മൂന്നാം സാധ്യത (കഥ)

നായികയായി അഭിനയിച്ച, പുതുമുഖ സംരംഭമായ സിനിമ നൂറു ദിവസം ഓടിയതിന്റെ സന്തോഷവും നാളെ നടക്കാൻ പോകുന്ന അവൾ നായികയായുള്ള മാധവ ശങ്കറിന്റെ പുതിയ പടത്തിന്റെ  അവസാന ചർച്ചയും നൽകിയ സ്വപ്നങ്ങളുടെ ധാരാളിത്തത്തിൽ ആർദ്രക്ക് ശരിക്കുറക്കം വന്നില്ല. അടുത്ത് അമ്മ ഉറങ്ങിക്കഴിഞ്ഞിരുന്നു. വീടു വെക്കാൻ നല്ലൊരു സ്ഥലം സ്വന്തമാക്കാനായതിന്റെ സന്തോഷം അമ്മയ്ക്കെത്ര പറഞ്ഞിട്ടും തീരുന്നില്ല. കൂടെ നിന്നവരെയൊക്കെ കൈ പിടിച്ചു കയറ്റണം. കിടക്കുന്നതിനു മുമ്പ് ഫോൺ നോക്കുമ്പോൾ നിർമ്മാതാവ് ഷൈബു പ്രിൻസിന്റെ മെസേജ് വന്നുകിടക്കുന്നു.

"ആർദ്ര, നിനക്കു രണ്ടു സാധ്യതകളുണ്ട്. ഒന്ന്– ഇന്നു രാത്രി 12 മണി വരെ എന്റെ റൂം ഞാൻ ലോക്ക് ചെയ്യില്ല. നീ വരണം.

രണ്ട്– അവസാന ചർച്ചക്കു നിൽക്കേണ്ടതില്ലെന്നു തീരുമാനിച്ച്, നിന്റെ സ്വപ്നങ്ങളെ കൊന്ന് സിനിമ തന്നെ ഉപേക്ഷിച്ചു പോകുക." ആർദ്രയുടെ അസ്വസ്ഥത അതിരില്ലാതെ പടം പൊഴിച്ചു.

******    ******    ******    ******    ******

ഷൈബു പ്രിൻസ് അയച്ചു തന്ന കാറിൽ പിറ്റേന്ന് ആർദ്ര കയറുമ്പോൾ അവളോടൊപ്പം ഉറ്റ സുഹൃത്ത് മേരിയുമുണ്ടായിരുന്നു, ബ്ലാക്ക് ബെൽറ്റ് മേരി. പിന്നെയവളുടെ കൂടെയെന്നുമുണ്ടാവുമെന്ന് അവളുറപ്പിച്ച അഭിയും. കാർ നീങ്ങിത്തുടങ്ങിയപ്പോൾ ആർദ്ര ഷൈബു പ്രിൻസ് സാറിന് രാത്രി 12 മണിക്ക് അവളയച്ച മെസേജ് ഒന്നു കൂടിയെടുത്തു നോക്കി.

"സർ, താങ്കൾ നൽകിയ രണ്ടു സാധ്യതകൾ കൂടാതെ മൂന്നാമതൊരു സാധ്യത രണ്ടു വിഭാഗങ്ങളായെനിക്കുണ്ട്.

ഒന്ന്- താങ്കളുടെ മെസേജ് സ്ക്രീൻ ഷോട്ടെടുത്ത് 'Me too' വിൽ ടാഗ് ചെയ്യുക.

രണ്ട്- ഞാൻ ഫോട്ടോയെടുത്തു വച്ചിരിക്കുന്ന താങ്കളെടുക്കാൻ പോകുന്ന സിനിമയുടെ തിരക്കഥ യു ട്യൂബിൽ അപ് ലോഡ് ചെയ്യുക.

മറുപടിക്കുള്ള സമയപരിധി. നാളെ ചർച്ച തുടങ്ങുന്ന സമയം. കാലത്ത് പത്തു മണി. എന്റെ വിലാസം ഓർമിക്കുക."

സ്വപ്നങ്ങൾ ആർദ്രക്കും മുൻപേ ചർച്ചയിൽ പങ്കെടുത്തു തുടങ്ങിയിരുന്നു.