ബോധിമരത്തണലിൽ ഒരൽപ നേരം (കഥ)

ബോധിമരത്തണലിൽ ധ്യാനനിരതനായ സിദ്ധാർത്ഥനു ആത്മജ്ഞാനം ലഭിച്ചു ബുദ്ധനായത് ചരിത്രം. ഒന്നാലോചിച്ചാൽ ഒരു മരത്തിനു നമ്മെ ഒരുപാട് പഠിപ്പിക്കുവാൻ കഴിയും. ലക്ഷണമൊത്ത ആലിലയിൽ നോക്കിയാൽ ശ്രീകൃഷ്ണനെ കാണാമെന്നു ധരിച്ചു വഞ്ചിക്കപെട്ട കുട്ടികൾ പിന്നീട് പുസ്‌തകങ്ങളിൽ ഇലകൾ ഞെരുക്കി ഉണക്കി സൂക്ഷിച്ചു. മനോഹരമായ ആ ഇലകളിൽ നിന്ന് തന്നെയാവട്ടെ നമ്മുടെ ഈ യാത്രയുടെ തുടക്കം.

പടർന്നു പന്തലിച്ചു നിൽക്കുന്ന ശാഖകളിൽ കാറ്റിൽ കളകളാരവം മൊഴിയുന്ന ഇലകളുമായി ഗിരിശൃംഘങ്ങളുടെ നടുവിൽ കൊടുംകാട്ടിൽ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന അരയാൽ മരം. നനഞ്ഞ പുലരിയിൽ മഞ്ഞുകണങ്ങളുടെ സ്നിഗ്ദ്ധതയിൽ പാതിമയക്കത്തിലുറങ്ങുന്ന മരത്തിന്റെ ഏതോ ചില്ലയിൽ ചെറിയ നൊമ്പരമുണർത്തി മൊട്ടിട്ട ഒരു കുഞ്ഞു നാമ്പ്. 

നൈർമല്യമാർന്ന ആ പിഞ്ചു നാമ്പിലേക്ക് ജീവസത്തായി മഹാവൃക്ഷത്തിന്റെ വേരുകളിലൂടെ ജീവജലം ഒഴുകിയെത്തി. അതിനെ ഊട്ടുവാൻ ധാതുലവണങ്ങൾ തേടി വേരുകൾ ഭൂമിക്കടിയിലേക്ക് ഔൽസുക്യത്തോടെ കുതിച്ചിറങ്ങി. ഭൂമിക്കു മുകളിൽ കൊമ്പുകളും ശാഖകളും ആകാശം മുട്ടെ പന്തൽ തീർത്തു തണൽ വിരിച്ചു. ഭൂമിക്കടിയിൽ വേരുകൾ സൃഷ്‌ടിച്ച വിസ്മയാസ്മകമായ നാഡീശൃംഖല ആരും കാണാതെ നിസ്വാർത്ഥമായി കർമം തുടർന്നു.കിഴക്കു പർവതസാനുക്കൾക്ക് മുകളിൽ വെളുത്ത മേഘങ്ങൾക്കിടയിലൂടെ വർണ്ണരാജികൾ പൊഴിച്ചു അനാവരണം ചെയ്ത സൂര്യന്റെ ഇളം ചൂടുള്ള രശ്മികൾ ആ കുഞ്ഞിലകൾക്ക് മുലപ്പാലായി. വിശന്നു കരയുന്ന കുഞ്ഞിനെപ്പോലെ അവനത് ആർത്തിയോടെ ഊറ്റി കുടിച്ചു.

