കൗമാരത്തിലെ പ്രണയം വീട്ടിലറിഞ്ഞു, ദുബായിലേക്ക് കയറ്റി അയച്ചു; ജീവിതം മാറ്റിമറിച്ച പ്രവാസം
എന്റെ ഗള്‍ഫ് പ്രവാസത്തിന്റെ അഞ്ചാണ്ടുകള്‍...
കോളജിലെ കലാപരിപാടി കഴിഞ്ഞു പുതിയ ചില ഐറ്റം പഠിക്കാനായി കമ്പ്യൂട്ടര്‍ ക്ലാസ്സ്... അതുകഴിഞ്ഞ് ജോലി. ഇങ്ങനെ ഒരു കൗമാരക്കാരന്റെ ഉടായിപ്പുമായി നടക്കുന്ന കാലം. ഉടായിപ്പില്‍ ഒന്ന് ‘തലക്കു’പിടിച്ച പെണ്ണിന്റെ വീട്ടുകാര്‍ എന്നെ അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോള്‍ അളിയന്‍ എനിക്കും എടുത്തു ഒരു വിസിറ്റിങ് വിസ!
പൊന്നുവിളയുന്ന മരുഭുമിയിലേക്ക്... അങ്ങനെ അമ്മായി ഉണ്ടാക്കിയ ചട്ടിപത്തിരിയും, പെങ്ങളുടെ കത്തും, കുട്ടികളുടെ ഫോട്ടോസുമായി ഞാന്‍ ദുബായിലേക്ക് പറന്നു...
രണ്ടുമൂന്ന് മാസത്തെ അലച്ചിലിനൊടുവില്‍ നമുക്ക് പിടിച്ച... സോറി, നമ്മളെ പിടിച്ച ഒരു വിദേശ കമ്പനിയില്‍ ജോലി ശരിയായി. അങ്ങനെ വിസ അടിക്കണമെങ്ങില്‍ യുഎ ഇയില്‍ നിന്നും പുറത്തേക്കു പോവാന്‍ കമ്പനി പിആർഒ അവശ്യപ്പെട്ടു. അവളുടെ കല്ല്യാണം കഴിയുന്നതുവരെ നാട്ടില്‍ നിരോധനാജ്ഞ ഉള്ളതു കൊണ്ട് ഞാന്‍ രണ്ടും കൽപിച്ച് ‘കിഷ്’ എന്ന ഇറാനി ദ്വീപിലേക്ക് വിമാനം കയറി. വിദേശികള്‍ക്ക് വിസയില്ലാതെ 14 ദിവസവും, പിന്നീടുള്ള ദിവസങ്ങള്‍ക്ക് ഒരു മാസത്തിനു 1200 രൂപ എന്ന തോതില്‍ ഒരു വര്‍ഷം വരെയും ആ രാജ്യത്തു താമസിക്കാം. അതുകൊണ്ടു തന്നെ കൂടെയുള്ള എല്ലാവരും എന്നെ പോലെ ഇതേ ആവശ്യമുള്ളവരായിരുന്നു
പഴയകാല സിനിമയിലൊക്കെ കണ്ടിട്ടുള്ള ബോംബയിലെ ലോഡ്ജില്‍ താമസിക്കുന്നവരെ പോലെ മരവിച്ച മനസ്സുമായി താമസിക്കുന്ന ഒരു കൂട്ടം ആളുകള്‍, ഒരേ ലക്ഷ്യമുള്ളവര്‍. പെട്ടെന്ന് അടുക്കുന്നതു കൊണ്ട് ഞാനും അവരില്‍ ഒരാള്‍ ആയി. ജോലി ചെയ്ത സ്ഥാപനം വിസ അയക്കാമെന്ന് പറഞ്ഞവർ, കുട്ടുകാരന്‍ വഞ്ചിച്ച... കൂടെപിറപ്പു തിരിഞ്ഞു നോക്കാത്ത... അങ്ങനെ ഇങ്ങനെയായി ഇന്നല്ലെങ്കില്‍ നാളെ വിസവരുമെന്ന പ്രതീക്ഷയില്‍ മാസങ്ങളായി മുറിയില്‍ കഴിഞ്ഞുകൂടുന്നവർ, ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പൈസ ഇല്ലാത്തവര്‍, വാടക കൊടുക്കാന്‍ പൈസ ഇല്ലാതെ തെരുവില്‍ ഉറങ്ങുന്നവര്‍, അത്താഴ പട്ടിണി മാറ്റാന്‍ വേണ്ടി തന്നെതന്നെ വില്‍ക്കുന്ന സ്ത്രീകള്‍ (അള്ളാഹു ആര്‍ക്കും ഈ ഒരു അവസ്ഥ ഉണ്ടാക്കല്ലേ)
ഉമ്മ അറിയാതെയും അറിഞ്ഞും അടിച്ചുമാറ്റി തീര്‍ത്ത പൈസയോർത്ത്... ദേഷ്യത്തിന് കഴിക്കാതെ പോയ ഭക്ഷണത്തെ ഓര്‍ത്ത് ഞാന്‍ ആദ്യമായി പൊട്ടിക്കരഞ്ഞു. (അള്ളാഹു പൊറുക്കുമാറാകട്ടെ ആമീന്‍).
വെള്ളിയും ശനിയും കഴിഞ്ഞു. ഞായറാഴ്ച രാവിലെ ഒരു കൂട്ടുകാരന്‍ വന്നു പറഞ്ഞു.
''ടാ റഹി... നിന്റെ വിസ വന്നിട്ടുണ്ട്” എന്ന്. അതുകേട്ടതും ഞാന്‍ തുള്ളിച്ചാടി. അന്നത്തെ ഫ്ലൈറ്റിനു തന്നെ തിരിച്ചു ദുബായിക്ക് കയറി...
ഇന്ന് എന്റെ പ്രവാസ ജീവിതത്തിന്റെ അഞ്ചു വര്‍ഷം തികയുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ഞാനും പറയുന്നു. 90 ദിവസം നാട്ടില്‍ ഉണ്ടായിരുന്നു... വീടുപണി കഴിയാറായി... ഉമ്മ ഹജ്ജിനു പോയി. ഇനിയുമുണ്ട് ഒരുപാട് സ്വപ്‌നങ്ങള്‍... ഈ മണലാരണ്യത്തില്‍ മുളപ്പിച്ചെടുക്കാനുള്ളത്...