ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ നഗരമാണ് മുംബൈ. ഒരിക്കലും എത്തിപ്പിടിക്കുമെന്നു ഉറപ്പില്ലാതിരുന്ന ഒരുപാട് സ്വപ്നങ്ങളുമായാണ് ഉറക്കമില്ലാത്ത ഈ നഗരത്തിലേക്ക് വന്നിറങ്ങിയത്. എന്നാൽ സ്വപ്നം കണ്ടതിലേറെ തിരിച്ചു നൽകി ജീവിതം തന്നെ മാറ്റിയെഴുതിയ ഈ നഗരത്തോട്  എന്നും വല്ലാത്ത കൊതിയാണ് .

ഹോസ്റ്റലിലെ ദാലും ചോറും ഹോട്ടൽ ഫുഡും മടുക്കുമ്പോൾ ചില രാത്രികളിൽ  ഓഫീസിൽ നിന്നും ലോക്കൽ ട്രെയിനിലെ  ശ്വാസം മുട്ടുകൾക്കിടയിലൂടെ ആന്റിയുടെ വീട്ടിലേക്ക് ഒരു നെട്ടോട്ടമാണ്. അങ്ങനെ ഒരു യാത്രയിലാണ് ജീവിതത്തിൽ ആദ്യമായി ആ ചോദ്യം ഞാൻ നേരിട്ടത് ഫ്ലാറ്റിലേക്കുള്ള ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കവേ എതിരെ വന്ന ആന്റിയുടെ മകൾ എന്നെ പിടിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു ചേച്ചി എന്താണിങ്ങനെ ഒറ്റക്ക് സംസാരിക്കുന്നത് ? 

അവളുടെ ചോദ്യത്തിന് മുന്നിൽ ചെറുതായൊന്നു പതറിയെങ്കിലും അപൂർണമായെതെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു തടിതപ്പി. ജീവിതത്തിൽ ഞാൻ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും ഇപ്പോൾ സംസാരിക്കുന്നതും  എന്നോട് തന്നെയാണെന്ന തിരിച്ചറിവിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ബസ്‌സ്റ്റോപ്പിലേക്കുള്ള നടത്തങ്ങളിലും ഭക്ഷണത്തിനു മുന്നിലും ഓഫിസിലെ തിരക്കുകൾക്കിടയിലും ഞാൻ സ്വയം സംസാരിക്കുകയും കരയുകയും ചിരിക്കുകയും ചെയ്യുന്നു. 

പ്രതീകാത്മക ചിത്രം

ചെറുപ്പം മുതൽക്കേ സംസാരിക്കാൻ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ  അന്നത്തെ വിശേഷങ്ങൾ മുഴുവൻ അമ്മയോട് പറയാനുള്ള തിടുക്കമാണ്. ആദ്യമൊക്കെ ഗൗരവമായി തന്നെ അമ്മ എന്റെ വിശേഷങ്ങൾക്ക് ചെവി കൊടുത്തെങ്കിലും പതിയെ ഉത്തരവാദിത്വങ്ങളുടെ  കണക്കുകൂട്ടലുകൾക്കിടയിൽ എന്തോ അമ്മയ്ക്ക് പലതിനും സമയവും ക്ഷമയുമില്ലാതായി. അന്ന് മുതലാണ് എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഞാൻ എന്നോട് തന്നെ പങ്കുവെച്ചു തുടങ്ങിയത്. 

എന്നും രാത്രി കിടന്നുറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു തരാറുള്ള നീല കുറുക്കന്റെ കഥയെക്കാളും ഏട്ടന്റെ വീരകഥകളെക്കാളുമെല്ലാം ഞാൻ എന്നോട് പറയുന്ന കഥകളും  വിശേഷങ്ങളും എനിക്ക് പ്രിയപ്പെട്ടതായി. കണ്ണാടിക്കുമുന്നിൽ നിന്ന് സ്വയം സംസാരിച്ചും മനസ്സിൽ തോന്നുതെല്ലാം  കുത്തി കുറിച്ചും എനിക്ക് സ്വന്തമായ ഒരു ലോകം പണിതുവച്ചു. എങ്കിലും പലപ്പോഴും അമ്മ എന്താണ് എന്റെ മറ്റു കൂട്ടുകാരുടെ അമ്മമാരെപ്പോലെ എന്റെ വർത്തമാനങ്ങൾക്ക് കാതോർക്കാത്തതെന്നു പരിഭവം പറയാനും അവരുടെ അമ്മയെപ്പോലെ ആവണമെന്നും വലിയ വായിൽ ഉപദേശിക്കാനും ഞാൻ ഇടയ്ക്ക്  സമയം കണ്ടെത്താറുണ്ടറുണ്ടായിരുന്നു.

സ്വൽപം നിറം കുറവായതിന്റെ വലിയ അപകർഷതാബോധം പേറിയുള്ള നടപ്പിൽ സ്കൂളിൽ ആൺപിള്ളേരുമായുള്ള സമ്പർക്കം വളരെ കുറവായിരുന്നു. അപ്പോഴും പ്രണയത്തതിന്റെ സൗഹൃദത്തിന്റെ വലിയ വലിയ കഥകൾ സ്വയം മെനഞ്ഞെടുത്തു ഞാൻ സ്വയം നാണിക്കുകയും സന്തോഷിക്കുകയും ചെയ്തു. 

മൂന്നു വർഷത്തെ ഡിഗ്രി ജീവിതത്തിൽ ഞാൻ വീണ്ടും എന്നിലേക്ക്‌ തന്നെ ഒതുങ്ങി കൂടി. അത്രമേൽ ഏകാന്തമായ കുറച്ചു കാലങ്ങൾ. ക്ലാസ്സ്മുറികളിലെ പൊട്ടിച്ചിരികൾക്കിടയിൽ ഒരുകോണിൽ നിവർത്തിപിടിച്ച പുസ്തകത്തിലേക്ക് കണ്ണ് തുറന്നു വച്ചു ഞാൻ എനിക്കു സ്വന്തമായി ഒരു ലോകം പണിതു. വൈകുന്നേരങ്ങ ളിൽ തനിച്ചുള്ള ഹോസ്റ്റൽ നടത്തങ്ങളിൽ കണ്ണ് നിറയാതിരിക്കാൻ ഞാൻ എന്നോട് തന്നെ തമാശകൾ പറഞ്ഞു. 

  

പ്രതീകാത്മക ചിത്രം

ഹൈദരാബാദിൽ ഓഫീസിലെ കീബോർഡ് ശബ്ദങ്ങൾക്കിടയിലും, മരവിപ്പിക്കുന്ന തണുപ്പിലും,  നിശബ്ദത കൊണ്ട് പേടിപ്പിച്ച  രാത്രികളിലുമെല്ലാം  ഞാൻ എന്റെ ലോകത്തു  കഥകളിൽ കവിതകളിൽ ശാന്തമായി ഉറങ്ങി.  ജീവിക്കാൻ സങ്കൽപികമായ ഒരു ലോകം അപ്പോഴേക്കും എനിക്ക് സ്വന്തമായുണ്ടായിരുന്നു. ബന്ധങ്ങളിലെ സങ്കീർണതകളില്ലാതെ പിടിച്ചു വെക്കാനും അടിച്ചമർത്താനും പിന്തുടരാനും നിഴലുകളില്ലാതെ വിശാലമായ സ്വപ്നങ്ങളും ആകാശവും എപ്പോഴും പ്രണയത്തോടെ പുണർന്ന തിരമാലകളും ഉള്ള വലിയ ലോകം.

ജീവിതത്തിൽ ഒറ്റപ്പെടുന്നതിനേക്കാൾ വലിയ ദുഃഖമില്ലെന്നു പറയുന്നത് വെറുതെയാണ്. ഒറ്റപ്പെടൽ പലപ്പോഴും നമ്മളെ കൂടുതൽ കരുത്തരാക്കും. ജീവിതത്തിൽ ഞാൻ  നേടിയെടുത്തതെല്ലാം  എകാന്തതയിൽ നിന്നുമാണ്.

പ്രതീകാത്മക ചിത്രം

കണ്ണാടി നോക്കി എന്നോട് തന്നെ സംസാരിച്ച വാക്കുകളാണ് സ്കൂളിലെ പ്രസംഗമത്സരങ്ങളിലെല്ലാം എന്നെ ഒന്നാമതെത്തിച്ചത്. ഡയറിയിൽ കുത്തിക്കുറിച്ച അക്ഷരങ്ങളാണ് കവിതയായ്,കഥയായി പുനർജനിച്ചത്.  സ്കൂൾ  കാലങ്ങളിലാണ്   ജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങളും സ്വന്തമായ നിലപാടുകളും ഉണ്ടായത്. ക്ലാസ്സ്മുറിയിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാൻ വായിച്ചു തീർത്ത പുസ്തകങ്ങളാണ് ഇന്നും എന്റെ വാക്കുകളുടെ കരുത്ത്. ഹൈദരാബാദ് ദിനങ്ങളുടെ ഓർമകളാണ് മുംബൈ  നഗരത്തിലൂടെ തനിയെ നടക്കാൻ ജീവിക്കാൻ തണലായത്.

നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുന്നതാണ് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ കേൾക്കാനും കരുത്താകാനും ആരുമില്ലാതിരിക്കുന്നതും ഇടക്കൊക്കെ നല്ലതാണ്. നമുക്ക്  നമ്മെ തന്നെ അറിയാനും അടുക്കാനും നമ്മിൽ തന്നെ സന്തോഷം കണ്ടെത്താനും സാധിക്കുന്നതും വലിയ ഭാഗ്യമാണ്. 

ഇന്ന് ജീവിതത്തതിൽ ഞാൻ എറ്റവും കടപ്പെട്ടിരിക്കുന്നത് അമ്മയോടാണ്. എന്റെ ചെറിയ പരാതികൾക്ക് ചെവികൊടുക്കാതിരുന്നതിന്, വിജയങ്ങളെ കൂടുതൽ ആഘോഷമാക്കാതിരുന്നതിന്, കണ്ണു നിറഞ്ഞപ്പോൾ ആശ്വാസമാകാതിരുന്നതിന്, വീട്ടിൽ നിന്ന് അകന്നു നിന്നപ്പോഴെല്ലാം കൂടെ വന്നു കരുത്താകാതിരുന്ന തിന്,പുതിയൊരു നഗരത്തിൽ തനിച്ചു ജീവിക്കുന്ന  പെൺകുട്ടിയെ കുറിച്ചുള്ള സ്ഥിരം ആവലാതികളുടെ കെട്ടഴിക്കാതിരുന്നതിന്, ഒടുവിൽ  എന്തുകൊണ്ട് എന്നെ ചേർത്ത് നിർത്തിയില്ല എന്ന ചോദ്യത്തിന് എവിടെ പോയാലും നീ ജീവിക്കുമെന്നറിയാം എന്ന ഉത്തരം നൽകിയെന്നെ കരയിപ്പിച്ചതിന്...

English Summary : Ammakku Orupadu Nanni, Story By Nimna