തവളകല്ല്യാണം (കഥ)

ആദ്യരാത്രി മഴ ഉണ്ടെങ്കിൽ തകർക്കാമായിരുന്നു എന്ന ഭാവി വധുവിന്റെ ആഗ്രഹം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചിരുന്നു. കല്ല്യാണത്തിന് മുൻപുള്ള ദിവസങ്ങളിലെ ട്യൂണിങ്ങിനിടയിൽ മഴയത്ത് കെട്ടിപ്പിടിച്ച് കിടക്കുന്നതിന്റെ സുഖത്തെക്കുറിച്ച് ചുമ്മാ ഒന്ന് വാചാലനായതായിരുന്നു... 

അവൾ അതിൽ കയറിപിടിക്കുമെന്ന് ഞാൻ കരുതിയില്ല... ഗൾഫിൽ ജനിച്ചു വളർന്ന അവൾക്ക് മഴ വീക്ക്നെസ്സ് ആണെന്ന് എനിക്കറിയില്ലായിരുന്നു..

അല്ലേലും ഇത്തിരി തണുപ്പ് ഉണ്ടെങ്കിലേ ഒരു ഇതുള്ളൂ... പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, കല്ല്യാണം മഴ ഏഴയലത്ത് പോലും വരാത്ത ഏപ്രിലിൽ ആയിപ്പോയില്ലേ? 

അപ്പോഴേ പണിക്കരമ്മാവനോട് പറഞ്ഞതാ വല്ല മെയ്​ലോ ജൂണിലോ ആക്കാൻ... കിളവന് അപ്പോ മുഹൂർത്തം ഇല്ലത്രേ... 

അവൾക്ക് ഇങ്ങനെ ഒരാഗ്രഹം ഉള്ളത് അന്ന് പറഞ്ഞതുമില്ല. ഇനി ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല...

ഞാനത് മറന്നെങ്കിലും അവൾക്ക് അത് വിടുവാൻ ഉദ്ദേശമില്ലാരുന്നു... എനിക്ക് അല്പ സ്വൽപം മാജിക്ക് ഒക്കെ അറിയാമായിരുന്നു.. അതു വച്ചാണ് ഞാനവളെ വീഴ്ത്തിയതും. ഒരു വണ്ടർ ലാന്റിൽ ജീവിച്ചിരുന്ന അവൾക്ക് മാജിക്ക് ഇഷ്ടമാണെന്നറിഞ്ഞു തന്നെയാണ് ഞാനത് പഠിച്ചെടുത്തതും. 

നീണ്ട രണ്ടു വർഷം പ്രയാസപ്പെട്ടാണ് ഞാനവളെ വളച്ചെടുത്തത്. കുഞ്ഞു കുട്ടികളുടെ മനസ്സാണ്.. അതുകൊണ്ടു തന്നെയാണ് അവളെയെനിക്ക് അത്രയ്ക്കിഷ്ടമായതും...

അത് ആണ് എനിക്ക് ഇപ്പോൾ പാരയായതും. അവൾ പറയുന്നത് യഥാർഥ മജീഷ്യനാണേൽ മഴപെയ്യിക്കാനാവും എന്നാണ്. അത് കേട്ടതോടെ എന്റെ ഉള്ള സമാധാനം പോയി.

കല്ല്യാണമടുക്കും തോറും അവളുടെ ആ ആഗ്രഹം കൂടി കൂടി വന്നു.. എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ കുഴങ്ങി..

അപ്പോഴാണ് പേപ്പറിൽ കണ്ട ആ സംഭവം ഞാനോർത്തത്. ആസാമിലോ മറ്റോ മഴപെയ്യിക്കാനായി തവളകളെ കല്ല്യാണം കഴിപ്പിച്ചത്രേ.. അത് മൂലം അവിടെ തകർത്ത് മഴപെയ്തൂന്നും... 

ഒന്ന് പരീക്ഷിച്ചാലോ എന്ന് എനിക്കും തോന്നി. ജ്യോത്സ്യനോട് ചോദിച്ചപ്പോ അങ്ങനെ ധാരാളം സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞതോടെ പിന്നെ ഒന്നും നോക്കിയില്ല പാതിരാത്രി ചാക്കുമായി ഞാൻ പാടത്തേക്കിറങ്ങി.. വളരെ കഷ്ടപെട്ട് രണ്ട് മുട്ടൻ മഞ്ഞതവളവകളെ തന്നെ പൊക്കി... ആരും കാണാതെ അവയെ ചാക്കിലാക്കി വീടിന്റെ ചായ്പിലൊളിപ്പിച്ചു.

കല്ല്യാണത്തിന്റെ തലേദിവസം തവളകളുടെ കല്ല്യാണം നടത്തിയാൽ പിറ്റദിവസം തകർത്ത് മഴപെയ്യുമെന്നായിരുന്നു ജ്യോത്സ്യനും പറഞ്ഞത്.. 

