മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള പാടുകൾ, രാത്രി വൈകി വല്ലപ്പോഴും കാണാറുള്ള പപ്പ; അവളോടതു പറയുമ്പോൾ...
ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെപ്പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള പാടുകളെയും രാത്രി വൈകി ഉറങ്ങും മുൻപ് വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് .
ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെപ്പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള പാടുകളെയും രാത്രി വൈകി ഉറങ്ങും മുൻപ് വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് .
ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെപ്പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള പാടുകളെയും രാത്രി വൈകി ഉറങ്ങും മുൻപ് വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് .
അകം പുറം (കഥ)
ഇ.വി.എസ്സ് പഠിപ്പിക്കുന്ന മോളിമാഡമായിരുന്നു ഇതുവരെ ആദിത്യന്റെ ഫേവറിറ്റ് ടീച്ചർ. എന്തു പഠിപ്പിച്ചാലും നോട്ടെഴുത്തിനൊപ്പം പടം വരപ്പുണ്ടാകും. ബട്ടർ ഫ്ലൈ മുതൽ കംഗരു വരെ, കാരറ്റ് മുതൽ ജാക്ഫ്രൂട്ട് വരെ എന്തൊക്കെയാ വരക്കുക. കംപ്ലീറ്റ് ദ് നോട്ട്സ് എന്നു റിമാർക്ക് എഴുതിയാലും ചിത്രത്തിന് എ പ്ലസ് കിട്ടും. പക്ഷേ കുറച്ചു നാളായി മാഡം അത്ര ശരിയല്ല. ആദിത്യന് ഇപ്പോൾ പൂച്ചകളെ മാത്രം വരയ്ക്കാനാണിഷ്ടം. മാഡത്തിനങ്ങനെയല്ല. മാത്‌സ് മാഡം രണ്ടാഴ്ചയായി അഡിഷനും സബ്ട്രാക്ഷനും പഠിപ്പിക്കുന്നു.
എത്രയെത്ര പൂച്ചകളെയാ ആദിത്യൻ വരച്ചത്. അതാണവൻ പറയുന്നത്, മാത്‌സ് മാഡം ഈസ് ഗ്രേറ്റ്. കഴിഞ്ഞ ക്ലാസ്സിൽ അവനെക്കൊണ്ടാണ് ബോർഡിൽ പൂച്ചകളെ വരപ്പിച്ചത്. രണ്ടും മൂന്നും അഞ്ച്, ആകെ പത്ത് പൂച്ചകൾ .ഇത്തവണ ആദിത്യൻ പൂച്ചകൾക്ക് ഒരു മാറ്റം വരുത്തിയിരുന്നു. രണ്ടു ചെവികൾക്കിടയിൽ ഒരു ഹെയർ ബാന്റ്. മൂന്നു നാൾ മുൻപ് അവളെ കണ്ടുതുടങ്ങിയ ശേഷമാണ് പൂച്ചയുടെ ചിത്രത്തിൽ ഹെയർ ബാന്റ് കെട്ടാൻ തുടങ്ങിയത്. റിയാ ആന്റി മീൻ മുറിയ്ക്കുമ്പോൾ മണം പിടിച്ചു വരുന്ന പൂച്ചയെയായിരുന്നു, ഇത്രനാളും വരച്ചിരുന്നത്. കത്തികൊണ്ട് തട്ടി മാറ്റിയപ്പോൾ മൂക്കു മുറിഞ്ഞശേഷം അവൻ വരാതായി.
എന്നാലും എല്ലാ ക്ലാസ്സ് ഡേയ്സിലും കാണുന്ന ഒരാളെ വരയ്ക്കുന്നതിൽ ആദിത്യൻ വളരെ സന്തോഷിച്ചു. കൂടുതൽ സമയമെടുത്ത് അവളുടെ മൂക്കും ചുണ്ടും കൂടുതൽ ഭംഗിയുള്ളതാക്കി. ബസ്സിലെ പരാക്രമങ്ങൾ ക്കിടയിൽ അഴിഞ്ഞ ഷൂ ലേസ് സ്കൂൾ കാർപോർച്ചിലെ പടിയിലിരുന്ന് കെട്ടുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. ചെടിച്ചട്ടിയോട് ചേർന്ന് നിൽക്കുന്നു, രണ്ടു തിളങ്ങുന്ന കണ്ണുകളോടെ. വെള്ളയിൽ കറുത്ത പുള്ളികൾ. ലേസ് കെട്ടി പോരുന്നതുവരേയും തന്നെ തന്നെയല്ലേ അവൾ നോക്കിയിരുന്നതെന്ന് ക്ലാസ്സിലിരുന്ന് ഒട്ടൊരു സന്തോഷത്തോടെ ആദിത്യനോർത്തു.
ഷോർട്ട് ബ്രേക്കിന് ഓടിവന്ന് ജനലിലൂടെ താഴേയ്ക്ക് നോക്കി. പോർച്ചിന്റെ ടെറസ് മാത്രമേ കണ്ടൂള്ളൂ. അവളിപ്പോൾ എവിടെയായിരിക്കും? ഉച്ചഭക്ഷണത്തിനു ശേഷം ഒന്നു കറങ്ങാൻ തന്നെ ആദിത്യൻ തീരുമാനിച്ചു. ചെടിച്ചട്ടികൾക്കിടയിലില്ല. വരാന്തയിലെവിടെയുമില്ല. അതാ വരുന്നു.. നിരനിരയായി നിർത്തിയിട്ട ബസ്സുകൾക്കിടയിൽനിന്ന്. വരട്ടെ…. വരട്ടെ… ആദിത്യൻ ആകാംക്ഷയോടെ കാത്തുനിന്നു. പക്ഷേ ചുമരിനോട് ചേർന്ന് സ്കൂളിന്റെ പുറകിലേയ്ക്കാണവൾ പോയത്. സെക്യൂരിറ്റി അങ്കിളിന്റെ നോട്ടം കാരണം അവൾക്കു പിന്നാലെ പോകാനും പറ്റിയില്ല.
രണ്ടു ദിവസത്തെ അവധി കഴിയുന്നു. വൈകിട്ട് പഠിക്കാൻ പുസ്തകമെടുത്തപ്പോൾ അവളെക്കുറിച്ചോർത്തു. അതിനിടയിൽ വഴക്കിനും മുറുമുറുപ്പിനും ശേഷം ആദിത്യനുവേണ്ടി മമ്മ തന്നെ മുഴുവൻ പഠിച്ചു തീർത്ത് അവനെ ഉറങ്ങാൻ വിട്ടു.
‘‘കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോളണം, രാവിലെ കുത്തിപ്പൊക്കാൻ ഞാൻ വരില്ല.’’
അമ്മയുടെ നുള്ളിനെപ്പേടിച്ച് കണ്ണടച്ച് ഉറങ്ങാറുണ്ടെങ്കിലും ഇന്ന് അടച്ച കണ്ണുകൾക്കുള്ളിൽ മറ്റു രണ്ടുകണ്ണുകൾ തിളങ്ങിനിന്നു. പതിവില്ലാതെ, എളുപ്പം നേരം വെളുക്കണേ എന്നു പറഞ്ഞു പറഞ്ഞ് ഉറങ്ങിപ്പോയി.
രാവിലെ നേരത്തേ തന്നെ ആദിത്യൻ റെഡി. എല്ലാ കാര്യങ്ങളും തിരക്കിട്ടാണ് ചെയ്തു തീർത്തത്. ഭക്ഷണം കഴിച്ചുവെന്ന് വരുത്തി. ബസ്സിൽ അച്ചടക്കമുള്ള കുട്ടിയായായി ഇരുന്നു. ബസ്സിൽ നിന്ന് ക്ലാസ്സിലേയ്ക്കുള്ള വരിയിൽ നിന്ന് ഒന്ന് തെന്നി ചുമരിന് ഓരംചേർന്ന് പുറകിലേയ്ക്ക് അവൻ നടന്നു. സ്റ്റാഫ് ടൂവീലർ പാർക്കിങ്ങിലും എൻ സി സി ഓഫീസിന്റെ ചുറ്റു വട്ടത്തെവിടേയും അവളില്ലായിരുന്നു.കുറച്ചുകൂടെ പിന്നിലേയ്ക്കു നീങ്ങി, പച്ചക്കറിത്തോട്ടത്തിനടുത്ത് നനവുള്ള മണലിൽ കിടക്കുന്ന അവളെ ആദിത്യൻ കണ്ടെത്തി.
അടുത്തേയ്ക്കു ചെല്ലണോ..? ഓടിപ്പോയാലോ… ഒന്നാലോചിച്ച് നിന്ന് അവൻ ബാഗിൽ നിന്ന് സ്നാക്സ് ബോക്സ് എടുത്ത് തുറന്നു.ബിസ്കറ്റ് കൈയിൽ നീട്ടിപിടിച്ച് അടുത്തടുത്ത് ചെന്നു. തന്നെ കണ്ട് ഓടിപ്പോകുമെന്നാണ് തോന്നിയതെങ്കിലും, ആദിത്യനെത്തന്നെ നോക്കിക്കൊണ്ട് ഒന്നു കരഞ്ഞ് അവൾ അവിടെതന്നെ കിടന്നു. ഒരു ബിസ്കറ്റ് പൊട്ടിച്ച് എറിഞ്ഞ് കൊടുത്തപ്പോൾ സാവധാനം അവളത് തിന്നു. പിന്നെ ബോക്സിലെ ബിസ്കറ്റുകൾ മുഴുവൻ തിന്നുമ്പോഴേയ്ക്കും അവർ കൂട്ടുകാരായിത്തീർന്നിരുന്നു. അവൻ പതുക്കെ, പതു പതുത്ത അവളുടെ മുതുകിൽ കൈവെച്ചു, പിന്നെ പതിയെ തലോടി. അവളാകട്ടെ, കണ്ണുകളടച്ച് ചെവികൾ താഴേയ്ക്ക് ഒതുക്കി പതിഞ്ഞിരുന്നു.
സെക്കന്റ് ബെൽ……..
ബാഗും തൂക്കി ഓടി ഒരുവിധമാണ് ആദിത്യൻ ക്ലാസ്സിലെത്തിയത്. അവിടേയും കണ്ടു തിളങ്ങുന്ന രണ്ടു കണ്ണുകൾ, അവയിൽനിന്ന് തീ പാറുന്നതും. പിൻനിരയിൽ കൈകെട്ടിനിൽക്കലായിരുന്നു വൈകിയതിനുള്ള ശിക്ഷ. നൂയിസൻസിൽ തുടങ്ങി നൊട്ടോറിയസും കഴിഞ്ഞ് പോകുന്ന പതിവു വഴക്കുകൾ പറഞ്ഞ് മാഡം ബോർഡിലേയ്ക്ക് തിരിഞ്ഞു. ക്ലാസ്സിനിടയിൽ ബാഗിൽനിന്ന് നോട്ടെടുത്ത് നിന്നുകൊണ്ട് എഴുതുകയാണ് ആദിത്യൻ. പെട്ടെന്നാണ് മുഴുവൻ കുട്ടികളും ഭയപ്പാടോടെ ഉച്ചത്തിൽ കരയുകയും പലരും കസേരയിലേയ്ക്ക് കയറുകയും ചെയ്തത്. തിരക്കിനിടയിൽ വളരെ പ്രയാസപ്പെട്ട് മുകളിൽ കയറിയ അനീറ്റതോമാസാകട്ടെ താഴെ വീഴുകയും ബോധം മറയുകയും ചെയ്തു.
മാഡം എല്ലാവരേയുംസമാധാനപ്പെടുത്തി ഇരുത്തി. അനീറ്റതോമസ് ഉണർന്നെങ്കിലും പേടിയോടെ കണ്ണ് വട്ടം പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ തുറന്നിട്ട വാതിലിനിടയിൽ പതുങ്ങിയ പൂച്ച ങ്യാവൂ എന്നു കരഞ്ഞ് വാലുയർത്തി സാവധാനം പുറത്തുപോയി.
‘‘Madam.. adithyan has brought this cat inside the class room. I saw the cat coming out from his bag.’’ ബാത്ത് റൂമിൽ യൂറിനു നിൽക്കുമ്പോൾ പിറകീന്നൊരു ചവിട്ടും, കളിക്കുന്നതിനിടയിൽ അറിയാതെയെന്നോണം പഞ്ഞിവെയ്ക്കാറുള്ള ഇടത്തെ ചെവിയിൽ തീർത്തൊരടിയും ഹരിശങ്കരൻ വാങ്ങിക്കുമെന്ന് ആദിത്യൻ ഉറപ്പിച്ചു.വിചാരണയും ശിക്ഷയുമില്ലാതെയാണ് പിന്നെ ക്ലാസ്സ് തുടർന്നത്.
‘‘മാഡം , സോറി ഫോർ ദ് ട്രബ്‌ൾസ്…’’ അവന്റെ കൈ പിടിച്ച് ക്ലാസ്സിൽ നിന്ന് പോകുന്നതിനിടയിൽ മമ്മ പലതവണ മാഡത്തിനോടങ്ങനെ പറഞ്ഞു.
ഓട്ടോ ഇറങ്ങി, വലിയ ഗേറ്റ് തുറന്നു. ആദിത്യന് അവിടം പരിചിതമായിരുന്നു...
‘‘ അതിന്റകത്ത് ഡീസന്റായി ഇരുന്നോളണം, ഇല്ലേ നുള്ളിപൊളിക്കും ഞാൻ… കേട്ടല്ലോ’’ ആദിത്യൻ കേട്ടതേയുള്ളൂ. നടക്കുന്നതിനിടയിൽ ദൂരെ എവിടെയോ കൊളുത്തിവെച്ച കണ്ണുകളിൽ നനവു പടർന്നു.
മമ്മയും ഡോക്ടറാന്റിയും സംസാരിക്കുന്നതെന്തെന്ന് ആദിത്യൻ കേട്ടതേയില്ല. പക്ഷേ, ഇടയ്ക്കിടെ ബ്രൗൺ നിറത്തിൽ തടിച്ച ഫ്രെയിമുള്ള കണ്ണടയൂരി മമ്മ ചുരിദാരിൽ നനവു തുടയ്ക്കുന്നത് ശ്രദ്ധിച്ചു. . ഡീസന്റായി കസേരയിലിരിക്കുമ്പോഴും മേശമേലുള്ള ചെറിയ കലണ്ടറിലെ കളർഫുൾ വേമിന്റെ പുഞ്ചിരി അവനിഷ്ടപ്പെട്ടു. കസേര ചേർത്തിട്ട് കലണ്ടറിലേയ്ക്ക് കൈയെത്തിക്കും മുൻപേ തുടയിൽ നുള്ള് വീണീരുന്നു. കൈ പിൻവലിക്കുന്നതിനൊപ്പം ഉതിർന്ന കണ്ണുനീർ മേശപ്പുറത്തെ ചില്ലിൽ വീണ് പരക്കാതെ കിടന്നു.
‘‘എന്തിനാ കരയുന്നത്, മോനെടുത്തോളൂ..’’ എന്നും ഡോക്ടറാന്റി ഇങ്ങനെയാണ്.
എത്രയാ ആനിമൽസ്… ബിയർ, മങ്കി,ജിറാഫ്…
പക്ഷേ ആദിത്യൻ തെരഞ്ഞു കൊണ്ടിരുന്നത് മറ്റൊരു ചിത്രമായിരുന്നു.
‘‘ഡോക്ടറാന്റി, ഇതിൽ പൂച്ചയുടെ പടമില്ലല്ലോ..’’
‘‘നിനക്ക് വേണോ പൂച്ചയെ?’’
‘‘ഈ ബ്ലാങ്ക് സ്പെയ്സിൽ ഞാനൊരു പൂച്ചയെ വരയട്ടെ?’’
ചോദിച്ച് തീരും മുൻപേ മമ്മ എഴുന്നേറ്റ് കൈ പിടിച്ചു. തിരിഞ്ഞു നടക്കുമ്പോൾ ഡോക്ടർ മമ്മയെ ഓർമ്മിപ്പിച്ചത് ആദിത്യൻ കേട്ടു. “Next time must come with hus”. ആദിത്യനറിയാം, പപ്പ വരില്ല. രണ്ടുമൂന്നു നാളായി വീട്ടിൽ വലിയ പ്രശ്നങ്ങളില്ല. ആരും ആദിത്യനുമായി വഴക്കടിക്കാൻ വന്നില്ല. കളിക്കാൻ ഇഷ്ടത്തിനു സമയം.
കാലത്ത് സ്കൂളിലേയ്ക്കിറങ്ങുമ്പോൾ അവൻ വളരെ ഹാപ്പിയായിരുന്നു. എന്നും അഴിയുന്ന ഷൂ ലേസ് ഉറപ്പിച്ചു കെട്ടി. സ്നാക്സ് ബോക്സ് ബാഗിലില്ലേയെന്ന് ഉറപ്പാക്കി. ബസ്സിലുള്ളവർ പഴയതെല്ലാം മറന്നുകഴിഞ്ഞു. ഗുഡ് ഫ്രണ്ട്സ്. ക്ലാസ്സിൽ അനീറ്റതോമാസ് ചിരിച്ചു കൊണ്ടാണ് ആദിത്യന് ബർത്ത്ഡേ ടോഫി കൊടുത്തത്. ടോഫിയുടെ റാപ്പർ കൊണ്ട് നൃത്തം ചെയ്യുന്ന കുട്ടിയെ ഉണ്ടാക്കി അനീറ്റയ്ക്ക് സമ്മാനിച്ചു. പിന്നെ, ചോദിച്ച എല്ലാവർക്കും. അപ്പോൾ അവന് ശിവാനിയെ ഓർമ്മ വന്നു. കഴിഞ്ഞ വർഷം സ്കൂൾ മാറിപ്പോയ അവളാണ് ആദിത്യനെ ടോഫി റാപ്പറിൽ രൂപങ്ങളുണ്ടാക്കാൻ പഠിപ്പിച്ചത്.
ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെപ്പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള പാടുകളെയും രാത്രി വൈകി ഉറങ്ങും മുൻപ് വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് . I hate pappa എന്നവൾ കണ്ണ് നിറഞ്ഞ് പറഞ്ഞപ്പോൾ തനിയ്ക്കും അങ്ങനെയാണോ എന്ന് ശങ്കിച്ച് നിൽക്കുകയായിരുന്നു, ആദിത്യൻ. I lost my best friend. ക്ലാസിൽ ഒച്ചവെച്ച് കളിക്കുന്നതിനിടയിലും അവനങ്ങനെ തോന്നി.
ഉച്ചയ്ക്കു ശേഷം മ്യൂസിക് മാഡം കൂടെവന്നപ്പോൾ ആദിത്യനും കൂട്ടർക്കും അന്ന് ജോയ്ഫുൾ ഡേ ആയി.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വൈകീട്ട് സ്കൂൾ ബസ്സിൽ ആദിത്യന് ആകെ അമ്പരപ്പായിരുന്നു. ബാഗ് പാസ്സിങ് കളിച്ചില്ല, സ്റ്റോൺ പേപ്പർ കളിച്ചില്ല..ആരുടേയും ബാഗിന്റെ സിബ്ബ് തുറന്നിട്ടില്ല. ചേച്ചിമാരുടെ പിന്നിൽ നിന്ന് മുടി വലിച്ചില്ല. ആരോടും മിണ്ടാതെ സീറ്റിൽ ഒരേ ഇരുപ്പ്. ബസ്സിറങ്ങി, ഒറ്റയ്ക്ക് നടന്നു. ആദ്യമായി, കാനയിലെ മീനുകളോട് സംസാരിക്കാതെ, ഗോപാലങ്കിളിന്റെ കടയിലെ മിഠായി ഭരണികൾ നോക്കാതെ, റോസിയാന്റിയുടെ കുഞ്ഞിവാവയെ കൈ കാണിക്കാതെ റോഡിനു വശംചേർന്ന് തിടുക്കത്തിൽ.
വീട്ടുപടിക്കൽ നിന്നേ തുറന്നു കിടന്ന വാതിലിലൂടെ കണ്ടു, മമ്മ വാഷിങ്മെഷീനടുത്ത് പുറം തിരിഞ്ഞു നിൽക്കുന്നു. മിന്നൽ വേഗത്തിൽ ആദിത്യൻ റൂമിനകത്ത് കടന്ന് ബാഗ് തുറന്നു. വലിയൊരു കരച്ചിലോടെ പൂച്ച പുറത്തു ചാടി, കട്ടിലിനടിയിലേയ്ക്ക് കയറി. പൂച്ചയുടെ പെട്ടെന്നുണ്ടായ കുതറലിൽ ആദിത്യനും ഭയന്ന് വിളിച്ചുവോ..?
ഒരു നിമിഷം കൊണ്ടാണ് മമ്മ പാഞ്ഞു വന്നത്. എല്ലാം തീർന്നു.പിന്നെ നടക്കാവുന്നതെല്ലാം ആദിത്യൻ മനസ്സിൽ കണ്ടു. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നിട്ടുണ്ടാകും. വായിൽ വഴക്കിനുള്ള വാക്കുകൾ നിറഞ്ഞിരിക്കും. അടുത്ത നിമിഷം ചൂരൽ കൈയിൽ കിട്ടും. പിന്നെ.. കാൽപ്പെരുവിരലിന്റെ നഖങ്ങളിൽ മാത്രമായി ആദിത്യൻ തന്റെ കാഴ്ചയെ തറച്ചു നിർത്തി.
‘‘ ഡ്രെസ്സ് മാറ്റി കുളിച്ച് വാ കണ്ണാ, ചായ കുടിക്കാം.’’ തന്റെ മമ്മ തന്നെയോ ഇതെന്നായിരുന്നു, ആദിത്യൻ മുഖമുയർത്തി നോക്കിയത്.
കുളി കഴിഞ്ഞ് ചായയ്ക്കിരിക്കുമ്പോൾ അവൻ മടിച്ച് മടിച്ച് ചോദിച്ചു.
‘‘ മമ്മേ.. നമുക്കൊരു കൂട് പണിയണ്ടേ..?’’
‘‘എന്തിനാടാ’’
മിണ്ടാതിരിക്കാമായിരുന്നു എന്നു തോന്നി. പിന്നെ പറഞ്ഞു പോയി. ‘‘പൂ..ച്ച..യ്ക്ക്’’
‘‘ഡാ മണ്ടാ. ഇണങ്ങാത്തതും വീട്ടിൽ കയറ്റാൻ കൊള്ളാത്തതുമായ പെറ്റുകൾക്കാണ് കൂട്. പൂച്ചയൊക്കെ ഇണങ്ങുന്ന പെറ്റല്ലേ. അതിവിടെ എവിടെയെങ്കിലുമൊക്കെ കഴിഞ്ഞോളും.’’
തന്റെ പലഹാരത്തിൽ പകുതിയും അവൻ പുതിയ കൂട്ടുകാരിയ്ക്ക് മാറ്റി വെച്ചു. കളിക്കുന്നതിനും പഠിക്കുന്നതിനുമിടയിൽ ഇടക്കിടെ അത് കൊടുത്തപ്പോൾ പൂച്ച പേടിയില്ലാതെ മുറികളിൽ ഓടിനടക്കാൻ തുടങ്ങി. ആദിത്യന്റെ പഠിപ്പും ഹോംവർക്കുമെല്ലാം എത്ര പെട്ടെന്നാണ് ചെയ്തു കഴിഞ്ഞത്.
ഉറങ്ങാൻ നേരം പൂച്ചയെ നോക്കാൻ മമ്മയെ ഏൽപ്പിച്ചു. പപ്പ വന്ന് മമ്മയുമായി എന്തൊക്കെയോ ഉറക്കെയും പതുക്കെയും സംസാരിക്കുന്നത് ഒട്ടും വ്യക്തതയില്ലാത്ത വിധം കേട്ടുകൊണ്ട് അവൻ ഉറങ്ങിപ്പോയി.
കാലത്ത് ക്ലാസ്സിൽ പോകുമ്പോൾ ആദിത്യന്റെ വക ഒരു ടാറ്റ. അവൾ ഡൈനിങ് ടേബിളിനു താഴെ അവൻ പോകുന്നതും നോക്കിയിരുന്നു.
അന്നൊരു ബോറൻ ക്ലാസ്സ് ഡേ ആയിരുന്നു.കഴിഞ്ഞ പരീക്ഷകളുടെ ആൻസ്വെർ ഷീറ്റ് ഓന്നൊന്നായി കിട്ടി. ഒന്നിലും ജയിച്ചില്ലാത്രെ. ഓരോ മാഡവും ഓരോന്നു പറഞ്ഞു. ആദിത്യനൊന്നും കേട്ടില്ല. ക്ലാസ്സിൽ അവനെ കളിയാക്കി ചിരിക്കാത്ത ആരുമുണ്ടായിരുന്നില്ല. ക്ലാസ്സിലിരുന്നപ്പോഴും പിന്നെ ബസ്സിലിരുന്നും ആദിത്യൻ വല്ലാതെ വിയർത്തു. ആരോടും മിണ്ടാതെ മുഖം കുനിച്ച് തൂങ്ങിയിരുന്നു. ബസ്സിറങ്ങി നടക്കുമ്പോൾ സങ്കടം നിറഞ്ഞ് കരച്ചിൽ വരുമെന്നായപ്പോൾ പല്ലു കടിച്ചു പിടിച്ചു. വീട്ടിലേയ്ക്കുള്ള വളവുതിരിഞ്ഞതും പെട്ടെന്നൊരു ഊർജ്ജം കിട്ടിയതു പോലെ അവൻ ഓടി .വാതിൽ തുറന്നു തന്ന് മമ്മ നേരെ അടുക്കളയിലേയ്ക്ക് പോയി. മുറിയിലെവിടേയും അവളെ കണ്ടില്ല.കട്ടിലിനടിയിലും ഡൈനിംഗ് റൂമിലും ടേബിളിനടിയിലും അവളില്ല. എവിടെ…… നിയന്ത്രണം വിട്ടു വരുന്ന വിതുമ്പലിനിടയിലൂടെ ആദിത്യൻ അടുക്കളവാതിലിൽ നിന്ന് മമ്മയെ വിളിച്ചു.
‘‘എന്താടാ’’
‘‘പൂച്ചയെവടെ?’’
“ചിലപ്പോൾ കാടു കയറിക്കാണും.’’
‘‘ഏതു കാട്?’’
“ എന്നുവെച്ചാൽ അതിനിവിടെ ഇഷ്ടമില്ലാതായാൽ എവിടേയ്ക്കെങ്കിലും പോകും . പിന്നെ വരില്ല.’’
ഇത്രയുമൊക്കെ പറയുമ്പോൾ മമ്മ തിരിഞ്ഞ് തന്റെ മുഖത്തൊന്നു നോക്കിയിരുന്നെങ്കിലെന്ന് ആദിത്യൻ ആഗ്രഹിച്ചു. വറുത്തുകൊണ്ടിരിക്കുന്നത് കരിയാതിരിക്കാനെന്നപോലെ അടുപ്പിലെ പാത്രത്തിൽ ശ്രദ്ധിക്കുകയായിരുന്നു അവർ. അവൻ ഓടി കട്ടിലിൽ കമിഴ്ന്ന് വീണ് തലയിണയിൽ മുഖം പൂഴ്ത്തി വാവിട്ടു കരഞ്ഞു.
മമ്മ വന്നില്ല.
ആദിത്യൻ എഴുന്നേറ്റ് ഡ്രോയിങ് ബുക്കെടുത്ത് കട്ടിലിലിരുന്നു. ഒരു ആണിന്റെയും പെണ്ണിന്റെയും ചിത്രം വരച്ചു. പിന്നെ ചുറ്റും കൂട് വരച്ച് അവരെ അതിനകത്താക്കി. അതിലെ നീല ചുരിദാറുകാരിയുടെ കണ്ണടയ്ക്ക് നിറം കൊടുക്കാൻ ഒരു ബ്രൗൺ കളർ ക്രയോൺസ്റ്റിക്ക് മുറി മുഴുവൻ തേടിയിട്ടും ആദിത്യന് കിട്ടിയില്ല.
English Summary : Akam Puram, Story By Samantharan Devadas