കയറിൽ തൂങ്ങിയ ശരീരത്തിനു ഭാരം നന്നേ കുറവായിരുന്നു; അച്ഛൻ വളർത്തിയ മകളുടെ കോലം...
ധനം ( മിനിക്കഥ)
വീടിന്റെ വിളക്കായിരുന്നവൾ നിലവിളക്കേന്തിയാണ് മറ്റൊരു വീട്ടിലേക്കാദ്യചുവടുകൾ വെച്ചത്. കാലങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ പുഞ്ചിരികൾ മാഞ്ഞിരുന്നു. അന്നത്തെ കൈയടികൾ മറഞ്ഞിരുന്നു. പാലും പഴവും നുകരാൻ പ്രേരിപ്പിച്ചവർ പാരിതോഷികത്തിനുവേണ്ടി മുറവിളി കൂട്ടി.
താനൊരു പെണ്ണാണ്. പെണ്ണാണ് ധനമെന്നു പഠിപ്പിച്ചവരൊക്കെ കണക്കുപറഞ്ഞു എണ്ണി വാങ്ങുമ്പോൾ അതിൽ ചില്ലറകൾ കൂട്ടി ചേർക്കാൻ അവളുടെ അച്ഛനു കഴിയാതെ പോയി. അന്തിമാനം കറുത്തനേരം അമ്മയെന്നു കരുതിയ കൈകൾ കരണം പുകച്ചു. അഭയമെന്നു കരുതിയ പുരുഷൻ അവഹേളിച്ചു. അയാളുടെ അൽപനേരത്തെ സുഖത്തിനു വേണ്ടി അങ്ങോട്ട് പണം കൊടുക്കുന്ന ഏർപ്പാടാണോ കല്യാണം.
കയറിൽ തൂങ്ങിയ ശരീരത്തിനു ഭാരം നന്നേ കുറവായിരുന്നു. അതിൽ പ്രകടമായിരുന്നു അച്ഛൻ വളർത്തിയ മകളുടെ കോലവും ഭർത്താവ് നോക്കിയ ഭാര്യയുടെ രൂപവും.
English Summary : Dhanam Story By Sreejith k mayannur