പൂക്കാലം (കഥ)

ഒരിടത്തൊരിടത്ത് ഒരു ഓണകാലത്ത് ഒരു പ്രേമം പൂത്തു,

അയ്യേ....

എന്താ?

എടൊ കഥ പറയാൻ ഒരു രീതിയുണ്ട്, ഇങ്ങനെയാണാ താൻ കഥ പറയാറ്?

അത് ഞാൻ സിമ്പിൾ ആയിട്ട് പറയാമെന്ന് കരുതിയാ, എങ്ങനെ പറഞ്ഞാലും എന്താ, കഥ കേട്ടാൽ പോരെ?

ആഹ് വെറുതെയല്ല പ്രൊഡ്യൂസർമാരാരും നിന്റെ കഥ എടുക്കാത്തത്. എടൊ നമ്മളൊരു ഐറ്റം പറയുമ്പോൾ ഏറ്റവും ഫോക്കസ് കൊടുക്കേണ്ടത് ആദ്യത്തെ 5 സെക്കന്റ് ആണ് അതിൽ പാളിയാൽ പിന്നെ തീർന്ന്.

ഇവളെ കൊണ്ട്! ശരി എങ്കിലൊരു കാര്യം ചെയ്യ്, നീ കഥ പറ സംഭവം നിനക്കും അറിയാലോ? ഇപ്രാവശ്യം നിനക്ക് അവസരം തന്നിരിക്കുന്നു യു പ്രൊസീഡ്.

ഓക്കെ, ഞാൻ പറയാം കണ്ട് പഠിച്ചോ.

ഉവ്വ്… ചേച്ചി പറ ഞാൻ കേൾക്കട്ടെ.

അന്നൊരു തെളിഞ്ഞ മഴ കാലം ആയിരുന്നു…. ആഹ് പിന്നെ ഒരു കാര്യം, ഒരാൾ കഥ പറയുമ്പോൾ അതിന്റെ ഇടയിൽ കേറി കൊനഷ്ട് ചോദ്യം ചോദിക്കുന്ന സ്ഥിരം പരിപാടി വേണ്ട മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്ന് കേൾക്കാൻ പറ്റുവാണേൽ മാത്രേ ഉള്ളു ഇല്ലേൽ ഞാൻ എന്റെ പാട്ടിന് പോകും പറഞ്ഞേക്കാം.

ആഹ് മുത്തേ നീ പറ.

ഹ്മ്മ്, അന്നൊരു തെളിഞ്ഞ മഴ കാലം ആയിരുന്നു, ഒരു ഓണക്കാലം. പല്ലാവൂർ എൻ.എസ്.എസ്. കോളജിന്റെ വരാന്തകൾ പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ഓണാഘോഷ തിമിർപ്പിൽ കോളജ് മുഴുവനും ഒരുങ്ങി. വ്യത്യസ്ത സാരി മോഡലുകൾ പരിജയപ്പെടുത്താനായി കച്ച കെട്ടി ഇറങ്ങിയതാണ് പല പെൺകുട്ടികളും എന്നും തോന്നി പോയി. ജീവിതത്തിൽ ആദ്യമായി മുണ്ട് ഉടുത്തവനും ജനിച്ചിട്ട് മുണ്ടിൽ നിന്നും ഇറങ്ങാത്തവനും അന്ന് ഒരുമിച്ചിരുന്ന് സെൽഫി എടുത്തു. 

കലാലയ ജീവിതത്തിലെ ഉത്സവ നാളുകളിൽ പ്രധാനി അന്നും ഇന്നും എന്നും ഓണം തന്നെയാണ്. ചില ദിവ്യ പ്രണയങ്ങൾ പൂവിടരുന്നതും ഓണകാലത്ത് തന്നെ. അങ്ങനെ ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്. കൂട്ടുകാരികൾക്കൊപ്പം പടികൾ കയറി വന്ന ആ സുന്ദരിക്കുട്ടി, മുമ്പിൽ പോയവരും ഇരുഭാഗത്തു നിന്നവരും അവൾക്ക് വഴി തെളിയിച്ചു. അവളുടെ കൊലുസിന്റെ ഒച്ച അന്ന് കോളജ് മുഴുവനും കേൾക്കാമായിരുന്നു. അവളുടെ വരവ് അങ്ങനെ നിമിഷങ്ങൾക്കു മുമ്പ് തന്നെ അവൻ മനസിലാക്കി, അവൻ ഒരുങ്ങി ആ നിമിഷത്തിന്റെ ഏറ്റവും നല്ല മുഹൂർത്തത്തിനായി, അവന്റെ പ്രണയത്തിന്റെ വെളിപ്പെടുത്തലിനായി.

പക്ഷേ, അന്ന് അത് നടന്നില്ല. നാളും നേരവും അനുകൂലം ആയിരുന്നു എങ്കിലും വിധി അവന് എതിരായിരുന്നു. പിന്നീട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു അടുത്ത വർഷത്തെ ഓണത്തിനായി. ഈ കാലയളവിൽ ഒരുപാട് തവണ അവർ ഒരുമിച്ച് കണ്ടുമുട്ടിയെങ്കിലും അവന്റെ ഉള്ളിൽ ഇഷ്ടം അടഞ്ഞു തന്നെ കിടന്നു. കുംഭം കഴിഞ്ഞു ഇടവം കഴിഞ്ഞു കർക്കിടവും ഏതാണ്ട് കഴിഞ്ഞപ്പോൾ വീണ്ടും ചിങ്ങം പിറന്നു. ഓണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി. കഴിഞ്ഞ പ്രാവശ്യം എടുത്ത വെള്ള കളർ ഷർട്ട് അവൻ അന്നേ വെറുത്തിരുന്നു. വിഘ്‌നം വരുത്തിയത് വെള്ള ഷർട്ട് ആണല്ലോ, അതുകൊണ്ട് ഇത്തവണ കളർ ഒന്ന് മാറ്റി പിടിക്കാൻ തീരുമാനിച്ചു, നല്ല മിന്നി തിളങ്ങുന്ന മഞ്ഞ തന്നെ എടുത്തു. പടികൾ കയറി വരാനുള്ള സാവകാശം അവൾക്ക് കൊടുക്കാതെ അവൻ താഴെ തന്നെ നിലയുറപ്പിച്ചു അവളുടെ വരവിനായി. കയ്യിലൊരു ഓറഞ്ച് ജമന്തി പൂവും ഉണ്ട്, ഓണം രാജ്ഞി ജമന്തി ആണല്ലോ.

ചെറിയ വലിച്ചു നീട്ടൽ ആണല്ലോ ബഡ്ഡി…, അല്ല സീനില്ല അഡ്ജസ്റ്റ് ചെയ്യാം ബാക്കി പറ.

അന്നും അത് നടന്നില്ല ദിവ്യ പ്രേമത്തിനു മുമ്പിൽ ഏതോ ഒരുത്തൻ കൊണ്ടു വന്ന് അവന്റെ ഡമ്മി പ്രേമം ഇട്ടപ്പോൾ അവൾ അതിന്റെ പുറകെ പോയി എന്ന് അവൻ തെറ്റിദ്ധരിച്ചു ആ തെറ്റിദ്ധാരണ മാറാൻ ഒരു കൊല്ലം എടുത്തു അങ്ങനെ വീണ്ടും ഓണം എത്തി. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ, മഞ്ഞ ഷർട്ട് മൂഞ്ചിപ്പിച്ചപ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു. ഇനി ഒരു അവസരം ഒരു നിറത്തിനും കൊടുക്കരുത്. ഒറ്റയ്ക്ക് ഇനി ഒരു നിറവും പണി തരരുത്, അവൻ ഒരു ഓണപ്പൂക്കളം ഷർട്ട് തന്നെ എടുത്തു. ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്കും അവൻ ഒരുക്കമല്ലായിരുന്നു രണ്ടിൽ ഒന്ന്, അതെന്തായാലും ഇന്ന് അറിയണം. ഗേറ്റിന്റെ അടുത്തു തന്നെ അവൻ സ്ഥാനം പിടിച്ചു. നാണവും മടിയും പേടിയും പെരുങ്കാറ്റുമെല്ലാം അവന്റെ അവസാന അവസരത്തിന് വേണ്ടി വഴി മാറി. ധൈര്യത്തോടെ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ അവളുടെ വരവിനായി അവൻ കാത്തിരുന്നു... കുറെ നേരം കാത്തിരുന്നു... ദിവസം കഴിയുന്നതു വരെ കാത്തിരുന്നു... അവൾ വന്നില്ല.

ആരുടെയോ കർമ്മഫലം അവനെ വേട്ടയാടിയിരുന്നു എന്ന് അവന് ഏറെ കുറെ ബോധ്യമായി. ജീവിതത്തിൽ ആദ്യം പ്രേമിച്ച പെണ്ണിനോട് തന്റെ ഇഷ്ടം തുറന്ന് പറയാൻ 3 വർഷം കാത്തിരുന്ന് തയാറെടുത്ത ഒരു പയ്യന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

തുറന്ന് പറയാൻ പറ്റാത്ത ഇഷ്ടങ്ങൾ എന്നും മനസ്സിനൊരു വിങ്ങൽ ആണ്. എത്ര വർഷം കഴിഞ്ഞാലും എത്ര മനുഷ്യരെ അറിഞ്ഞാലും ആ ഒരു വേദന അങ്ങനെ തന്നെ നിലനിൽക്കും.

ഡേയ് ഉറങ്ങിയാ?

(ഞെട്ടി എഴുന്നേറ്റിട്ട്) ഏയ്… ഞാൻ ആ സിറ്റുവേഷൻ ഒന്ന് മനസ്സിൽ സൃഷ്ടിക്കാൻ നോക്കിയതാ… നൈസ് ആണ് ട്ടാ… യു കണ്ടിന്യു.

ഒന്ന് പോടോ താൻ നല്ല മടുപ്പാണ്, ഞാൻ ഉറങ്ങാൻ പോണു. സമയം എത്രയായി എന്നറിയോ ചേട്ടാ?

ആഹ് പറഞ്ഞപോലെ സമയം പോയത് അറിഞ്ഞില്ല... നിന്റെ കഥ പറച്ചിൽ കൊള്ളാം കേട്ടോ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.

നിന്ന് കഥാപ്രസംഗം നടത്താതെ വന്ന് കിടക്കാൻ നോക്ക്… രാവിലെ എനിക്ക് ഓഫിസിൽ പോകാൻ ഉള്ളതാണ്.

അല്ലേലും ഇവിടെ ഇപ്പോൾ ഞാൻ ഭാര്യയും നീ ഭർത്താവും ആണല്ലോ, സാലറി വാങ്ങുന്നതിന്റെ അഹങ്കാരം. നോക്കിക്കോ മോളെ എന്റെ ടൈമും വരും… വെയിറ്റ് ഫോർ ദാറ്റ്.

ഗുഡ് നൈറ്റ്

ഓഹ് ആയിക്കോട്ടെ… നല്ലോണം ഉറങ്ങിക്കോ ട്ടാ… വയറിളക്കം പിടിച്ച് വീട്ടിൽ കിടന്നവളെ വീട്ടിൽ പോയി പ്രൊപ്പോസ് ചെയ്ത എനിക്ക് ഇതു തന്നെ വേണം. കൗതുകം ലേശം കൂടി പോയി, ആഹ് ഇനിയിപ്പോൾ ആരോട് പറയാൻ… അല്ലേലും മൂപ്പർക്ക് തെറ്റ് പറ്റില്ലല്ലോ. ദൈവത്തിന് സ്തുതി…