തിരിച്ചറിവുകൾ (കവിത)
മാധുര്യമേറെയുണ്ടെന്ന് ചൊന്ന്,
അഞ്ചാറ് മാമ്പഴങ്ങളെൻ
പാണിതലത്തിൽ അടുക്കിവച്ച്,
നടന്ന് നീങ്ങുന്നല്ലോ...
പണ്ടത്തെ മാമ്പഴമുത്തശ്ശി!
ഓർമകളെന്നും
ജീവശ്വാസമെങ്കിൽ
ഓർമയില്ലാതെ നടന്നകലുമീ
മാമ്പഴമുത്തശ്ശിക്കുണ്ടോ ജീവൻ!
ഓർമകളേറെ,
പിന്നോക്കം പായുകയാണ്,
കൊടുങ്കാറ്റ് പോൽ...
ചുവന്ന് തുടുത്ത മൂവാണ്ടൻ മാങ്ങയും,
തേനൂറും ചക്കരമാങ്ങയും
മാധുര്യമേറും കർപ്പൂരമാങ്ങയും
ഏറെ പൂത്തു
കായ്ച്ചു നിന്നിരുന്നല്ലോ?
ബാല്യത്തിൻ മേച്ചിൽപുറങ്ങളിൽ....
നോട്ടമിട്ട്,
കാത്തിരിക്കുമ്പോൾ,
വീശും കുഞ്ഞിക്കാറ്റിൽ,
താളത്തിൽ വീഴും,
മാമ്പഴങ്ങളൊക്കെയും,
തൻ മുണ്ടിൻ കോലായിൽ
വേഗത്തിൽ പെറുക്കിയെടുത്തിട്ട്,
'പോ'യെന്ന് ആക്രോശിച്ചിരുന്നല്ലോ,
പണ്ടീ മാമ്പഴമുത്തശ്ശി!
വെളുപ്പാൻ കാലത്തെ
മാമ്പഴങ്ങളൊക്കെയും
പെറുക്കിയെടുത്തിട്ടുള്ളിൽ -
കൊഞ്ഞനം കുത്തിയിരുന്നല്ലോ,
ഞങ്ങളേവരും!
വത്സരമേറെ കഴിഞ്ഞിടുമ്പോൾ
പെറുക്കിയെടുത്ത
മാമ്പഴങ്ങളൊക്കെയും
തിരികെ നൽകുകയല്ലോ
ഓർമയില്ലാതെ!
ഇത്തിരി മധുരത്തിനായ്
കൊതിച്ചിരുന്ന ബാല്യത്തിൽ
ഒത്തിരി മധുരങ്ങൾ
കട്ടെടുത്തിരുന്നല്ലോ ഞങ്ങൾ!
ഇത്തിരി പോലും
മാധുര്യം പാടില്ലാത്തൊരീ കാലത്ത്
ഒത്തിരിയേറെ മധുരം
തന്നിടുന്നല്ലോ മാമ്പഴമുത്തശ്ശി!
ഓർമകളിലെ
ശത്രുക്കളേവരും
മിത്രങ്ങളായിടുന്നല്ലോ
മറവിയുടെ മായികലോകത്ത്!
മാത്സര്യമേറുമീ ജീവനത്തിൽ,
മറന്നു പോയിടട്ടെ ഓർമകളെല്ലാം...
തളിരിടട്ടെ,
മാധുര്യമേറും മാമ്പഴംപോൽ
മിത്രങ്ങൾ!