ചുണ്ടിലെ ചുവപ്പെഴുത്ത് (കഥ)

എ സിന്തഗി ഉസി കി ഹെ

ജോ കിസി കാ ഹോ ഗയാ

പ്രാർ ഹി മെയ്ൻ ഹോ ഗയാ...

മിട്ടായിത്തെരുവിന്റെ കോണിൽ ഗ്രാമഫോൺ പാടി, ചൂഴ്ന്നു നോക്കപ്പെട്ടില്ല എന്ന് പരസ്പരം വിശ്വസിച്ച പ്രണയവുമായി ഞങ്ങൾ എസ്.കെ. പൊറ്റക്കാടിന്റെ മുന്നിലെത്തി. പൊറ്റക്കാടിന്റെ തോളത്തു നിന്നും രണ്ട് അടക്കാ കുരുവികൾ തമാശ പറഞ്ഞ് പറന്നകന്നു. 

എത്ര നാളായിക്കാണും ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയിട്ട്? ഞാൻ ആലോചിച്ചു. 

അറിയില്ല, കൂടിയാൽ ആറ്! അതോ ഏഴോ... അതിനിടയിൽ പരസ്പരം എല്ലാം മനസ്സിലാക്കി കഴിഞ്ഞതായി ഞങ്ങൾ ഭാവിച്ചു.

മാനാഞ്ചിറ കടന്ന് ബൈക്ക് മുന്നോട്ടു നീങ്ങി, എന്നെ അവൾ പിന്നിൽ നിന്നും മുറുകെ പുണർന്നു.... ചക്രങ്ങൾക്കടിയിൽ ദൂരങ്ങൾ പിന്നിലേക്ക്. 

മുന്നിലെ കാറിന് എന്തു ഭംഗി! അവൾ ആശ്ചര്യചിത്തയായി... ഞാൻ എന്റെ പഴയ ബൈക്കിന്റെ ഇന്ധന സൂചികയിലേക്ക് നോക്കി ആശങ്കപ്പെട്ടു.

കാലിയായ കീശയിലെ ബാക്കി തുട്ടുകൾ എണ്ണി ഉപ്പുമാങ്ങാ കുപ്പികളിൽ കൊതിയൂറി, കടൽക്കാറ്റേറ്റ് ചുണ്ടിൽ ഉറഞ്ഞ ഉപ്പ് നാവുകൊണ്ട് തുടച്ചു നീക്കി. 

തിരയുടെ വേഗം കൂടി, കാലം കടൽക്കാറ്റേറ്റു കൊഴിഞ്ഞു. കൊഴിഞ്ഞ കാലത്തെ തിര വന്ന് തിരികെയെടുത്തു. 

വീടിന്റെ ഉമ്മറത്ത് മഴ നോക്കിയിരുന്ന് ഞാൻ സമയത്തെ കൊല്ലുകയായിരുന്നു. മഴയ്ക്കെന്നും ഒരേ ഭംഗിയാണ്.. അത് തെങ്ങോലയിലും ടെറസിലും മുറ്റത്തെ വേപ്പിലും ചെറിയ കറ്റാർവാഴതൈയിലും ഒരു പോലെ പെയ്യുന്നു. അകത്തെ മുറിയിൽ തൊട്ടിലിലിൽ സ്വപ്നമെന്തെന്നറിയാത്ത ഞങ്ങളുടെ ഒരു വയസ്സുകാരി ഉറക്കത്തിൽ സ്വപ്നം കണ്ട് പുഞ്ചിരിച്ചു. മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മഴവെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്ന എന്റെ മനസ്സിനെ കുറിച്ച് ഞാൻ ഓർത്തത്.

പുതിയ കാർ വാങ്ങിയ കാര്യം പറയാൻ അവൾ വിളിച്ചതാണ്. നല്ല സ്വർണ്ണ നിറമുള്ള കാർ... അവൾ പറഞ്ഞു. വർണ്ണനകളിൽ സന്തോഷത്തിന്റെ തുള്ളലാട്ടം.കാലി കീശക്കാരന്റെ പ്രണയവും സമ്പന്നന്റെ പ്രണയവും
കറ്റാർവാഴതൈ മഴവെള്ളത്തിൽ മുങ്ങി ശ്വാസത്തിനായി ഒരു ചെറിയ തണ്ട് മുകളിലേക്ക് നീട്ടി നിൽക്കുന്നു.

തൊട്ടിലിൽ നിന്നും കുഞ്ഞ് ചെറുതായി ചിണുങ്ങി. മുറിയിലെത്തി മകളെ ആട്ടിയുറക്കിയ ശേഷം വീണ്ടും മഴയിലേക്ക് നോക്കി, ഗ്രാമഫോൺ പാടുന്നു.

എ സിന്തഗി ഉസി കി ഹെ

ജോ കിസീ കാ ഹോ ഗയാ 

പ്രാർ ഹി മെയ്ൻ ഹോ ഗയാ....

അലമാരിയിൽ അവൾ ഉപേക്ഷിച്ചു പോയ ചുവന്ന ലിപ്സ്റ്റിക്, അവളുടെ ചുണ്ടിനെന്നും ചുവപ്പു പകർന്നതാണത്. പ്രണയത്തിന്റെ നിറമെന്ന് ഞാൻ തെറ്റിദ്ധരിക്കപ്പെട്ട ചുവപ്പ്! ഇന്നാ ആ ചുവപ്പ് ഞാൻ എന്റെ ചുണ്ടിലേക്ക് പകർന്നു. 

ഗ്രാമഫോൺ നിശ്ചലമായി... പുറത്ത് മഴ ശക്തമായി.