അമൃതവർഷിണി (കഥ)

പുതിയ പ്രോജക്ടിന്റെ സാധ്യതകളായിരുന്നു മനസ്സിൽ. ഹൈവേ വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുറേയേറെയാൾക്കാർ....

ടൈം മാനേജ്മെന്റിനെപ്പറ്റി ഒരു ലഘു വിവരണം...

ഫിലിപ്പ് കോട്ട്ലറെക്കാൾ ഇവിടെ പ്രായോഗികമാകുന്നത് സിഗ് സിഗ്‌ലറുടെ  മാർക്കറ്റിങ് പ്രഫഷനലിസമാണ്.. സെയിൽ ബൈ പൊസഷൻ.

അലൻ പീസിന്റെ അഞ്ചു സോളിഡ് ചോദ്യങ്ങൾ മാത്രം മതി, യഥാർഥ ഉപഭോക്താവിനെ കൈയിലെടുക്കാൻ. പിന്നെ കൊച്ചി നഗരത്തിന്റെ വികാസം ഇനി തെക്കോട്ടേ സാധ്യമാകൂ എന്ന സത്യവും...

വണ്ടിയിൽ വെറുതെ പാട്ടു വച്ചു. അമൃതവർഷിണി ഫ്യൂഷൻ സോങ്.

പിന്നെയും വാക്കുകൾ ഓടി വന്നു. സെയിൽ ബൈ ഓണർഷിപ്പ്.. ആൾക്കാർക്ക് കൂടുതലിഷ്ടം നഷ്ടങ്ങളെക്കുറിച്ചു കേൾക്കാനാണ്.

പെട്രോൾ പമ്പിലേക്കു വണ്ടി തിരിക്കുമ്പോൾ  വീണ്ടും സ്വയം ചോദിച്ചു:

'സർ വിച്ച് ഈസ് യുവർ ഫസ്റ്റ് പ്രയോറിറ്റി? താങ്കൾക്ക് ഇതു ലഭ്യമല്ലെങ്കിൽ അതു താങ്കളെ എങ്ങനെ ബാധിക്കും..? '

ഉപഭോക്താവിന്റെ നഷ്ടബോധമുള്ള കണ്ണുകൾ...

ഗ്ലാസ് താഴ്ത്തിയപ്പോൾ പൊള്ളുന്ന കാറ്റ് അകത്തേക്കരിച്ചു വന്നു.

'മകനേ.... ഒരു ടിക്കറ്റ്.. '

ഏകദേശം എഴുപതിനടുത്തു വയസ്സു വരുന്ന ഒരമ്മ. നെറ്റിയിൽ നീളത്തിൽ വരച്ച ചന്ദനക്കുറി. കൈയിൽ കറുത്ത ഒരു ബാഗും കുറച്ചു ലോട്ടറി ടിക്കറ്റുകളും.

സെറ്റുമുണ്ടിന്റെ ഒരു വശത്ത് പൂഴി തെറിച്ചുവീണ പാടുകൾ.

ഭയത്തോടെയാണവർ നോക്കുന്നത്. കാറിന്റെയുള്ളിൽ അമൃതവർഷിണി പൊഴിയുകയാണ്..

പുഞ്ചിരിക്കാൻ മറന്ന്, പരിഭ്രമിച്ച്, ദയനീയമായി അവരെന്നെ നോക്കി.

'എന്തു വേണം? '

ഒട്ടും മയമില്ലാതെ ഞാൻ ചോദിച്ചു.

വാക്കുകൾ മറന്ന്, അവർ എന്നെയൊന്നു  നോക്കി. പിന്നെ, വിറച്ചു തുടങ്ങിയ ലോട്ടറിട്ടിക്കറ്റിലേക്കു കണ്ണുകൾ മാറ്റി.

പെട്രോൾ പമ്പിലെ പെൺകുട്ടി പതിവുപോലെ ചിരിച്ചു. പെട്രോളടിക്കുമ്പോൾ റിയർ വ്യൂ മിററിലൂടെ ഞാനാ മുഖം വീണ്ടും കണ്ടു.

നീളത്തിൽ വരച്ച ചന്ദനക്കുറി നനഞ്ഞിരിക്കുന്നു.

അവർ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്. പക്ഷേ......

വണ്ടി ഒരു വശത്തു നിർത്തി, പുറത്തിറങ്ങി ഞാനവരെ വിളിച്ചു.

നടക്കുവാൻ ഏറെ പാടുപെട്ട്, ആ അമ്മ എന്റെയടുത്തേക്കു വന്നു.

'അമ്മ എത്ര നാളായി ലോട്ടറിക്കച്ചവടം തുടങ്ങിയിട്ട്?'

'മൂന്നു ദിവസമായി... ' 

മടിയോടെ,പരിഭ്രമത്തോടെയായിരുന്നു മറുപടി.

'വീട്ടിൽ ആരൊക്കെയുണ്ട് ?'

ശ്വാസം കിട്ടാത്തതുപോലെ അവരൊന്നു വിറച്ചു. ആ കണ്ണുകളിലെ നനവ് ഞാൻ കണ്ടു.

'ഒറ്റ മോനായിരുന്നു... പോയി സാറേ.. അവന്റെ മോളും ഭാര്യയും...'

ടിക്കറ്റുകൾ നൽകിയശേഷം ബാക്കി നൽകാൻ അവർ പരതുമ്പോൾ പയ്യെ പറഞ്ഞു 

'അമ്മ വച്ചോളൂ... '

 പയ്യെ കാർ മുന്നോടെടുത്തു. അമ്യതവർഷിണി തീർന്നിരുന്നില്ല.

"ആനന്ദാമൃതാകര്‍ഷിണീ അമൃത വര്‍ഷിണി "

ഹരാദിപൂജിതേ ശിവേ ഭവാനി..... "

അമൃതവർഷിണി കേട്ട് മഴ ഓടി വന്നു. ഗ്ലാസു തുറന്നപ്പോൾ മഴ ചിരിച്ചു. പിന്നെയെപ്പോഴോ തേങ്ങിക്കരഞ്ഞു.

 ഒന്നാശ്വസിപ്പിക്കാനായി ഞാൻ മഴയെ ഒന്നു തൊട്ടു.പിന്നെ മഴയോടായി പറഞ്ഞു.

 'ഒറ്റ മോനാ.... ഞാനും....!'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT