വീട് ഇല്ലാതെ ആകുന്നവർ
മരടിലെ കൂടുകൾ (കവിത)
എല്ലാം തകർത്തെറിയും പ്രളയകാലമിത്,
ശാന്തമൊഴുകിയ വഴികളിലൊക്കെയും
ഇന്നിന്റെ ഭ്രാന്തിന്നശ്ശാന്തമാം കുത്തൊഴുക്ക്,
കണ്ണീർ വീഴ്ത്തി പായുന്ന പാച്ചിലിൽ,
ജീവിതം തകരുന്നതാരാര് കാണ്മൂ!
പ്രളയങ്ങൾ രണ്ടു വന്നിട്ടും തകരാത്ത,
കൂടുകൾ മരടിൽ ബാക്കി നിൽപ്പൂ,
അതു തകർക്കാൻ വട്ടം പറക്കുന്നു
കുറ്റം ചെയ്തവർ, കഴുകരെ പോൽ!
ജീവിതം വഴിമുട്ടി നിലവിളിക്കുമ്പോൾ
തിളയ്ക്കുന്ന യൗവനവുമില്ല തുണ,
സാമൂഹമാധ്യമ കോമരങ്ങളൊട്ടുമില്ല,
രാഷ്ട്രീയസാഹിത്യക്കാരുമില്ലാ തുണ.
ഒരു ജീവകാലത്തിൻ സ്വപ്നം പൊലിക്കുവാൻ,
ഒരുമാത്രനിനക്കാത്തോരന്ധ നിയമമോ?,
അംബരചുംബികൾക്കനുമതികൊടുത്തവർ,
ഒന്നുമറിയാത്ത പോൽ കണ്ടുനിന്നീടുന്നു.
എവിടെതുലഞ്ഞു പോയ് മനുഷ്യത്വവാദികൾ,
എവിടെ തുലഞ്ഞു പോയ് വോട്ടുകൾ തെണ്ടിയോർ,
ഇല്ല ആൾദൈവങ്ങളും പോർവിളിക്കാരും,
വീണവർ എന്നെന്നും ഒറ്റക്കു തന്നഹോ!