വിചാരണ (കഥ)

അവനെ കോടതിയിൽ ഹാജരാക്കി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി പുറത്തിറക്കുമ്പോൾ തന്നെ പൊലീസ് രണ്ടുകയ്യും കൂട്ടി വിലങ്ങു വച്ചിരുന്നു... വളരെ ക്രൂരമായ രീതിയിൽ ഒരാളെ കൊന്നു തള്ളിയവൻ. മരിച്ചവന്റെ കൂട്ടാളിയെ കൂടി കൊല്ലാൻ തക്കം പാർത്തു നടക്കുന്നതിനിടയിൽ അവിചാരിതാമായിട്ടാണ് പൊലീസിന്റെ കയ്യിൽ അവൻ എത്തിപ്പെട്ടത്.

ജീപ്പിൽ അവനിരുപുറത്തുമായി ഇരുന്നവരിൽ ഒരു പൊലീസുകാരൻ മുന്നിൽ ഇരിക്കുന്ന എസ്ഐയോട് ചോദിച്ചു.

''സർ ഇന്നുതന്നെ തെളിവെടുപ്പ് നടത്തണ്ടേ? രണ്ടു ദിവസത്തെ അനുമതിയല്ലേ കോടതി തന്നിട്ടുള്ളൂ.!''   

''പോകാമെഡോ ഇന്നുതന്നെ ആ പണികൂടി അങ്ങ് തീർത്തുവെക്കാം. മറ്റന്നാൾ ഇവനെ വീണ്ടും ഹാജരാകേണ്ടതല്ലേ. വേണ്ടതെല്ലാം ഇന്നുതന്നെ അങ്ങ് തീർക്കാം എന്നിട്ട് നാളെ ഒന്ന് റസ്റ്റ് കൊടുക്കാം ന്താ..? ''

കൂടെ ഉണ്ടായിരുന്ന മൂന്നാമൻ അവനെ നോക്കി മൊത്തത്തിൽ ഒന്നുഴിഞ്ഞു കൊണ്ട് പറഞ്ഞു.  

''ചത്തവൻ ഒരു ശല്ല്യമായിരുന്നു എന്നുള്ളത് സത്യം തന്നെ എന്നാലും..! പന്ത്രണ്ടോളം അടിപിടികേസ്, രണ്ടു കുത്തുകേസ്, പിന്നെ അഞ്ചു കളവുകേസ്, രണ്ടു കൊലപാതകശ്രമം, പിന്നെ കഞ്ചാവ് കേസ്, പെണ്ണുകേസ് അങ്ങിനെ പലതും. പല സ്റ്റേഷനിൽ ആയി.. അങ്ങനെ ഉള്ള ഒരുത്തനെയാ ഇവനങ്ങ് തീർത്തുകളഞ്ഞത് എന്നോർക്കുമ്പോൾ കൂടെ ഇരിക്കാൻ തന്നെ ഒരു പേടി തോന്നുന്നു.!''

എസ്ഐ വിശാലമായി ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു. 

''സത്യത്തിൽ ഇവൻ നമ്മളെ സഹായിക്കുകയാണ് ചെയ്തത് അവനൊരുശല്യമായിരുന്നു... അവൻ ചത്തത് എന്തായാലും നന്നായി... അവന്റെ ഒരു കൂട്ടാളികൂടി ഉണ്ടല്ലോ എന്താ അവന്റെ പേര്? ങ്ങാ മുത്തു.! അവൻ കൂടി അങ്ങ് പോയിരുന്നെങ്കിൽ ആ ശല്യം കൂടി അങ്ങ് തീർന്നുകിട്ടിയേനേ!''

ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നും മറുപടി ഉണ്ടായി 

''നിങ്ങളുടെ കയ്യിൽ പെട്ടതുകൊണ്ടാ അല്ലെങ്കിൽ അവന്റെ കൂട്ടാളിയും തീർന്നേനെ... ഹും... ജയിൽ എനിക്ക് പുത്തരിയൊന്നും അല്ല. ചെയ്യാത്ത കുറ്റത്തിന് അകത്തുകിടന്നു നരകിച്ചവനാ സാറേ ഞാൻ എനിക്ക് ആകെ ഒരു സങ്കടം ആ മുത്തു രക്ഷപെട്ടു എന്നതാ. എന്നെ തൂക്കി കൊല്ലാൻ ഒന്നും വിധി ഉണ്ടാവില്ല എന്നെനിക്കറിയാം പക്ഷെ അവനെ എന്നെങ്കിലും ഞാൻ തീർക്കും ഉറപ്പാ''

''കൂടെ നടന്ന കൂട്ടുകാരനെ കൊന്നിട്ട് അവൻ കിടന്നു... ഫാ... മിണ്ടാതിരിയെടാ''  

പിന്നെ കുറച്ചു നല്ല പദങ്ങളും കൂടി എസ്ഐയിൽ നിന്നും പുറത്തുവന്നതോടെ അവൻ പിന്നെ ഒന്നും സംസാരിച്ചില്ല. തെളിവെടുപ്പു നടക്കുമ്പോൾ പുറത്തെല്ലാം ആളുകൾ കൂടിയിരുന്നു അവരെല്ലാം പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുന്നത് കണ്ടപ്പോൾ ആദ്യം എസ്ഐ ഒന്നു വിരണ്ടു.

''എന്തെങ്കിലും ഒരു വഴി ഉണ്ടങ്കിൽ ഇവനെ രക്ഷിച്ചെടുക്കണം സാറേ ചത്തവനേയ് ഞങ്ങളുടെ ദുഃസ്വപ്നമായിരുന്നു..! ഒരുത്തൻ കൂടി ഉണ്ട് അവനും ഇതുപോലൊരുദിവസം വീഴും ഉറപ്പാ. സാറ് എഫ്ഐആറിൽ എന്തെങ്കിലും ഒരു തിരിമറി നടത്തണം ഇവൻ ഞങ്ങടെ മുത്താണ്..!'' 

കൂടിയവരിൽ ഒരാൾ അതുവിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം അവരെ തണുപ്പിക്കാൻ എന്നോണം പറഞ്ഞു. 

''നോക്കട്ടെ എന്തായാലും അവൻ ചാവേണ്ടവൻ തന്നെയായിരുന്നു.! പക്ഷേ നിയമം കയ്യിലെടുത്തുകൊണ്ടു ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കും അവകാശം ഇല്ലല്ലോ നിയമം നിയമത്തിന്റെ വഴിയിലൂടെ പോകട്ടെ നിങ്ങളാരും തടസ്സപ്പെടുത്തണ്ട മാറി നിൽക്കൂ..!''

കൂട്ടത്തിൽ വയസ്സായ ഒരാൾ മെല്ലെ മുന്നോട്ടു വന്നുകൊണ്ടു പറഞ്ഞു. 

''അവൻ മരിക്കേണ്ടവൻ ആയിരുന്നു എന്ന് അങ്ങേയ്ക്കറിയാം. എന്നാൽ എന്തുകൊണ്ടവനെ അതേനിയമം മറ്റുള്ളവർക്ക് ശല്യമായി  ജീവിക്കാൻ അനുവദിച്ചു? അതും ഇതേനിയമം തന്നെ അല്ലെ സാർ '' എസ്ഐ ക്കു കലശലായ ദേഷ്യം വന്നു.

''മാറിനിൽക്കൂ എല്ലാവരും... ശല്യം ചെയ്യാൻ വന്നാൽ എല്ലാത്തിനെയും പിടിച്ചു ഇവനൊപ്പം അകത്താക്കും'' കൂടിയവർ അങ്ങിങ്ങായി മാറി നിന്നതോടെ തെളിവെടുപ്പ് തുടങ്ങി. 

അവന്റെ കണ്ണിൽ മുളകുപൊടി തൂവിയതും പിടിച്ചൊതുക്കിവീഴ്ത്തിയതും ഇല്ലായ്‌മ ചെയ്തതുമെല്ലാം അവൻ അവർക്കു മുന്നിൽ വിശദീകരിച്ചുകൊടുത്തു. കൂടെ ഉള്ള പൊലീസുകാർ ഡിജിറ്റൽ സംവിധാനവും പേപ്പറും എടുത്തുകൊണ്ടതൊക്കെ ശേഖരിച്ചു. ചുമരിൽ തെറിച്ച രക്തപ്പാടുകൾ നോക്കി അവൻ പറഞ്ഞു 

''ഈ രക്തം പോലും എന്നെ ഭ്രാന്തനാക്കുന്നു സർ... എന്നെ വേഗം ഇവിടെനിന്നും കൊണ്ടുപോകൂ പ്ലീസ്..! '' 

സബ്ജയിലിലെ ഇരുട്ടുമുറി.! അകത്തേക്ക് കൊണ്ടുവന്നാക്കിയ പൊലീസുകാരനോട് അവൻ പറഞ്ഞു.

''ദേ എന്റെ ശരീരത്തിൽ ആരെങ്കിലും കഥകളി കളിയ്ക്കാൻ വന്നാൽപിന്നെ എന്നെ അങ്ങ് കൊന്നേക്കണം അല്ലെങ്കിൽ അമ്മച്ചിയാണേ... ഞാൻ പുറത്ത് എന്നെങ്കിലും വരും ഓർമയിരിക്കട്ടെ ..!'' 

എത്തിപ്പെട്ടത് കൊലകൊമ്പന്മാരായ രണ്ടു ക്രിമിനൽസിന്റെ സെല്ലിലായിരുന്നു. സംഗതി കൊലപാതകമാണെന്നും തീർത്തത് നാടറിയുന്ന ഒരു ഗുണ്ടയെ ആണെന്നും അറിഞ്ഞപ്പോൾ അവർക്കെല്ലാം അവനോട് അതിയായ ബഹുമാനം തോന്നി.! 

''അളിയാ പേടിക്കണ്ട ഞങ്ങളും അങ്ങനെ ഒക്കെ ഉള്ള കൂട്ടത്തിലാ ഇവിടെ സുഖാന്നേ..! നല്ലരീതിയിൽ നടന്നാൽ മാസങ്ങൾ കഴിയുമ്പോൾ പരോളുകിട്ടും അന്ന് നമ്മുക്ക് മറ്റവനെയും തട്ടാം'' 

എത്രലാഘവത്തോടെ സെല്ലിൽ ഉണ്ടായിരുന്നതിൽ ഒരുവൻ അതുപറഞ്ഞത് എന്നോർത്ത് അവൻ അത്ഭുതപ്പെട്ടു! ഇവർക്കെല്ലാം അതെത്ര നിസ്സാരം. ഒരു കോഴിയെ കൊല്ലുന്നതുപോലെ... താൻ എന്തിനുവേണ്ടി അത് ചെയ്തു എന്ന് കോടതിയോ പിടിച്ച പൊലീസുകാരോ ഒന്നും ചോദിച്ചില്ല... പൂർവ്വവൈരാഗ്യം എന്നൊരു വാക്കിനെ അവൻ മനസ്സാൽ ശപിച്ചുകൊണ്ട് മലർന്നുകിടന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു അവനാരഹസ്യം മനസ്സിലായത്..!

യൗവ്വനത്തിന്റ പശിമയിൽ വളരുന്ന നല്ലൊരു മരമായ തന്നെ ഒന്നും അല്ലാതാക്കിയ ആ ദിവസം..! വിവാഹമാലോചിച്ചുറപ്പിച്ച പെൺകുട്ടിയും അവളുടെ അച്ഛനും അമ്മയും വിവാഹത്തിനു തൊട്ടുനാൾക്കു മുൻപ് കൊല്ലപ്പെടുക, വീട്ടിലെ സ്വർണ്ണവും പണവും മറ്റുവിലപിടിപ്പുള്ള പലതും നഷ്ടപ്പെടുക. കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസ് അവസാനം തന്നെ കൊടുംകുറ്റവാളിയാക്കി ചിത്രീകരിച്ചു കൊണ്ടു കറുത്തതുണി കൊണ്ടു തലമൂടി നാടുമുഴുവൻ കൊണ്ടുനടക്കുക. അവസാനം ക്രൈംബ്രാഞ്ചും അതിനു ശേഷം  സിബിഐയും സാഹചര്യതെളിവുകളും മറ്റു കൃത്യങ്ങളും പരിശോധിച്ച് കൊന്നത് മറ്റാരോ ആണെന്ന് വിധിയെഴുതുക. എല്ലാം ഒരു സ്വപ്നം പോലെ..! ജീവിതത്തിലെ അഞ്ചാറുകൊല്ലം കേസും കോടതിയും ജയിലും, ജീവിതം തന്നെ നശിച്ചുപോയി.

അന്ന് വിചാരത്തടവുകാരനായി കഴിയുമ്പോൾ സഹവാസികളിൽ നിന്നും കിട്ടിയ വിവരങ്ങൾ വെച്ചാണ് മനസ്സിലായത് കൃത്യം നടത്തിയത് പട്ടണത്തിലെ പേരുകേട്ട ഗുണ്ടയും അവന്റെ കൂട്ടാളിയും കൂടിയാണെന്ന്. അവസരം പാർത്തിരുന്നു. വിചാരണത്തടവിൽ നിന്നും മോചിപ്പിക്കപ്പെട്ട താൻ നാട്ടിൽ പലരുടെയും അപശകുനമായി മാറിയതോടെ അങ്ങാടിയിൽ താവളമുറപ്പിച്ചു. പതിയെ പതിയെ അവരുമായി ചങ്ങാത്തം കൂടി അവർക്കു മനസ്സിലാവാൻ ഇടനൽകാതെ ജയിലിൽ നിന്നും കിട്ടിയ അറിവ്  സത്യമാണ് എന്ന് അവരിൽ നിന്നും മനസ്സിലാക്കി. പിന്നെ വൈകിയില്ല. അന്നുരാത്രി മദ്യപാന സഭയിൽ വെച്ച് അവനെ... ഇനി രണ്ടാമൻ. മുത്തു... പക്ഷേ അവൻ രക്ഷപെട്ടു. അവനെയും കയ്യിൽ കിട്ടണം അല്ല കിട്ടും! അന്നുരാത്രി അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. 

പിറ്റേ ദിവസത്തെ പത്രത്തിൽ തന്റെ വാർത്ത കണ്ടവൻ ഞെട്ടിപ്പോയി...

''കൊടും കുറ്റവാളി കണ്ണൻ എന്നിരട്ടപ്പേരുള്ള ജയശങ്കർ കസ്റ്റഡിയിൽ'' 

ഫൂ.. ഒരു കൊടും കുറ്റവാളി! ചെയ്യാത്ത കുറ്റത്തിന് അഞ്ചാറുകൊല്ലം നരകിച്ചപ്പോഴും കൊടുംകുറ്റവാളി... ഇപ്പോൾ ശരിയായ കൃത്യം നടത്തിയപ്പോഴും കുറ്റവാളി എന്തൊരു ലോകം..! 

ഒരു കണക്കിന് വിചാരണത്തടവുകാരനായി വലിയ കൊലപ്പുള്ളികൾ കഴിയുന്ന ജയിലിലേക്ക് എത്തിപ്പെടുന്നത് ഇതുപോലെ ഉള്ള കാര്യങ്ങൾ നടത്താനും ഭാവിയിലേക്ക് വലിയൊരു ക്രിമിനലായി മാറാനുള്ള ട്രെയിനിങ് ലഭിക്കുന്നതിനും പര്യാപ്തമാണ് എന്നു ചിന്തിച്ചുകൊണ്ട് അവൻ എപ്പോഴോ ഉറങ്ങി. 

പന്ത്രണ്ടു മണിയോടെ ഒരാൾ മെല്ലെ സെല്ലിൽ തട്ടി വിളിക്കുന്നതു കേട്ടു. അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന ജയിലിലെ പഴയ ഇടിയൻ പൊലീസുകാരൻ രാജപ്പൻ സാർ...

അയാൾ അവനെ കൈമാടി വിളിച്ചു. 

''തെമ്മാടി നീ വീണ്ടും ഇതിനകത്ത് വന്നു അല്ലെ? ഞാനിപ്പോൾ ഒരു കാര്യം പറയാനാ വന്നത് അവരൊക്കെ ഉറങ്ങിയോ?''

''ഉം സാറിന്റെ ഇടി ഞാൻ മറന്നിട്ടില്ല പകരം വീട്ടണം എന്നു കരുതീതാ പക്ഷേ വേണ്ടാന്ന് വച്ചു ഇപ്പൊ എന്തിനാ വന്നേ ഇടിക്കാനാണോ..?''

''അല്ലെടോ തന്നെ അന്ന് കാര്യമറിയാതെ ഞാൻ ഒരുപാട് ഉപദ്രവിച്ചു. പശ്ചാത്താപം ചെയ്യാനാ... ഞാൻ റിട്ടയേർഡ് ആവാൻ ഒരാഴ്ചകൂടിയേ ഉള്ളൂ അതിനു മുൻപ് തന്നോടൊരു നന്മ ചെയ്യാം എന്നു തീരുമാനിച്ചു''

''എന്തുനന്മ ..? ഇവിടെ ഇനി എന്ത് നന്മ പ്രതീക്ഷിക്കാൻ?'' 

''താൻ തിരയുന്ന മുത്തു എവിടെ ഉണ്ട് എന്ന് എനിക്കറിയാം തനിക്കു ഇവിടെ നിന്നും മുങ്ങാൻ ഉള്ള വഴിയും തൽക്കാലം തങ്ങാനുള്ള ഇടവും ഞാൻ പറഞ്ഞു തരാം''

''എനിക്കിതു വിശ്വസിക്കാമോ? പകരം ഞാൻ എന്താ ചെയ്യേണ്ടത്..?"

''താൻ ഒന്നും ചെയ്യേണ്ട വേണ്ടത് ഞാൻ ചെയ്‌തോളാം. അങ്ങനെ എങ്കിലും ഇവിടെ നിന്നും ഇറങ്ങുന്നതിനു മുൻപെ എന്റെ പാപം തീരട്ടെ. പക്ഷേ, രാത്രി ഞാൻ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ നീ മുങ്ങാൻ ശ്രമിക്കരുത് നിന്റെ ശ്രമം പകൽ മാത്രമേ ആകാവൂ അതിനുള്ള വഴിയാണ് ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് മനസ്സിലായോ?

''ഉവ്വ്... എനിക്കവനെകൂടി ഇല്ലാതാക്കണം എന്റെ ജീവിതം നശിപ്പിച്ച അവനെ കൂടി..!''  

രണ്ടുമൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം അവൻ രാജപ്പൻ സാർ ഒരുക്കിയ പാതയിലൂടെ  പുറത്തുകടന്നു. അദ്ദേഹം പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി നടന്നു. ഒരു വഴികാട്ടിയെ പോലെ രാജപ്പൻ സാർ അദൃശ്യനായി എവിടെയോ ഉള്ളപോലെ... അനന്തരം അവൻ ആളൊഴിഞ്ഞ ഒരു വലിയ വീട്ടിലേക്കു നയിക്കപ്പെട്ടു.      

പെട്ടെന്നായിരുന്നു അതു സംഭവിച്ചത്.

അവന്റെ തലയിലൂടെ കറുത്ത ഒരു തുണിയാവരണം മൂടപ്പെട്ടു... ശരീരത്തിൽ എവിടെയൊക്കെയോ അടിയോ ഇടിയോ തൊഴിയോ ഏൽക്കുന്നു. അവസാനം രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ ജയിലിനകത്തേക്കു തള്ളപ്പെടുമ്പോൾ അവിടെ ചുമരിൽ ഉറപ്പിച്ച ടിവിയിൽ റിട്ടയേർഡാവാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ജയിൽ ചാടിയ കൊടും കുറ്റവാളിയെ പിടിച്ച രാജപ്പൻസാറിന്റെ വീരചരിത്രവും അദ്ദേഹത്തിന്റെ പ്രമോഷനോടെയുള്ള റിട്ടയർ മെന്റിനുള്ള ഐ ജി യുടെ നിർദേശത്തെ കുറിച്ചുള്ള അവലോകനവും ലൈവായി നടക്കുന്നുണ്ടായിരുന്നു !