ഇന്നത്തെ സുപ്രഭാതമെത്രയും മനോഹരം

ഉള്ളിലെ പ്രകാശത്തെ ഉദ്ദ്വീപ്ത ജ്വാലയാക്കാൻ

പൊൻവിളക്കിൻ മുന്നിൽ ഞാനിന്നനങ്ങാതിരുന്നതും

എന്നുടെ നാവിൽ നിങ്ങൾ ‘‘ഹരിശ്രീ’’ കുറിച്ചതും

അക്ഷര സാമ്രാജ്യത്തെ എൻ മുന്നിലെത്തിക്കുവാൻ

അക്ഷമാരായിട്ടുള്ളോരേട്ടനെ, ബന്ധുക്കളെ 

സാക്ഷിയായ് ഞാനുമേതും ശാഠ്യങ്ങൾ കാണിക്കാതെ 

സൂക്ഷ്മതയോടെ എന്റെ ജിഹ്വാഗ്രം നീട്ടിയില്ലേ!

ഗുരുനാഥനായ് വന്നെന്നുടെ നാവിൻ തുമ്പിൽ 

‘ഹരിശ്രീ’ കുറിച്ചൊരു വിദ്വാനാം പുണ്യാത്മാവേ

അറിവിൻ ലോകത്തിലേക്കെന്നെ നീ നയിക്കണേ

നിറയും വിവേകത്തിൻ വഴികൾ കാട്ടീടണെ!

അക്ഷരം ദൈവദത്തമായൊരു പുണ്യമെന്നു

നിശ്ചയം ചെയ്തിട്ടുള്ള കുലത്തിൽ ജനിച്ചതും

നിശ്ചിത പ്രായത്തിൽ താൻ വാഗ്ദേവീ ക്ഷേത്രത്തിൽ വെ–

ച്ചച്ഛനമ്മമാരുടെ ഇച്ഛക്കൊത്തു നിൽക്കുന്നു ഞാനും

വാക്കുകൾ, പ്രവർത്തിയും കാഴ്ച, കേള്‍വിയുമെല്ലാം

തർക്കമെന്നിയെ മേളിച്ചു കൃത്യമായ് തീരുവാനും

സദ്ഗതിയോടെ വിജ്ഞാന ശാഖകളിലെല്ലാം

ഊക്കമായി നിപുണതയേകുവാനാശ്രയം നീ

ഉള്ളിലെ വിചാരങ്ങൾ നിർമ്മലമാക്കുവാനും

നന്മയോടെന്നുമെന്നും വളരാൻ വർത്തിക്കാനും

ന്യായാന്യായമായെന്നിൽ വിവേകം വളർത്തുവാൻ 

സ്ഥായിയായെന്നിലെന്നും നിറഞ്ഞു നിന്നീടണം

ജ്ഞാനേന്ദ്രിയങ്ങളാകും കർണങ്ങൾ, നയനങ്ങൾ

കർമ്മേന്ദ്രിയങ്ങളാകും അംഗുലീ, രസനയും

മേളിക്കാൻ നയിച്ചീടാൻ ഗുരുവിൻ കടാക്ഷവും

ദേവിതന്നനുഗ്രഹമാശിസ്സും തേടുന്നൂ ഞാൻ!