കരൾ പിളർക്കും നെഞ്ചുപൊട്ടും വേദനയായി 

കടൽ തീരമണഞ്ഞുറങ്ങിയ അലൻ കുർദി 

അച്ഛന്റെ തോളത്തിറുക്കിപ്പിടിച്ചുറങ്ങിയ വലേറിയ 

കൊടും ചൂടിൽ മരുമണ്ണിലമർന്നുറങ്ങിയ ഗുർപ്രീത് 

ചേറിൽ പുതഞ്ഞു മരവിച്ചുറങ്ങിയ ഷൊഹെത് 

               കണക്കില്ലാ പൊലിഞ്ഞോരു അഭയാർത്ഥിക്കുഞ്ഞുങ്ങളേ

               നിങ്ങൾക്കഭയം കിട്ടിയില്ലേ? 

               അവിടെ ആ കടൽക്കരയിൽ, ആ നദിക്കരയിൽ, 

               ആ മരുമണ്ണിൽ, ആ ചെളിമണ്ണിൽ....? 

ശൈശവം പിന്നിടും മുൻപേ പൊലിഞ്ഞോരു

കുഞ്ഞാത്മാക്കൾ തൻ നിലവിളികൾ 

തിരമാലകളിലൂടൊഴുകി കടൽ കടന്നൊഴുകി 

കാറ്റിലൂടൊഴുകിപ്പരന്നു വാനോളമെത്തി 

               കണ്ടു കരഞ്ഞിടുന്നു ലോക ജനതയിപ്പോഴും 

               കാലമൊരിക്കലും മറക്കാത്ത നിൻ ചിത്രങ്ങൾ 

               നിങ്ങൾക്കു മരിക്കാൻ കഴിയില്ല മക്കളേ

               നിന്നിലൂടെ പഠിക്കാൻ ശ്രമിക്കുന്നു ലോകർ ...

നിങ്ങൾ പഠിപ്പിക്കുന്നു ലോക ജനതയെ

അഭയം തേടിയുള്ള പാലായനമരുതെന്ന പാഠം 

പിറന്ന നാട്ടിലവർക്കവകാശമുണ്ടെന്ന പാഠം 

പിറന്ന ഭൂമിയിൽ ജീവിക്കാനർഹതയുണ്ടെന്ന പാഠം 

               ഇനിയും കുർദിമാരുണ്ടാകാതിരിക്കാൻ 

               കുഞ്ഞു ഹൃദയ താളങ്ങൾ നിലയ്ക്കാതിരിക്കാൻ 

               സുരക്ഷയുടെ വൻ കോട്ട കെട്ടിപ്പടുക്കുവാൻ 

               ലോക സമാധാനത്തിനായ് കൈകൾ കോർത്തൊരുമിച്ചിടാം