വരികളിൽ വാക്കുകൾ തിരഞ്ഞും 

വാക്കുകളിലക്ഷരങ്ങൾ തിരഞ്ഞും 

അവയിലെല്ലാം നിന്നെത്തിരഞ്ഞും 

ഒടുവിൽ നിന്നിലെന്നെത്തിരഞ്ഞും 

കാലാകാലങ്ങളായി തുടരുന്നയ- 

ലച്ചിലിലാണിന്നു ഞാനെന്നതും മറന്നു...

കളഞ്ഞുപോയതേതോ വനാന്തരങ്ങളിൽ 

കണ്ടുമുട്ടിയതേതോ നഗരത്തിരക്കിലും..

ആളറിയാതെയന്നു നീ പറഞ്ഞ വാക്കുകൾ 

ആളറിഞ്ഞിന്നു ചൊല്കേയെന്തിനീയമ്പരപ്പ്...

ആരുമൊന്നും കൊണ്ടുവന്നീലായെന്നും 

ഒന്നുമൊന്നുമെടുത്തു പോകുന്നീലായെന്നും 

പാണനെങ്ങുനിന്നോ പാടുന്നുവിങ്ങനെ 

പതിഞ്ഞസ്വരത്തിൽ; നിനക്കു ചേരും വിധം... 

ഏതു തിരക്കിലും വഴിയൊരുക്കുവാൻ 

എമ്പാടും നിരന്നീടും കാവലാളെന്ന 

ധൈര്യത്തിൻ, അധികാരാവജ്ഞയോടെ 

കൊമ്പുകുലുക്കി നടന്നൊരു വമ്പൻ 

കാർക്കിച്ചു തുപ്പിയതേറ്റുവാങ്ങാൻ 

കാത്തിരിക്കുന്ന കൂലിപ്പടയിൽ, 

നീലക്കുറുക്കന്മാരെത്രയെന്നറിയണമെന്ന; 

കൗതുകമുദിക്കുകിൽ ആദ്യ വരികളിലേയ്ക്ക് 

മടക്കമന്യമാം തീർത്ഥയാത്ര നടത്തീടുക..!!