ദിനരാത്രങ്ങൾ കഴിഞ്ഞു. ഇളംശ്യാമവർണനായ അവന്റെ ധമനികളും ഞെട്ടും ദൃഢമായി. ചുറ്റും കാറ്റിൽ കലപില കൂട്ടുന്ന ഇലകളുടെ പാട്ടുകൾ അവൻ ഏറ്റുപാടി. ഇടയ്ക്കു വന്നു പോകുന്ന മഴത്തുള്ളികളുടെ താളത്തിനൊത്തു നൃത്തം ചെയ്തു.എന്നോ ഒരു കർക്കടക രാത്രിയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നഷ്ടപ്പെട്ട സഹോദരങ്ങളെ ഓർത്തു പുലരിയിൽ ഏങ്ങി കരഞ്ഞു. കർക്കടകം കഴിഞ്ഞു ചിങ്ങം വന്നു. കടുംപച്ച നിറമാർന്ന ഇലകളിൽ സൂര്യതാപം ഊർജ്ജം ചൊരിഞ്ഞു.

പ്രതീകാത്മക ചിത്രം

സൂര്യന് മറപിടിച്ച വാടിത്തുടങ്ങിയ  ഇലകൾ പൊഴിഞ്ഞു പോയപ്പോൾ കൂടുതലായി കിട്ടിയ പ്രകാശത്തിൽ അവൻ ആഹ്ലാദിച്ചു. വസന്തകാലത്തിന്റെ ആഗമനത്തോടെ കാടൊരുക്കിയ പൂക്കളെ ചുംബിക്കാൻ ചിത്രശലഭങ്ങൾ കൂട്ടമായെത്തി. പടർന്നു നിൽക്കുന്ന അവന്റെ പച്ചപ്പിനടിയിൽ രണ്ടു പൂമ്പാറ്റകൾ കൂടു കൂട്ടി.ഒരച്ഛൻ മക്കളെയെന്നപോലെ അവനവയെ സംരക്ഷിച്ചു.അവന്റെ അംഗചാരുതയെ ചിത്രശലഭങ്ങൾ വാഴ്ത്തി. അവരുടെ മധുരവാക്കുകൾ അവനിൽ അഹംബോധം ഉണർത്തി. മുകളിലുള്ള ഇലകളെക്കുറിച്ചു അവർ തമ്മിൽ പറഞ്ഞത് അവനിൽ അസൂയ നിറച്ചു. കൂടുതൽ ഉയരങ്ങളിലെത്താൻ അവൻ തീവ്രമായി ആഗ്രഹിച്ചു.ആ വാശിയറിഞ്ഞിട്ടെന്നവണ്ണം മാതൃശിഖരം ക്ഷിപ്രവേഗത്തിൽ ഉയരം വെച്ചു. 

വടവൃക്ഷത്തിന്റെ ശാഖകളിൽ അള്ളിപ്പിടിച്ച പരാന്നസസ്യത്തിന്റെ  പരാഗരേണുക്കൾ അവനിൽ സുഗന്ധാലേപനം ചാർത്തി. തേൻ മണത്ത ചോണനുറുമ്പുകൾ വഴി തെറ്റി ആ വിരിമാറിൽ ഇക്കിളികൂട്ടി.ഇവിടെ നിന്നാൽ ലോകം മുഴുവൻ കാണാമെന്നവർ ഉറക്കെ പറഞ്ഞു.അതു കേട്ടവൻ സന്തോഷിച്ചു. അഹങ്കാരത്തോടെ കാറ്റിനോടവൻ യുദ്ധം ചെയ്തു. എല്ലാം നേടിയവൻ നക്ഷത്രങ്ങൾ മിന്നുന്ന രാത്രികളിൽ  ഉന്മത്തനായി ഇളകിയാടി. കൂടുകൂട്ടിയ പൂമ്പാറ്റകൾ പതിയെ പറന്നുപോയി.

ഒരു പ്രഭാതത്തിൽ സൂര്യവെളിച്ചത്തിൽ അവന്  അകാരണമായ തളർച്ച അനുഭവപ്പെട്ടു. പൂമ്പാറ്റകൾ ബാക്കിയാക്കി പോയ ചെറുകൂട് പോലും ഭാരമായി തോന്നി. കടുംപച്ച നിറമാർന്ന ഇലയുടെ മൂലകളിൽ ചാരനിറം കലർന്ന് തുടങ്ങി. കൊടുംകാറ്റിനെ കൂസലന്യേ നേരിട്ട തണ്ടുകൾ ഇളംകാറ്റിൽ പോലും വിറയ്ക്കാൻ തുടങ്ങി.താഴെയുള്ള കുഞ്ഞിലകൾ അവന്റെ പതനത്തിനായി കാതോർത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. സന്ധ്യയിൽ വീശിയടിച്ച തെക്കൻ കാറ്റിൽ  ബന്ധങ്ങളുടെ ഞെട്ടുകൾ അറ്റു. ചെറുതേങ്ങലോടെ മന്ദം മന്ദം താഴേക്കു പതിച്ച അവന്റെ ഓർമകളിൽ ജീവിതം മിന്നി മാഞ്ഞു.

പ്രതീകാത്മക ചിത്രം

കറുത്ത മണ്ണിൽ വാടിവീണ അവൻ അന്നാദ്യമായി വടവൃക്ഷത്തെ കണ്ടു.ആകാശം മുട്ടെ തലയുയർത്തിയ അശ്വത്ഥവൃക്ഷത്തിന്റെ വ്യാപ്തിയിൽ സംഭ്രമിച്ചു. വൻമരത്തിനു ചുറ്റുമുള്ള  വലുതും ചെറുതുമായ അസംഖ്യം വൃക്ഷഗണങ്ങൾ കണ്ടു.എണ്ണിയാലൊടുങ്ങാത്ത ശാഖകളും ഇലകളും പൂക്കളും ഫലങ്ങളും കായ്കനികളും കണ്ടു. മണ്ണിന്റെ ഗന്ധവും ഭൂമിയുടെ കുളിരും അറിഞ്ഞു.മണ്ണിൽ വീണുകിടക്കുന്ന വാടിയ ഇലകളുടെ കൂമ്പാരങ്ങൾ കണ്ടു.ഉൾക്കണ്ണു തുറന്ന കാഴ്ചകളുടെ ഗാംഭീര്യത്തിൽ കണ്ണുനീർ പൊഴിക്കുവാൻ അവനിൽ ജലാംശം ബാക്കിയുണ്ടായിരുന്നില്ല.

പ്രകൃതിയുടെ അതിസങ്കീര്‍ണ്ണമായ ജീവശൃംഖലയിലെ ഒരു ചെറുകണ്ണി മാത്രമായിരുന്നു താനെന്ന തിരിച്ചറിവുണ്ടായി. ഒരിക്കൽ അഹങ്കരിച്ചിരുന്ന പ്രതാപം നഷ്ടപ്പെട്ട ജീർണ്ണിച്ച ദേഹം അലിഞ്ഞു തുടങ്ങി. വേരുകൾക്ക് വളമായി പേരും  പെരുമയും അടയാളങ്ങളും ബാക്കിവെക്കാതെ മണ്ണിൽ ലയിച്ചു ചേർന്നു. അടുത്ത പുലരിയിൽ മഹാവൃക്ഷത്തിന്റെ ശാഖകളിൽ ചെറുനൊമ്പരമുണർത്തി ഒട്ടനവധി കുഞ്ഞുനാമ്പുകൾ മൊട്ടിട്ടു. ആ പുതുനാമ്പുകൾക്കായി ജീവജലം തേടി ഭൂമിയുടെ ആഴങ്ങളിലേക്ക് വേരുകൾ പടർന്നു കൊണ്ടേയിരുന്നു. വടവൃക്ഷത്തിന് താഴെ ഊഴം കാത്തു കിടക്കുന്ന മറ്റൊരു ചെറുമരവും മണ്ണിൽ സ്ഥാനമുറപ്പിക്കുവാൻ ആഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.

English Summary : Bodhimarathanalil oralpaneram Story By Dileep Kunnathu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT