മടക്കം (കഥ)

ജയാ... എങ്ങനെയുണ്ട് ഇപ്പോൾ?  ഡോക്ടർ ശങ്കറുടെ ചോദ്യത്തിന് മറുപടിയായി വേദനസംഹാരിയുടെ ഡോസ് കുറച്ചു  കൂട്ടിയാൽ നന്ന്... വേദന സഹിക്കാൻ പാടാണ് കൂട്ടുകാരാ, അതെ അവർ സഹപാഠികൾ... കൂടെ ഒരുമിച്ചു നടന്ന് കളിച്ചും ചിരിച്ചും അതിലേറെ വാശിയോടെ പഠിച്ചും പഠിപ്പിച്ചും പരസ്പരം പ്രോത്സാഹനം നൽകിയും മുന്നേറിയവർ, ജീവിതത്തിന്റെ നല്ലസമയത്ത് ദേ... തന്റെ പ്രിയകൂട്ടുകാരൻ മരണത്തെ മുന്നിൽ കണ്ട്...

"പ്രിയചങ്ങാതി തന്നെ കാണാൻ വന്നപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ഉണ്ടായി... എന്നാൽ, സന്തോഷത്തിന്റെ കെട്ടുപൊട്ടിച്ചുകൊണ്ടു ജയൻ ആ ഫയൽ എനിക്ക് വച്ചുനീട്ടിയപ്പോൾ ഒന്നേ എനിക്ക് നോക്കാൻ ആയുള്ളൂ. ചുവന്ന മഷിയിൽ എഴുതിവച്ചിരിക്കുന്നു ബ്ലഡ്‌ക്യാൻസർ...

ഒരു നിമിഷം എല്ലാദൈവങ്ങൾളോടും ദേഷ്യം തോന്നി. എന്ത് ക്രൂരതയാണ് ആ അമ്മയോടും രണ്ട് പിഞ്ചുകുഞ്ഞുങ്ങളോടും ഈശ്വരൻ കാണിച്ചത്. ഒന്ന് ഓർത്താൽ എന്ത് സന്തോഷത്തോടെയായിരുന്നു ഞാൻ അവന്റെ വിവാഹചടങ്ങിൽ പങ്കെടുത്തത്  എല്ലാം ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. കണ്ണുനിറഞ്ഞു ചുറ്റിലുള്ളതൊന്നും കാണാൻവയ്യ, എന്റെ മനസമാധാനത്തിനുവേണ്ടി  ഒന്നുകൂടെ ബ്ലഡ്‌സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം നിരാശാജനകം..."

ഞാൻ നഴ്‌സിനോട് പറയാം, മരുന്നിന്റെ ഡോസ് കൂട്ടാൻ. എടാ... എനിക്ക് ഒരുകാര്യം പറയാൻ ഉണ്ട്‌ നിന്നോട്. 

ഉം. എന്താ? ജയൻ ചോദിച്ചു. 

ഡോക്ടർക്ക് പറയാൻ വിഷമം. അതും ആത്മാർഥ സ്‌നേഹിതന്റെ മുഖത്തു നോക്കി എങ്ങനെ പറയും, നിനക്ക് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്ന്.... 

പ്രിയസുഹൃത്തിന്റെ വേദന മനസിലാക്കി ജയൻ പറഞ്ഞു, എനിക്ക് അറിയാം നീ എന്താണ് പറയാൻ പോകുന്നതെന്ന്. നമ്മുക്ക് വേർപിരിയാൻ പറ്റുമോ ശങ്കർ? കഴിയുമെങ്കിൽ ഒരു പേനയും പേപ്പറും എനിക്ക് സംഘടിപ്പിച്ചു തരാമോ? അവസാനമായി അമ്മയ്ക്ക് ഒന്ന് എഴുതണം. ഞാൻ എഴുതുന്ന കത്ത് വായിക്കാൻ അമ്മയ്ക്ക് വലിയ സന്തോഷമാണ്. വീട്ടിൽ നിന്നും ഇറങ്ങിയിട്ട് രണ്ടാഴ്ചയായി. യാത്ര പറയാതെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. 

ജയൻ ആവിശ്യപ്പെട്ടതു കൊടുത്തു വിടാം എന്നുപറഞ്ഞു ശങ്കർ മുറിയിൽ നിന്നുമിറങ്ങി. 

"പ്രിയപ്പെട്ട അമ്മയ്ക്ക്, 

അമ്മേ.... അമ്മയ്ക്ക് അറിയുമോ ഞാൻ ഒരിക്കൽക്കൂടി ആ ഗർഭപാത്രത്തിലേക്കു തിരിച്ചുപോകുവാ, അതെ എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തിരിച്ചുകിട്ടുകയാണ് വീണ്ടും.... ആർക്കും തടയാൻ കഴിയാത്ത സൗഭാഗ്യം! അമ്മയുടെ വയറ്റിൽ ആയിരുന്ന സമയത്ത് ഞാൻ ചവിട്ടുമ്പോൾ അമ്മയ്ക്ക് കൊളുത്തി പിടിക്കുമായിരുന്നല്ലോ? അതേ വേദന ഞാനും അനുഭവിക്കുകയാ... സാരമില്ല അമ്മ സഹിച്ചതിന്റെ ഇരട്ടി വേദന! പണ്ട് അച്ഛൻ അമ്മയുടെ നിറവയറിൽ തലോടുമ്പോൾ എനിക്കു കിട്ടുന്ന സുരക്ഷിതത്വത്തെ ഓർമപ്പെടുത്തും പോലെ ഡോക്ടർ വന്ന് എന്നെ തലോടും. അമ്മ ഗർഭിണിയായിരുന്നപ്പോൾ കഴിക്കുന്ന എല്ലാ ഭക്ഷണവും പിടിക്കാറില്ലല്ലോ അതുപോലെ എനിക്കും എല്ലാ മരുന്നുകളും പിടിക്കുന്നില്ല. അമ്മ ചിലപ്പോൾ ഛർദിക്കാറുണ്ടായിരുന്നല്ലോ അതുപോലെ ഞാനും! അത് ഭക്ഷണമല്ല രക്തമാണെന്നുമാത്രം! അമ്മയുടെ കൈകാലുകളിൽ നീര് വരുന്നതുപോലെ എന്റെയും കൈകാലുകളില്‍ നീര് വന്നു തുടങ്ങി. വിധിയെ തടുക്കാൻ എനിക്കോ അമ്മയ്ക്കോ കഴിയില്ല, തളരരുത് ഈ ഉണ്ണിക്കണ്ണനെ ഓർത്ത്. അച്ഛനോട് പറയണം ഈ മകനെ  വളർത്തിയതുപോലെ മകളെയും രണ്ട് കുഞ്ഞുങ്ങളെയും വളർത്തണമെന്ന്. ഞാൻ പോയാലും അച്ഛനും അമ്മയ്ക്കും ഒരു മകളെയും ചെറുമക്കളെയും കിട്ടിയില്ലേ അതോർത്ത് ആശ്വസിക്കണം. ഒരു കടമയും നിറവേറ്റാനാവാതെ ഈ മകൻ യാത്രപറയുന്നു. എന്ന് അമ്മയുടെ സ്വന്തം ഉണ്ണിക്കണ്ണൻ........  "

ഡോസ് കൂടിയ ഇൻജെക്ഷൻ കൊടുക്കാനായിട്ടു വന്ന നേഴ്സ് ജയന്റെ കൈപിടിച്ചപ്പോൾ ജീവന്റെ തുടിപ്പ് വിട്ടുപോയിരുന്നു... 

"ആ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലേക്ക് യാത്രയായി കഴിഞ്ഞിരുന്നു"