ആനി (കഥ)

ഓഫിസിൽ നിന്നിറങ്ങിയപാടെ ഞാൻ കണ്ടത് ഫോണിൽ തെളിഞ്ഞ മിസ്സ്ഡ് കോൾ അലേർട്ട് ആണ്.

Wife (4) missed call

കുറേ സ്വപ്നങ്ങളും പിന്നെ കുറേ പ്രാരാബ്ധവുമൊക്കെയുള്ള അരി ആഹാരം തിന്നുന്ന എല്ലാ മലയാളി യുവാക്കളും കടന്നു പോകുന്ന അതെ വഴിയിലൂടെതന്നെയാണ് ഞാനും പോയത് അല്ല പൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഭാഗത്ത് സ്നേഹം കൊണ്ട് പരിപ്പ് കറിവെയ്ക്കുന്ന ഭാര്യ, മറുഭാഗത്ത് തലകുത്തി നിന്ന് നോക്കിയാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്നു പറയുന്ന കോർപ്പറേറ്റ് മൂരാച്ചികളുടെ അല്പ്പത്തരം. കണ്ട കോൾ ഒന്നു നോക്കി തിരിച്ചുവിളിച്ചില്ല. പിന്നെ നേരെ നടന്നത് ബസ് സ്റ്റോപ്പിലേയ്ക്ക് പിന്നെയും വന്നു കോൾ

Wife calling....

"ഞാനങ്ങോട്ട് തന്നെയാ വരുന്നേ ഇങ്ങനെ തുരുതുരാന്നു കിടന്നു വിളിക്കണ്ട" 

''അല്ല ഞാൻ ഇന്ന് ഈവനിങ് സിറ്റി മാളിലേയ്ക്ക് വരുമെന്നു പറഞ്ഞതു മറന്നോ... ഞാൻ ദേ ഇവിടെ നിൽപ്പുണ്ട്... എത്ര നേരായ് ട്രൈ ചെയ്യുന്നു'' 

മൊത്തത്തിൽ റിലേ പോയി നിന്ന ഞാൻ അപ്പോഴാണ് ഓർത്തത് അവളോട് രാവിലെ പറഞ്ഞ കാര്യം. ഇനി സിറ്റി മാളിലേയ്ക്ക് വച്ചു പിടിക്കണമല്ലോ എന്നോർത്ത് മനസ്സിൽ ശപിച്ചു കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിൽ നിന്നു. ആ നിൽപ്പ് അധികനേരത്തേയ്ക്ക് തുടർന്നില്ല. പിന്നെ ഇരുന്നു. കാരണം അത്രയ്ക്കുണ്ടായിരുന്നു ഇന്നത്തെ ഓഫിസ് സ്ട്രേയ്ൻ. പിന്നെ ആ ഇരുപ്പിൽ ഞാൻ കണ്ടത് സ്ഥിരം സത്യൻ അന്തിക്കാട് സിനിമയിലെ സീനുകളും... എന്താ പറയുക... ജീവിതത്തെ വെട്ടിപ്പിടിയ്ക്കാൻ നെട്ടോട്ടമോടുന്ന അടിസ്ഥാന വർഗത്തിന്റെ പോരാളികളെന്നോ മറ്റോക്കെ  വേണേൽ സാഹിത്യ രൂപേണ പറയാം... ചുരുക്കി പറഞ്ഞാൽ ഓഫിസ് ടൈം കഴിഞ്ഞ് വീടു പിടിയ്ക്കുന്ന സ്ഥിരം പോരാളികൾ അല്ല അടിസ്ഥാന വർഗത്തിന്റെ പോരാളികൾ. പിന്നെയും വന്നു കോൾ

"ടീ, ഞാൻ അങ്ങോട്ട് വരുവാ കിടന്നു പിടയ്ക്കണ്ടാ കോപ്പ് "

കയ്യിലിരുന്ന ഫോൺ ഒന്നു തല്ലി പൊട്ടിച്ചാലോ എന്നു വരെ ഞാനൊന്നാലോചിച്ചു മുതിർന്നില്ല.പിന്നെ ഫോണിൽ നെറ്റ് ഓണാക്കി എഫ്ബിയിൽ ഒരു ശയനപ്രദക്ഷിണമങ്ങ് നടത്തി... പോയി ഒരു അര മണിക്കൂർ അങ്ങനെ. പിന്നെ വാട്ട്സ് അപ്പിലേയ്ക്കായി പ്രദക്ഷിണം, ശയനപ്രദക്ഷിണമേ.. അതങ്ങ് മുഴുവിപ്പിച്ചില്ല ദേ കിടക്കുന്നു ചറപറ മെസേജുകൾ...

''ഇന്ന് ഊണിനു മീനില്ല....

ഊണ് കഴിച്ചോ... 

വൈകിട്ടു ഞാൻ സിറ്റി മാളിലെത്തും...

ബ്ലൗസ്പീസെടുക്കണം" 

അങ്ങനെ നീണ്ടു... നെറ്റ് ഓഫാക്കി ഒന്നു ചുറ്റും നോക്കിയപ്പോൾ കണ്ടത് എന്റെ അരികിലായ് വന്നിരുന്ന ഒരു പെൺകുട്ടിയെയാണ്. കാണാൻ തരക്കേടില്ല... അവള് കിതയ്ക്കുന്ന ശബ്ദം എനിക്കു കേൾക്കാം. പെട്ടെന്നു അവളെന്നോട് പറഞ്ഞു.

