നൂറുകണക്കിന് യുദ്ധങ്ങൾ അരങ്ങേറിയ വീട് എന്ന യുദ്ധഭൂമി
കുട്ടികാലം: യുദ്ധഭൂമിയിൽ ഒരുനാൾ... (ഓർമക്കുറിപ്പ്)
രാവിലെ ഉറക്കം എണീറ്റ ക്ഷീണത്തിൽ കണ്ണുകൾ തിരുമ്മി കട്ടിലിൽ ഇരിക്കുകയാണ് ഞാൻ. ഷീറ്റുകൾ മേഞ്ഞ, ചാണകം കൊണ്ട് നിലം മെഴുകിയ ആ കുഞ്ഞു വീട്ടിൽ രാവിലെതന്നെ യുദ്ധാന്തരീക്ഷം ആണ്. അർജുനനും കർണ്ണനും വാക്‌യുദ്ധം തുടങ്ങിയിട്ടേ ഉള്ളു. ഞാൻ എണീറ്റ ഉടനെ അടുക്കളയിലേക്കു പോയി... രാവിലെ കത്തിയും മത്തിയുമായുള്ള യുദ്ധത്തിൽ ആണ് മമ്മി (അമ്മയെ മമ്മി എന്നും അച്ഛനെ പപ്പാ എന്നും വിളിക്കുന്ന ഒരു മോഡേൺ ഫാമിലി ആണ് ഞങ്ങളുടേത്). അവിടുന്ന് നേരെ എന്റെ കന്നാസുവണ്ടിയിൽ ഉമ്മറം വരെ ഒരു സവാരി നടത്തി.
അന്തരീക്ഷം ശാന്തമാണ്, ആരെയും കാണാൻ ഇല്ല നേരത്തെ പറഞ്ഞ അർജുനനും കർണ്ണനും എന്റെ ഏട്ടന്മാർ ആണ് . (Jith Vattamala, Jijo Vattamala). ഉമ്മറത്ത് ആരും ഇല്ല. അപ്പോൾ ആണ് തൊഴുത്തിന്റെ പുറകിൽ ചെറിയ ശബ്ദം കേട്ടത്, കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചാണകക്കുഴി നിറഞ്ഞു കിടക്കുന്നു. പപ്പാ കൊടുത്ത ഓരോ കൊട്ട ഇഞ്ചി രണ്ടുപേരും വേറെ വേറെ നട്ടുവെച്ചിട്ടുണ്ട്. അതിൽ ചാണകവെള്ളം കോരി ഒഴിക്കുകയാണ് ഒരാള്.
മൊന്തയുടെ വക്കിൽ വള്ളികെട്ടി ചാണകവെള്ളം കോരുകയാണ് ജിജോ ചേട്ടായി പിന്നിൽ കാഴ്ചക്കാരനായി ജിത്തു ചേട്ടായി.. പെട്ടന്നാണ് അത് സംഭവിച്ചത്.... നിഷ്കളങ്കമായി പുഞ്ചിരിച്ചു നിന്നിരുന്ന ജിത്തു ചേട്ടായിയുടെ കാൽപാദങ്ങൾ ജിജോ ചേട്ടായിയുടെ നിതംബത്തിൽ ശക്തിയായി അമരുന്നു.
മൊന്തയും വള്ളിയുമായി ജിജോ ചേട്ടായി അതാ ചാണകക്കുഴിയിൽ... അയ്യോ... ബ്ലും....
ശബ്ദം കേട്ട് ഓടിവന്ന മമ്മി ഒരുവിധത്തിൽ ജിജോ ചേട്ടായിയെ വലിച്ചു കരയിൽ കയറ്റി. ദേഹത്തു മുഴുവൻ കബഡി കളിക്കുന്ന ചാണകപ്പുഴുക്കളും പറഞ്ഞറിയിക്കാൻ പറ്റാത്ത സുഗന്ധസൗരഭ്യവും. മമ്മി ഒരു വലിയ ബാർ സോപ്പ് മുഴുവൻ ഉപയോഗിച്ചാണ് ഏട്ടനെ ഒന്ന് വൃത്തിയാക്കി എടുത്തത്.
കുളികഴിഞ്ഞു നനഞ്ഞ തോർത്തും ഉടുത്തു കലിപുരണ്ട കണ്ണുകളുമായി ഏട്ടൻ ഉമ്മറത്തേക്ക് പാഞ്ഞടുത്തു... കൈയിൽ അതാ ആയുധവും ഉണ്ട്, അത് അസ്ത്രമോ സുദർശനചക്രമോ ആയിരുന്നില്ല... ചിരവ ആയിരുന്നു, ചിരവ.
അന്തരീക്ഷം ഇരുണ്ടുകൂടിയത് മനസിലാക്കിയ ഞാൻ യുദ്ധം വ്യക്തമായി കാണാൻ കഴിയുന്ന ഒരു ഗ്യാലറി കണ്ടുപിടിച്ചു. കൂടെ എന്റെ പൂച്ചയും. ആ കാഴ്ചകാണുമ്പോൾ പൂച്ചയുടെ മുഖത്തുവരെ ഒരു പ്രത്യേക സന്തോഷം കാണാമായിരുന്നു. (കഴിഞ്ഞ ദിവസം ജഡ്ജി തൂക്കികൊല്ലാൻ വിധിച്ച പ്രതി ആരുന്നു ഈ പൂച്ച തക്ക സമയത്ത് മമ്മി വന്നു കയർ മുറിച്ചതുകൊണ്ട് അതിന്റെ ജീവൻ തിരിച്ചു കിട്ടി, അതിന്റ ദേഷ്യം പൂച്ചക്കും ഉണ്ട്)
ചീറ്റപ്പുലി മാൻകുട്ടിയെ ആക്രമിക്കുന്നപോലെ ആയിരുന്നു ആ കാഴ്ച. ജിത്തു ചേട്ടായിക്ക് ചിരവവെച്ച് അറഞ്ചം പുറഞ്ചം കിട്ടി, വീണ്ടും മമ്മി ഓടിവന്ന് ഒരുവിധത്തിൽ അന്തരീക്ഷം ശാന്തമാക്കി. അപ്പോളേക്കും കൊടുക്കേണ്ടതും കിട്ടേണ്ടതും വേണ്ടവിധത്തിൽ കിട്ടിക്കഴിഞ്ഞിരുന്നു. അന്ന് ചിരവയ്ക്കു പകരം വാക്കത്തി ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഇന്ന് എനിക്കു ചൂണ്ടിക്കാണിക്കാൻ ഒരു ഏട്ടൻ മാത്രമേ ഉണ്ടാകുമാരുനുള്ളു എന്നത് ഉറപ്പായിരുന്നു.
ഇതുപോലെ നൂറു നൂറു യുദ്ധങ്ങൾ അരങ്ങേറിയ ഒരു യുദ്ധഭൂമി ആയിരുന്നു എന്റെ വീട്. ജീവിതത്തിന്റെ ഭൂരിഭാഗവും യുദ്ധഭൂമിയിൽ റഫറി ആകേണ്ടി വന്ന ഒരു മമ്മി.... ഞങ്ങൾ വലുതായപ്പോളും ആ പാവത്തിന്റെ ഓട്ടം അവസാനിച്ചിട്ടില്ല... അന്ന് മൂന്ന് ആയിരുന്നു യോദ്ധാക്കൾ എങ്കിൽ ഇന്ന് യോദ്ധാക്കളുടെ എണ്ണം നാല് ആണ്... (എന്റെയും ഏട്ടന്മാരുടെയും കുട്ടികൾ )
ഇന്നും കരുത്തോടെ ഓടുന്ന ആ റഫറിയുടെ മുമ്പിൽ ഒരുപാട് സ്നേഹത്തോടെ...