നിറം മാറുന്നവർ (കഥ)

''ഹലോ... ഇത് നിമ്മിയല്ലേ?''

''അതേ ആരാ ?''

''എന്തിനാ ഈ എഫ്ബിയിൽ താൻ ഫോൺ നമ്പർ ഇട്ടിരിക്കുന്നേ? അലവലാതികൾ ആവശ്യം പോലെ ഉള്ള നാടാണ് എന്ന കാര്യം മറക്കണ്ട!''

രാവിലെ അടുക്കള പുറത്തെ തിരക്കിനിടയിൽ ഓർക്കാപുറത്തുവന്ന ഒരു കോളും അതിലെ സംഭാഷണവും സ്വല്പം രസമുളവാക്കിയതുകൊണ്ട് ആരാണീ പുതിയ 'അലവലാതി' എന്നു നോക്കാം എന്നു കരുതി അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.! 

''അല്ല ഈ അലവലാതി ആരാണാവോ..? എന്തായാലും എന്നെ അറിയുന്നയാൾ തന്നെ എന്ന് ഞാൻ ഉറപ്പിച്ചു... പറയൂ എവിടെ നിന്നാ.?''

നീണ്ട ഒരു ചിരിയായിരുന്നു അങ്ങേ തലയ്ക്കൽ നിന്നും ആദ്യം അതിനുള്ള മറുപടി! ''താൻ ഇപ്പോഴും അതേ നിമ്മിതന്നെ.. ഒരു മാറ്റവും ഇല്ല!'' അവൾ കുറച്ചു സീരിയസ് ആയി. 

''നോക്കൂ എനിക്ക് മോനെ സ്കൂളിൽ വിടണം. ഹസ്സിനു പ്രാതൽ കൊടുക്കണം. അങ്ങനെ ഒത്തിരി ജോലികൾ ഉണ്ട്. പറയൂ ആരാണ്? എന്തേ വിളിച്ചത്.?''

''ഞാൻ തന്റെ കൂടെ പഠിച്ച ആളാഡോ, ബാബുരാജ്. നെന്മാറയിലെ... ഓർമയില്ലേ, പണ്ട് സ്കൂളിലെ കൊടിമരത്തിൽ നിന്നും വീണു കയ്യൊടിഞ്ഞ..."

''ഓ രാജു ..! താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? ഞാൻ കരുതി'' 

''ഇല്ല പോയിട്ടില്ല അങ്ങിനെ ഒന്നും പോകില്ല!'' 

''അല്ല നിമ്മീ, താൻ എഴുതിയത് ആനുകാലികങ്ങളിൽ കാണാറുണ്ട്. എഫ്ബിയിൽ നല്ല നല്ല കവിതകളും.! തനിക്ക് ഒരു സമാഹാരം ഇറക്കികൂടെ?'' 

''രണ്ടുമൂന്നെണ്ണം ഇറങ്ങിയിട്ടുണ്ട് അത്ര നെറ്റുവർക്കുകൾ ഉള്ള പ്രസാധകർ ഒന്നും അല്ല എന്നേ ഉള്ളൂ പിന്നെ കൂടുതലായി  അതിനൊന്നും മിനക്കെടാറില്ല രാജ്..!  ഭർത്താവും മോനും പോയിക്കഴിഞ്ഞാൽ പിന്നെ പകൽ മുഴുവൻ  തനിയെ ആണ് അപ്പോൾ    നേരം പോക്കിനു വേണ്ടി എഴുതുന്നു എന്നേ ഉള്ളൂ... എഴുത്തൊരു ജീവനോപാധിയായി തിരഞ്ഞെടുക്കാൻ മാത്രം ഗ്രാഹ്യം ഒന്നും എനിക്കില്ല.!'' 

''അല്ല താൻ പഠിക്കുന്നകാലത്തും കവയത്രി ആയിരുന്നല്ലോ ഇപ്പോഴും തുടരുന്നതിൽ സന്തോഷം !''  

''ഓക്കേ രാജ് പിന്നെ വിളിക്കൂ ഞാൻ ആദ്യം പണിയൊതുക്കട്ടെ !''

''എഫ്ബിയിൽ നമ്പർ കണ്ടപ്പോൾ സംശയം തോന്നി വിളിച്ചതാ, എപ്പഴാ ഫ്രീ ആവുക കുറച്ചു സംസാരിക്കാൻ ഉണ്ട്. അല്ല എന്തിനാ എഫ്ബിയിൽ ഫോൺ നമ്പർ ഒക്കെ ഇട്ടത് വല്യ പാരയാവും സൂക്ഷിക്കണം '' 

''ഓ അതോ പഴയ സൗഹൃദങ്ങൾ കണ്ടാൽ വിളിക്കട്ടെ എന്നു കരുതി ദാ ഇപ്പോൾ താൻ വിളിച്ചപോലെ... രാജ് ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു വിളിക്കൂ. ഇപ്പോൾ സംസാരിക്കാൻ ഒരു രക്ഷയും ഇല്ല"

''നമ്മളുടെ പഴയ ക്ലാസ്‌മേറ്റിനെ എല്ലാം കൂട്ടി ഒരു ഗ്രൂപ്പ് തുടങ്ങണം. ശരി ഞാൻ വിളിക്കാം ബൈ..!''

രാജ് ഫോൺ കട്ടാക്കിയതിനു ശേഷം നിമ്മി അവന്റെ നമ്പർ സേവ് ചെയ്തു തന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു. പഠിക്കുന്ന കാലത്തെ ഏറ്റവും വില്ലനായിരുന്നു അവൻ എന്ന്  നിമ്മി കൗതുകത്തോടെ ഓർത്തു. നന്നായി പഠിക്കുകയും ചെയ്യും. അന്നത്തെ ഗൃഹഭരണസംവിധാനം എല്ലാം ഒന്നു ശരിയായി കഴിഞ്ഞപ്പോൾ നിമ്മി ഫോൺ എടുത്ത് രാജിനെ തിരിച്ചുവിളിച്ചു.

''അല്ല രാജ് താൻ... നമ്മുടെ കൂടെ പഠിച്ചവരെ കൂട്ടി ഗ്രൂപ്പ് തുടങ്ങുന്നതിനു പ്ലാൻ ഉണ്ടെന്നു പറഞ്ഞില്ലേ ഞാൻ കുറച്ചു നമ്പർ തരാം ഇയാൾ ഒന്ന് കോർഡിനേറ്റു ചെയ്യൂ... അല്ല താൻ ഇപ്പോൾ എന്താ ചെയ്യുന്നേ?''

''ഒരു ചെറിയ ബിസിനസ്സ്. അത്യാവശ്യം വാഴയും നെല്ലും ഒക്കെ ഉണ്ട്. ടൗണിൽ ചെറിയ ഒരു ബിൽഡിങ്ങും അതിന്റെ ഒക്കെ വരുമാനം കൊണ്ടിങ്ങനെ ജീവിച്ചുപോകുന്നു'' 

''ഓ അപ്പോൾ ദേശത്തെ  ജന്മിയാണ് അല്ലെ ! കല്യാണം?''  

''കഴിച്ചു. ഒരു മോളുണ്ട് പഠിക്കുന്നു! നിമ്മി ഇപ്പോൾ കോഴിക്കോടാണോ താമസം'' 

''അതെ ഭർത്താവു ഇവിടെയുള്ള ബ്രാഞ്ചിൽ മാനേജർ ആണ് മോനും ഇവിടെ പഠിക്കുന്നു'' 

''തന്നെ എനിക്കൊന്നു നേരിട്ട് കാണണം എന്താ വഴി?''

''ഞങ്ങൾ പുറത്തൊന്നും അങ്ങനെ പോകാറില്ല രാജ്... താൻ ഫാമിലിയെ കൂട്ടി ഇങ്ങോട്ടു പോരൂ... ഇവിടെ കോഴിക്കോട് കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ഞായറാഴ്ച വരണേ അപ്പോഴേ ഹസ്സ് വീട്ടിൽ ഉണ്ടാവൂ'' 

''ശരി, ഈ ഞായറാഴ്ച തന്നെ ആവട്ടെ..! ഇവിടെ നിന്നും ഒരു നാലുമണിക്കൂർ ഡ്രൈവ് ഉണ്ട് പുലർച്ചെ പുറപ്പെടാം'' 

നിമ്മി ഞായറാഴ്ചയിലെ എല്ലാ പ്രോഗ്രാമുകളും മാറ്റിവെച്ചു. കുർബാന കൂടാൻ പള്ളിയിൽ പോകാനിരുന്ന ഭർത്താവിനെ നിർബന്ധിച്ചു പറഞ്ഞയച്ചു കോഴിയും പലവിധ പലഹാരങ്ങളും വാങ്ങിപ്പിച്ചു. അതിഥിയെ സൽക്കരിക്കാൻ കാത്തിരുന്നു.

കൃത്യം പത്തുമണിക്ക് തന്നെ അവർ എത്തിച്ചേർന്നു. ബാബുരാജ് എന്ന പഴയകാല സ്കൂൾ വില്ലൻ... അവന്റെ സുന്ദരിയായ ഭാര്യയും ഒരു മോളും.

സ്കൂൾ കൊടിമരത്തിൽ കയറി അതിന്റെ മുകളിലെ പൈപ്പ് അഴിച്ചെടുത്ത രാജിന്റെ വികൃതിയിൽ തുടങ്ങി അതിനുമുകളിൽ നിന്നും വീണു കൈ ഒടിഞ്ഞതും ആ ഒടിഞ്ഞ കയ്യും വെച്ച് സരോജിനിടീച്ചറുടെ അടുക്കൽ നിന്ന്  അടികൊണ്ടതും അടക്കം രണ്ടുപേരുടെയും വിവാഹവും ആദ്യരാത്രിയും കുട്ടികളുടെ ജനനവും വരെ അവരുടെ സംസാര വിഷയങ്ങളായി നിർലോഭം പുറത്തേക്കു വന്നുകൊണ്ടിരുന്നു.!  വൈകിട്ട് നാലുമണിയോടെ ചായകുടിയും കഴിഞ്ഞ് ഇറങ്ങാൻ നേരം രാജ് നിമ്മിയുടെ ചെവിയിൽ പറഞ്ഞു.! 

''ഞാൻ വിളിക്കും ഫോൺ എടുത്തേക്കണം ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്''  

നിമ്മി ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു! 

''രാജ് നമ്മൾ സഹപാഠികൾ ആണ് നമ്മുക്ക് രണ്ടുപേർക്കും കുടുംബമുണ്ട്. ഇനി നമ്മൾ തമ്മിൽ സംസാരിക്കുന്നത് പഠനകാലത്തെ കുസൃതികൾ പറഞ്ഞു ചിരിക്കാനും പിന്നെ നമ്മുടെ കുടുംബത്തിന്റെ കാര്യം സംസാരിക്കാനും മാത്രമായിരിക്കണം അത് മറക്കരുത്''

രാജിൽ നിന്നും അതിനു മറുപടി ഒന്നും ഉണ്ടായില്ല. എങ്കിലും നിമ്മിയുടെ മുഖം ചുവന്നതും ഭാവം മാറിയതും ഭർത്താവിന് മനസ്സിലായിരുന്നു അദ്ദേഹം അത് കാര്യമായി എടുക്കാതെ നിമ്മിയോടൊപ്പം നിന്ന് അവരെ യാത്രയാക്കി!

പിറ്റേദിവസം രാവിലെ തിരക്കെല്ലാം കഴിഞ്ഞു നിമ്മി ഫോണിൽ നോക്കിയപ്പോൾ ഒരു പുതിയ നമ്പറിൽ നിന്നും അഞ്ചാറു മിസ്സ്കോളുകൾ കിടക്കുന്നു. ഒപ്പം രാജിന്റെ ഫോണിൽ നിന്നും ഒരു കോളും രാവിലെ അലാറം ഓഫ് ചെയ്തപ്പോൾ റിങ് ടോൺ ഓഫായത് ഓർത്തുകൊണ്ട് മിസ് കോൾ നമ്പർ ഡയൽ ചെയ്തു.

''ആ ഇത് ഞാനാ, താൻ പുതിയ നമ്പർ കണ്ട് ആളെ അറിയാതെ എടുക്കാത്തത് ആണെങ്കിലോ എന്നുകരുതിയാണ് പഴയ നമ്പറിൽ നിന്നും വിളിച്ചത്. നമ്മൾ ഇതിൽ സംസാരിച്ചാൽ മതി..!''

''ആ രാജ് കാര്യം പറയൂ ഇന്നലെ എന്താണ് അങ്ങനെ പറഞ്ഞത്''

''നാളെ ഞാൻ കോഴിക്കോട് വരുന്നുണ്ട്. ഒരു ബിസിനസ് ആവശ്യത്തിന് ഉച്ചക്ക് ഭക്ഷണം തരാവോ?''

നിമ്മി ആകെ വിഷമത്തിൽ ആയി. കൂടെ പഠിച്ചവൻ നല്ലമനുഷ്യൻ എന്നെല്ലാം ഭർത്താവിനും അയൽക്കാർക്കും മുന്നിൽ പറഞ്ഞ് അഭിമാനം കൊണ്ടവൾ താൻ ..! അവൾ കുറച്ചു കട്ടിയായ ഭാഷയിൽ തന്നെ മറുപടി പറയാൻ തീരുമാനിച്ചു.

''അയ്യോ രാജ് ഇച്ചായനും മോനും ഇല്ലാത്തപ്പോൾ അത് ശരിയാവില്ല, താൻ വരരുത്. ലോകം പഴയതൊന്നും അല്ല പഴയ സ്കൂൾ ബന്ധങ്ങൾ അതേപടി നിലനിർത്താൻ കഴിയില്ല എങ്കിൽ നമ്മൾക്കിനി സംസാരിക്കണം എന്നില്ല ''     

''അയ്യോ നിമ്മീ അത് ശരിയാവുന്നതു കൊണ്ടല്ലേ ഞാൻ പറഞ്ഞത് എന്തായാലും ഞാൻ വരും.! നൂറു ശതമാനം ഉറപ്പ്. കാരണം പഠിക്കുന്നകാലത്ത് ഇയാളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്നത് തന്നോട് പറയാൻ  ധൈര്യമില്ലായിരുന്നു. പക്ഷേ, ഇന്നങ്ങനെ അല്ല എനിക്ക് ആരുടെ മുഖത്തു നോക്കിയും എന്തും പറയാനും ചോദിക്കാനും ഉള്ള ധൈര്യമുണ്ട്. ജീവിതം ഒന്നേയുള്ളൂ. ആഗ്രഹങ്ങൾ അത് പ്രാവർത്തികമാക്കി അനുഭവിക്കുക തന്നെ വേണം. വളച്ചുകെട്ടില്ലാതെ കാര്യം പറയാം ഐ നീഡ് യു...!''

നിമ്മിയുടെ സകല ധൈര്യവും ചോർന്നൊലിച്ചു പോയിരുന്നു. വർഷങ്ങൾക്കു ശേഷം കാണുന്ന പഴയ സഹപാഠിയുടെ പുതിയ മുഖം. അവൾക്കാകെ പരവേശമായി, എന്തു ചെയ്യണം? അവൻ വിളിച്ചതുപോലും ഭർത്താവറിഞ്ഞാൽ ചിലപ്പോൾ സംശയങ്ങൾക്ക് ഇടനൽകിയേക്കാം. ജീവിതം ആണ് തകരാൻ പോകുന്നത്. എങ്ങനെ കൈകാര്യം ചെയ്യണം? ഇച്ചായനോട് കാര്യങ്ങൾ പറയുക തന്നെ, അല്ലെങ്കിൽ ശരിയാവില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു. 

അന്ന് യാന്ത്രികമായി വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തു. അന്നുരാത്രി  ജീവച്ഛവം പോലെ നിമ്മി കിടക്കയിലേക്ക് വീണു!  

വൈകിട്ട് ഓഫീസിൽ നിന്നും വന്നുകയറിയ അവളുടെ ഭർത്താവിന് അവളിലെ മാറ്റങ്ങൾ അപ്പോഴേ ശരിക്കും മനസ്സിലായിരുന്നു. എങ്കിലും അദ്ദേഹം ഒന്നും ചോദിക്കാൻ പോയില്ലായിരുന്നു.!

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന നിമ്മിയെ പിടിച്ചൊതുക്കിക്കൊണ്ടു അദ്ദേഹം ചോദിച്ചു.

''എന്ത് പറ്റിയെടോ അയാൾ വിളിച്ചിരുന്നോ?''

രണ്ടിറ്റു കണ്ണുനീർ ആയിരുന്നു അതിനുള്ള മറുപടി. അദ്ദേഹത്തിന് അതിൽ നിന്നുതന്നെ കാര്യങ്ങൾ എല്ലാം മനസ്സിലായി 

''പേടിക്കേണ്ട നമ്മൾക്ക് നമ്മളെ കവിഞ്ഞേ ലോകത്ത് മറ്റാരും ഉള്ളൂ... സഹപാഠികൾ അന്നായിരുന്നു... അന്നുകുട്ടികൾ ആയിരുന്നു. നമ്മൾ ഇന്ന് മുതിർന്നവർ, കുടുംബം ഉള്ളവർ അതിന്റെ എല്ലാ ബലഹീനതകളും ഉള്ളവരാണ് ഓരോരുത്തരും. നമ്മുടെ പഴയ സൗഹൃദങ്ങൾ കൂട്ടിയിണക്കുന്നത് നല്ലതു തന്നെ പക്ഷേ പരിധിയിൽ അധികം ആ പഴയ സൗഹൃദങ്ങൾ അടുക്കാൻ ഇടവരും. പ്രത്യേകിച്ച് സൗഹൃദം ഒരുപാടുകലാമായി ഉള്ളിൽ ഉള്ളതുകൊണ്ടും അകൽച്ച തോന്നാൻ സാധ്യതയില്ലാത്തതുകൊണ്ടും ചുരുക്കം ചിലർ വളരെ എളുപ്പം അപ്രോച്ച് ചെയ്യും. അതിൽ ഒരാൾ ആണ് നീ പറഞ്ഞ രാജ് .!''

ഒരു തേങ്ങലും പൊട്ടിക്കരച്ചിലും ആയിരുന്നു അതിനു മറുപടിയായി അവളിൽ നിന്നും പുറത്തേയ്ക്കു വന്നത്.  

''താൻ പേടിക്കാതെഡോ, ഇത് ഞാൻ ഇപ്പോൾ തന്നെ ശരിയാക്കാം. നിന്റെ  ഫോണിൽ നിന്നും അവന്റെ നമ്പറിൽ ഒന്ന് വിളിക്ക്''

നിമ്മി യന്ത്രികമായി ഫോൺ എടുത്തു ഡയൽ  ചെയ്തു ഭർത്താവിന്റെ കയ്യിൽ കൊടുത്തു ഒരു റിങ് അടിക്കുന്നതിനു മുന്നേ മറുതലക്കൽ ഫോൺ എടുത്തു.   

