുള്ളതാണ്. ആരഷിക്ക് മലയാളം വശമില്ലാത്തതു കൊണ്ട് മേനോൻ സാറിനോട് കൂടുതൽ സംസാരിക്കുന്നെന്നു മാത്രം. നല്ലൊരു കൗൺസിലിംഗ് നടത്തിയിട്ടാണ് ഡോക്ടർ അവരെ പറഞ്ഞു വിട്ടത്. ആദിദേവ് എന്റെ വീട്ടിലേക്കാണ് ആദ്യം കയറിയത് ദാദാ... എന്നു വിളിച്ച് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കരച്ചിലിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലാകുന്ന വാക്കുകൾ. അപ്പോഴും ആരഷിയുടെ മുഖം പ്രശോഭിച്ചിരുന്നു, ഉദയസൂര്യന്റെ ആദ്യകിരണങ്ങൾ പോലെ..
*ബാമന = കുള്ളൻ