മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പിറ്റേന്ന് പള്ളിപ്പറമ്പും കറിനേർച്ചയുടെ പന്തലും നേർച്ചക്കഞ്ഞി വിളമ്പിയ ഹാളും പള്ളിമൈതാനങ്ങളും കാട്ടിത്തരുന്ന കാഴ്ചകൾ...

സെപ്റ്റംബർ 9 പെരുന്നാൾ പിറ്റേന്ന്. മണർകാട്ടു പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ എട്ടാം തീയതി സമാപിച്ചു. ദൈവമാതാവായ മറിയാമിൻറെയും ഉണ്ണിയേശുവിന്റെയും ആണ്ടിലൊരിക്കലുള്ള ദർശനപുണ്യത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള മരിയൻ ഭക്തരുടെ വൃതശുദ്ധിയുടെ എട്ടു ദിനരാത്രങ്ങളാണ് കടന്നുപോയത്. മണർകാട്ടു ദേശക്കാർക്ക് നോമ്പും പ്രാർഥനയും ധ്യാനവും ചേർന്ന നാട്ടുപള്ളിപെരുന്നാൾ. ഇനി സെപ്റ്റംബർ പതിനാലിന് നടയടയ്ക്കും വരെ വിശുദ്ധ കുർബ്ബാന താഴത്തെ പള്ളിയിൽ മാത്രം.  പള്ളിപ്പറമ്പിലെ പതിവ് പാർക്കിങ്ങ് ഇടങ്ങളിൽ വൈകുന്നേരത്തോളം പൊതുവെ വലിയ വാഹനത്തിരക്കില്ല. നട തുറന്നപ്പോളുണ്ടായിരുന്ന തിക്കും തിരക്കും പള്ളിക്കുള്ളിലും ഇല്ല.  

ഏഴു മണിക്ക് പ്രഭാതനമസ്കാരവും തുടർന്ന് കുർബാനയും കൂടാനെത്തുന്നവർ. പെരുന്നാൾ പിറ്റേന്ന് രാവിലെ കുർബാനക്ക് മുമ്പുതന്നെ മെഴുകുതിരികളും മുത്തുക്കുടകളുമായി പള്ളിക്കു വലത്തുവയ്ക്കുന്നവർ പള്ളിപ്പറമ്പിൽ അവിടവിടെയുണ്ട്. ഓണാവധിയായതിനാൽ രാവിലെ സ്കൂളിലേക്ക് പോകും മുൻപ് പുണ്യചിത്രം കൺകുളിർക്കെ കണ്ടു അനുഗ്രഹം പ്രാപിക്കാൻ പള്ളിയിലെത്താറുള്ള യൂണിഫോമിട്ട കുട്ടികളുടെ പതിവു ചെറുകൂട്ടങ്ങൾ പള്ളിപ്പറമ്പിൽ ഇക്കൊല്ലം കാണാനില്ല. പള്ളിയുടെ വടക്ക് പടിഞ്ഞാറായി യുവജന സമാജം ഓഫിസിനു മുന്നില്‍ മുത്തുക്കുടകളുടെ വലിയൊരു കൂന. എട്ടുനോമ്പ് പെരുന്നാളിന്റെ ആറാം ദിവസം നടന്ന കുരിശുപള്ളികളിലേക്കുള്ള വർണ്ണാഭമായ റാസയിൽ ഭക്തിയുടെ നിറക്കൂട്ടൊരുക്കിയവയാണ് ഈ പതിനായിരക്കണക്കായ മുത്തുക്കുടകൾ. തുടക്കത്തിൽ പെയ്ത മഴയിൽ നനഞ്ഞ് പിന്നെ തെളിഞ്ഞ വെയിലിൽ പാതി ഉണങ്ങിയ മുത്തുക്കുടകളാണ് ഏറെയും. പെരുന്നാൾ തലേന്ന് രാത്രിയും പെരുന്നാൾ ദിനത്തിൽ ഉച്ചയ്ക്കുശേഷവും പള്ളികൾ ചുറ്റിയും നടക്കുന്ന പ്രദക്ഷിണങ്ങളിലും ഭക്തർ മുത്തുക്കുട എടുക്കും. റാസയുടെ തിരക്കൊഴിഞ്ഞിട്ടുവേണം പെരുന്നാൾ പണിക്കാർക്ക് അവ നിവർത്തി വെയിലിൽ ഉണക്കിയിട്ടു പള്ളിയുടെ വടക്കുപടിഞ്ഞാറ്‌ കാൽക്കുരിശിനോട് ചേർന്ന പഴയ പാരീഷ് ഹാളിൽ അടുത്ത പെരുന്നാളിനായി അടുക്കി സൂക്ഷിക്കാൻ.

കയ്യിലെ എരിയുന്ന മെഴുകുതിരിവെട്ടം കണ്ണിൽത്തെളിച്ചു പ്രാർഥനാപൂർവ്വം നിൽക്കുന്ന മരിയൻ ഭക്തർ. കൽക്കുരിശിലെ എണ്ണ വിശ്വാസപൂർവ്വം വീട്ടിലെത്തിക്കാൻ കുപ്പിയുമായി നിരക്കുന്നവർ. തൊഴുകയ്യോടെ മദ്ബഹായിലെ  തുറന്ന തിരുനടയിൽ മാതാവിനെയും ഉണ്ണിയേശുവിനെയും നോക്കിക്കാണുന്നവർ. കൽക്കുരിശ്ശിനും മെഴുതിരി കത്തിക്കുന്ന വലിയ ഇരുമ്പു സ്റാൻഡിനും ഇടയിൽ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ മെഴുതിരിക്കൂടുകൾ പെറുക്കി മാറ്റുന്ന പണിക്കാർതന്നെ കത്താത്ത മെഴുതിരികളും കൊട്ടകളിൽ പെറുക്കികൂട്ടുന്നു. ഏഴു ടൺ ഭാരം വരുന്ന 10 ലക്ഷത്തിലേറെ മെഴുകുതിരികളാണ് പെരുന്നാൾക്കാലത്തുമാത്രം കൽക്കുരിശിനു മുന്നിൽ എരിയുക. കത്തിയ മെഴുകുതിരികൾ കുട്ടകളിൽ നിറച്ച് കൊണ്ടുപോയാണ് കറിനേർച്ചയുടെ അടുപ്പുകളിൽ തീപിടിപ്പിക്കുക. കൽക്കുരിശിന് തൊട്ടു മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന ചുറ്റുവിളക്ക് തെളിക്കാൻ എണ്ണ കൊണ്ടുവന്ന ചെറിയ പ്ലാസ്റ്റിക്ക് കുപ്പികൾ ചാക്കിൽ നിറയ്ക്കുന്ന പണിക്കാർ. ഇങ്ങനെ ഭക്തിയുടെയും അദ്ധ്വാനത്തിന്റെയും ഇടകലർന്ന കാഴ്ചകൾ. 

സ്വർണ്ണ-വെള്ളിക്കുരിശുകള്‍ പ്രദക്ഷിണങ്ങൾക്ക് ഉയർത്തിപ്പിടിക്കാനുള്ള മരത്താങ്ങികള്‍ വടക്കെ മുറ്റത്ത് കുർബ്ബാനപ്പണം സ്വീകരിക്കാനുള്ള സ്ഥിരം കൗണ്ടറിന്റെ മട്ടുപ്പാവിലെ കുരിശുകൾ സൂക്ഷിക്കുന്ന മുന്നിൽ ചില്ലിട്ട  മുറിയിലേക്ക് കയറുന്ന പടികൾക്കരികെ ചാരിവച്ചിട്ടുണ്ട്‌. മരത്താങ്ങികളുടെ കൂർത്ത തലയ്ക്കൽ കുരിശുറപ്പിച്ചു നിർത്തുന്ന നടുക്കുതുളയുള്ള വൃത്താകൃതിയിലെ തടിത്താങ്ങിയുണ്ട്. മരത്താങ്ങികള്‍ക്കു മുകളിൽ തണ്ടിലേന്തിയ കുരിശിനുതാഴെ പട്ടുപാവാടയിട്ടപോലെ കെട്ടിയ വർണ്ണക്കുപ്പായം ഇപ്പോഴുമുണ്ട്. ഏതാനും പാട്ടുകുപ്പായമിട്ട മരത്താങ്ങികൾ പള്ളിയുടെ വടക്കുവശത്ത് മദ്ബഹായ്ക്കും ആദ്യ വാതിലിനുമിടയിലും ചാരിവച്ചിരിക്കുന്നു.

