നോവുറങ്ങുന്ന രുചിയിടം (കഥ)

മഴ പെയ്തൊഴിഞ്ഞു  പകൽ ഉറങ്ങിയ നേരം. ഓർമ്മകളുടെ വിഴുപ്പായയിൽ ഞാൻ ഇടംവലം തിരിഞ്ഞു കിടന്നുരുണ്ടു. കണ്ണടച്ചാൽ മുന്നിൽ തെളിഞ്ഞ അഗ്നിഗോളത്തിന്റെ ചൂടിൽ ഞാനും പൊള്ളിപ്പിടഞ്ഞു. അതെന്റെ അമ്മയാണ് . ഓർക്കുംതോറും പച്ചമാംസം കത്തിയെരിഞ്ഞ മണം പരക്കും. ദേഹം മുഴുവൻ നീറിപ്പിടയും. അമ്മയുടെ ചൂടിൽ കണ്ണീരുപോലും വറ്റിയിരുന്ന ഞാൻ ആ രാത്രിയെക്കുറിച്ചോർക്കും . എന്റെ ബാല്യത്തിലേക്ക് പതിയെ നടന്നു ചെല്ലും.

അരികുകളിലെല്ലാം പായൽ ചിത്രപ്പണി ചെയ്തു തുടങ്ങിയ എന്നോ വെള്ളപൂശിയ എന്റെ കുഞ്ഞു വീട്. രണ്ടു മുറി,അടുക്കള, ഒരു കുഞ്ഞു പൂമുഖം . ആർഭാടങ്ങളില്ലായിരുന്നെങ്കിലും ഞങ്ങളുടെ സ്വർഗ്ഗം.അമ്മയും അച്ഛനും കുഞ്ഞനിയനും ചേർന്ന കുഞ്ഞു കുടുംബം.ഓണത്തിനും വിഷുവിനും മാത്രം പതിവിലും വിപരീതമായി അടുക്കള ഉണർന്നിരുന്ന കൊച്ചു വീട്. എന്റെയും മോനുവിന്റെയും ഇഷ്ടങ്ങൾ അമ്മയുടെ കൈപ്പുണ്യത്തിൽ ഒതുങ്ങിയിരുന്ന നേരങ്ങളിൽ ഞങ്ങൾ അടുക്കളയിൽ ഒളിച്ചു കളിച്ചു.ഞങ്ങളുടെ രുചിയിടം, ഇപ്പോഴും ഓർമ്മകളിൽ മധുരം നിറച്ച്, എരിവും പുളിയും കലർന്ന രുചി പകർന്ന് നോവുറങ്ങുന്ന ഇടം.

ആ രാത്രി, മാസങ്ങൾക്കു മുമ്പ്, അടിയുറക്കാത്ത കാലുകളിൽ അമ്മയെ വിളിച്ച് കയറി വന്ന അച്ഛൻ, പതിവില്ലാത്ത ഒരു പുളിച്ച മണം അച്ഛനെ പുതഞ്ഞിരുന്നു. അത് പിന്നെ എന്നും ഞങ്ങളുടെ മൂക്കിനെ അലോസരപ്പെടുത്തി. രാത്രി, ഇരുട്ടു വീഴുമ്പോൾ കൈകാലുകൾ പേടികൊണ്ട് വിറക്കുമായിരുന്നു. കണ്ണുകളിൽ പെയ്തൊഴിയാൻ വെമ്പുന്ന കാർമേഘങ്ങളുമായി അമ്മയുടെ മാറോട് ചേർന്ന് ഞാനും അനിയനും അടുക്കളയിലെ ഇരുണ്ട മൂലയിൽ ചുറ്റിനും ചിതറി തെറിച്ച ചോറിനും കറികൾക്കുമിടയിൽ പൊട്ടിയ കലങ്ങളുടെ കൂടെ ശബ്ദമില്ലാതെ കരയുന്ന അമ്മയോടൊപ്പം ഉറങ്ങാതെ നേരം വെളുപ്പിക്കും.

പ്രതീകാത്മക ചിത്രം

പക്ഷേ അന്ന്, ആ മഴ പെയ്തൊഴിഞ്ഞ രാത്രി...ഇപ്പോഴും ഓർക്കുമ്പോൾ ദേഹം വിറയ്ക്കും...അന്നും അടുക്കളയുടെ മൂലയിൽ അമ്മയെ ചേർത്തു പിടിച്ചിരുന്ന എന്നെയും അനിയനെയും കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ അച്ഛന്റെ മുഖത്ത് ഞാനന്ന് കണ്ടത് വാത്സല്യമായിരുന്നില്ല . ചുമരിൽ ഇടിച്ചു വീണ ഞങ്ങൾ പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും അമ്മയൊരു സൂര്യനെപ്പോൽ ജ്വലിച്ചു തുടങ്ങിയിരുന്നു. കരഞ്ഞു വിളിച്ച്  പുറത്തേക്കോടിയിറങ്ങിയപ്പോൾ കേട്ട അച്ഛന്റെ പൊട്ടിച്ചിരിയും അമ്മയുടെ അലർച്ചയും ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

പ്രതീകാത്മക ചിത്രം

അമ്മയുടെ ഇല്ലായ്‌മയിൽ തകർന്നുപോയത് രണ്ടു കുരുന്നുകളുടെ ജീവിതമാണെന്നോർത്തായിരിക്കും സഹാനുഭൂതിയുടെ ആവരണം പുതഞ്ഞു ഞങ്ങളെ അമ്മാവൻ ഏറ്റെടുത്തതും. മരണം വരെ തടവനുഭവിച്ച അച്ഛനെ വെള്ള പുതച്ചു ജയിലിന്റെ മതിൽകെട്ടിനു പുറത്തേക്ക് എടുത്തപ്പോൾ, ഏറ്റുവാങ്ങിയ അമ്മാവന്റെ മുഖത്തെ പേശികൾ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. 

ഇലക്ട്രിക്ക് ശ്മശാനത്തിൽ അടക്കി മടങ്ങിയപ്പോൾ സന്തോഷം കൊണ്ടാണോ എന്നറിയില്ല ആ മുഖത്തു ഞാനൊരു തെളിഞ്ഞ പുഞ്ചിരി കണ്ടു. വർഷങ്ങൾക്കിപ്പുറം അച്ഛനും അമ്മയ്ക്കും മുടക്കാതെ ഇട്ടിരുന്ന ബലിയ്ക്കു ശേഷം ഞങ്ങൾ അന്ന് അവിടെ പോയിരുന്നു. ബാല്യത്തിലെ ഇരുണ്ട രാത്രി സമ്മാനിച്ച വീട്ടിലേക്ക് , അമ്മ വെന്തു മരിച്ച നോവുറങ്ങുന്ന രുചിയിടത്തിലേക്ക്... മഴ പെയ്തൊഴിയുന്ന ഒരു പകലിൽ, ഒരിരുളിൽ നാവിലൂറുന്ന രുചികളുമൊത്തു വീണ്ടും മടങ്ങണം ആ അടുക്കളയിലേക്ക്, ആ രാത്രിയിലേക്ക്....

English Summary : Novurangunna Ruchiyidam Story By Amitha Chandran