''എന്നോട് കുറേ അടുപ്പമുള്ളവരെ പോലെ ഒന്ന് സംസാരിക്കുമോ " 

പെട്ടെന്നു ഞാനൊന്നു ഞെട്ടി. എന്താ പറയേണ്ടത് എന്നറിയില്ല... അടുത്തിരിക്കുന്നവൾ ആരാണെന്നും അറിയില്ല... പിന്നെങ്ങനെ... എന്ത് സംസാരിക്കാൻ അവളുടെ വെപ്രാളം ഞാൻ വായിച്ചെടുത്തു. പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന രണ്ടു പേരെ, അവരുടെ സംസാരത്തിലെ പന്തികേട് ഞാൻ കേട്ടു.

''ടാ... ടാ... ഇതവള് തന്നെ എന്നാ ചരക്കാടാ... അളിയാ... എനിയ്ക്കുറപ്പാ ഇതാ ക്ലിപ്പിൽ കണ്ടവള് തന്നെ... ഉറപ്പാ ''

ഇതു കേട്ട പാടെ എന്റെ ഉള്ളിലെ സദാചാര പൊലീസ് യുണീഫോമിട്ട് പരേഡിന് തയാറായി

''നേരേ എഴുന്നേറ്റ് രണ്ടെണ്ണം പൊട്ടിച്ചാലോ? അല്ലേൽ വേണ്ട '' 

അവള് പിന്നെയും എന്നോട് ചേർന്നിരുന്നു. ഞാനാകെ വിയർത്തു അതൊരു പക്ഷേ അവളത്രയും കാണാൻ കൊള്ളാവുന്നതുകൊണ്ടാവാം. ഏതൊരാണിനെ പോലെയും ഉളളിൽ ഭവ്യത നടിച്ച് ഞാനിരുന്നു. പിന്നെയും അവള് പറഞ്ഞു

''എന്തെങ്കിലും പറയൂ... പ്ലീസ് " 

കേട്ടപാടെ ഏതൊരു പുരുഷ കേസരികളുടെയും ആദ്യ ഡയലോഗ് ഞാനങ്ങിട്ടു

"എന്താ പേര്?" 

എന്റെ ചോദ്യമവൾ നേരത്തേ ഗണിച്ച പോലെ ഉത്തരവും വന്നു. അതും നല്ല വെപ്രാളത്തിൽ...

"പേര്... പേര് ''ആനി ''

''എവിടെയാ വർക്ക് ചെയ്യുന്നേ?"

''ഇവിടെ തന്നെയാ അപ്പോളയിലാ''

സംസാരം ശ്രദ്ധിച്ചതുകൊണ്ടാണാവോ അവരു രണ്ടു പേരും പിറകിലേയ്ക്കായ് ഒന്നൊതുങ്ങി

''ടാ വിട്ടോ.. വിട്ടോ... ഇതോൾടെ കെട്ടിയോനാന്നാ തോന്നുന്നേ... ഇനി നിന്നാ പണിയാ വാ വിടാം"

''അല്ലെടാ അപ്പൊ നമ്പര്?"

''നീ വന്നേ... വന്നേ" 

ചുറ്റുപാടും ഒന്ന് നോക്കിയിട്ട് അവന്മാരു സ്ഥലം വിട്ടു. ഇതിനിടയിൽ വിണ്ടും ഞാൻ വന്ന കോൾ കട്ട് ചെയ്തു. പെട്ടെന്ന് വന്ന ഒരു ബസ്സിൽ അവൾ ഓടി കയറി... ഞാനവളെ നോക്കി, അവളെന്നേയും. ആ മുഖത്തെ ദയനീയത ഞാൻ കണ്ടു. അതൊരുപക്ഷേ ഒരു ഓർമപ്പെടുത്തലായിരിക്കാം എനിക്ക് എന്നോട് തന്നെയുള്ള ഒരോർമപ്പെടുത്തൽ. രണ്ടു വട്ടം ആലോചിച്ചു.

"ഞാനവളെ സഹായിച്ചിരുന്നോ? അതൊ സഹായിച്ചതായി അഭിനയിച്ചോ?"

ബസ്സ് മുന്നോട്ടു പോയി. അവളുടെ മുഖം എന്റെ മനസ്സിൽ തന്നെ തങ്ങിനിന്നു... ഒട്ടും മായാതെ പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ഫോൺനോക്കിയപ്പോൾ കണ്ടത്–

''Wife (4 missed call)" 

സമയമേറെ പോയിരിക്കുന്നു പെട്ടെന്നു ഞാൻ തിരിച്ചുവിളിച്ചു ഒരു ബീപ് ശബ്ദം മാത്രം വീണ്ടും ട്രൈ ചെയ്തു...

അതെ ചിലപ്പോൾ ചില ഓർമപ്പെടുത്തലുകൾ നല്ലതാണ്. ഞാനാകെ വിയർത്തു. പക്ഷേ ഇപ്പോൾ എന്റെയടുത്ത് ഒരു പെൺകുട്ടിയുമില്ല...

'ആനി'മാരില്ല... 

എങ്കിലും വിയർത്തു വെട്ടി വിയർത്തു വീണ്ടും ഞാൻ ട്രൈ ചെയ്തു...

''The number you are trying to reach is an out of coverage area"