പെരുന്നാൾ പാച്ചോർനേർച്ച തയ്യാറാക്കുന്ന കഠിനപ്രയത്നങ്ങളുടെ കാണാക്കാഴ്ചകൾ പള്ളിയുടെ തെക്കു വഴിക്കും പള്ളി സ്കൂളിനും ആശുപത്രിക്കും കാന്റീനിനും ഇടയിലെ മൈതാനത്തിന്റെ വടക്കുപടിഞ്ഞാറെ  മൂലയിലെ താൽക്കാലിക പന്തലിലും ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മുറ്റത്തും കാണാം. ഇനിയും തീയണയാത്ത അടുപ്പുകൾ, അടുപ്പുകൾക്കു ചുറ്റിലും പാച്ചോറു പറ്റിപ്പിടിച്ച ചെമ്പുകൾ, മരത്തോണികൾ, മരവികൾ, മരപ്പെട്ടികൾ, ചട്ടുകങ്ങൾ, ട്രോളികൾ, സ്റ്റീൽ തവികൾ, മഴ നനയാതെ ടാർപോളിൻകൊണ്ട് മൂടിയ വിറകടക്കുകൾ, ചിരട്ടകൂനകൾ, വക്കുപൊട്ടിയ മൺചട്ടികൾ ... ഇങ്ങനെ പെരുന്നാൾ തലേന്ന് പാതിരാത്രി മുതൽ പെരുന്നാൾ ദിന മദ്ധ്യാഹ്നം വരെ ഇടതടവില്ലാതെ തുടർന്ന ത്യാഗപൂർണ്ണമയമായ മനുഷ്യാദ്ധ്വാനത്തിന്റെ നേർസാക്ഷ്യങ്ങൾ. 

എട്ടുനോമ്പിന്റെ എല്ലാ ദിവസവും താഴത്തെ പള്ളിയിലെ മൂന്നിന്മേൽ കുർബാന (ആറാം നാൾ കുരിശുപള്ളികളിലേക്കുള്ള പ്രദിക്ഷണദിനം അഞ്ചിന്മേൽ കുർബാന) കഴിഞ്ഞാൽ ഭക്തിയുടെ രുചിക്കൂട്ടുമായി നേർച്ചക്കഞ്ഞി വിതരണം ചെയ്ത പെരുമ്പള്ളി തിരുമേനിയുടെ നാമത്തിലുള്ള വടക്കെ അറ്റത്തെ ചെറിയ പാരിഷ് ഹാളിൽ രാവിലെതന്നെ എല്ലാം വെടിപ്പിലും ചിട്ടയിലുമായി. വലിയവനും ചെറിയവനും ആണും പെണ്ണും ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ മേശയുടെ ചുറ്റുംനിന്ന് കഞ്ഞിയും പയറും പൊടിച്ചമ്മന്തിയും കടുമാങ്ങയും കഴിച്ച അയ്യായിരത്തോളം സ്റ്റീൽപത്രങ്ങളടക്കം എല്ലാംകഴുകി വൃത്തിയാക്കി കുട്ടകളിൽ നിറച്ച് വച്ചിരിക്കുന്നു. ശേഷിക്കുന്ന പലവ്യഞ്ജനങ്ങൾ കലവറയിൽ. മേശകൾ എല്ലാം കഴുകി ഹാളിൽ നിരയായി ഇട്ടിരിക്കുന്നു. പള്ളിക്ക് ഇരുപുറവുമുള്ള സ്ഥിരം പന്തലുകളിലും മഴമരത്തണലിലും പെരുന്നാളിന് താത്കാലികമായി സജ്ജീകരിച്ചിരുന്ന വലിയ എൽഇഡി സ്ക്രീനുകൾ രാവിലെതന്നെ കൊണ്ടുപോയിരുന്നു. പള്ളിക്കുള്ളിലും തെക്കേ സ്ഥിരം പന്തലിലെ സ്റ്റേജിലും പള്ളി പരിസരത്തും നടക്കുന്ന ചടങ്ങുകളും വിവിധ റാസകളുടെ ദൃശ്യങ്ങളും തിരക്കുകൂട്ടാതെ അടുത്തുകാണാൻ സഹായകമായിരുന്നു ഈ സംവിധാനം.

പെരുന്നാൾത്തിരക്കിൽ ആകെ അലങ്കോലമായ പള്ളിമുറ്റം യൂണിഫോമിട്ട പണിക്കാർ പെരുന്നാൾ പിറ്റേന്ന് രാവിലെതന്നെ ക്ലീൻ ആക്കിയിരിക്കും. പള്ളിയുടെ തെക്കുള്ള വഴിയിൽ, ആശുപത്രിക്ക് വടക്കുള്ള കാറുകൾ പാർക്കു ചെയ്ത മൈതാനിയിൽ, പാരിഷ് ഹാളിനും ചിന്തിക്കടയ്ക്കും ഇടയിലെ വലിയ മൈതാനങ്ങളിൽ, ചിന്തികടകൾക്കും വലിയ പരിഷ് ഹാളിനും ഇടയിലുള്ള ബസ് സ്റ്റാൻഡിൽ, വലിയ പരിഷ് ഹാളിനു മുന്നിലുള്ള കൽപ്പടവുകളിൽ...   അങ്ങനെ എല്ലായിടത്തുമെത്തുന്നു വൃത്തിയുടെ മാലാഖമാർ. പ്രളയദുരന്തംമൂലം കഴിഞ്ഞ വർഷം വേണ്ടെന്നുവച്ച വെടിക്കെട്ടിനു പകരമുള്ള ആകാശ വിസ്മയകാഴ്ചകൾ നടന്ന പള്ളിയുടെ വടക്കു പാർക്കിങ്ങിനും ചിന്തിക്കടകൾക്കും അപ്പുറമുള്ള മൈതാനവും വൃത്തിയാക്കൽ സംഘം എത്തുന്നതോടെ വൈകാതെ പഴയപടിയാകും. ചപ്പുചവർ അവർ ആദ്യം അടിച്ചു കൂട്ടും. എന്നിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ജൈവ, അജൈവ മാലിന്യങ്ങളുമായി തരംതിരിച്ചു വെവ്വേറെ ചാക്കുകളിൽ നിറയ്ക്കും. മാറ്റാനുള്ള മാലിന്യം നിറച്ച വലിയ ചാക്കുകൾ വൈകാതെ വാഹനങ്ങളിൽ നീക്കം ചെയ്യും.

വഴിവാണിഭക്കാരിൽ പള്ളിപ്പറമ്പിൽ ശേഷിക്കുന്നവരിൽ ഏറെയും മെഴുകുതിരി വിൽപ്പനക്കാരും ലോട്ടറി വിൽപ്പനക്കാരും കടല കച്ചവടക്കാരും. മഴ മാറിയതോടെ വൈകുന്നേരങ്ങളിൽ ചിന്തിക്കടകളിൽ തിരക്കായി. പള്ളിയുടെ കിഴക്കെ മതിലിനും പ്രധാന കവാടത്തിനും ഇടയിലുള്ള ചതുരമൈതാനം പുതിയ വഴികച്ചവടക്കാരും യാചകരും കയ്യടക്കി തുടങ്ങി. തമിഴ്നാട്ടിൽ നിന്നെത്തിയ ഈ വഴിവാണിഭക്കാരായ  മുതിർന്ന സ്ത്രീകൾക്കിടയിൽ പ്ലാസ്റ്റിക് പൂക്കളും മാലയും വാർമുടിയും വിൽക്കുന്നവർ മുതൽ മൈലാഞ്ചിപോലെ ഇലച്ചാറിൽ മുക്കി ദേഹത്ത് ചിത്രം പതിപ്പിക്കുന്ന അച്ചുകൾ വിക്കുന്നവർ വരെയുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി പള്ളി വഴികളുടെയും അതിലൂടെ ഇടതടവില്ലാതെ എത്തുന്ന വാഹനങ്ങളുടെയും വഴികാട്ടികളായിരുന്ന താത്കാലിക സെക്യുരിറ്റി ജീവനക്കാരിൽ പലരും നടയടക്കുന്നതുവരെ സേവന രംഗത്തുണ്ടാവും. ഇനിയുള്ള വൈകുന്നേരങ്ങളിൽ പള്ളി പരിസരത്ത് വാഹനങ്ങളുടെയും ഭക്തരുടെയും തിരക്കേറും. ശനിയാഴ്ചയോടെ ഓണപ്പരീക്ഷ കഴിഞ്ഞു അവധികിട്ടിയ കുട്ടികളും പരീക്ഷാപ്പനി വിട്ടൊഴിഞ്ഞ അമ്മമാരും കാണാമറയത്തെ അമ്മയുടെ ദർശനപുണ്യവും വൈദ്യുതവിളക്കുകളുടെ വർണ്ണവിസ്മയവും തേടി എത്തിത്തുടങ്ങിയിട്ടുണ്ട്.