പ്രാണൻ നെഞ്ചിൻ കൂട്ടിനകത്തൊരു; പ്രാവായ് പിടഞ്ഞു വീണപ്പോൾ
പ്രളയം (കവിത)
നിറഞ്ഞു തണുത്തു ചുവന്ന പ്രളയം
ഉറഞ്ഞു തുള്ളിയലഞ്ഞെൻ നാടിൻ
നാഡി ഞരമ്പുകൾ മരവിക്കെ
ഞൊടിയിലതെൻ ഗ്രാമത്തിൻ നിറുകയിൽ
പ്രചണ്ഡ നടനമതാടുമ്പോൾ
പ്രാണൻ നെഞ്ചിൻ കൂട്ടിനകത്തൊരു
പ്രാവായ് പിടഞ്ഞു വീണപ്പോൾ
കെട്ടിയുയർത്തിയ സ്വപ്ന ചുവരുകൾ
ഞെട്ടിയമർന്നൊരു പുഴയായി
കണ്ണിനു കുളിരായൊഴുകിയ പുഴ
കലി തുള്ളി ചീറിയടുത്തപ്പോൾ
പകച്ച മസ്തിഷ്കത്തിൻ കാഴ്ചയില -
ടുത്തു കണ്ടൊരു ദൈവത്തെ
നീട്ടിയ കൈയ്യും നിറഞ്ഞ ചിരിയും
ചൊരിഞ്ഞു നിന്നൊരു സോദരരേ
നീന്തിക്കയറിയ തീരത്തിന്നും
ആന്തലു മാറാതെരിയുമ്പോൾ
ഇല്ല മനസ്സില്ലി പ്രളയത്തിൽ
തെല്ലുമെനിക്കിനി ഭയമില്ലാ
നൂതന മാനവ ശക്തിയിലൈക്യ
കേരളമിവിടെ ഉയർന്നീടും
English Summary : Pralayam Poem By Balachandran V