ADVERTISEMENT

പാട്ടുകളെന്നും മലയാളിക്ക് ജീവവായുവാണ്. അമ്മയുടെ താരാട്ടിലൂടെ പാട്ടിന്റെ വാതിൽ തുറന്നിറങ്ങുമ്പോൾ, പിന്നീടങ്ങോട്ട് പല ശബ്ദത്തിൽ,രാഗത്തിൽ പാട്ടുകൾ നമ്മെ അനുഗമിച്ചുകൊണ്ടേയിരിക്കും. ഇതെവിടെയിരുന്നാണ് ഈ പാട്ടുകാരൊക്കെ പാടുന്നതെന്നറിയാൻ പപ്പയുടെ ടേപ്പ് റെക്കോർഡറിന്റെ ഉള്ളിലേക്ക് ആകാംഷയോടെ ഞാൻ പലതവണ നോക്കിയിട്ടുണ്ട്. അന്നൊക്കെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികളിലെ ഒന്നാം രാഗം പാടി ......എന്ന ഗാനമായിരുന്നു. അമ്മയുടെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാൽ എന്ന അതുല്യഗായകന്റെ ശബ്ദമാണതെന്നറിയുന്നത് പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ്.അന്നൊക്കെ വേണുഗാനങ്ങളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ടായിരുന്നു. കുട്ടിക്കാലത്തെ കൗതുകത്തിൽ നിന്ന് കൗമാരത്തിലെത്തുമ്പോഴും വേണുഗാനങ്ങൾ പ്രണയനിലാമഴയായും വിഷാദമായും സാന്ത്വനമായും ഒപ്പമുണ്ടായിരുന്നു.

പ്രണയം,അതേതു പ്രായത്തിലായാലും ഹൃദയത്തിനെ പ്രിയതരമാക്കുന്ന ഒരനുഭൂതി തന്നെയാണത്. ചിലപ്പോൾ നമ്മൾ  മഞ്ഞുകാലത്തിലെന്നു തോന്നും.മറ്റുചിലപ്പോൾ വിഷാദം അടക്കവയ്യാതെ പുഴയിലൂടെ  കടന്നു പോകുന്ന ചെറുതോണികളും പായ്‌വഞ്ചികളുമൊക്കെ മൂടൽ മഞ്ഞിലെന്നു തോന്നും.പിന്നെ വർഷകാലത്തിനെ കാത്തുകാത്തിരുന്ന കണ്ട വേനൽപോലെ മനസ്സ് തുള്ളിച്ചാടും.ഗ്രീഷ്മത്തിലെ ചെറിയ തണുപ്പുള്ള പുലരിയിൽ ,പച്ചക്കുതിരകൾ മേഞ്ഞു നടന്ന പുതുമണ്ണിൽ മറ്റാരും കാണാത്ത കാഴ്ചകൾ കാണും. 

പ്രണയവും പാട്ടും ഓർമകളും നമ്മിലേക്ക്‌ ചേർത്തുവെച്ചത് സിനിമാഗാനങ്ങൾ തന്നെയാണ് എന്നതിൽ ഒരു സംശയവും വേണ്ട.സ്വപ്നം തേടാൻ എന്ന ഈ ഗാനം നാട്ടുവഴിയിലെ ഓർമകളെ,ഗ്രാമത്തിന്റെ നന്മയെ,ഉള്ളിന്റെയുള്ളിൽ  ഒരിക്കൽ മാത്രം നിറയുന്ന പ്രണയത്തിന്റെ ഹൃദയമിടിപ്പുകൾ ഓർമിപ്പിക്കുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മലയാളിയുടെ പ്രണയസങ്കല്പങ്ങളിലെ വേറിട്ട ശബ്ദം ജി വേണുഗോപാൽ വീണ്ടും ആ മാസ്മരികത നമ്മിൽ നിറയ്ക്കുന്നു.

കോട്ടൺ സാരിയും ഗ്രാമത്തിന്റെ പച്ചപ്പും ആൽമരക്കീഴിലെ കാവും അപ്പൂപ്പൻതാടിയും തെളിനീരൊഴുകുന്ന പുഴയും വള്ളിപ്പടർപ്പുകളും പ്രണയത്തിന്റെ നിറമുള്ള ആമ്പൽപ്പൂക്കളും അതിന്റെ കൂടെയുള്ള അഭൗമ ശബ്ദവും നെഞ്ചിലെ തുടിപ്പായി ശേഷിക്കുന്ന സംഗീതവും ഏറെ അനുയോജ്യമായ വരികളും.ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളികൾക്ക് കിട്ടിയ പ്രണയതീർത്ഥമാണ് ഈ ഗാനം. മെജോയുടെ സംഗീതം ഏറ്റവും ലളിതവും എന്നാൽ അത്രമേൽ മനസ്സിനെ തൊട്ടുണർത്തുന്നതുമാണ്. കൈതപ്രം തിരുമേനിയുടെ ഗാനങ്ങളിലെ പ്രണയവും ,വിരഹവും,വിഷാദവും,ഭക്തിയും എത്രയോ കാലങ്ങളായി നമ്മളിലുണ്ട്. അതിമനോഹരമായി ഈ ഗാനരംഗം ഒപ്പിയെടുത്ത ക്യാമറയ്ക്കു പിന്നിലെ കണ്ണുകളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

എഴുതിത്തീരുമ്പോൾ വീണ്ടും ഒരു സ്വപ്നത്തിലെന്നവണ്ണം മുന്നിലിരിക്കുന്ന ലാപ്‌ടോപ്പിലെ പ്ലേ ബട്ടണിൽ വിരലുകൾ  അറിയാതെ അമർന്നു പോകുന്നു. ജി വേണുഗോപാൽ പാടുകയാണ് സ്വപ്നം തേടാം പുതുസ്വപ്‌നം തേടാം അനുരാഗ കുളിർമഞ്ഞിൽ നീരാടുമ്പോൾ.

Content Summary : Onnam Ragam Padi Movie Song 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com