ചില മനുഷ്യർ അങ്ങനെയാണ് (കഥ)

രാവിലെ ഫോൺ റിങ് ചെയ്യുന്നതു കേട്ടാണ് ഉണർന്നത്. ഇന്നലെ രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല. ലാപ്ടോപ്പും ബുക്കുകളുമൊക്കെ ബെഡിൽ തന്നെ ഉണ്ട്. ഫോണെടുത്തു നോക്കിയപ്പോൾ പ്രമോദ് ആണ്. 

“ഹലോ… പ്രമോദ് പറയടാ... എന്താ ഇത്ര രാവിലെ?”

“ഒന്നൂല്യ നീ ഉണർന്നില്ലായിരുന്നോ?”

“ഇല്ല”

“എടീ ഞാനൊരു കാര്യം പറയാനാ വിളിച്ചത്.”

“എന്താ... പറ”

“നമ്മുടെ അഷ്‌റഫ് വേറെ കല്യാണം കഴിച്ചു.”

പാതിമയക്കത്തിൽ പാതിതുറന്ന കണ്ണുകളിലെ ക്ഷീണം പെട്ടെന്ന് എവിടേക്കോ പോയി.

“പ്രമോദേ നീ എന്താ ഈ പറയുന്നത്?!”

“ആതേടാ... അഫിയാണ് പറഞ്ഞത്. അവൻ അവരുടെ റിലേറ്റീവല്ലേ...”

“എടാ എന്നാലും അവനെങ്ങനെ..?”

“പക്ഷേ അവൻ വേറൊരു കാര്യം കൂടി പറഞ്ഞു.”

“എന്താടാ..?!”

“താഹിറാ.., അവൾ സമ്മതിച്ചിട്ടാണ് കെട്ടിയതെന്ന്.”

“നീ എന്താടാ പറയുന്നത്!....?”

“പക്ഷേ, അവളങ്ങനെ പറയുമോ? ഞാനൊന്ന് അവിടെ വരെ പോയി അവളെ കണ്ടിട്ട് നിന്നെ വിളിക്കാം. എനിക്കിതങ്ങോട്ട് വിശ്വസിക്കാനാകുന്നില്ലെടാ...”

“ഒാക്കെടീ..”

വണ്ടിയിൽ കയറിയതുമുതൽ അവളായിരുന്നു മനസ്സിൽ. താഹിറ... കോളജിലെ എല്ലാവരുടെയും ഹീറോയിൻ ആയിരുന്നു. ആ ഉമ്മച്ചികുട്ടി… എല്ലാ പയ്യന്മാരും അവൾക്കു പിറകെ നടന്നപ്പോൾ, അവൾക്കിഷ്ടം അഷ്‌റഫിനെ ആയിരുന്നു. ആദ്യമൊക്കെ ആരും അറിയാതെ പോയ ആ പ്രണയം, പിന്നീട് കോളജിലെ മാവിൻ ചുവട്ടിലെ എന്തിനെന്നറിയാതെ ഓടി നടന്ന പുളിയുറുമ്പുകൾക്ക് വരെ അറിയാമെന്നായി.

കോളജ് കാലം കഴിയും മുമ്പ് അവൾക്ക് വാപ്പ വേറെ നിക്കാഹ് ഉറപ്പിച്ചപ്പോൾ, അഷ്‌റഫ് അവിടെ ചെന്ന് ബഹളം വെച്ച് അവളെ വിളിച്ചിറക്കികൊണ്ടുവന്ന് രജിസ്റ്റർ മാര്യേജ് ചെയ്തതാ. ഒടുവിൽ ഞങ്ങളെല്ലാവരും കൂടി പോയി അഷ്‌റഫിന്റെ ഉപ്പാന്റെ കയ്യും കാലും പിടിച്ചാണ് അവരെ വീട്ടിൽ കയറ്റിയത്. അങ്ങിനെ ഒരു കോലാഹലം സൃഷ്‌ടിച്ച പ്രണയമായിരുന്നു അത്.