അങ്ങനെ തലേദിവസം വന്നെത്തി. വൈകിട്ടാണ് തവളകളുടെ കല്ല്യാണം നടത്താൻ ഞാൻ പ്ലാൻ ചെയ്തത്. അതാവുമ്പോ ആരും കാണില്ലല്ലോ? രാവിലെ തന്നെ തട്ടിൻപുറത്തെ മൂലയ്ക്ക് തവളകളുടെ കല്ല്യാണ മണ്ഡപം ഒരുക്കി വച്ച് പൂമാലയും ഒരുക്കി...

അന്ന് അവൾ ഫോൺ വിളിച്ചപ്പോൾ രണ്ടും കൽപ്പിച്ച് മഴയുണ്ടാവുമെന്ന് ഞാനുറപ്പും കൊടുത്തു.

അങ്ങനെ രാത്രിയായി..  ബന്ധുക്കളെക്കൊണ്ടും നാട്ടുകാരെക്കൊണ്ടും വീട് നിറഞ്ഞിരുന്നു.

വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് തവളയെ വച്ചിരുന്ന ചാക്കെടുക്കാൻ ചായ്പിലെത്തിയപ്പോഴാണ് അച്ഛനും ടീംസും അവിടിരുന്ന് വെള്ളമടിക്കുന്നത് കണ്ടത്.. എന്നെ കണ്ടതും അച്ഛൻ അടുത്തേക്ക് വിളിച്ചു. 

"വാടാ വന്ന് ഒരെണ്ണം അടിക്ക്..." അച്ഛന്റെ ഫ്രണ്ട് ആണ് അത് പറഞ്ഞത്.

വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ആണ് പറഞ്ഞത്...

"ഒന്നെടുത്ത് അടിക്കടാ എന്ന്... ഇനി നിന്റെ പെണ്ണുമ്പിള്ളയോട് ചോദിക്കണ്ടേ നിനക്ക് അടിക്കാൻ..."

അവിടെ നിന്ന് തൽക്കാലം രക്ഷപെടാൻ വേറെ വഴിയില്ലെന്ന് മനസ്സിലായപ്പോൾ പിന്നൊന്നും നോക്കിയില്ല ഞാനൊരു പെഗ്ഗ് ടമാന്ന് അങ്ങട് കയറ്റി.. 

ഹൂ... ഏത് കൂതറസാധനം ആണാവോ? പഴയ ഗ്യാങ്ങ് അല്ലേ... ഇവർക്കിതൊക്കെ അല്ലേ പറ്റൂ.. 

തൊണ്ടയിലൂടെ മദ്യം ഇറങ്ങിപ്പോയ വഴി അറിഞ്ഞകാരണം തൊട്ടടുത്ത് വച്ച ഇറച്ചിക്കറി ഞാനെടുത്ത് വായിലേക്ക് കുത്തിക്കയറ്റി...

എന്തോ ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു ആ ഇറച്ചിക്ക്... ഞാനൊരു പിടി കൂടെ പിടിച്ചു.. 

"എങ്ങനുണ്ടടാ കറി?" അച്ഛൻ ആണ് അത് ചോദിച്ചത്...

"പൊളപ്പൻ..." ഞാനുത്തരം പറഞ്ഞു..

"ഞാൻ വച്ചതാടാ. തവളയാ... രാവിലെ നമ്മുടെ ചായ്പീന്ന് കിട്ടിയതാ... ചാക്കില് കയറി ഇരിക്കാരുന്നു രണ്ടെണ്ണം. പിന്നൊന്നും നോക്കിയില്ല. അങ്ങട് വരട്ടി എടുത്തു.."

അത് കേട്ടതും എന്റെ നെഞ്ചില് ഇടിത്തീ വീണപോലെ തോന്നി... നേരെ പറമ്പിലേക്കിറങ്ങി ഓക്കാനിച്ച് കളഞ്ഞിട്ടും എന്റെ നെഞ്ചിടിപ്പ് തീർന്നില്ല. അച്ഛനീ കൊടും ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഈശ്വരാ... ഇനി അവളോടെന്ത് പറയും... എല്ലാം കുളമായി...

അപ്പോഴാണ് ഉറ്റ സുഹൃത്ത് അജു എന്നെ തോളിൽ തട്ടി വിളിച്ചത്.

"നീ ഇവടെ എന്തെടുക്കുവാ?" നമ്മുടെ പിള്ളേര് അവിടെ വെയ്റ്റ് ചെയ്യുന്നു... വാ രണ്ടെണ്ണം അടിക്കാം.."

അണ്ടിപോയ അണ്ണാന്റെ പോലെയുള്ള എന്റെ മുഖഭാവം കണ്ട് അവൻ കാര്യം തിരക്കി. ചങ്കായ അവനോട് കാര്യം പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. 

"നീ വിഷമിക്കാതിരി.. വഴിയുണ്ടാക്കാം" അവൻ ആശ്വസിപ്പിക്കാനായി പറഞ്ഞു.

"എന്തു ചെയ്യാനാടാ ഇനി? എല്ലാം കഴിഞ്ഞില്ലേ... പോട്ടെ അവളെ ഞാനെന്തേലും പറഞ്ഞ് സമാധാനിപ്പിച്ചോളാം.."

"നിനക്ക് തവളകളെ കിട്ടിയാ പോരേ... ഇഷ്ടം പോലെ തവളകളുള്ള നമ്മുടെ പാടത്തു നിന്ന് തവളകളെ കിട്ടാനാണോ പാട്.."

അവൻ പറഞ്ഞതു കേട്ടപ്പോൾ അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി...

"നീ നമ്മുടെ പിള്ളേരുടെ അടുത്ത് പോയി ഇരിക്ക്... നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുമ്പോഴേക്കും ജഗൻ തവളകളുമായി വന്നിരിക്കും"

അവൻ പോയതും എനിക്കാകെ ടെൻഷനായി. അവളാണെങ്കിൽ ഇടയ്ക്കിടക്ക് വിളിച്ച് റൊമാന്റിക് ആവുന്നുമുണ്ടായിരുന്നു.. 

അങ്ങനെ കാത്തിരിപ്പിനൊടുവിൽ അവൻ തവളകളുമായി എത്തിച്ചേർന്നു. അവനെക്കണ്ടതും എനിക്ക് സന്തോഷമായി. ഞാനവനെ കെട്ടിപ്പിടിച്ച് കൊണ്ടു പറഞ്ഞു...

"നീ പൊന്നപ്പന്നല്ലടാ തങ്കപ്പനാണ് തങ്കപ്പൻ"

അങ്ങനെ തട്ടിൻപുറത്ത് വച്ച് ഞങ്ങളവറ്റകളുടെ കല്ല്യാണം കെങ്കേമമായി നടത്തി... മകളെ കല്ല്യാണം കഴിച്ച് കൊടുത്ത ഒരു അച്ഛന്റെ അതേ വിഷമത്തോടെ ഞാനവരെ യാത്രയയച്ചു.. 

"പോംക്രോം പോക്രോം" പറഞ്ഞ് അവർ ചാടിചാടി പോകുന്നത് കാണാൻ എന്ത് രസമാണ്. അവരും തകർക്കട്ടെ അല്ലേ?

പക്ഷേ എന്നിരുന്നാലും എന്റെ ടെൻഷൻ മാറിയിരുന്നില്ല.. ഇതൊക്കെ ഒരു വിശ്വാസം മാത്രം ആണ്.. മഴപെയ്തില്ലേൽ ആദ്യരാത്രി കുളമാകാനും സാധ്യത ഉണ്ട്... അവൾ ഒരു പ്രത്യേകതരം സ്വഭാവത്തിന് ഉടമയാണ് എന്നത് എന്റെ ഭയം വർദ്ധിപ്പിച്ചു...

പിറ്റേദിവസം കല്ല്യാണമണ്ഡപത്തിലേക്ക് പുറപ്പെടുമ്പോഴും എന്റെ കണ്ണ് ആകാശത്തായിരുന്നു.

മഴക്കാറ് പോയിട്ട് മേഘങ്ങളെപോലും കാണാനില്ല. അത്രയ്ക്ക് തെളിഞ്ഞ വെയിൽ. ഒടുക്കത്തെ ചൂടും... ഇന്ന് എല്ലാം കുളമായതു തന്നെ...

കെട്ടും കഴിഞ്ഞു സദ്യയും കഴിഞ്ഞു പാർട്ടിയും കഴിഞ്ഞു. മഴ മാത്രം വന്നില്ല... എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നേരം അവൾ എന്നോട് മഴയുടെ കാര്യം ഓർമിപ്പിക്കാനും മറന്നില്ല...

അതോടെ എന്റെ ഉഷാറെല്ലാം പോയി. എങ്കിലും ധൈര്യം വീണ്ടെടുത്തേ മതിയാവൂ... മഴ പെയ്തില്ലാന്ന് വച്ച് ഡിവോഴ്സ് ഒന്നും ചെയ്യില്ലല്ലോ ലവൾ.. അല്ല പിന്നെ... 

ചടങ്ങ് പ്രകാരം അവളുടെ വീട്ടിലാണല്ലോ ആദ്യരാത്രി... രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് റൂമിലേക്ക് കയറും നേരം ഞാൻ പുറത്തേക്ക് ഒന്ന് നോക്കി. മഴയുടെ ലക്ഷണം പോലും ഇല്ലാന്ന് മനസ്സിലാക്കിയതോടെ പ്രതീക്ഷ അവസാനിപ്പിച്ച് മുറിയിലേക്ക് കയറി.. 

അവളേം കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടുകാരന്റെ ഫോൺകോൾ...

"എടാ... നമുക്ക് ഒരബദ്ധം പറ്റി..." 

അവൻ പറഞ്ഞതു കേട്ട് ഞാനൊന്ന് അമ്പരന്നു...

"എന്ത് അബദ്ധം ആടാ പറ്റിയത്?"

"എടാ ഇന്നലെ തവളകളെ പിടിച്ചത് ശരി തന്നെ. പക്ഷേ നമ്മൾ ഒരു കാര്യം വിട്ടു. അത് ആൺ തവളയും പെൺതവളയും ആണോ എന്ന് നോക്കാൻ. ചിലപ്പോ അത് രണ്ടും ആൺ തവളകളോ അല്ലെങ്കിൽ രണ്ടും പെൺതവളകളോ ആയിരുന്നെങ്കിലോ?"

അവൻ പറഞ്ഞതു കേട്ട് തലയിൽ കൈ വച്ചിരുന്നുപോയ് ഞാൻ... ദൈവമേ അപ്പോൾ ഞങ്ങൾ നടത്തിയത് സ്വവർഗ്ഗ കല്ല്യാണം ആയിരുന്നോ? അതും ഇഷ്ടമല്ലാത്ത രണ്ടെണ്ണത്തിന്റെ...

വെറുതെ അല്ല മഴ പെയ്യാഞ്ഞത്... 

ആദിരാത്രിയിലെ ചൂട് എന്താണെന്ന് ഞാൻ ശരിക്കും അറിഞ്ഞു. ആ തവളകളുടെ ശാപം വേറെയും കാണും. അപ്പോഴാണ് അവൾ പാലുമായി അകത്തേയ്ക്ക് വന്നത്.. അത് കണ്ടതും ഞാൻ കൂടുതൽ വിയർക്കാൻ തുടങ്ങി... 

"എന്തു പറ്റി ഏട്ടാ? എന്താ ഇങ്ങനെ വിയർക്കുന്നത്?" 

ഇനി ഒന്നും നോക്കാനില്ല.. ഉള്ള സത്യം മുഴുവൻ അവളോട് പറഞ്ഞ് കാലുപിടിക്കുകയേ രക്ഷയുള്ളൂവെന്ന് എനിക്ക് തോന്നി... 

"ലേലു അല്ലൂ.. ലേലു അല്ലൂ.." ഞാനവളോട് കാലുപടിച്ച് കാര്യങ്ങളെല്ലാം പറഞ്ഞതോടെ അവളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു..

മാടമ്പിള്ളിയിലെ യഥാർഥ മനോരോഗിയെ പോലെ അവളെന്നെ ഒന്നു നോക്കി... ആ നോട്ടത്തിൽ ഞാൻ എരിഞ്ഞടങ്ങി...

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളുടെ പിണക്കം മാറ്റാനെനിക്കായില്ല. അങ്ങനെ തവളശാപം കാരണം ആദ്യരാത്രി കുളമായി എന്ന് മനസ്സിലാക്കി തലവഴിമുണ്ടിട്ട് കിടന്നുറങ്ങാൻ നേരം ആണ് ശക്തമായ ഒച്ചകേട്ടത്... 

ഇടിവെട്ടുന്ന ശബ്ദമല്ലേ എന്ന് ചിന്തിച്ചപ്പോഴേക്കും ആ ശബ്ദം എന്റെ കാതുകളിൽ പതിച്ചു... മഴയുടെ സുന്ദരമായ താളം... മഴ പുറത്ത് തിമിർത്ത് പെയ്യുമ്പോഴും കുറച്ച് നേരം കൂടെ ക്ഷമ കാണിക്കാത്തിലുള്ള എന്റെ എടുത്തു ചാട്ടത്തെ പഴിക്കുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു...

അങ്ങനെ മഴ പകർന്നു തന്ന തണുപ്പിലും തലയിണയിൽ ആശ്വാസം കണ്ടെത്താനായിരുന്നു എന്റെ വിധി... ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരുമെന്ന് എവിടെയോ വായിച്ചത് ഞാനോർത്തു... 

പക്ഷേ എന്നെ തളർത്തിയത് അതൊന്നുമല്ലായിരുന്നു... പിറ്റെ ദിവസം പിണക്കം മാറി അവൾ പറഞ്ഞ ഡയോഗ് ആയിരുന്നു...

"ഇന്നലെ നന്നായി തണുത്തപ്പോൾ ചേട്ടൻ വന്ന് എന്നെ കെട്ടിപിടിക്കുമെന്ന് ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു... ദുഷ്ടൻ... "

Show comments