മക്കൾ തമ്മിൽ സ്വത്തുതർക്കം, സുബോധം നഷ്ടപ്പെട്ടവനായി അഭിനയിക്കേണ്ടി വന്ന അച്ഛൻ
ഭ്രാന്തന് (കഥ)
വയറുനിറച്ച് തിന്നണം എവിടെ എങ്കിലും കുറച്ചുനേരം നന്നായി കിടന്നുറങ്ങണം സ്മൃതിമണ്ഡലം പൂര്‍ണ്ണമായും നശിച്ചുപോയതായി തോന്നിയിരുന്ന ആ വയോധികന് അതില്‍ കൂടുതല്‍ ഒരാഗ്രഹവും ഉള്ളതായി ഡോക്ടറായ അശ്വതിക്ക് തോന്നിയിട്ടില്ലായിരുന്നു അതുവരെ!
എവിടെയോ ഒരു വലിയ നൊമ്പരം! ലോകത്തിന്റെ സ്പന്ദനങ്ങള്‍ അയാള്‍ക്കും ഉണ്ടാവില്ലേ? അവര്‍ ചികിത്സ തുടങ്ങി! പക്ഷേ, ഒരു ഭ്രാന്തന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തന്നെ ഇയാള്‍ പറ്റിക്കുകയാണോ? എങ്കിലും അവര്‍ മനപ്പൂർവം അയാളോട് പറഞ്ഞു.
''ദേ ഇവിടെ ഉള്ള ആളുകള്‍ ഒക്കെ ഉപദ്രവിക്കാന്‍ വരും അടങ്ങി ഒതുങ്ങി കഴിഞ്ഞോണം'' അതുകേട്ട് അയാള്‍ സ്നേഹത്തോടെ തലയാട്ടുമായിരുന്നു. മാസങ്ങള്‍ കഴിയവേ എല്ലാം വിസ്മൃതിയില്‍ ആയിരുന്ന അയാളുടെ ബോധമണ്ഡലത്തില്‍ പതിയെ നനുത്ത തളിരിതളുകള്‍ വന്നുകാണും എന്ന് പുറത്തുള്ള ആരൊക്കെയോ മനസ്സിലാക്കിയതുകൊണ്ടാവാം അയാളെ ആരൊക്കെയോ വന്നു കണ്ടു പോകുമായിരുന്നു. ഒരു ദിവസം അങ്ങനെ വന്നവരില്‍ ഒരാള്‍ പറഞ്ഞു.
''അച്ഛന് ബോധം തിരിച്ചു കിട്ടീന്ന് ഉറപ്പാ ഇനി ഉടന്‍ അതിനൊരു തീരുമാനം ഉണ്ടാക്കണം നിനക്ക് വീട് ഞാന്‍ വിട്ടു തരില്ല ഉറപ്പാ!''
കൂടെ ഉണ്ടായിരുന്ന സ്ത്രീ പറഞ്ഞു- ''ആ വീട് എനിക്കുതന്നെ വേണം അമ്മ മരിക്കുന്നതിനു മുന്‍പ് അച്ഛന് പറഞ്ഞു വെച്ചതാ..! അത് വിറ്റിട്ട് വേണം പട്ടണത്തില്‍ ഫ്ലാറ്റ് വാങ്ങാന്‍ എന്ന് കുട്ട്യേള്ടെ അച്ഛന് പലവട്ടം പറഞ്ഞു! ഇനി ഇപ്പൊ ഏട്ടന് വഴക്കിനു വരണ്ട. ആ തഴമ്പിച്ച കൈ വിരലുകളില്‍ രേഖ ഉണ്ടായിരുന്നു എങ്കില്‍ എപ്പോഴേ അത് കിട്ടുമായിരുന്നു! ഇതിപ്പോ ഒപ്പിടാന്‍ കഴിയാത്ത വിധം ശൂന്യമനസ്സോടെ നില്ക്കുന്ന അച്ഛന് സ്വബോധത്തോടെ അല്ല ഇതൊക്കെ ചെയ്യുന്നത് എന്ന് അന്നാ രജിസ്ട്രാര്‍ പറഞ്ഞു ബഹളം കൂട്ടിയതുകൊണ്ട് ഒന്നും നടന്നില്ല ഇനി അത് നടപ്പില്ല!''
പുറത്തു നിന്ന് അയാളെ നോക്കി സംസാരിച്ചിരുന്ന അവരെ രണ്ടു പേരെയും ഡോക്ടര്‍ അശ്വതി അകത്തേക്ക് വിളിപ്പിച്ചു. വരാന്തയില്‍ തൂണില്‍ ചാരി പുറത്തെ കാഴ്ചകള്‍ നോക്കി നിര്‍വികാരനായി നിന്ന അയാളെ ഒന്ന് പാളി നോക്കികൊണ്ട് വന്നവരില്‍ ആ സ്ത്രീ പറഞ്ഞു.
''അതെ ഡോക്ടര്‍ അത് ഞങ്ങടെ അച്ഛനാണ് അമ്മ മരിച്ചു വീട് ഭാഗം വയ്ക്കുന്ന സമയം ആയപ്പോഴേക്കും അച്ഛന് ഭ്രാന്തായി വീടുവിട്ടു പോയി. അന്ന് ഞങ്ങള്‍ കുറെ അന്വേഷിച്ചു പക്ഷേ കണ്ടു കിട്ടിയില്ല ആരോ പറഞ്ഞറിഞ്ഞു ഇവിടെ ഉണ്ട് എന്ന് ഇപ്പൊ സുഖായില്ലേ ഞങ്ങള്‍ക്ക് കൊണ്ടുപോകാലോ ല്ല്യെ..? "
അശ്വതി അയാളുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി ആ കണ്ണില്‍ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങി ചുളിഞ്ഞ കവിളിള്‍ പാടുകളിൽ വീണിരിക്കുന്നു.
''അത് വിഷമം തോന്നരുത്... അയാള്‍ക്ക് പഴയതിലേക്ക് ഉള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട. ചികിത്സ തുടരണം. കൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ട് കോടതിയില്‍ നിന്നും ഒരു ഒത്തുതീര്‍പ്പുണ്ടാക്കി വരൂ...! ''
ശേഷം സെക്യൂരിറ്റിയെ വിളിച്ചു വന്നവര്‍ക്ക് പുറത്തേക്കുള്ള വഴികാണിക്കാന്‍ ഏര്‍പ്പാട് ചെയ്തു. പുറത്തേക്കു വന്ന അശ്വതിക്ക് മുന്നില്‍ അയാള്‍ തൊഴുകയ്യോടെ നിന്നു കൊണ്ടു പറഞ്ഞു.
''ആ പോയത് എന്റെ മക്കളാ ഡോക്ടര്‍, അവര്‍ക്കു വേണ്ടി പണിയെടുത്തു കയ്യിലെ രേഖയെല്ലാം മാഞ്ഞുപോയി എന്റെ തലയില്‍ ഉള്ളതും പോയി എന്നു പറഞ്ഞ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്നു കൊല്ലം ആയി ''
ഡോക്ടര്‍ സ്നേഹത്തോടെ അയാളുടെ ചുമലില്‍ ഒന്ന് തട്ടികൊണ്ട് അതുപോലെ ഉള്ള മറ്റൊരാളുടെ അടുത്തേക്ക് നീങ്ങി!