ഒളിച്ചോട്ടം (കഥ)

പ്രിയപ്പെട്ട അജയാ, 

ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ആരാണ് പറഞ്ഞത്? ചുരുങ്ങിയ പക്ഷം എന്റെ കാര്യത്തിലെങ്കിലും പലതിനുമുള്ള ഒരു പരിഹാരമായിരുന്നു ഒളിച്ചോട്ടം. വീട്ടിൽ നിന്ന്, നാട്ടിൽ നിന്ന്, ജീവിത പ്രശ്നങ്ങളിൽ നിന്ന്...! എനിക്കറിയാം, ഞാൻ മാത്രമല്ല ജീവിതത്തിന്റെ ഏതെങ്കിലുമൊരു സന്നിഗ്ധാവസ്ഥയിൽ ഒളിച്ചോട്ടത്തെപ്പറ്റി ചിന്തിക്കാത്തവർ ഒരാൾ പോലും ഉണ്ടാകില്ല. ചിലർ ധൈര്യപൂർവം ഒളിച്ചോടിപ്പോകും, അല്ലാത്തവർ ആ ചിന്തകളിൽ നിന്ന് ഒളിച്ചോടി വീണ്ടും പഴയ ചുറ്റുപാടിൽ തന്നെ അഭയം തേടും. 

ഒളിച്ചോട്ടവും ഒരു കലയാണ്, മോഷണം പോലെ! പിടിയ്ക്കപ്പെടാതിരിക്കണമെങ്കിൽ നല്ല മെയ് വഴക്കം വേണം. പക്ഷേ, ഞാനാകട്ടെ ഈ രണ്ടു കലകളിലും വളരെ പിന്നാക്കമായിരുന്നു എന്നതാണ് വാസ്തവം. ഒളിച്ചോടണമെന്ന തീവ്രാഭിനിവേശത്താൽ എങ്ങോട്ടെങ്കിലും പോയാലും ഒന്നോ രണ്ടോ  ദിവസത്തിനകം പിടിക്കപ്പെടാൻ വിധിക്കപ്പെട്ടിരുന്നവൻ ... 

എന്തുകൊണ്ടാണ് അങ്ങനെ എല്ലാവരേയും, പ്രിയപ്പെട്ടതൊക്കെയും വിട്ട് ഒളിച്ചോടണമെന്ന് തോന്നലുണ്ടാവുന്നത് ? അറിയില്ല. തീവ്ര വിഷാദത്തിന്റെ, അല്ലെങ്കിൽ കടുത്ത വാശിയുടെ ഫലമായുണ്ടാകുന്ന ഒരു ആന്തരിക ചോദനയാണ്, ഒരു ഉൾവിളിയാണ് പലപ്പോഴും എന്നെ ഒളിച്ചോടാൻ പ്രേരിപ്പിച്ചിട്ടുള്ളത് എന്നു മാത്രമറിയാം. ആ ഉൾവിളിയുണ്ടായാൽ പിന്നെ നമ്മൾ മറ്റൊന്നും കാണില്ല, കേൾക്കില്ല, ചിന്തിക്കില്ല .... ! 

പ്രിയപ്പെട്ട നഗരമേ... ഞാനിതാ നിന്നെയും പിരിഞ്ഞു പോകുകയാണ്. നിനക്കറിയാം, ഇതു പക്ഷേ ഒരു ഒളിച്ചോട്ടമല്ല; തിരിച്ചോട്ടമാണെന്ന്. ഒളിച്ചോടിയോടി അവസാനം വന്നുപെട്ട താവളത്തിൽ നിന്ന്, എന്നെ ജീവിതം പഠിപ്പിച്ച (?) മഹാനഗരത്തിൽ നിന്ന്, പതിനഞ്ച് വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഞാനിതാ മടങ്ങുകയാണ്... 

നിനക്കറിയാമോ, നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി എല്ലാം പായ്ക്ക് ചെയ്യുമ്പോൾ വീണ്ടുമൊരു ഒളിച്ചോട്ടത്തിന്റെ ആത്മഹർഷമാണ് എന്റെ ഉള്ളിൽ നിറയുന്നത്! അച്ഛനോടും അമ്മയോടും വഴക്കിട്ട്, ആദ്യമായി ഒളിച്ചോടിയ ആ പന്ത്രണ്ടു വയസ്സുകാരൻ ഉള്ളിൽ വന്നെത്തിനോക്കുന്നു. 

തുള്ളിക്കൊരുകുടം കോരിച്ചൊരിഞ്ഞ ഒരു കർക്കിടക സന്ധ്യയിൽ, ട്യൂഷന് പോകാതെ, വെള്ളം നിറഞ്ഞ പാടത്ത് നീന്തിക്കളിക്കാൻ പോയതിന് ആദ്യം കിട്ടിയത് അമ്മയുടെ വകയായിരുന്നു; അടുപ്പിൽ തീ പിടിപ്പിക്കാൻ കൊണ്ടുവച്ചിരുന്ന തെങ്ങിൻമടലിന്റെ കഷണം കൊണ്ട് ...! അതുകഴിഞ്ഞ്, അച്ഛന്റെ പുളിവാറു വീശലിൽ തുടകളിൽ ചോര കിനിഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴുമൊരു തരിപ്പാണ് ... 

ആ രാത്രിയിലായിരുന്നു എന്റെ ആദ്യ ഒളിച്ചോട്ടം. ദേഷ്യവും സങ്കടവും കൂടിക്കലർന്ന ഉൾവിളിയോടെ, കണ്ണീരിനിടയിലൂടെ അത്താഴം കഴിച്ചുവെന്നു വരുത്തി. പുതപ്പിനുള്ളിൽ തലയും മൂടി കാതോർത്തു കിടന്നു... അച്ഛന്റെ കൂർക്കം വലി കേൾക്കാൻ! ഉറങ്ങിയെന്നുറപ്പായപ്പോൾ പതിയെ എഴുന്നേറ്റ്, ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി. മഴ തോർന്നു നിൽക്കുകയായിരുന്നു അപ്പോൾ. പക്ഷേ, പുറത്തെ കനത്ത ഇരുട്ട് വഴി തടയുന്നതു പോലെ ... 

‘സ്നേഹമില്ലാത്ത’ അച്ഛനമ്മമാരോടുള്ള ദേഷ്യം ഇരുട്ടിനും മീതെ വളർന്നപ്പോൾ, പുറത്തെ ഇരുട്ടിനോട് പേടി തോന്നിയില്ല. വീണ്ടും തിരിച്ചു കയറി അച്ഛന്റെ ടോർച്ചും കാലൻകുടയുമെടുത്ത് കാലുകൾ നീട്ടിവച്ച് ഇരുളിലേക്ക് ഊളിയിട്ടു. നടന്നു നടന്ന്, നാരായണേട്ടന്റെ തെങ്ങിൻ തോപ്പും കടന്ന് പാടത്തിന്റെ കരയിലെത്തിയപ്പോൾ തവളകളുടെ നിലയ്ക്കാത്ത കരച്ചിൽ മനസ്സിനെ അലോസരപ്പെടുത്തി. 

ടോർച്ചു തെളിച്ച് പാടവരമ്പത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് പാടത്തിന്റെ നടുവിലായി ചൂട്ടുകറ്റ മിന്നുന്നതുപോലെ ഒരു വെളിച്ചം കണ്ടത്. ഉള്ളിൽ ഒരാന്തലയുർന്നു ...! രാത്രികാലങ്ങളിൽ നടുപ്പാടത്ത് മേയാനിറങ്ങുന്ന, മനുഷ്യരെ കണ്ടാൽ ഓടിച്ചിട്ട് കുത്തിക്കൊല്ലുന്ന മണിയൻ കാള? തീഗോളം പോലെ ചുരുണ്ടു കൂടുകയും ചിതറിത്തെറിക്കുകയും ചെയ്യുന്ന ഈനാംപേച്ചി ..? 

വാശി ഭയത്തിനു കീഴ്പ്പെട്ടപ്പോൾ, തെങ്ങിൻതോപ്പിൽ പണിക്കാർക്ക് വിശ്രമിക്കാനുണ്ടാക്കിയ മാടത്തിനുള്ളിൽ കണ്ണുകളടച്ച് പതുങ്ങിയിരുന്നു. എത്രനേരം അങ്ങനെയിരുന്നുവെന്നറിയില്ല. 

“പൂ.....യ്.... ചെക്കൻ ദാ ഇവിടെ കിടപ്പൊണ്ട് ...” 

ആരുടെയോ ഉറക്കെയുള്ള വിളിയും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും കേട്ടാണ് ഞാൻ കണ്ണു തുറന്നത്. എന്റെ ആദ്യത്തെ ഒളിച്ചോട്ടം, അങ്ങനെ വീട്ടിൽ നിന്ന് നാലു പറമ്പുകൾക്കപ്പുറം നാരായണേട്ടന്റെ തെങ്ങിൻ തോപ്പിൽ അവസാനിച്ചു ! 

പിന്നെ ഒളിച്ചോടുന്നത് രണ്ടു വർഷങ്ങൾക്കു ശേഷമാണ്; ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ. അതുപക്ഷേ ഒറ്റയ്ക്കായിരുന്നില്ല, ബേബിച്ചനും കൂടെയുണ്ടായിരുന്നു. ബേബിച്ചനന്ന് പ്രീഡിഗ്രിക്ക് തോറ്റു നിൽക്കുന്ന സമയമാണ്. തോറ്റതിന്റെ അപമാനം തീർക്കാനെന്നവണ്ണം ഒരു നാടുവിടൽ... എനിക്ക് മുൻപരിചയം ഉണ്ടല്ലോ എന്നു കരുതിയാവണം ബേബിച്ചൻ എന്നെ കൂട്ടുവിളിച്ചത്. 

അങ്ങനെ ഞങ്ങൾ പ്ലാൻ ചെയ്തു. ഇത്തവണ പിടിക്കപ്പെടരുത് എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു. ഒരു ശനിയാഴ്ച രാവിലെ ട്യൂഷന് പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ബുക്കും പുസ്തകവുമെല്ലാം നാരായണേട്ടന്റെ തെങ്ങിൻ തോപ്പിലെ ആ മാടത്തിനുള്ളിൽ വച്ചു; ബുക്കിനുള്ളിൽ ഒരെഴുത്തും ... 

“ഞാൻ നാടുവിട്ടു പോകുകയാണ്. എന്നെ ഇനി ആരും അന്വേഷിക്കണ്ട. ഞാൻ എവിടെയെങ്കിലും പോയി പണിയെടുത്ത് ജീവിച്ചോളാം. നിങ്ങൾ പേടിയ്ക്കണ്ട, ഞാനൊറ്റയ്ക്കല്ല ... ബേബിച്ചനും എന്റെ കൂടെയുണ്ട് ..” 

            

അങ്ങനെ ഞങ്ങളുടെ ഒളിച്ചോട്ടത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി; നടന്നു നടന്ന് ഞങ്ങൾ ടൗണിലെത്തി. 

“ ഇനി എങ്ങോട്ടാ പോകുന്നത്  ...?” ഞാൻ ബേബിച്ചനെ നോക്കി.

“ ഏതെങ്കിലുമൊരു ബസ്സിൽ കയറാം ...” 

“ അതിന് കൈയിൽ പൈസയുണ്ടോ ...?” 

ബേബിച്ചൻ മുണ്ടിന്റെ മടിക്കുത്തിൽ നിന്ന് കുറെ നാണയത്തുട്ടുകൾ എടുത്തു കാണിച്ചു. അപ്പോഴാണ് എന്റെ മണ്ടത്തരത്തെപ്പറ്റി എനിക്കു ബോധമുണ്ടായത്. കൈയിൽ കാൽക്കാശില്ലാതെ നാടുവിടാൻ ഇറങ്ങിത്തിരിച്ച നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു. അച്ഛന്റെ പോക്കറ്റിൽ തപ്പി നോക്കാൻ തോന്നിയിരുന്നെങ്കിൽ ...!

ബേബിച്ചൻ സ്നേഹമുള്ളവനായിരുന്നതുകൊണ്ട് എന്നെ വഴിയിലുപേക്ഷിച്ചില്ല. രണ്ടാളും കൂടി എറണാകുളത്തെത്തി, മറൈൻ ഡ്രൈവിലൂടെ ഇളവെയിലേറ്റു നടക്കുമ്പോൾ, പക്ഷേ, ചെന്നുപെട്ടത് ബേബിച്ചന്റെ വകയിലൊരു ചാച്ചന്റെ മുന്നിൽ ! ചോദ്യംചെയ്യൽ നീണ്ടപ്പോൾ ബേബിച്ചൻ വിയർത്തു. അവൻ കരയുമെന്നായപ്പോൾ അയാളുടെ അലർച്ച എന്നോടായി. എറണാകുളത്തു നിന്ന് തിരിച്ചു നാട്ടിലെത്തിയപ്പോൾ ചീത്തപ്പേരു മുഴുവനും എനിക്കായിരുന്നു... ബേബിച്ചന്റെ അപ്പൻ പറഞ്ഞ ചീത്ത മുഴുക്കെയും കേട്ട് ഒരക്ഷരം മിണ്ടാതിരുന്ന  അച്ഛൻ രാത്രിയിൽ എന്റെ മുന്നിലെത്തി. 

“പോകുന്നുണ്ടെങ്കി ഇപ്പോ പൊക്കോളണം ...  പാതിരാത്രിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ നിൽക്കരുത് ...” 

പക്ഷേ, തണുത്തുറഞ്ഞു കഴിഞ്ഞിരുന്ന എന്റെ ആവേശത്തെ ഉണർത്താൻ പോന്നതായിരുന്നില്ല ആ വാക്കുകൾ. രാത്രി മുഴുവൻ മുഴങ്ങിക്കേട്ട അമ്മയുടെ ഏങ്ങലടികൾ, കുറച്ചു വർഷത്തേക്കെങ്കിലും, എന്റെ ഒളിച്ചോട്ട മോഹങ്ങളെ തളച്ചു കിടത്താൻ പ്രാപ്തവുമായിരുന്നു ...! 

മനുഷ്യന്റെ സഹജമായ വാസനകളെ എല്ലാക്കാലവും ചങ്ങലയ്ക്കിടാനാവില്ലല്ലോ. അഞ്ചാറു വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും നാടുവിട്ടു! പഠനം കഴിഞ്ഞ് ജോലിതേടി അലഞ്ഞ നാളുകൾക്കൊടുവിൽ, കുത്തുവാക്കുകളുടേയും കളിയാക്കലുകളുടേയുമിടയിൽ നിന്ന് ഞാൻ ഒളിച്ചോടി. അച്ഛന്റെ പോക്കറ്റിൽ നിന്ന് കുറച്ചു കാശും മോഷ്ടിച്ചു കൊണ്ട്, സർട്ടിഫിക്കറ്റുകൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി, സ്വന്തം കാലിൽ നിൽക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ ... 

സിനിമകളിൽ കാണുന്നതുപോലെ പണക്കാരനായി തിരിച്ചു വരുന്നതും സ്വപ്നം കണ്ട് രണ്ടു ദിവസം അലഞ്ഞു. കൈയിലുണ്ടായിരുന്ന കാശ് പോക്കറ്റടിക്കപ്പെട്ടു പോയപ്പോൾ, വിശപ്പിന്റെ വിളി അസഹനീയമായപ്പോൾ ഞാൻ വീടിനെക്കുറിച്ചോർത്തു. ഒടുവിൽ, ചന്ദ്രേട്ടൻ എന്നെ കണ്ടെത്തുമ്പോൾ എന്റെ മൂന്നാമത്തെ ഒളിച്ചോട്ടവും പാതിവഴിയിൽ ഒടുങ്ങി. തലകുനിച്ച് വീട്ടിലേക്കു കയറുമ്പോൾ അച്ഛന്റെ അലർച്ച കേട്ടു ... 

“എന്റെ പോക്കറ്റീന്ന് എടുത്ത കാശ് തിരിച്ചു വച്ചിട്ടു മതി ഈ കുരുത്തം കെട്ടവന് പച്ചവെള്ളം കൊടുക്കാൻ ...” 

പത്താമത്തെ വയസ്സിൽ മദ്രാസിലേക്കു കള്ളവണ്ടി കയറിയ, അവിടെ കച്ചവടം ചെയ്തു വലിയ ബിസിനസ്സുകാരനായി വളർന്ന അലിയെപ്പോലെ തലയിൽ വരച്ചിട്ടുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് ഇത് എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ; എന്റെ അടുത്ത ഒളിച്ചോട്ടം വരെ ! 

എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു ആ സംഭവം. ഇവിടെ, ഈ മരുഭൂമിയിൽ ഞാനെത്തിപ്പെടാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാനും കാരണമായിത്തീർന്നത് ആ ഒളിച്ചോട്ടത്തിൽ എന്നോടൊപ്പം ഭാഗഭാക്കായ ആളാണ് – മഞ്ജു, എന്റെ ഭാര്യ! 

പാരലൽ കോളജുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഞങ്ങളുടെ പ്രണയം നാട്ടിൽ പാട്ടാവാൻ അധികസമയം വേണ്ടി വന്നില്ല. മഞ്ജുവിന് കല്യാണാലോചനകൾ മുറുകിയപ്പോഴാണ് അവൾ പറഞ്ഞത്, നമുക്ക് ഒളിച്ചോടാം ...! 

ഞാൻ ഞെട്ടി. എങ്ങോട്ടോടിയാലും ബൂമറാങ് പോലെ പുറപ്പെട്ടിടത്തു തന്നെ  തിരിച്ചെത്തുന്ന എന്റെ വിധിയോർത്ത ഞാൻ വെറുതെ ചിരിച്ചു. പക്ഷേ, അവൾ പിൻമാറാൻ ഒരുക്കമല്ലായിരുന്നു. കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന അവളുടെ ഭീഷണിക്കു മുന്നിൽ എനിക്കു വഴങ്ങേണ്ടി വന്നു. ഞാൻ വീണ്ടും ഒളിച്ചോടി ...! 

ഇത്തവണയും ഫലം വ്യത്യസ്തമായില്ല, ഞങ്ങൾ പിടിക്കപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ, എസ്ഐക്കു മുന്നിൽ ഞാൻ തലകുമ്പിട്ട് മിണ്ടാതിരിക്കുമ്പോഴും അവൾ ചീറുന്നുണ്ടായിരുന്നു; “സർ, ഞങ്ങൾ രണ്ടുപേരും പ്രായപൂർത്തിയായവരാണ്. വിവാഹം കഴിക്കാൻ തീരുമാനിച്ചവരാണ്. ആരൊക്കെ തടഞ്ഞാലും അതിന് മാറ്റമുണ്ടാവാൻ പോകുന്നില്ല.” 

ഈ നട്ടെല്ലില്ലാത്തവനെ തന്നെ വേണം പ്രേമിക്കാൻ എന്ന അർത്ഥത്തിൽ എസ്ഐ തലകുനിച്ച് നഖം കടിച്ചിരിക്കുന്ന എന്നേയും അവളേയും മാറിമാറി നോക്കി. പിന്നെ, നിന്റെ വിധി എന്ന് മനസ്സിലോർത്തിട്ടാവണം ഒന്നും മിണ്ടിയില്ല. ഒടുവിൽ, മഞ്ജുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവളുടെയും പെണ്ണു കെട്ടിയാലെങ്കിലും ഞാൻ നന്നാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് എന്റയും അച്ഛനമ്മമാർ ഞങ്ങളുടെ വിവാഹം നടത്തി. അമ്മയുടെ ഭാഷയിൽ ‘പിടിപ്പില്ലാത്ത’ എന്നെ നന്നാക്കാനുള്ള ഉത്തരവാദിത്തം മഞ്ജുവിന്റെ തലയിലായി. 

അങ്ങനെ പലപല ആലോചനകൾക്കൊടുവിലാണ് എന്നെ അളിയന്റെ കൂടെ ഖത്തറിലേക്ക് കയറ്റി അയക്കാൻ തീരുമാനമാകുന്നത്! പക്ഷേ, ഗർഭിണിയായ മഞ്ജുവിനെ തനിച്ചാക്കി ഞാനെങ്ങനെ? ഇല്ല, ഞാൻ പോകുന്നില്ല ! നീയില്ലാതെ ഞാനെങ്ങനെയാ മഞ്ജൂ, ഒറ്റയ്ക്ക്? എനിക്കു വയ്യ. 

പതിവുപോലെ, അവൾ പിൻമാറാൻ തയാറല്ലായിരുന്നു. സാമം, ദാനം, ഭേദം ...! മഞ്ജുവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ ഒരിക്കൽ കൂടി എന്നിലെ ഒളിച്ചോട്ടക്കാരൻ തലപൊക്കി! അവൾക്കൊരു കത്തുമെഴുതി വച്ച് ഒറ്റപ്പോക്കായിരുന്നു... 

പക്ഷേ, അവളും അളിയനും കൂടി കാറുമെടുത്ത് പിറകേയെത്തി പിടികൂടി. കൈയിൽ കിട്ടിയ പാടെ കരഞ്ഞുകൊണ്ട് എന്റെ രണ്ടു കവിളത്തും നെഞ്ചിലുമെല്ലാം മാറിമാറിയുള്ള സ്നേഹവർഷമായിരുന്നു അവളുടെ വക. അളിയന്റെ കൂടെ പോയില്ലെങ്കിൽ ഡിവോഴ്സ് ചെയ്യും എന്ന ഭീഷണിക്കു മുന്നിൽ ഞാൻ നിസ്സഹായനായി ... 

അങ്ങനെ, എല്ലാവരേയും ‘ഉപേക്ഷിച്ച്’ ഞാൻ നാടുവിട്ടു. നീണ്ട പതിനഞ്ചു വർഷം, ഈ മഹാനഗരത്തിൽ! ഇടയ്ക്ക് ലീവിന് നാട്ടിൽ പോയി, മഞ്ജുവിനോടും കുട്ടികളോടുമൊപ്പം. അച്ഛന്റെയും അമ്മയുടേയും ഒപ്പം ഞാനിന്നും മനസ്സിൽ താലോലിക്കുന്ന കുറച്ചു നാളുകൾ... ഒടുവിൽ, ഇനി മതിയാക്കാം എന്ന് അവൾ തന്നെ പറഞ്ഞപ്പോൾ, ഞാനിതാ ഈ മണലാരണ്യത്തോട് വിടപറയുകയാണ്. ഒളിച്ചോടിയവൻ ഓട്ടക്കാലണയായി തിരികെച്ചെല്ലുന്ന അപമാനഭാരത്തോടെയല്ല... ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടി എന്ന ആത്മസംതൃപ്തിയോടെ; അതും, ഒരു ഒളിച്ചോട്ടത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ...

നാട്ടിൽ വരുമ്പോൾ വീണ്ടും കാണാം ....

                                                                                                                                                          സ്നേഹപൂർവ്വം,                                                                                                                                                

അനിലൻ 

************************

പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന് അകമ്പടി പോകുമ്പോൾ, അവൻ അവസാനമായി എനിക്കായി കുറിച്ച ആ വരികൾ ഞാൻ വീണ്ടും വീണ്ടും വായിച്ചു. ആ കടലാസ് കഷണം കണ്ണീരിൽ കുതിർന്ന്, എന്റെ കൈയിലിരുന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. ഒടുവിൽ, അവൻ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടിപ്പോയിരിക്കുന്നു എന്ന് വിശ്വസിക്കാനാവാതെ ഞാൻ തളർന്നിരുന്നു ...