അവർക്ക് ഒരു മകളുണ്ടായപ്പോൾ പതിയെ അവളുടെ വീട്ടുകാരുടെ പിണക്കവും അങ്ങ് മാറി. അങ്ങിനെ ആ അനശ്വരപ്രണയം പൂത്തുതളിർക്കുന്നതു നോക്കി നിന്നതാ ഞങ്ങളെല്ലാവരും. അവൻ അവളെ വിട്ട് വേറൊരു കല്യാണം കഴിക്കുമെന്ന് വിശ്വസിക്കാൻ കൂടി വയ്യ.

ഞാൻ എത്തുമ്പോൾ താഹിറ മുറ്റത്ത് മോൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അവൾക്ക് ഒത്തിരി സന്തോഷമായി. അഷ്റഫേതോ ഫ്രണ്ടിന്റെ കൂടെ പുറത്തു പോയതാണെന്ന് പറഞ്ഞു. പലതവണ ഞാനാവീട്ടിൽ പോയപ്പോൾ ഉണ്ടായിരുന്നതിലും വ്യത്യസ്തമായി ഞാനൊന്നും അവിടെ കണ്ടില്ല. നിന്നെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ എന്ന സ്ഥിരം പരിഭവം പോലും പറയാൻ അവൾ മറന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് ഞാൻ കേട്ട വാർത്തയേ പറ്റി അവളോടൊന്നും ചോദിക്കാനും കഴിഞ്ഞില്ല.

വെറുതെ അവളുടെ ചെടികളൊക്കെ നോക്കി പുറത്തിറങ്ങിയപ്പോൾ അവളും എന്റെ പുറകെ ഇറങ്ങി. 

“നീ വെറുതെ വന്നതാണോ”

“അതേടി... ഞാൻ വെറുതെ വീട്ടിലിരുന്നപ്പോൾ നിന്നെ ഒന്നു കാണണമെന്നു തോന്നി ഇറങ്ങിയതാണ്.” അവൾ എന്തോ പറയാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കോളജിൽ ആയിരുന്നപ്പോൾ ഒരു നിമിഷം പോലും മിണ്ടാതിരിക്കാൻ കഴിയാതിരുന്ന, ആകാശത്തിനു കീഴെ എല്ലാത്തിനെ കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന, ഞങ്ങൾക്കു മുന്നിൽ അന്ന് ആദ്യമായി ഒന്നും സംസാരിക്കാനില്ലാതെ ഒരു നീണ്ട മൗനം എവിടെ നിന്നോ കടന്നു വന്നു.

“നിന്റെ തത്തമ്മ എവിടെ? കൂട് കാലിയാണല്ലോ..”

“അവൾ ഞങ്ങളുടെ കൂടെ കൂടീട്ട് ഇപ്പൊ വർഷങ്ങൾ ആയിരുന്നു. ഞാനവളെ എത്ര സ്നേഹിച്ചിട്ടും, എന്തൊക്കെ കൊടുത്തിട്ടും, അവളൊരിക്കൽ ഒരവസരം കിട്ടിയപ്പോൾ പാറി പോകാൻ നോക്കിയതാണ്, ഞാനതിനെ എത്ര കൂട്ടിലടച്ചാലും അതെന്നെ കാണാതെ ഒരിക്കൽ പോകും എന്നു തോന്നിയപ്പോൾ, അറിഞ്ഞുകൊണ്ട് തന്നെ ഞാനതിനെ തുറന്നു വിട്ടു. അറിയാതെ അത് പോയിരുന്നെങ്കിൽ എനിക്ക് ഒരുപാട് വേദനയായിരിക്കും. ചില മനുഷ്യരും അങ്ങനെയാണ് പാർവതീ…….”

അവളെത്ര സിംപിളായാണ് അവളുടെ ജീവിതത്തിലെ വലിയൊരു പ്രശ്നം പറഞ്ഞു തീർത്തതെന്നോർത്ത് ഞാനവളെ തന്നെ നോക്കി നിന്നു.

യാത്ര പറഞ്ഞു പോരുമ്പോൾ അവൾക്ക് പകരം ഞാനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് താനെ ഓർക്കുകയായിരുന്നു.