മൊസറ് മാഡം (കഥ)

തേപ്പുകാരൻ ചേട്ടൻ തിരക്കിലാണ്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന ജോലി തീരുന്നതു രാത്രി പത്തു മണിക്കാണ്. എട്ടു മണിയാകുമ്പോൾ തീരെ ചെറിയ ഒരു പെയിന്റ്  പാട്ടയിൽ കഷ്ടിച്ച് രണ്ടു ഗ്ലാസ് വെള്ളം കൊണ്ട് റെയിൽവേ ട്രാക്കിലിരുന്നു പ്രകൃതിയുടെ വിളിക്ക് ഉത്തരം പറയുന്നത് കാണാം. ഒരു ഭക്ഷണവും കഴിക്കാതെ എന്നും ഇത്ര കൃത്യമായി എട്ടു മണിക്ക് എങ്ങനെ 'കാര്യം സാധിക്കുന്നു' എന്ന് അത്ഭുതത്തോടും അസൂയയോടും കൂടി  ഓർത്തിട്ടുണ്ട്. 

തേപ്പുകാരൻ ചേട്ടന് സ്വന്തം പ്രായം അറിയില്ലെങ്കിലും 90 ആയെന്ന് എല്ലാവരോടും പറയും. അത്രയില്ലെങ്കിലും ഒരു 75 വയസ്സ് കാണുമെന്നു തോന്നുന്നു. അസ്ഥികൾ മാത്രമുള്ള ശരീരം, നല്ല വെയിലത്തു നിന്നാൽ എല്ലാ എല്ലും തെളിഞ്ഞു വരും. എന്തെങ്കിലും  അസുഖം വന്നാൽ 'എക്സറേ' എടുപ്പ് ഒരു അനാവശ്യ ആർഭാടം ആയിരിക്കും. തലമുടിക്ക് കുമ്പളങ്ങയെ വെട്ടിക്കുന്ന വെളുപ്പുണ്ട്. തൊലി മുഴുവൻ ക്രഷ് കോട്ടൺ തുണിപോലെ ചുക്കിച്ചുളിഞ്ഞതാണ്. പല്ലുകൾ ഉണ്ട് എന്ന ദുഷ്‌പേര് കേൾപ്പിക്കാൻ ഒന്നോ രണ്ടോ അവടിവിടെ നിൽക്കുന്നുണ്ട്. 

ഇതൊക്കെയാണെങ്കിലും തേപ്പുചേട്ടൻ ആ കോളനിയിലെ ഒരു ആരാധനാ മൂർത്തിയായിരുന്നു. എല്ലാ കൊച്ചമ്മമാരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിത്വം! സമയം കയ്യിൽ പിടിച്ചോടുന്ന കൊച്ചമ്മമാർ ഊഴമിട്ടു തേപ്പുചേട്ടനുമായി സല്ലപിക്കാനും തുണികൾ കൈമാറാനും സമയമുണ്ടാക്കി കൊണ്ടിരുന്നു. അവരിൽ പ്രധാനിയായിരുന്നു മൊസറ് മാഡം. പൊള്ളുന്ന തേപ്പുപെട്ടിയുടെ ചൂടും, മുകളിൽ നിന്നുള്ള ആസ്ബറ്റോസ് ഷീറ്റിന്റെ ചൂടും സഹിക്കാൻ പറ്റാതിരുന്ന തേപ്പുച്ചേട്ടന്, തൈര് കുറച്ചുദിവസം അടുപ്പിച്ചു കൊടുത്തപ്പോൾ കിട്ടിയ പേരാണ് മൊസറ് മാഡം (മൊസറ് എന്നാൽ കന്നടയിൽ തൈര്). മൊസറ്  മാഡം... അയാൾ നീട്ടി വിളിച്ചു. അണ്ണാ... അവൾ തിരിച്ചു വിളിച്ചു ബഹുമാനിച്ചു. തനിക്കേറ്റവും ഇഷ്ടമുള്ള തൈര് തന്റെ  ചെല്ലപ്പേരായതിൽ അവൾ ആസ്വദിക്കുകയും ഈ ലോകത്ത് ഈ മനുഷ്യനല്ലാതെ വേറെയാരും തന്നെ ഈ പേര് കൊണ്ട് വിളിക്കില്ല എന്നാലോചിക്കുകയും ചെയ്തു. അവർക്കു രണ്ടുപേർക്കും ഒരു പൊതുവായ ഭാഷ ഉണ്ടായിരുന്നില്ലെങ്കിലും, സ്നേഹ സംഭാഷണത്തിന്  അതൊന്നും തടസ്സമായില്ല. വിശുദ്ധ ആത്മബന്ധങ്ങൾക്കു ഭാഷ, സംസ്കാരം, സമയം, കാലം ഇതൊന്നും വിഘാതം സൃഷ്ടിക്കില്ലെന്ന പൊതുതത്വം മൊസറ് മാഡം അങ്ങനെ മനസ്സിലാക്കി. തേപ്പുചേട്ടന്റെ നാടിനെക്കുറിച്ചും, മുൻപ് ചെയ്ത ജോലികളെക്കുറിച്ചും അവർ പലതും സംസാരിച്ചുചിരിച്ച് ആർമാദിക്കാറുണ്ടായിരുന്നു. അപ്പുറത്തെ പഞ്ചർ കടയിലെ യുവകോമളന് ഇതൊന്നും ഒട്ടുമിഷ്ടപ്പെടാതെ അസൂയ പൂണ്ട് ടയറുകളിൽ ദീർഘനിശ്വാസങ്ങൾ കൂട്ടി എയർ അടിച്ചുകയറ്റി.

മൊസറ് മാഡം പലദിവസവും ചിക്കൻ, മട്ടൺ, മുട്ട എന്നിവ കൊടുത്തു തേപ്പുചേട്ടനെ പുഷ്ടിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒരു പൊടി പോലും ശരീരം പ്രതികരിച്ചില്ല. പക്ഷേ, അവരുടെ സ്നേഹവും, ബഹുമാനവും അടിക്കടി വളർന്നു വന്നു. അതിന്റെയെല്ലാം ഫലം കാണാനുണ്ടായത് മൊസറു മാഡത്തിന്റെ ഭർത്താവിന്റെ പഴഞ്ചൻ ഫാബ്ഇന്ത്യ കുർത്തകളിലും ഷർട്ടുകളിലുമായിരുന്നു. എല്ലാ പഴയ വസ്ത്രങ്ങളും നെയ്‌റോസ്റ്റ് പോലെ എപ്പോഴും വടിവൊത്തിരുന്നു. 

തേപ്പുചേട്ടൻ അയാളെ "ചാറു" എന്നായിരുന്നു വിളിച്ചിരുന്നത്. സാർ ലോപിച്ചാണ് 'ചാറു' ആയത്. ചാറുവിനെ കാണുമ്പോൾ തേപ്പുച്ചേട്ടനും തേപ്പുചേട്ടനെ കാണുമ്പോൾ ചാറുവും മത്സരിച്ച്‌ തലകുനിച്ചു വണങ്ങാനും നടുവ്‌ 'റ' പോലെ വളയ്ക്കാനും തുടങ്ങി. അങ്ങനെ പലപ്പോഴും മൊസറ് മാഡത്തിനൊപ്പം, ചാറുവും തേപ്പുച്ചേട്ടനോട് സംഭാഷണത്തിലേർപ്പെട്ടു. ഒരു ദിവസം ഇത്യാദി സംഭാഷണത്തിനു ശേഷം മനസ്സുനിറയെ സന്തോഷവുമായി വീട്ടിലേക്കു തിരിച്ചു നടക്കുമ്പോൾ മൊസറ് മാഡം തന്റെ ഗുരുവിന്റെ ഉപദേശങ്ങളോർത്തു. "ജീവിക്കാൻ അധിക സാധനങ്ങൾ ആവശ്യമില്ല... ഒരു പുസ്തകം, ഒരു പൂവ്.." തേപ്പുകാരൻ  ചേട്ടനെ സംബന്ധിച്ച് ഒരു പുസ്തകം അധികപ്പറ്റാണ്. വായനയും, എഴുത്തും അറിയില്ല. കാശുകൊടുത്തു ഒരു പൂവ് അല്ലെങ്കിൽ ഒരു പൂപ്പാത്രം വാങ്ങി അതുനോക്കിയിരിക്കാൻ പറ്റില്ല. വിശക്കുന്ന ആറുവയറുകൾക്കു തേപ്പുപെട്ടി തന്നെയാണ് തുണ. ജീവിക്കാൻ പൂവിനും പുസ്തകത്തിനും പകരം ഒടിഞ്ഞുവീഴാറായ ഒരു മരമേശയും കരിയിട്ട് കത്തിക്കുന്ന തേപ്പുപെട്ടിയും പോരെ എന്ന് തന്റെ  ഗുരുവിനോട് ചോദിക്കണം എന്നു മനസ്സിലുറപ്പിച്ചു മൊസറ് മാഡം വീട് ലക്ഷ്യമാക്കി ആഞ്ഞു നടന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT