ഒരു നാടൻ വീട്ടമ്മ (കവിത)
പാതിരാവിലുറങ്ങണം
അതിരാവിലെയുണരുവാൻ...
തണുത്ത വെള്ളം തഴുകുമ്പോൾ
ആലസ്യം വിട്ടകന്ന നിർവൃതിയാൽ
കൺകൾ തുറക്കുന്നു...
അടുപ്പുകൾ എരിയാനും
പുകയാനും തുടങ്ങുന്നതിനൊപ്പം
ആർക്കും വേണ്ടാത്തൊരു
മനസ്സും കൂട്ടുകൂടുന്നു...
അരി കഴുകൽ
വെള്ളം തിളച്ചു കാത്തിരിക്കുന്നു...
പലഹാരങ്ങളുടെ
പലവക ഓർമപ്പെടുത്തലുകളും...
പൊതികളിലേയ്ക്കോടിക്കയറേണ്ടവ
ഊഴം കാത്തിരിക്കുന്നു...
കമ്പിളിയിൽ ചുരുളുന്ന
ജന്മങ്ങളെയെല്ലാം
ഉണർത്തി കാപ്പി കുടിപ്പിക്കൽ...
കുളിക്കാനോടാത്തോർക്ക്
പിന്നാലെയോടി,
ബാക്കിയുള്ളതിനൊരു
തുടക്കമങ്ങനെയും...
ഇടിവെട്ടിത്തകർക്കും പേമാരി
പോലിത്തിരി നേരം കൊണ്ട്
ഏറെയേറെ കറങ്ങിത്തിരിഞ്ഞു,
കണവനെയടക്കം
ചിരിച്ചു യാത്രയാക്കിയിട്ടൊട്ടുമേ
കിതച്ചു നിന്നില്ലവൾ…
ഇരിക്കാനിനിയൊട്ടുമില്ല നേരം
നടന്നു കൊണ്ട്
എന്തൊക്കെയോ കൊറിച്ചു..
തൊടിയിൽ കറങ്ങിത്തിരിഞ്ഞു
മണ്ണിനോടും മണ്ണിരയോടും
കുശലം പറഞ്ഞു...
പച്ചക്കറികൾ ആവശ്യത്തിനെടുത്ത്
ചുള്ളിയും ചൂട്ടും കൊതുമ്പും
മടലുകളും അടുക്കിപ്പെറുക്കി
വീണ്ടും അടുക്കളയിലലിഞ്ഞു...
കടയിലേയ്ക്കൊരോട്ടം
തുറിച്ചുനോട്ടങ്ങളെ പേടിച്ചു
വേഗമിങ്ങെത്തണം...
ഏവർക്കും ചായ, കാപ്പി ഇത്യാദി...
പ്രാർഥന, പഠിത്തം
കെട്ട്യോന്റെ വക ശകാരങ്ങളും
കുട്ടികൾ തൻ ചിണുങ്ങലുകളും
മേമ്പൊടിക്ക്…
വീട് നിശ്ശബ്ദതയിലലിയുമ്പോൾ
വീണ്ടും ഇത്തിരി വെള്ളത്താൽ
തനുവിനെ തണുപ്പിച്ചു
വന്നപ്പോൾ കണ്ണാടി ചോദിക്കുന്നു
അവളെവിടെ…
പരാതിയില്ല, പരിഭവമില്ല,
എന്റെ മുന്നിൽ കാണ്മതില്ല
അറിയില്ല അവളെ ഞാനും..
പാതിയുറക്കത്തിൽ പതിയുടെ
ആക്രാന്തം...
ഒടിഞ്ഞു നുറുങ്ങിയ മേനി
പിഴിഞ്ഞൂറ്റിക്കുടിച്ച്
അവനുറങ്ങി...
അവളതിനും
മുന്നേയുറങ്ങിയിരുന്നു!
പാതിരാവിലുറങ്ങണം;
അതിരാവിലെയുണരുവാൻ...