''ഹാ നിമ്മി... തന്നെ ഞാനിപ്പോൾ ഓർത്തതേ ഉള്ളൂ. അതാണ് മനസ്സിന്റെ സിഗ്നൽ! താൻ വിളിക്കുമെന്നും നാളെ വരുമെന്നും എനിക്കറിയാമായിരുന്നു! ഞാൻ രാവിലെ പത്തുമണിക്ക് എത്തും. തന്റെ വീട്ടിൽ വേണ്ട, പ്രത്യേകിച്ച് ഞാൻ ഇന്നലെ അവിടെ വന്നുപോയതല്ലേ ഉള്ളൂ. ഞാൻ അറിയുന്ന നല്ലൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ നല്ല സീ ഫുഡ് കിട്ടും. ഉച്ചക്ക് നമ്മുക്ക് അവിടെ നിന്നും കഴിക്കാം. താൻ അച്ചായനെയും മോനെയും വേഗം ഒന്നൊഴിവാക്കി ഞാൻ വിളിക്കുമ്പോൾ അവിടെ നിന്നും മാറി പമ്പിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിനു പിന്നിൽ വന്നാൽ മതി അവിടെ നിന്നും പിക്ക് ചെയ്‌തോളാം അവർ വരുന്നതിനുമുന്നെ വിടുകയും ചെയ്യാം എന്താ? ''

നിമ്മി പേടിയോടെ നോക്കി നിൽക്കേ അദ്ദേഹം അവളെനോക്കി പുഞ്ചിരിച്ചു. കണ്ണടിച്ചുകൊണ്ടു ഫോണിൽ നോക്കി ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു.

''ഹാ... മിസ്റ്റർ രാജ് വരുമ്പോൾ ആംബുലൻസ് അവിടെ നിന്നും കൊണ്ടുവരുമോ അതോ ഞാനിവിടെ ബുക്ക് ചെയ്യണോ''

''ങ്ങേ...ആംബുലൻസോ.. എന്തിന്...?  ആരാ അച്ചായനാണോ..?

''പിന്നെ തന്റെ പോസ്റ്റുമാർട്ടം നാളെ തന്നെ ചെയ്യാൻ ഉള്ള ഏർപ്പാടുണ്ടാക്കാം. അധികം ആരും വരാനില്ല എങ്കിൽ നാളെത്തന്നെ ദഹിപ്പിക്കുകയും ആവാം എനിക്കതിനുള്ള പിടിപാടൊക്കെ ഇപ്പോൾ ഈ കോഴിക്കോടുണ്ട്..! ഇനി മെഡിക്കൽ കോളേജിലെ പിള്ളേർക്ക് പഠിക്കാൻ കൊടുത്താൽ ബോഡിക്ക് ഒരു അയ്യായിരം രൂപ തന്റെ ഭാര്യക്ക് കിട്ടും എന്താ വേണ്ടത് എന്നുകൂടി രണ്ടുപേരും കൂടി ആലോചിട്ടു വരൂ ...!''

അങ്ങേ തലക്കൽ ഫോൺ കട്ടായി.

നിമ്മി കരച്ചിൽ നിർത്തി  ചമ്മിയ ചിരിയോടെ ഫോൺ എടുത്ത് എല്ലായിടത്തു നിന്നും രാജിനെ  ബ്ലോക്ക് ആക്കികൊണ്ട് ഭർത്താവിനെ ഒന്നു നോക്കി. അദ്ദേഹം ചോദിച്ചു.

''ഇതിത്രയേ ഉള്ളൂ... അയാളുടെ ചെറിയ ഒരു ഞരമ്പ് രോഗം ശരിയാക്കാൻ ശസ്ത്രക്രിയ വേണമെന്നില്ല. അതിനാണ് നീ പകൽ മുഴുവൻ കിടന്നു നീറിയത് ഇനി ഇതുപോലെ ഉള്ള വല്ല വയ്യാവേലിയും വന്നു ചാടിയാൽ കുറച്ചു നേരത്തേ അറിയിക്കണം ട്ടോ..!'' 

അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ മാറിലേക്ക് വീണു... അവളെ ഗാഢം പുണർന്നുകൊണ്ടു ചോദിച്ചു– 

''അപ്പോൾ എങ്ങനെയാ നമ്മൾക്ക് റൂം ബുക്ക് ചെയ്യണോ അതോ ഈ മുറി മതിയോ..?''    

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT